This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസ്മോദിയസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അസ്മോദിയസ്

Asmodeus

യഹൂദേതിഹാസങ്ങളിലെ ഒരു ദുര്‍ദേവത. ബൈബിള്‍-പഴയനിയമത്തില്‍ വ്യവഹരിച്ചിരിക്കുന്ന ഭൂതരാജാവായ ബീല്‍സബബ് തന്നെയാണിതെന്നും ചിലര്‍ കരുതുന്നു. തോബിസിന്റെ കഥയില്‍ പ്രസ്തുതയായ ഗുവേലിന്റെ മകള്‍ സാറയുടെ ഏഴു ഭര്‍ത്താക്കന്‍മാരെ ഈ ദുര്‍ദേവത വധിച്ചതായി പരാമര്‍ശമുണ്ട്. സാറയില്‍ ഈ ദുര്‍ദേവതയ്ക്ക് അഭിനിവേശം തോന്നിയിരുന്നതാണത്രെ കാരണം. അവസാനം ദേവദൂതനായ റാഫേലിന്റെ പ്രേരണയാല്‍ സാറയുടെ പ്രേമഭാജനമായ തോബിയാസ്, ഒരു മത്സ്യത്തിന്റെ കരള്‍ പുകച്ച് അസ്മോദിയസിനെ ഈജിപ്തിലേക്ക് ഓടിച്ചു കളഞ്ഞു. തോബിയാസും സാറയുമായുള്ള ദാമ്പത്യജീവിതത്തില്‍ അസ്മോദിയസിന്റെ ഉപദ്രവം ഇല്ലാതാക്കുന്നതിന് റാഫേല്‍ പിന്നീട് അവനെ കെട്ടിയിട്ടതായും കഥയുണ്ട്.

അസ്മോദിയസ് സോളമന്‍ രാജാവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി താല്‍മൂദിക ഇതിഹാസങ്ങളില്‍ കാണുന്നു. ക്ഷേത്രം പണിയുന്നതിനും മറ്റും അസ്മോദിയസ് സോളമന്‍ രാജാവിനെ സഹായിച്ചിട്ടുണ്ട്. സോളമന്റെ പാപങ്ങള്‍ക്കും ദുഷ്പ്രവൃത്തികള്‍ക്കും കാരണഭൂതന്‍ അസ്മോദിയസ് ആണെന്നു പറയപ്പെടുന്നു. പേര്‍ഷ്യന്‍ വിശ്വാസങ്ങളിലെ കോപത്തിന്റെ ദേവതയായ 'അയേഷ്മാദയേവ'യോട് അസ്മോദിയസിനെ ചില പണ്ഡിതന്‍മാര്‍ സാദൃശ്യപ്പെടുത്തിയിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍