This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഹംമാത്രവാദം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഹംമാത്രവാദം

Solipsism

അഹം(self) എന്ന സംപ്രത്യയത്തിന് മുഖ്യപ്രാധാന്യം നല്കുന്ന ചിന്താപദ്ധതികള്‍ക്കു നല്കിയിരിക്കുന്ന പൊതുസംജ്ഞ. മനുഷ്യനും അവന്റെ ബോധാവസ്ഥയും മാത്രമേ നിലനില്ക്കുന്നുള്ളു എന്നും മനുഷ്യരുള്‍പ്പെട്ട ബാഹ്യലോകത്തിനു വ്യക്തിയുടെ മനസ്സില്‍ മാത്രമേ അസ്തിത്വമുള്ളു എന്നും വാദിക്കുന്ന ആത്മനിഷ്ഠതാവാദത്തെയാണ് മുഖ്യമായി അഹംമാത്രവാദം എന്നു വ്യവഹരിക്കുന്നത്.

നീതിശാസ്ത്രജ്ഞന്മാരുടെയും മനഃശാസ്ത്രജ്ഞന്മാരുടെയും ദൃഷ്ടിയില്‍ വ്യക്തിക്കുള്ള പ്രാധാന്യവും സത്തയുടെ ആകെത്തുക 'അഹം' എന്നതില്‍ ഒതുങ്ങിനില്ക്കുന്നു എന്ന തത്ത്വമീമാംസാപരമായ വീക്ഷണവും ഞാനും എന്റെ വിഭിന്ന മനോദശകളും മാത്രമാണ് ശരിയായ അറിവിന് വിഷയം എന്ന ജ്ഞാനമീമാംസാപരമായ ആശയവും ആണ് 'അഹ'ത്തെ ഗൌരവമേറിയ പഠനങ്ങള്‍ക്കു വിഷയമാക്കിയത്. അഹം എന്ന ജ്ഞാതാവിനും അയാളുടെ മനോദശകള്‍ക്കും മാത്രമല്ലാതെ മറ്റൊരു വസ്തുവിനും സത്തയില്ല. ഒരു വിസ്തുവിന് സത്തയുണ്ടോ ഇല്ലയോ എന്നത് അവനവന്റെ അനുഭവത്തെ മാത്രം ആശ്രയിച്ചിരിക്കുന്ന ഒന്നാകുന്നു. അനുഭവസ്ഥനെ സംബന്ധിച്ചുളള കാര്യങ്ങള്‍ക്കല്ലാതെ അന്യന്‍ അനുഭവിക്കുന്ന കാര്യങ്ങള്‍ക്ക് അഹം മാത്രവാദത്തില്‍ പ്രസക്തിയില്ല.

പാശ്ചാത്യ തത്ത്വദര്‍ശനത്തിന്റെ ചരിത്രത്തില്‍ അഹം മാത്രവാദത്തിന്റെ ഉപജ്ഞാതാവ് എന്നു പറയത്തക്കവണ്ണം ഒരു വ്യക്തിയെ കണ്ടെത്തുവാന്‍ പ്രയാസമാണ്. അനേകം ദാര്‍ശനികര്‍ ഈ വാദത്തിന്റെ പരിധിയിലേക്ക് ചെന്നെത്തുന്നതായി കാണാം. ആധുനിക തത്ത്വശാസ്ത്രത്തിന്റെ പിതാവെന്ന് അറിയപ്പെടുന്ന ദെക്കാര്‍ത്തിന്റെ (1596-1650) ചിന്തകളില്‍ അഹംമാത്രവാദത്തിന്റെ ബീജാവാപം കാണുന്നുണ്ട്. സ്വന്തം ജ്ഞാനത്തിനു വിഷയമാകുന്നത് അവനവന്റെ മനഃപ്രത്യയങ്ങള്‍ മാത്രമാണെന്നും തന്‍മൂലമാണ് ഭൗതികവസ്തുക്കളുടെ കല്പനം തന്നെ സാധ്യമാകുന്നതെന്നും ജോണ്‍ ലോക്ക് (1632-1704) തന്റെ അനുഭവസത്താവാദത്തില്‍ (Empiricism) പറയുന്നു. ജോര്‍ജ് ബാര്‍ക്ലേ (1685-1753)യുടെ ആത്മനിഷ്ഠതാവാദം (Subjective Idealism) അഹംമാത്രവാദത്തില്‍ ചെന്നുനില്ക്കുന്നു. ബാര്‍ക്ലേയുടെ അഭിപ്രായത്തില്‍ ജ്ഞാനത്തിന്റെ പൂര്‍ണമായ ഉറവിടം വിജ്ഞാനമീമാംസാപരമായ സംവേദനങ്ങള്‍ (Sensations) മാത്രമാണ്. ഈ സിദ്ധാന്തം മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ബോധേന്ദ്രിയ ശാസ്ത്രത്തിനും (Science of Senses) ഒരു സ്ഥാനവും നല്കാത്തതില്‍ അസംതൃപ്തരായ ചില ആത്മനിഷ്ഠതാവാദികള്‍ പ്രശ്നപരിഹാരാര്‍ഥം മനുഷ്യന് അതീതനായ ഒരു വ്യക്തിയെയും ദിവ്യബോധത്തെയും അവതരിപ്പിക്കുന്നു. ലെനിന്‍ സ്വന്തം കൃതിയായ മെറ്റീരിയലിസം ആന്‍ഡ് എംപിരിയോ-ക്രിട്ടിസിസം എന്ന ഗ്രന്ഥത്തില്‍ ബാര്‍ക്ലേയുടെ സിദ്ധാന്തത്തെ ചോദ്യം ചെയ്തിട്ടുണ്ട്. നോ: ആത്മനിഷ്ഠതാവാദം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍