This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസ്പെന്‍ഡസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അസ്പെന്‍ഡസ്

Aspendus

ഏഷ്യാമൈനറിലെ ഒരു പ്രാചീന നഗരം. യൂറിമെഡോണ്‍ നദിയുടെ വലത്തേ കരയിലെ ഒരു ഒറ്റപ്പെട്ട കുന്നിലാണ് ഈ നഗരം സ്ഥിതിചെയ്തിരുന്നത്. നദീമുഖത്തുനിന്നും ഏകദേശം 3 കി.മീ. അകലെ വരെ കപ്പലുകള്‍ക്കു കടന്നു വരാം. എന്നാല്‍ ഗ്രീക്കു ചരിത്രകാരനായ തൂസിഡൈഡിസിന്റെ കാലത്ത് (ബി.സി. 460-400) കപ്പലുകള്‍ക്ക് അസ്പെന്‍ഡസില്‍ നങ്കൂരമിട്ടുകിടക്കാന്‍ സൗകര്യമുണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ആര്‍ഗോസിന്റെ (തെ.കി. ഗ്രീസിലെ ഒരു പ്രദേശം) ഭാഗമായിരുന്നു വളരെക്കാലം ഈ പട്ടണം. ഇവിടെനിന്നും കണ്ടുകിട്ടിയ വിവിധതരം നാണയങ്ങളില്‍നിന്നും ഇവിടെ വാണിജ്യം പ്രാചീനകാലത്തുതന്നെ വികസിച്ചിരുന്നുവെന്നതിനു തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. സാലൈന്‍ എണ്ണ, രോമം എന്നിവയുടെ വ്യാപാരം വന്‍പിച്ച തോതില്‍ നടന്നിരുന്ന ഈ നഗരം സമ്പന്നമായിരുന്നു. അഥീനിയന്‍ രാഷ്ട്രതന്ത്രജ്ഞനായ ആല്‍സിബൈയാഡിസ് (ബി.സി. 450-404) ബി.സി. 411-ല്‍ ഇവിടം സന്ദര്‍ശിച്ച്, സത്രപനായ (പേര്‍ഷ്യന്‍ ഭരണകാലത്ത് പ്രോവിന്‍സിന്റെ ഗവര്‍ണര്‍) ടിസഫെര്‍ണസിനെ സ്പാര്‍ട്ടന്‍ സഖ്യത്തില്‍നിന്നും അകറ്റി ഫിനീഷ്യന്‍ കപ്പല്‍പ്പടയെ പിന്തിരിപ്പിച്ചതായി രേഖകളുണ്ട്. ബി.സി. 333-ല്‍ അലക്സാണ്ടര്‍ ഈ നഗരം കൈയടക്കി; പിന്നീട് നഗരം റോമന്‍ ആധിപത്യത്തിലമര്‍ന്നു. ഏഷ്യാമൈനറിലെ മൂന്നാമത്തെ വലിയ നഗരമായിരുന്നു അസ്പെന്‍ഡസ് എന്നു ഫിലോസ്ട്രാറ്റസ് രേഖപ്പെടുത്തിയിരിക്കുന്നു. ബൈസാന്തിയന്‍ കാലഘട്ടങ്ങളില്‍ പ്രിമൊപെലിസ് എന്ന പേരില്‍ അസ്പെന്‍ഡസ് അറിയപ്പെട്ടു. മധ്യകാലങ്ങളിലും ഈ നഗരത്തിനു പ്രാധാന്യം ഉണ്ടായിരുന്നു. ആധുനികകാലത്ത് ഏതാണ്ട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ തുര്‍ക്കിയിലെ അന്റാലിയ പ്രോവിന്‍സിലെ ബാല്‍-കിസ് കലേ എന്ന പേരില്‍ അറിയപ്പെടുന്ന ഗ്രാമമായി മാറിക്കഴിഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍