This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസ് കലോണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അസ് കലോണ്‍

Askalon

പലസ്തീനിലെ ഒരു പ്രാചീന നഗരം. ഗാസയ്ക്ക് 19 കി.മീ. വ. സമുദ്രതീരത്ത് ഈ നഗരാവശിഷ്ടങ്ങള്‍ കാണാം.

ബി.സി. 2000 മുതല്‍ അസ്കലോണില്‍ ജനവാസമുണ്ടായിരുന്നതായി തെളിവുണ്ട്. അക്കാലത്തെ ഈജിപ്ഷ്യന്‍ രേഖകള്‍ അസ്കലോണിനെക്കുറിച്ച് പരാമര്‍ശിക്കുന്നു. ബൈബിള്‍ പഴയനിയമത്തിലും ഈ നഗരത്തെക്കുറിച്ച് പല പരാമര്‍ശങ്ങളുമുണ്ട്. 13-ാം ശ.-ത്തില്‍ ഈജിപ്തിലെ റാംസേസ് II (ബി.സി. 1292-25) ഈ നഗരം ആക്രമിച്ചു നശിപ്പിച്ചു. അസീറിയന്‍ രാജാവായ തിഗ്ലത്ത്-പിലീസര്‍ (ബി.സി. 745-727) അസ്കലോണിലെ ഭരണാധികാരിയായ മിറ്റിന്‍ടിയില്‍നിന്നും കപ്പം ഈടാക്കിയിരുന്നു. അസ്കലോണിലെ സിദ്ഖിയ അസീറിയന്‍ ഭരണം വകവച്ചുകൊടുക്കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് സെനക്കെരിബ് (ഭ.കാ., ബി.സി. 705-681) 710-ല്‍ അസ്കലോണ്‍ ആക്രമിച്ച് സിദ്ഖിയയെയും കുടുംബാംഗങ്ങളെയും അസീറിയയില്‍ കൊണ്ടുവന്നു. എസാര്‍ഹഡന്‍, അഷൂര്‍ബാനിപാള്‍ എന്നീ അസീറിയന്‍ രാജാക്കന്‍മാരുടെ കാലത്ത് ഒരു സാമന്തരാജ്യമായി അസ്കലോണ്‍ നിലനിന്നു. ബാബിലോണ്‍ രാജാവായ നെബുക്കദ് നെസര്‍ (604-561) അസ്കലോണ്‍ ആക്രമിച്ച് അവിടത്തെ പ്രമുഖ പൗരന്‍മാരെ ബാബിലോണിലേക്ക് പിടിച്ചുകൊണ്ടുപോയി. അലക്സാണ്ടര്‍ (ബി.സി. 356-323) അസ്കലോണ്‍ കീഴടക്കി അതൊരു ഗ്രീക്ക് നഗരമാക്കി മാറ്റി. പിന്നീട് ടോളമികളും സെല്യൂസിദുകളും നഗരം കൈയടക്കി ഭരിച്ചു. യൂദ (ജൂഡിയ) രാജാവായ ഹെറോദ് (ബി.സി. 73?-എ.ഡി. 4) ഈ നഗരത്തിലാണ് ജനിച്ചത്. അദ്ദേഹം പല കെട്ടിടങ്ങളും നിര്‍മിച്ച് നഗരത്തെ മനോഹരമാക്കി. ബി.സി. 104 മുതല്‍ നാലര നൂറ്റാണ്ടുകാലം റോമന്‍ സാമ്രാജ്യത്തിലുള്‍പ്പെട്ട ഒരു സ്വതന്ത്ര നഗരമായി അസ്കലോണ്‍ നിലനിന്നു. എ.ഡി. 636-ല്‍ നഗരം അറബികളുടെ അധീനതയിലായി.

കുരിശുയുദ്ധക്കാലത്ത് അസ്കലോണ്‍ തെക്കു പടിഞ്ഞാറന്‍ പലസ്തീനിലേക്കുള്ള പ്രവേശനദ്വാരമായി. 1153-ല്‍ ജറൂസലേമിലെ ബാള്‍ഡ്വിന്‍ III അസ്കലോണ്‍ കീഴ്പ്പെടുത്തി. 1187-ല്‍ (സലാഹുദ്ദീന്‍) സാലഡിന്‍ നഗരം കീഴടക്കി. 1240-ല്‍ കോണ്‍വാളിലെ റിച്ചേര്‍ഡ് കീഴടക്കിയ നഗരം 1270-ല്‍ മംലുക്ക് സുല്‍ത്താനായ ബെയ്ബാഴ്സ് I തിരിച്ചുപിടിച്ചു. തുടര്‍ന്ന് നഗരം വിസ്മൃതിയിലാണ്ടു. പ്രാചീനനഗരത്തിനു സമീപമായി ഇപ്പോള്‍ മിഗ്ഡല്‍ അഷ്കലോണ്‍ എന്നൊരു ഇസ്രയേല്‍ അധിനിവേശ പ്രദേശമുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍