This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസ്റ്റാറ്റൈന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അസ്റ്റാറ്റൈന്‍

Astatine

ഹാലജന്‍ കുടുംബത്തിലെ ഏറ്റവും ഭാരം കൂടിയ മൂലകം. അണുസംഖ്യ 85. സിംബല്‍ At. വളരെ അസ്ഥിരമായ മൂലകമാണിത്. അല്പായുസ്സുകളായ റേഡിയോ-ആക്ടീവ് രൂപങ്ങളില്‍ (Radio-active forms) ഉപസ്ഥിതി ചെയ്യുന്നു. പ്രകൃതിയില്‍ ഇത് ഭൂവല്ക്കത്തില്‍ ആകെമൊത്തം ഒരു ഗ്രാമില്‍ കൂടുതല്‍ ഇല്ല. കൃത്രിമമായ മൂലകാന്തരീകരണം (artificial transmutation) വഴി ഇതിന്റെ ഏകദേശം 20 ഐസോട്ടോപ്പുകള്‍ (സമസ്ഥാനീയങ്ങള്‍) ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. അ.ഭാ. 210 ഉള്ള ഐസോട്ടോപ്പിനാണ് (At210) ഏറ്റവും അധികം ആയുസ് കാണുന്നത് (അര്‍ധായുസ് 8.3 മണിക്കൂര്‍). പ്രകൃതിയില്‍നിന്നോ കൃത്രിമമായിട്ടോ കൂടുതല്‍ സ്ഥിരതയുളള ഒരു ഐസോടൊപ്പ് ലഭിക്കാന്‍ പ്രയാസമാണ്. പ്രയോജനംകൊണ്ടു നോക്കിയാല്‍ At211 ആണ് ഏറ്റവും പ്രധാനം.

യുറേനിയം ധാതുക്കളുടെ കൂടെ അസ്റ്റാറ്റൈന്‍ എന്ന മൂലകവും ഉപസ്ഥിതി ചെയ്യുന്നതായി വിചാരിക്കണം. പക്ഷേ, നന്നെ കുറഞ്ഞ അളവിലാണെന്നുമാത്രം. ഉള്ളത് അല്പായുസ്സുമാണ്. അങ്ങനെ നാമമാത്രമായി ഉളളതും വളരെ അസ്ഥിരവും തന്‍മൂലം വേഗം ക്ഷയിച്ചുപോകുന്നതുമായ ഈ മൂലകം പ്രകൃതിയില്‍ വീണ്ടും ഉണ്ടാകുന്നത് യുറേനിയം, റേഡിയം A, ആക്റ്റീനിയം K എന്നീ റേഡിയോ ആക്ടീവ് മൂലകങ്ങളുടെ അപക്ഷയംമൂലമാണ്.

പ്രകൃതിയില്‍ ദുര്‍ലഭമായ ഈ മൂലകം 1940-ല്‍ ആണ് ആദ്യമായി കണ്ടുപിടിക്കപ്പെട്ടത്. ഡോ. ഡി.ആര്‍. കോര്‍സണ്‍ (Dr.D.R.Corson), കെ.ആര്‍. മെക്കന്‍സി (K.R.Meckenzie), ഇ.ജി. സെഗ്രെ (E.G.Serge) എന്നീ ശാസ്ത്രജ്ഞന്‍മാര്‍ സൈക്ലോട്രോണില്‍ ബിസ്മത്ത് എന്ന മൂലകത്തെ ഉച്ചോര്‍ജ-ആല്‍ഫാകണങ്ങള്‍ കൊണ്ടു 'ബൊംബാര്‍ഡു' ചെയ്ത് (തുരുതുരെ എയ്തു) പരീക്ഷണം നടത്തുകയായിരുന്നു. ഉത്പന്നങ്ങള്‍ പരിശോധിച്ചപ്പോള്‍ അണുഭാരം 211 ഉള്ള ഒരു പുതിയ മൂലകം കണ്ടുകിട്ടി. വിശകലനത്തില്‍ അതിന്റെ അണുസംഖ്യ 85 ആണെന്നു മനസ്സിലായി. അങ്ങനെ പീരിയോഡിക് പട്ടികയില്‍ ഒഴിവായിക്കിടന്നിരുന്ന 85-ാമത്തെ സ്ഥാനം പൂരിതമായി. അസ്ഥിരത്വം എന്ന സ്വഭാവം ഇതിന്റെ സവിശേഷതയായിക്കണ്ടപ്പോള്‍ ആ അര്‍ഥമുളള ഒരു ഗ്രീക്കുപദത്തില്‍നിന്ന് അസ്റ്റാറ്റൈന്‍ എന്ന പദം വ്യുത്പാദിപ്പിച്ച് അവര്‍ ഈ മൂലകത്തിന്റെ പേര്‍ ആയി നിര്‍ദേശിക്കുകയും ചെയ്തു.

അസ്റ്റാറ്റൈന്‍ എന്ന മൂലകത്തിനു ഭൗതികവും രാസികവും ആയ ഗുണധര്‍മങ്ങളില്‍ അയഡിനോടാണ് (iodine) കൂടുതല്‍ സാദൃശ്യമുള്ളത്. ഇതിന് അയഡിനെക്കാള്‍ ലോഹഗുണവും വിദ്യുദ്-ധനലക്ഷണവും (electro positive character ) ഭാരവും ബാഷ്പശീലത്വവും (volatility) ഉണ്ട്. ഇത് ജലലായനിയില്‍ സ്വതന്ത്രമൂലകമായിത്തന്നെ സ്ഥിതി ചെയ്യുന്നു. ലായനിയില്‍നിന്ന് ഓര്‍ഗാനിക് ലായകങ്ങള്‍ (ഉദാ. കാര്‍ബണ്‍ ടെറ്റ്രാ ക്ലോറൈഡ്) ഉപയോഗിച്ചു നിഷ്കര്‍ഷണം ചെയ്യാം. ഈ മൂലകത്തെ അമ്ലീയവും ക്ഷാരീയവുമായ ലായനികളില്‍വച്ച് സിങ്ക്, സള്‍ഫര്‍ ഡൈ ഓക്സൈഡ് എന്നിവ ഉപയോഗിച്ച് റെഡ്യൂസ് ചെയ്ത് സില്‍വര്‍ അയഡൈഡിന്റെകൂടെ അവക്ഷേപിപ്പിക്കാം. പ്രബല-ഓക്സീകാരകമായ ഹൈപൊക്ലോറസ് ആസിഡ് കൊണ്ട് പ്രസ്തുത മൂലകത്തെ AtO3 അയോണ്‍ ആക്കി മാറ്റാം.

ജന്തുക്കളില്‍ പരീക്ഷണം നടത്തിയപ്പോള്‍ പ്രസ്തുത മൂലകം തൈറോയ്ഡ് ഗ്രന്ഥിയില്‍ സവിശേഷമായി ചെന്നു പറ്റുന്നതു കണ്ടു. ഈ മൂലകത്തില്‍നിന്നുളവാകുന്ന തീവ്ര-അയോണീകാരശക്തിയുള്ള ആല്‍ഫാകണങ്ങളാല്‍ ഈ ഗ്രന്ഥി പ്രത്യേകമായി നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. നോ: ഹാലജന്‍ മൂലകങ്ങള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍