This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസ്ഥികൂടരോഗങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

അസ്ഥികൂടരോഗങ്ങള്‍

Skeletal disorders

അസ്ഥിവ്യൂഹവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ ഇവയെ പൊതുവേ ആറായി തരംതിരിച്ചിരിക്കുന്നു.

പരമ്പരാഗതമായ ന്യൂനതകള്‍.

അസ്ഥികളുടെ സഹജവും പരമ്പരാഗതവുമായ ന്യൂനതകള്‍ പലവിധത്തില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഒന്നോ അതിലധികമോ അസ്ഥികളുടെ അഭാവം, ഇരട്ടിക്കല്‍, സ്ഥാനഭ്രംശം, വൈരൂപ്യം, അസ്ഥികലകള്‍ ഉണ്ടാകുന്നതിലുള്ള അപസാമാന്യതകള്‍ തുടങ്ങിയവയാണ് സാധാരണമായിട്ടുള്ളവ. അസ്ഥികൂടത്തെ പൊതുവേ ബാധിക്കുന്ന സഹജ-പരമ്പരാഗതരോഗങ്ങളില്‍ പ്രധാനമായവയെപ്പറ്റി താഴെപ്പറയുന്നു. ഇവ ജനനാവസരത്തില്‍ത്തന്നെ പ്രകടമായിരിക്കുകയോ കുട്ടി വളരുന്നതോടൊപ്പം പ്രകടമാകുകയോ ചെയ്യാം.

അക്കോണ്‍​ഡ്രോപ്ലാസിയ (Achondroplasia)

നീളം കൂടിയ അസ്ഥികളുടെ അസ്ഥീകരണത്തിലുളവാകുന്ന ന്യൂനതകളുടെ ഫലമായി ഉണ്ടാകുന്ന ഒരു പരമ്പരാഗത രോഗമാണിത്. ഈ രോഗം ബാധിച്ച രോഗികളുടെ കൈകാലുകളിലെ അസ്ഥികള്‍ക്ക് സാധാരണയില്‍ കുറഞ്ഞ നീളമേ ഉണ്ടായിരിക്കൂ; വണ്ണം കൂടുതലുമായിരിക്കും. കാല്‍മുട്ടിനും കണങ്കാലിനുമിടയിലാണ് അസാധാരണ നീളക്കുറവ് പ്രകടമാകുക. ഇത് ഓട്ടോസോമല്‍ പ്രഭാവിത അവസ്ഥ (autosomal dominance ) പ്രകടമാക്കുന്ന പാരമ്പര്യരോഗമാണെങ്കിലും ജീന്‍ ഉത്പരിവര്‍ത്തനം (gene mutation) കൊണ്ടും ഈ രോഗം ഉണ്ടാകാം. തലയ്ക്ക് സാധാരണയില്‍ കവിഞ്ഞ വലുപ്പം ഉണ്ടായിരിക്കും; നെറ്റിത്തടം മുന്‍പോട്ടു തള്ളിയിരിക്കും. പരന്ന മൂക്ക്, നീളം കുറഞ്ഞ കാലുകള്‍, നീളം കുറഞ്ഞ് വണ്ണം കൂടിയ വിരലുകള്‍, ഇടുപ്പിലെ അസാധാരണ വളവ് തുടങ്ങിയ സവിശേഷ സ്വഭാവങ്ങള്‍ ഇത്തരം രോഗികളില്‍ കാണുന്നു. എന്നാല്‍ ശാരീരികമോ മാനസികമോ ആയ മറ്റു ന്യൂനതകളൊന്നും ഉണ്ടായിരിക്കില്ല. സാധാരണ ബുദ്ധിശക്തിയും ഇക്കൂട്ടര്‍ക്ക് ഉണ്ടായിരിക്കും. കൈകാലുകളുടെ സാരമായ നീളക്കുറവും വളവും കുള്ളത്ത(dwarfism) ത്തിന് കാരണമാകുന്നു. കുള്ളത്തം മറ്റു പല രോഗങ്ങള്‍ കൊണ്ടും ഉണ്ടാകാറുണ്ട്.

ഓസ്റ്റിയോജനസിസ് ഇംപെര്‍ഫെക്റ്റ (Osteogenesis imperfecta).

അസ്ഥികളുടെ ശക്തിക്ഷയവും ഭംഗുരത്വ(brittility)വുംമൂലം ആവര്‍ത്തിച്ചാവര്‍ത്തിച്ച് അസ്ഥിഭംഗമുണ്ടാകുന്ന പ്രവണതയാണ് ഈ രോഗത്തിന്റെ സവിശേഷ ലക്ഷണം. അപൂര്‍ണ കൊളാജന്‍ സംശ്ലേഷണമാണ് ഈ രോഗത്തിനു നിദാനം. കൊളാജന്‍ സംശ്ലേഷണം അപൂര്‍ണമാകുന്നത് കൊളാജന്‍ അടങ്ങിയ മൃദുകല(soft tissues)കളെ (ചര്‍മം, ശ്വേതപടലം, പല്ല്, സ്നായുക്കള്‍ (ligaments)) ബാധിക്കുന്നു. ഇത് ഓട്ടോസോമല്‍ പ്രഭാവിത അവ്യവസ്ഥ (autosomal dominant disorder)മൂലമാണ് സംഭവിക്കുക. എന്നാല്‍ ഓട്ടോസോമല്‍ അപ്രഭാവിത അവ്യവസ്ഥമൂലം സംജാതമാകുന്നത് ഇതിലും കഠിന (തീവ്ര) മായിരിക്കും. ഇത്തരം രോഗികളില്‍ തലയോട്ടിയില്‍ പലയിടത്തും അസ്ഥിന്യൂനത കാണാറുണ്ട്. പല്ലുകള്‍ മൃദുത്വമുള്ളതായിരിക്കും. കണ്ണിലെ ശ്വേതപടലം (sclera) നീല നിറമായിരിക്കും.

ജനനസമയത്തുതന്നെ രോഗബാധയുള്ള കുട്ടികളില്‍ അസ്ഥിഭംഗം ഉണ്ടായിരിക്കും. ചെറിയ ചലനങ്ങള്‍ പോലും അസ്ഥിഭംഗത്തിനു കാണമാകുന്നു. എന്നാല്‍ ഈ ഭംഗങ്ങള്‍ വളരെവേഗം സംയോജിക്കും. ആവര്‍ത്തിച്ചുണ്ടാകുന്ന അസ്ഥിഭംഗങ്ങള്‍ പലതരം വൈരൂപ്യങ്ങള്‍ക്കും കാരണമാകും. ചില കുട്ടികളില്‍ ജനിച്ച് ആഴ്ചകളോ മാസങ്ങളോ വര്‍ഷങ്ങളോ കഴിഞ്ഞേ രോഗം പ്രകടമാകാറുള്ളു. പ്രായം കൂടുന്തോറും അസ്ഥിഭംഗത്തിന്റെ പ്രവണത കുറഞ്ഞവരുന്നു. കാഠിന്യം കൂടിയ രോഗബാധയുള്ള ശിശുക്കള്‍ ഏതാനും ആഴ്ചകള്‍ക്കകം മരിച്ചുപോകുന്നു. രോഗം പ്രകടമാകാത്ത പ്രായം കൂടിയവരില്‍ ഇത് ഓസ്റ്റിയോ സ്ക്ളി റോസിസ്സി(osteosclerosis)ന് കാരണമാകും.

3. ഓസ്റ്റിയോ പെട്രോസിസ് അഥവാ ഓസ്റ്റിയോസ്ക്ളീറോസിസ് ഫ്രജൈലിസ് (Osteopetrosis-Osteosclerosis Fragilis).

മാര്‍ബിള്‍ അസ്ഥിരോഗം, അല്‍ബെഴ്സ്-സ്ക്വോന്‍ബെര്‍ഗ് രോഗം (Albers-Schonbere) എന്നീ പേരുകളിലും അറിയപ്പെടുന്നു. കട്ടികൂടിയ അവസ്ഥയും ഭംഗുരത്വമുള്ള അസ്ഥികളും ഈ രോഗത്തിന്റെ സവിശേഷ സ്വഭാവമാണ്. ഓട്ടോസോമല്‍ പ്രഭാവിത ജീനുകള്‍ കാരണം ഉണ്ടാകുന്ന ഈ പരമ്പരാഗത രോഗം അസ്ഥിഭംഗത്തിനുള്ള പ്രവണത വര്‍ധിപ്പിക്കുന്നു. ജന്മനാ ഉള്ള ഓട്ടോസോമല്‍ അപ്രഭാവിത ജീനുകള്‍ മൂലമുണ്ടാകുന്ന രോഗം കാഠിന്യം കൂടിയതും അപകടകരവുമായിരിക്കും. ഇത് ശിശുക്കള്‍ക്ക് അതികഠിനമായ വിളര്‍ച്ച (അനീമിയ) ഉണ്ടാകാനും ഇടയാക്കുന്നു. കഠിനമായ രോഗബാധയുള്ളവര്‍ ശൈശവാവസ്ഥയില്‍ത്തന്നെ മരിച്ചു പോകുന്നു.

പാജെറ്റ്സ് രോഗം (Paget's disease).

ഓസ്റ്റിയൈറ്റിസ് ഡിഫോമന്‍സ് (Osteitis deformans) എന്നും ഇത് അറിയപ്പെടുന്നു. 40 വയസ്സു കഴിഞ്ഞവരെയാണ് സാധാരണ ഈ രോഗം ബാധിക്കുക. ഒന്നോ രണ്ടോ അസ്ഥികള്‍ വളയുകയോ കട്ടികൂടുകയോ സ്പോന്‍ജുപോലെയായിത്തീരുകയോ ചെയ്യുന്നു. കാലിലെ ജംഘാഗ്രാസ്ഥി(Tibia)യെയാണ് സാധാരണ ഈ രോഗം ബാധിക്കുക. രോഗകാരണം ഇന്നും കണ്ടെത്താനായിട്ടില്ല. രോഗബാധിതരുടെ അസ്ഥികള്‍ കട്ടികൂടുന്നു. അസ്ഥിയുടെ വേദനയാണ് ആദ്യരോഗലക്ഷണം. പിന്നീട് വളയുകയും കട്ടികൂടുകയും ചെയ്യന്നു. അസ്ഥികള്‍ പൊട്ടാനും അര്‍ബുദമായിത്തീരാനും ഇടയുണ്ട്. എക്സ്റേയില്‍ നിറം കുറഞ്ഞ് ഇടയ്ക്കിടെ ചെറിയ വിടവ് (gap) ഉള്ളതുപോലെ തോന്നിക്കും. കാല്‍സിറ്റോനിന്‍ ഡൈഫോസ്ഫോനേറ്റ് എന്നിവകൊണ്ട് ചികിത്സിക്കുന്നു.

ഓസ്റ്റിയോക്കോണ്‍ഡ്രൈറ്റിസ് (Osteochondritis).

കുട്ടികളിലും കൗമാരപ്രായക്കാരിലും അസ്ഥിയുടെ വളരുന്ന അഗ്രങ്ങ(Epiphysis)ളെ ബാധിക്കുന്ന രോഗമാണിത്. ഈ രോഗം പലവിധത്തിലുണ്ട്. പെര്‍തീസ് (perthe's) രോഗം, പാന്നേഴ്സ് (panner's) രോഗം, കീയെന്‍ബോക്സ് (kienbocks's) രോഗം, സീവേഴ്സ് (sever's) രോഗം, കോഹ്ളേഴ്സ് (kohler's) രോഗം, ഫ്രീബെര്‍ഗ്സ് (freiberg's) രോഗം, കാള്‍വ്സ് (calve's) രോഗം തുടങ്ങിവയും ഓസ്റ്റിയോക്കോണ്‍ഡ്രൈറ്റിസ് രോഗമാണ്.

പെര്‍തീസ് (perthe's) രോഗം.

സാധാരണയായി തുടയെല്ലിന്റെ മുകളിലെ അറ്റത്തെ(epiphysis)യാണ് ഈ രോഗം ബാധിക്കുക. ഓസ്റ്റിയോക്കോണ്‍ഡ്രൈറ്റിസില്‍ ഏറ്റവും സാധരണയായി കാണുന്നത് പെര്‍തീസ് രോഗമാണ്. 5-10 വയസ്സുള്ള കുട്ടികളെയാണ് ഈ രോഗം ബാധിക്കുക. ഇടുപ്പെല്ല് മുതല്‍ കാല്‍മുട്ടുവരെ വ്യാപിക്കുന്ന വേദനയും, നടക്കാന്‍ വൈഷമ്യവും അനുഭവപ്പെടും. ഇടുപ്പ് വലിഞ്ഞു മുറു(stiffness)കിയിരിക്കും. രോഗം ബാധിച്ച കാല്‍ അനക്കാന്‍ വിഷമം അനുഭവപ്പെടും. എക്സ്റേ പരിശോധനയിലൂടെ രോഗനിര്‍ണയനം നടത്താം. ശസ്ത്രക്രിയ നടത്തിയോ പ്ലാസ്റ്റര്‍ ഇട്ടോ തുടയെല്ലിന്റെ എപ്പിഫൈസിസ് കേടുവരാതെ സംരക്ഷിക്കാം. ചികിത്സിച്ചു പൂര്‍ണമായും സുഖപ്പെടുത്താവുന്ന രോഗമാണിത്.

ഡയാഫൈസിയല്‍ അക്ലാസിസ് (Diaphysial aclasis).

മള്‍ട്ടിപ്പിള്‍ എക്സോസ്റ്റോസെസ് (Multiple exostoses) എന്ന പേരിലും അറിയപ്പെടുന്ന ഈ രോഗത്തിന്റെ ഫലമായി നീളം കൂടിയ അസ്ഥിയുടെ അഗ്രത്തിനു തൊട്ടുതാഴെയുള്ള ഭാഗം (metaphysis) അസ്ഥിചര്‍മത്തിനുള്ളില്‍ത്തന്നെ വളര്‍ന്ന് മുഴപോലെയായിത്തീരുന്നു. ഈ പരമ്പരാഗതരോഗം ഒരു ഓട്ടോസോമല്‍ പ്രഭാവിത ജീന്‍ ക്രമരാഹിത്യമാണ്. എക്സ്റേ കൊണ്ട് രോഗനിര്‍ണയനം നടത്താം. അസ്ഥിഭംഗം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മുഴ പോലെയായിത്തീരുന്ന ഭാഗത്ത് അര്‍ബുദം ബാധിക്കാനിടയുണ്ട്. ശസ്ത്രക്രിയ ചെയ്ത് മുഴകള്‍ എല്ലാം മുറിച്ചു നീക്കാനായില്ലെങ്കിലും വേദനയുള്ള മുഴകള്‍ മുറിച്ചു നീക്കേണ്ടതാണ്.

ഹര്‍ലേഴ്സ് (Hurler's) രോഗം (Gargoylism).

അസ്ഥികളുടെ നീളം കുറഞ്ഞ് ശരീരത്തിനും കൈകാലുകള്‍ക്കും കുള്ളത്തം ഉണ്ടാകുന്ന അവസ്ഥയാണിത്. ഇത് ഒരു പാരമ്പര്യരോഗമാണ്. എക്സ്റേ പരിശോധനയിലൂടെ രോഗനിര്‍ണയനം നടത്താം. ഓട്ടോസോമല്‍ പ്രഭാവിത അവസ്ഥമൂലമുണ്ടാകുന്ന പാരമ്പര്യ രോഗമാണിത്. ശരീരത്തിനും കൈകാലുകള്‍ക്കും കുള്ളത്ത (dwarfism) മുണ്ടാകുന്നു. ഡെര്‍മാറ്റന്‍ സള്‍ഫേറ്റ് (dermatan sulphate), ഹെപാരിറ്റന്‍ സള്‍ഫേറ്റ് (heparitan sulphate) എന്നിവ മൂത്രത്തില്‍ക്കൂടി വിസര്‍ജിക്കപ്പെടുന്നു. ഈ രോഗമുള്ളവരുടെ മുഖം സവിശേഷമായ ആകൃതിയുള്ളതാണ്. മാനസിക വളര്‍ച്ചയിലും അസാധാരണത്വം പ്രകടമാണ്. കോര്‍ണിയ അതാര്യത(opacity)യുള്ളതായിരിക്കും.

എംഗല്‍മാന്‍സ് (Engelmann's) രോഗം.

ഓട്ടോസോമല്‍ അപ്രഭാവിത അവസ്ഥമൂലമുണ്ടാകുന്ന പാരമ്പര്യരോഗമാണിത്. പ്രധാനമായും കുട്ടികളെയാണ് ഈ രോഗം ബാധിക്കുക. തുടയെല്ലിനെയാണ് പ്രധാനമായും ഈ രോഗം ബാധിക്കുന്നത്. നീളം കൂടിയ അസ്ഥികളുടെ മധ്യഭാഗം കൂടുതലായി വളരുന്നതാണ് രോഗലക്ഷണം.

മോര്‍ക്യോ രോഗം (Morquio disease).

ഓട്ടോസോമല്‍ അപ്രഭാവിത അവസ്ഥ മൂലമുണ്ടാകുന്ന പാരമ്പര്യരോഗമാണിത്. നട്ടെല്ല്, വക്ഷാസ്ഥികള്‍, കൈകാലുകളിലെ അസ്ഥികള്‍ എന്നിവയുടെ വിരൂപതയും കുള്ളത്തവുമാണ് പ്രധാന രോഗലക്ഷണങ്ങള്‍. സാധാരണമായി കുട്ടികളെ ബാധിക്കുന്ന ഈ രോഗം കുട്ടികള്‍ നടക്കാന്‍ തുടങ്ങുമ്പോഴാണ് ശ്രദ്ധിക്കപ്പെടുന്നത്. തലയ്ക്കും കൈകാലുകള്‍ക്കും സാധാരണ വലുപ്പമുണ്ടായിരിക്കും. സന്ധികള്‍ക്കു വീക്കമുണ്ടാകുന്നു. കശേരുക്കളുടെ ആകൃതിയിലും വലുപ്പത്തിലും മാറ്റങ്ങളുണ്ടാകും.

അക്ഷകാസ്ഥി(clavicle)കളുടെ അഭാവത്തോടൊപ്പം കപാലാസ്ഥികളുടെ അസ്ഥീകരണത്തില്‍ കാലതാമസം ഉണ്ടാകുക (cleido-cranial dystosis), കൈകാലുകള്‍ക്കും വിരലുകള്‍ക്കും അസാമാന്യമായ നീളമുണ്ടായിരിക്കുക (arachnodaetyly), ദീര്‍ഘാസ്ഥികളുടെ അഗ്രങ്ങളില്‍ മുഴകള്‍ ഉണ്ടാകുക (exostosis) അസ്ഥികളിലെ തന്തുകല ദുര്‍വികസനം ചെയ്യുക (fibrous dysplasia), അസ്ഥികളില്‍ അവിടവിടെയായി വൃത്തത്തില്‍ കട്ടികൂടിയ അസ്ഥിദ്വീപുകള്‍ ഉണ്ടാകുക (osteopoikilosis) തുടങ്ങിയവയും സഹജമായുണ്ടാകുന്ന വികലതകളാണ്.

അസ്ഥി സംക്രമണങ്ങള്‍

അസ്ഥിമജ്ജാശോഥം (Osteomyelitis).

രോഗാണുക്കള്‍ അസ്ഥിയില്‍ കടന്നുകൂടുകയും വളരുകയും ചെയ്യുന്നതുനിമിത്തമുണ്ടാകുന്ന ശോഥപ്രക്രിയ. അസ്ഥിയില്‍ രോഗസംക്രമണം മൂന്നുവിധത്തില്‍ സംഭവിക്കാം.

i.രക്തം, ലസിക എന്നിവ വഴി;

ii.അസ്ഥിക്കു ചുറ്റുമുള്ള രോഗബാധിത കലകളില്‍ നിന്ന്;

iii.ഒരു ക്ഷതിയുടെ ഫലമായി പുറത്തുനിന്നും നേരിട്ട്.

രോഗത്തിന്റെ തീവ്രത രോഗസംക്രമണത്തിന്റെ രീതി, രോഗാണുവിന്റെ ഇനം, രോഗിയുടെ പ്രതിരോധശക്തി എന്നിവയെ ആശ്രയിച്ചിരിക്കും. തീവ്രം, അനുതീവ്രം, സ്ഥായി എന്നീ മൂന്നുതരത്തില്‍ അസ്ഥിശോഥം ഉണ്ടാകാം. അസ്ഥിയുടെ ഘടന, രക്തചംക്രമണത്തിലെ പ്രത്യേകതകള്‍ എന്നിവകൊണ്ടുണ്ടാകുന്ന വികാരങ്ങള്‍ അസ്ഥികളില്‍ മറ്റു ശരീരകലകളില്‍ ഉണ്ടാകുന്നതുപോലെയല്ല. ഇവയിലെ രക്തവാഹികള്‍ ഇടുങ്ങിയ അസ്ഥിനാളികളിലൂടെയാണ് സഞ്ചരിക്കുന്നത്. സംക്രമണഫലമായുണ്ടാകുന്ന നിസ്രാവം (exudate) മര്‍ദം ചെലുത്തുന്നതുകൊണ്ട് രക്തസഞ്ചാരം കുറയുകയോ, നിലയ്ക്കുകയോ ചെയ്യുന്നു. ഇതു ബാധിതസ്ഥാനത്തെ അസ്ഥിഭാഗത്തിന്റെ മൃതി (necrosis)ക്കു കാരണമാകുന്നു. ഈ മൃതഭാഗത്തിനു ചുറ്റും കണാങ്കുര കല (granulation tissue) വളരുകയും അസ്ഥിയില്‍നിന്ന് ഈ ഭാഗത്തെ വേര്‍പെടുത്തുകയും ചെയ്യുന്നു. ഇങ്ങനെ വേര്‍പെടുന്ന മൃതാസ്ഥിയെ സെക്ക്വസ്ട്രം (sequestrum) എന്നു വിളിക്കുന്നു. ഇതു പുറത്തുപോകുകയോ ശസ്ത്രക്രിയ ചെയ്തു നീക്കംചെയ്യുകയോ ചെയ്യാത്തിടത്തോളം കാലം രോഗശമനം ഉണ്ടാകുന്നില്ല. ചിലപ്പോള്‍ സെക്ക്വസ്ട്രം ഉണ്ടാകുന്നതിനുപകരം അസ്ഥികള്‍ക്ക് അപരദനം (erosion) സംഭവിക്കുന്നതിനാല്‍ അസ്ഥിസുഷിരത (osteoporosis) ഉണ്ടാകുന്നു. രോഗശമനത്തോടൊപ്പം ചുറ്റുമുളള അസ്ഥിഭാഗങ്ങള്‍ക്കു കാഠിന്യമു(sclerosis)ണ്ടാകുന്നു. ഇതോടൊപ്പം അസ്ഥിയില്‍ നിന്നും വേര്‍പെടുത്തപ്പെട്ട പര്യസ്ഥികത്തില്‍ (periosteal) അസ്ഥിരൂപവത്കരണം നടക്കുന്നു. മൃതപ്രായമായ അസ്ഥിഭാഗത്തിനനുസരിച്ച് പര്യസ്ഥികാസ്ഥിരൂപവത്കരണത്തിനും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നു.

തീവ്രരക്തജന്യ-അസ്ഥിശോഥം (Acute hematoge-nous primary osteomyelitis).

ബാക്ടീരിയ, സെപ്റ്റിസീമിയ, പയീമിയ തുടങ്ങിയ വ്യാപകരോഗങ്ങളുടെ ഭാഗമായിട്ടാണ് ഇതുണ്ടാകുന്നത്. പത്തുവയസ്സിനു താഴെയുള്ള ആണ്‍കുട്ടികളെയാണ് ഇതു സാധാരണ ബാധിച്ചുകാണുന്നത്. മിക്കപ്പോഴും സ്റ്റഫൈലോകോക്കസ് ഓറിയസ് (Staphylococcus aureus) എന്ന ബാക്ടീരിയയാണ് രോഗഹേതു. ചിലപ്പോള്‍ സ്റ്റ്രെപ്റ്റോകോക്കസ്സും (Streptococcus), ന്യൂമോകോക്കസ്സും മറ്റു പല രോഗാണുക്കളും ഹേതുവാകാറുണ്ട്. റ്റിബിയ (tibia)യുടെ മേലേ അറ്റത്തും, ഫീമറിന്റെ താഴേ അറ്റത്തും ഹൂമറസ്, ഫിബുല, റേഡിയസ് എന്നീ അസ്ഥികളെയുമാണ് സാധാരണ ഈ രോഗം ബാധിക്കുക. എന്നാല്‍ ശരീരത്തിലെ മറ്റ് അസ്ഥികളെയും ഇതു ബാധിച്ചുകൂടെന്നില്ല.

കടുത്ത പനി, ഏതെങ്കിലും ഒരു സന്ധിക്കടുത്തുളള അസ്ഥിഭാഗത്തിന് വേദന തുടങ്ങിയവയാണ് ആദ്യലക്ഷണങ്ങള്‍. രോഗം ബാധിച്ച ഭാഗം അനക്കാന്‍പോലും കുട്ടി വിസമ്മതിക്കുന്നു. രോഗബാധിതസ്ഥാനത്തെ തൊലി ചുവന്നു തടിക്കുകയും ആ ഭാഗത്തിന് വീക്കമുണ്ടാവുകയും ചെയ്യും. രോഗം അധികമാകുമ്പോള്‍ വേദന ക്രമാതീതമായി വര്‍ധിക്കുന്നു. ഇതോടൊപ്പം രക്തവിഷബാധയും (toxaemia) ഉണ്ടാകുന്നു.

എത്രയും നേരത്തേ ചികിത്സ തുടങ്ങുന്നുവോ അത്രയും അസ്ഥിനാശം ഒഴിവാക്കാന്‍ കഴിയും. രോഗനിര്‍ണയനം കഴിഞ്ഞാല്‍ ഉടനെതന്നെ ആന്റിബയോട്ടിക്കുകള്‍ കൊടുത്തുതുടങ്ങേണ്ടതാണ്. രോഗബാധിതഭാഗം ചലനരഹിതമാക്കുകയും (immobilise) പഴുപ്പുണ്ടെന്നു കണ്ടാല്‍ അതു പുറത്തേയ്ക്കു സ്രവിപ്പിച്ചോ (aspirate), ഛേദനം (incise) ചെയ്തോ നീക്കം ചെയ്യുകയും വേണം; ചികിത്സ തുടങ്ങാന്‍ വൈകിയാല്‍ മൃതാസ്ഥിക്കു വലുപ്പം കൂടും. ഇതു ശസ്ത്രക്രിയകൊണ്ട് നീക്കംചെയ്യേണ്ടിവരുന്നു.

ടൈഫോയ്ഡ് അസ്ഥിശോഥം (Typhoid osteomyelitis).

സാല്‍മൊണെല്ലാ ടൈഫീ, പാരാടൈഫീ എന്നീ രോഗാണുക്കളാണ് രോഗഹേതു. സന്നിപാതജ്വരത്തിന്റെ പരിണതഫലമായിട്ടാണ് ഇതുണ്ടാകുന്നത്. തീവ്ര-അസ്ഥിശോഥത്തിന്റെ ലക്ഷണങ്ങളും സ്വഭാവവുമാണിതിനും. കൈയിലെ അള്‍ന, കാലിലെ ടിബിയ, നട്ടെല്ലിലെ കശേരുക്കള്‍ തുടങ്ങിയ ഭാഗങ്ങളെയാണ് രോഗം ബാധിക്കുക. എക്സ്റേ പരിശോധനയില്‍ ഡയാഫൈസിയല്‍ സ്​ക്ലീറോസിസ് അവസ്ഥ കാണുന്നു. സിക്കിള്‍കോശ അനീമിയ ബാധിച്ച കുട്ടികളിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്.

ചിരന്തനാസ്ഥിശോഥം (Chronic osteomyelitis).

തീവ്ര-അസ്ഥിശോഥത്തിന്റെ അപൂര്‍ണശമനഫലമായോ ഒരു വേധി (penetrating) ക്ഷതിയുടെ ഫലമായോ തീവ്രത കുറഞ്ഞ രോഗാണുസംക്രമണം കൊണ്ടോ ഇതുണ്ടാകാം.

അസ്ഥിയില്‍ ഒന്നോ അതിലധികമോ ദ്വാരങ്ങളും (cavities) അവയ്ക്കു ചുറ്റും അസ്ഥികാഠിന്യവും ഉണ്ടാകുന്നു. ഈ ദ്വാരങ്ങളില്‍നിന്ന് പുറത്തേക്ക് കോടരങ്ങളുണ്ടാകുകയും അവയിലൂടെ പഴുപ്പ് പുറത്തേക്ക് ഒഴുകുകയും ചെയ്യുന്നു. അസ്ഥിദ്വാരങ്ങളില്‍ മൃതാസ്ഥിയും കണാങ്കുരകല(granulation tissue) യും ഉണ്ടായിരിക്കും. ഇതിനു ചുറ്റും തന്തുകകലയുടെ സംവര്‍ധനം ഉണ്ടാകുന്നു. അസ്ഥിനാശം പൊതുവേ ഭീമമാണ്. അസ്ഥിക്ക് ചുറ്റും പുതിയ അസ്ഥിയും ഉണ്ടാകുന്നു.

തീവ്രാസ്ഥിശോഥത്തിലെക്കാള്‍ വിഷമകരമാണ് ഇതിന്റെ ചികിത്സ. ആന്റിബയോട്ടിക്കുകള്‍ പലപ്പോഴും പരാജയപ്പെടുന്നു. മൃതാസ്ഥിയും കണാങ്കുരകലയും ശസ്ത്രക്രിയ ചെയ്തു മാറ്റേണ്ടതാണ്. ചിരന്തനാസ്ഥിശോഥം പലപ്പോഴും ചികിത്സയ്ക്കു വഴങ്ങാതെ വളരെനാള്‍ നീണ്ടുനില്ക്കാറുണ്ട്.

ബ്രോഡി വിദ്രധി (Brodie's abscess).

11-20 വയസ്സുള്ളവരെയാണ് സാധാരണ ഈ രോഗം ബാധിക്കുന്നത്. രോഗിയുടെ പ്രതിരോധശക്തിയും രോഗാണുവിന്റെ തീവ്രതയും തുല്യമായിരിക്കുമ്പോള്‍ ഉണ്ടാകുന്നതരം ചിരന്തനാസ്ഥിശോഥമാണിത്. രോഗാരംഭം പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നില്ല. അസ്ഥിയുടെ മെറ്റാഫൈസിസ്സില്‍ ഒരു വിദ്രധിയും അതിനു ചുറ്റും കഠിനാസ്ഥിയുടെ ഒരു വലയവും ഉണ്ടാകുന്നു. വര്‍ഷങ്ങള്‍ക്കുശേഷമായിരിക്കും ഇതു ശല്യം ചെയ്യുക. രാത്രികാലങ്ങളില്‍ കാലിന് കഠിനമായ വേദയുണ്ടാകുന്നു. എന്നാല്‍ വിശ്രമിക്കുമ്പോള്‍ വേദനയ്ക്ക് കുറവുണ്ടാകുന്നു. ചുറ്റുമുളള കഠിനാസ്ഥിയോടൊപ്പം വിദ്രധി നീക്കം ചെയ്താല്‍ രോഗം പൂര്‍ണമായും ഭേദപ്പെടും.

സിഫിലിസ് അസ്ഥിശോഥം (Syphilitic osteomyelitis).

സിഫിലിസ് രോഗാണുക്കള്‍ അസ്ഥിയെ പലതരത്തില്‍ ബാധിക്കുന്നു. ശിശുക്കളില്‍ ഇത് എപ്പിഫൈസിസ് ശോഥം (Epiphy-sis) ഉണ്ടാക്കുന്നു. ചിലപ്പോള്‍ ഇതു വ്യാപിക്കുകയും യൗവനാരംഭത്തില്‍ പര്യസ്ഥികപര്‍വങ്ങളും (Periosteal tuberculosis) അസ്ഥിപര്യസ്ഥികശോഥവും (Osteoperiostitis) ഉണ്ടാക്കുകയും ചെയ്യും. സിഫിലിസിന്റെ നിര്‍ദിഷ്ട ചികിത്സ ഫലപ്രദമാണ്.

ക്ഷയ അസ്ഥിശോഥം (Tuberculosis osteomyelitis).

ക്ഷയരോഗാണുക്കള്‍ അസ്ഥിശോഥം (Periosteal tuberculosis), പര്യസ്ഥികശോഥം (Periosteal tuberculosis) എന്നിവ ഉണ്ടാക്കാറുണ്ട്. അംഗുല്യസ്ഥികള്‍, വാരിയെല്ലുകള്‍, നെഞ്ചെല്ല് എന്നിവയെയാണ് സാധാരണ ബാധിക്കുക. ചികിത്സ ക്ഷയരോഗത്തിന്റേതു തന്നെയാണ്. നട്ടെല്ലിലാണ് സാധാരണ ക്ഷയ അസ്ഥിശോഥം ഉണ്ടാകുന്നത്. ഇടുപ്പ്, കാല്‍മുട്ട്, കൈമുട്ട്, വാരിയെല്ലുകള്‍, നെഞ്ചെല്ല് തുടങ്ങിവയെയും ഈ രോഗം ബാധിക്കാം. മൈക്കോ ബാക്ടീരിയം ട്യൂബര്‍ക്കുലോസിസ് എന്ന ബാക്ടീരിയയാണ് രോഗ കാരണം. ആദ്യം ശ്വാസകോശങ്ങളെ ബാധിക്കുന്ന ക്ഷയം രക്തത്തില്‍ക്കൂടി അസ്ഥികളെയും ബാധിക്കുന്നു. അസ്ഥിയില്‍ നിന്നുള്ള പഴുപ്പ് ചര്‍മത്തിനകത്തു ശേഖരിക്കപ്പെടുന്നതിനാല്‍ ശരീരത്തിലുണ്ടാകുന്ന സാധാരണ മുഴകളില്‍ നിന്നും വ്യത്യസ്തമായ ചെറിയ മുഴകള്‍ (cold absceses) ഉണ്ടാകുന്നു. അസ്ഥിശോധത്തിന്റെ രോഗലക്ഷണങ്ങള്‍ തന്നെയാണ് ഇതിനും പ്രകടമാകുന്നത്. പനി, വേദന, അനക്കാന്‍ സാധിക്കാത്ത സന്ധികള്‍ എന്നിവ രോഗലക്ഷണങ്ങളാണ്. എക്സ്റേ, കഫം, രക്തം എന്നിവ പരിശോധിക്കുന്നതിലൂടെ രോഗനിര്‍ണയനം നടത്താം. വിശ്രമവും പോഷകാംശം കൂടുതലുള്ള ഭക്ഷണവും ക്ഷയരോഗത്തിനുള്ള ഔഷധങ്ങളും രോഗം സുഖപ്പെടുത്തുന്നു. ശരീരത്തിലുണ്ടാകുന്ന മുഴകള്‍ വലുപ്പം കൂടിയവയാണെങ്കില്‍ മുഴകള്‍ക്കുള്ളിലെ ദ്രവാംശം വലിച്ചെടുത്തുകളയുകയാണു പതിവ്. നട്ടെല്ലിനെ ബാധിക്കുന്ന പോട്ട്സ് രോഗമാണ് ക്ഷയ-അസ്ഥിശോഥങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. കഠിനമായ നടുവേദന, നടുവിന് ദൃഢത (stiffness) ചെറു മുഴകള്‍ തുടങ്ങിയവയാണ് ആദ്യലക്ഷണം. ആദ്യഘട്ടത്തില്‍ തന്നെ രോഗം തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കില്‍ കാലുകള്‍ക്ക് തളര്‍ച്ച (pott's paraplegia) ബാധിക്കാനിടയുണ്ട്. ചികിത്സയിലിരിക്കുമ്പോള്‍ തളര്‍ച്ച ബാധിച്ചാല്‍ ശസ്ത്രക്രിയയാണ് ഫലപ്രദം. നട്ടെല്ലിന്റെ എക്സ്-റേ, സി.ടി. സ്കാന്‍ എന്നിവ കൊണ്ട് രോഗം കണ്ടുപിടിക്കാം. വിശ്രമം കൊണ്ട് ഒരുപരിധിവരെ രോഗകാഠിന്യം കുറയാം. വേദന മാറുമ്പോള്‍ നട്ടെല്ല് വളയാതെയും നടക്കുമ്പോഴും ഇരിക്കുമ്പോഴും ബെല്‍റ്റ് ഇട്ട് നടുവിനെ സംരക്ഷിക്കാനാകും. ക്ഷയരോഗത്തിനുള്ള ഔഷധങ്ങളും തുടര്‍ച്ചയായി കഴിക്കണം. ഇന്ത്യയില്‍ ഈ രോഗം സര്‍വസാധാരണമാണ്.

ഗാരീസ് അസ്ഥിശോഥം (Garre's osteomyelitis).

സാധാരണ തുടയെല്ലിനെയാണ് ഈ രോഗം ബാധിക്കുന്നത്. തുടക്കത്തില്‍ പനി, വേദന, തടിപ്പ്, നീര് (swelling) തുടങ്ങിയ രോഗലക്ഷണങ്ങളുണ്ടായിരിക്കും. പനിയും വേദനയും മാറിയാലും നീര് മാറുന്നില്ല. നീരുള്ള ഭാഗം ഞെക്കി നോക്കുമ്പോള്‍ കൂടാത്ത വേദനയനുഭവപ്പെടുന്നു. ഈ രോഗത്തിന് അസ്ഥിയെ ബാധിക്കുന്ന ഓസ്റ്റിയോസാര്‍കോമയുടെ ലക്ഷണങ്ങള്‍ ഉള്ളതിനാല്‍ പരിശോധനകള്‍ നടത്തി അര്‍ബുദബാധയല്ലെന്ന് ഉറപ്പു വരുത്തണം.

സന്ധികളിലെ രോഗ സംക്രമണം (Sceptic arthritis).

സ്റ്റെഫൈലോകോക്കസ് ഓറിയസ് എന്ന ബാക്ടീരിയയാണ് രോഗകാരണം. രക്തത്തിലൂടെയോ പുറമേയുണ്ടാകുന്ന ആഴമേറിയ മുറിവിലൂടെയോ ഈ ബാക്ടീരിയകള്‍ സന്ധികളിലെത്താം. സന്ധികളില്‍ നീര്, ചുവപ്പുനിറം, വേദന, പനി, നടക്കുന്നതിനുള്ള ബുദ്ധിമുട്ട് എന്നിവയാണ് രോഗലക്ഷണങ്ങള്‍. രക്തം പരിശോധിച്ചും എക്സ്-റേ എടുത്തും രോഗം നിര്‍ണയിക്കാം. ആന്റിബയോട്ടിക്കാണ് പ്രതിവിധി. രോഗം പഴകിയതും മൂര്‍ച്ഛച്ചതുമായ അവസ്ഥയില്‍ ശസ്ത്രക്രിയയാണ് പ്രതിവിധി.

അസ്ഥിഭംഗങ്ങള്‍ (Fractures).

ഏറ്റവും സാധാരണമായ അസ്ഥിക്ഷതിയാണ് അസ്ഥിഭംഗം. നേരിട്ടോ പരോക്ഷമായോ അസ്ഥികള്‍ക്ക് ഏല്ക്കുന്ന തീവ്രമായ ആഘാതത്തിന്റെ ഫലമായിട്ടാണ് സാധാരണ അസ്ഥിഭംഗം ഉണ്ടാകുന്നത്. എന്നാല്‍ ചിലപ്പോള്‍ വളരെ നിസ്സാരമായ ക്ഷതികളും അസ്ഥിഭംഗങ്ങള്‍ക്കു കാരണമായിത്തീരുന്നു.

അസ്ഥിഭംഗം പലതരത്തില്‍ കാണപ്പെടുന്നു. സങ്കീര്‍ണതകളൊന്നും കൂടാതെ സംഭവിക്കുന്ന അസ്ഥിഭംഗത്തിന് ലളിതം (simple) അഥവാ സംവൃതാസ്ഥി (closed) ഭംഗം എന്നു പറയുന്നു. അസ്ഥിഭംഗത്തോടൊപ്പം ത്വക്കിനു പൊട്ടല്‍ ഉണ്ടാവുകയോ അസ്ഥ്യഗ്രം ത്വക്കിലൂടെ പുറത്തേക്കു തള്ളിനില്ക്കുകയോമൂലം പുറത്തുനിന്നുള്ള വായു പ്രവേശിച്ചാല്‍ അതിനെ വിവൃതാസ്ഥി (open or compound) ഭംഗം എന്നു പറയുന്നു. അസ്ഥിഭംഗത്തിന്റെ ഫലമായി അനേകം അസ്ഥിക്കഷണങ്ങള്‍ ഉണ്ടായാല്‍ അതിനെ ബഹുഖണ്ഡിതാസ്ഥി (communited) ഭംഗം എന്നു പറയുന്നു. സമ്മര്‍ദനാസ്ഥി (compression) ഭംഗം അസ്ഥികള്‍ക്ക് അധികമായ സമ്മര്‍ദം ഏല്ക്കുന്നതുകൊണ്ടുണ്ടാകുന്നതാണ്. കുട്ടികളുടെ അസ്ഥികള്‍ക്കു വഴക്കം കൂടിയിരിക്കുന്നതുകൊണ്ട് ഭാഗികമായ അസ്ഥിഭംഗം മാത്രമേ സാധാരണമായി ഉണ്ടാകുന്നുള്ളു (Green stick fracture). അസ്ഥ്യര്‍ബുദങ്ങള്‍, മറ്റ് അസ്ഥിരോഗങ്ങള്‍ എന്നിവകൊണ്ടുണ്ടാകുന്നതാണ് രോഗജന്യാസ്ഥി (Pathological) ഭംഗം.

രോഗലക്ഷണങ്ങള്‍.

അസ്ഥിഭംഗം സംഭവിച്ച ഭാഗത്ത് വേദന, വീക്കം, വിരൂപത, വികൃതചലനം (abnormal mobility) എന്നിവ ഉണ്ടാകുകയാണ് പ്രമുഖ ലക്ഷണങ്ങള്‍. പ്രവര്‍ത്തനശേഷി നഷ്ടപ്പെടുകയും ചെയ്യുന്നു. ഈ ലക്ഷണങ്ങളെല്ലാം ഒരേ രോഗിയില്‍ ഉണ്ടായിരിക്കണമെന്നില്ല. രോഗനിര്‍ണയനത്തിന് ഉത്തമമായത് എക്സ്-റേ പരിശോധനയാണ്. അസ്ഥിഭംഗം സംശയിക്കപ്പെടുന്ന എല്ലാ രോഗികളിലും എക്സ്-റേ എടുക്കേണ്ടതാണ്. ഇത് അസ്ഥിഭംഗം ദൃശ്യമാക്കുന്നതോടൊപ്പം പല സങ്കീര്‍ണതകളും തിരിച്ചറിയാന്‍ സഹായിക്കുന്നു.

അസ്ഥിഭംഗം സംഭവിച്ച ഭാഗത്തിനു ചുറ്റുമുളള നാഡികള്‍, രക്തവാഹികള്‍, പേശികള്‍, മറ്റവയവങ്ങള്‍ എന്നിവയ്ക്കു ക്ഷതി ഏറ്റിട്ടുണ്ടോ എന്നു നിര്‍ണയിക്കേണ്ടതാണ്.

അസ്ഥിഭംഗവിരോപണം (Healing).

ഇത് പല ഘട്ടങ്ങളിലായി നടക്കുന്നു. ഭംഗം സംഭവിച്ച അസ്ഥ്യഗ്രങ്ങള്‍ക്കിടയില്‍ ആദ്യം ഒരു ഹെമറ്റോമ (Hematoma) ഉണ്ടാകുന്നു. പര്യസ്ഥികത്തില്‍നിന്നും ഇതിലേക്ക് ഓസ്റ്റിയോബ്ലാസ്റ്റും (Osteoblast) അസ്ഥിമജ്ജയും വളരുകയും ഭാഗികമായ കാല്‍സീകരണം നടക്കുകയും ചെയ്യുന്നു. ഇതിനെ കാലസ് (callus) എന്നു വിളിക്കുന്നു. ഈ കാലസ് ക്രമേണ ദൃഢമായിത്തീരുകയും അസ്ഥിവളര്‍ച്ച ഉണ്ടാവുകയും ചെയ്യുന്നു. ഒടുവില്‍ അസ്ഥിക്കു പൊതുവായി ഒരു പുനര്‍രൂപവത്കരണം (remodelling) സംഭവിക്കുന്നു.

ചികിത്സ.

അസ്ഥികളുടെ പുനഃസ്ഥാപനവും നിശ്ചലീകരണവുമാണ് ചികിത്സയുടെ ആദ്യത്തെ പടി. അസ്ഥിഭംഗം സംഭവിച്ച ഭാഗത്തിന് താങ്ങു നല്കുന്ന വിധത്തിലായിരിക്കണം പ്രാഥമിക ശുശ്രൂഷ. പുനഃസ്ഥാപനം നിശ്ചേതകങ്ങളുടെ സഹായത്താലാണ് ചെയ്യുക. ലളിതമായ അസ്ഥിഭംഗങ്ങള്‍ക്ക് സംവൃതപുനഃസ്ഥാപനം (closed reduction) ആണ് ചികിത്സ. എന്നാല്‍ ഇതു പരാജയപ്പെടുകയോ സങ്കീര്‍ണതകള്‍ ഉണ്ടായിരിക്കുകയോ അസ്ഥിഭംഗം വിവൃതമായിരിക്കുകയോ ചെയ്താല്‍ ശസ്ത്രക്രിയകൊണ്ടുളള വിവൃതപുനഃസ്ഥാപനമോ (open reduction), ചിലപ്പോള്‍ സ്റ്റെയിന്‍ലസ് സ്റ്റീല്‍ കമ്പികളോ ആണികളോ പ്ലേറ്റുകളോ ഉപയോഗിച്ചുള്ള ആന്തരികസ്ഥിരീകരണമോ (internal fixation) വേണ്ടിവരും. നിശ്ചലീകരണത്തിനു സാധാരണ പ്ലാസ്റ്റര്‍-ഒഫ്-പാരിസാണ് ഉപയോഗിച്ചുവരുന്നത്.

വിവൃതാസ്ഥിഭംഗങ്ങള്‍ക്കു വളരെ ശ്രദ്ധാപൂര്‍വമായ ചികിത്സ ആവശ്യമാണ്. സംക്രമണം ഉണ്ടാകാതെ നോക്കുകയാണ് പ്രധാനകാര്യം. ക്ഷതിയില്‍ കടന്നുകൂടിയിട്ടുളള അഴുക്കുകള്‍, ബാഹ്യവസ്തുക്കള്‍, മൃതകലകള്‍ എന്നിവയെ ശ്രദ്ധാപൂര്‍വം നീക്കം ചെയ്യുകയും പുനഃസ്ഥാപനം നടത്തുകയും ക്ഷതി ത്വക്കുകൊണ്ടു മൂടുകയും ചെയ്യാം. ടെറ്റനസ്രോഗപ്രതിരോധം പ്രധാനമാണ്. ആന്റിബയോട്ടിക്കുകള്‍ നല്കേണ്ടതാണ്.

സങ്കീര്‍ണതകള്‍.

ഭംഗം സംഭവിച്ച അസ്ഥ്യഗ്രങ്ങള്‍ യോജിക്കാതിരിക്കുക (nounion), യോജിക്കാന്‍ വൈകുക (delayed union), നാഡികള്‍, രക്തവാഹികള്‍, ആന്തരാവയവങ്ങള്‍ എന്നിവയുടെ ക്ഷതികള്‍, രക്തസ്രാവം, സ്രോതസ്സുകളില്‍ മേദോരോധം (Fat embolism) എന്നിവയാണ് അസ്ഥിഭംഗത്തിന്റെ പ്രധാന വൈഷമ്യങ്ങള്‍.

ഉപാപചയാസ്ഥിരോഗങ്ങള്‍ (Metabolic bone diseases).

ശരീരത്തിലെ മറ്റ് ഏതു കലയെയുംപോലെ അസ്ഥിയും നിരന്തരമായി നശിപ്പിക്കപ്പെടുകയും പുനഃസൃഷ്ടിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. സാധാരണഗതിയില്‍ ഈ രണ്ടു ക്രിയകളും സന്തുലിതാവസ്ഥയിലായിരിക്കും. എന്നാല്‍ ഉപാപചയത്തില്‍ സാരമായ മാറ്റമുണ്ടായാല്‍ അവ അസ്ഥികളെ ബാധിക്കുന്നു. ശരീരത്തിലെ ഏതു വ്യൂഹത്തിന്റെയും ദുഷ്ക്രിയത അസ്ഥികളെ ബാധിക്കാറുണ്ട്.

ഓസ്റ്റിയോപോറോസിസ് (Osteoporosis).

ഏറ്റവും സാധാരണമായ ഉപാപചയാസ്ഥി രോഗമാണ് ഓസ്റ്റിയോപോറോസിസ്. അസ്ഥിയുടെ സാന്ദ്രത കുറയുന്നതും അസ്ഥികളില്‍ പൊട്ടലുകളുണ്ടാകുന്നതുമാണ് ഈ രോഗത്തിന്റെ സവിശേഷത. പ്രായം ചെന്ന പുരുഷന്മാര്‍ക്കും ആര്‍ത്തവവിരാമത്തിനുശേഷം സ്ത്രീകള്‍ക്കും ഈ രോഗം ബാധിക്കുന്നു. ഈ രോഗം ബാധിച്ചവരുടെ അസ്ഥി അസാധാരണരീതിയില്‍ രന്ധ്രങ്ങളുണ്ടായി സ്പോന്‍ജു പോലെയായിത്തീരുന്നു. അതിനാലാണ് ഇത് ഓസ്റ്റിയോപോറസ് എന്നറിയപ്പെടുന്നത്. ഈ അവസ്ഥ അസ്ഥികൂടം ശോഷിച്ച് അസ്ഥിഭംഗത്തിനുകാരണമാകുകയും ചെയ്യുന്നു. സാധാരണ അസ്ഥിയില്‍ പ്രോട്ടീന്‍, കൊളാജന്‍, കാല്‍സ്യം എന്നിവ അടങ്ങിയിരിക്കുന്നു. ഓസ്റ്റിയോപോറോസിസ് ബാധിച്ച അസ്ഥികള്‍ക്ക് ചെറിയൊരു വീഴ്ചയോ തട്ടലോ സംഭവിക്കുമ്പോള്‍ തന്നെ പൊട്ടലുകളുണ്ടാകുന്നു. ഓസ്റ്റിയോപോറോസിസ് ബാധിച്ചവരില്‍ നട്ടെല്ല്, ഇടുപ്പ്, കണങ്കൈ തുടങ്ങിയ ഭാഗങ്ങളിലാണ് സാധാരണ പൊട്ടലുകളുണ്ടാകുക. ഓസ്റ്റിയോപോറോസിസ് വര്‍ഷങ്ങളോളം പ്രത്യേക വൈഷമ്യങ്ങളൊന്നും തന്നെയുണ്ടാക്കുന്നില്ല. അസ്ഥികള്‍ പൊട്ടുന്നതുമൂലം ജീവിതശൈലിയിലുണ്ടാകുന്ന മാറ്റം വളരെയേറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഇടുപ്പെല്ലിന് പൊട്ടലുണ്ടാകുന്ന മുപ്പതു ശ.മാ. രോഗികള്‍ക്കും ദീര്‍ഘകാലം ആശുപത്രി ശുശ്രൂഷകള്‍ ആവശ്യമാണ്. പ്രായം കൂടിയവരില്‍ ന്യൂമോണിയ, കാലിലെ രക്തക്കുഴലില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥ എന്നിവയുണ്ടാകുന്നു.

യു.എസ്സില്‍ 50 വയസ്സും അതിലധികവുമുള്ള ഏതാണ്ട് 55 ശ.മാ. പേരിലും ഓസ്റ്റിയോപോറോസിസ് ബാധിച്ചിട്ടുണ്ട്. പുകവലി, മദ്യപാനം എന്നിവ ഉപേക്ഷിക്കുക, ആവശ്യത്തിന് കാല്‍സ്യം, ജീവകം-ഡി എന്നിവയടങ്ങിയ ഭക്ഷണം കഴിക്കുക, ദിവസേന വ്യായാമം ചെയ്യുക. അസ്ഥിക്ക് ദൃഢത വര്‍ധിപ്പിക്കുന്നതിനുള്ള ഔഷധങ്ങള്‍ കഴിക്കുക എന്നിവയാണ് പ്രതിവിധി.

റിക്കെറ്റ്സ് (Rickets).

കുട്ടികളില്‍ ജീവകം-ഡിയുടെ അഭാവം കൊണ്ടുണ്ടാകുന്ന രോഗം. ജീവകം-ഡി പോഷണത്തില്‍ ഏറ്റവും പ്രയോജനപ്രദമായത് എര്‍ഗോകാല്‍സിഫെറോള്‍ (D2), കോളെകാല്‍സിഫെറോള്‍ (D3) എന്നിവയാണ്. ഇവ രണ്ടും ഹൈഡ്രോക്സിലേഷന്‍ നടക്കുന്നതുവരെ നിഷ്ക്രിയമായിരിക്കും. ആദ്യമായി കരളിലും പിന്നീട് വൃക്കകളിലും ഹൈഡ്രോക്സിലേഷന്‍ നടന്നശേഷം കുടലിലെ കാല്‍സ്യം ആഗിരണത്തെ ഉത്തേജിപ്പിക്കുകയും അസ്ഥികളില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

റിക്കെറ്റ്സ് രോഗം ബാധിക്കുന്ന കുട്ടികളുടെ അസ്ഥി മൃദുവാകുകയും അസ്ഥി വൈരൂപ്യങ്ങളുണ്ടാകുകയും ചെയ്യുന്നു. ടൈപ്പ് I,II എന്നിങ്ങനെ രണ്ടു തരത്തിലുള്ള റിക്കെറ്റ്സ് കേള്‍ ഉണ്ട്. ടൈപ്പ് I ജീവകം-ഡിയുടെ അഭാവം കൊണ്ടും, ജീവകം-ഡിയുടെ ഉപാപചയത്തിലുള്ള അഭാവം കൊണ്ടും ഇത് ഉണ്ടാകാം.

ഓസ്റ്റിയോമലേസിയ (Osteomalacia).

ജീവകം 'ഡി'യുടെ അഭാവത്തില്‍ പ്രായപൂര്‍ത്തിയായവരില്‍ ഉണ്ടാകുന്ന രോഗമാണിത്. അസ്ഥിവേദന, തളര്‍ച്ച, പടികള്‍ കയറിയിറങ്ങാനുള്ള ബുദ്ധിമുട്ട്, അസ്ഥികളില്‍ പൊട്ടലുകളുണ്ടാവുക തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. എക്സ്-റേ പരിശോധന കൊണ്ട് രോഗം നിര്‍ണയിക്കാം. ജീവകം ഡി നല്‍കിയും ഈ ജീവകം അടങ്ങിയിട്ടുള്ള ഭക്ഷണം കഴിച്ചും രോഗം തടയാം.

ഹൈപ്പര്‍ പാരാതൈറോയ്ഡിസം (Hyper parathyroidism).

അമിത പാരാതൈറോയ്ഡിസം അവസ്ഥ അസ്ഥിരോഗങ്ങള്‍ക്കും വൃക്കക്കല്ലുകള്‍ക്കും കാരണമാകാറുണ്ട്. പാരാതൈറോയ്ഡിന്റെ ധര്‍മം കാല്‍സിയം ഉപാപചയമാണ്. എന്നാല്‍ പാരാതൈറോയ്ഡ് ഹോര്‍മോണിന്റെ അമിത പ്രവര്‍ത്തനം നേരിട്ട് അസ്ഥിയില്‍ പ്രവര്‍ത്തിപ്പിച്ച് കാല്‍സിയത്തെ കോശാതീതദ്രവത്തി(extracellular fluid)ലേക്ക് സ്വതന്ത്രമാക്കുന്നു.

30-50 വയസ്സുവരെയുള്ള സ്ത്രീകളിലാണ് ഈ രോഗം സാധാരണ കണ്ടുവരുന്നത്. കാലുകളിലും ഇടുപ്പെല്ലിലും തുടയെല്ലിന്റെ തലഭാഗത്തും ഉണ്ടാകുന്ന വേദനയും ബലക്കുറവുമാണ് രോഗലക്ഷണം.

പോളിസാക്കറൈഡോസിസ് (Polysaccharidosis).

അസ്ഥിയിലെ സുപ്രധാന പോളിസാക്കറൈഡ് കോണ്‍ഡ്രോയിറ്റിന്‍സള്‍ഫേറ്റ് (chondroitin sulfate A )എന്ന മ്യൂക്കോ-പോളിസാക്കറൈഡാണ്. മൂത്രത്തില്‍ക്കൂടി പോളിസാക്കറൈഡുകള്‍ അധിക തോതില്‍ വിസര്‍ജിക്കുന്ന രോഗാവസ്ഥയാണ് മ്യൂക്കോപോളിസാക്കറൈഡോസിസ്. ഈ രോഗംമൂലം അസ്ഥികളില്‍ നിന്നും തരുണാസ്ഥികളില്‍ നിന്നും പോളിസാക്കറൈഡ് നഷ്ടമാകുന്നത് അസ്ഥിവൈരൂപ്യത്തിനു കാരണമാകാറുണ്ട്. ഈ അവസ്ഥയെ പോളിസാക്കറൈഡോസിസ് എന്നു വിളിക്കുന്നു. ഇതുമൂലം അസ്ഥിഭംഗം സംഭവിക്കുന്നു.

സ്കര്‍വി (Scurvy).

ജീവകം 'സി' (അസ്കോര്‍ബിക് അമ്ലം) യുടെ അഭാവം മൂലമാണ് സ്കര്‍വിരോഗം ഉണ്ടാകുന്നത്. അസ്ഥികളുടെ ദൃഢീകരണത്തിനാവശ്യമായ കൊളാജന്‍ (collagen) ഉത്പാദനത്തില്‍ കുറവു വരുന്നതും ഗുണം കുറഞ്ഞ കൊളാജന്‍ ഉത്പാദിപ്പിക്കപ്പെടുന്നതുമാണ് രോഗകാരണം. പ്രായപൂര്‍ത്തിയായവരില്‍ ഊനുവീക്കം (gingivitis), മോണയില്‍ നിന്ന് രക്തം വരുക, കാല്‍മുട്ടിനു തൊട്ടുമുകളിലായി ചുവന്ന അടയാളങ്ങളുണ്ടാകുക എന്നിവയാണ് രോഗലക്ഷണങ്ങള്‍. കുട്ടികളില്‍ തളര്‍ച്ച, അനീമിയ, കൈകാല്‍ വേദന, വാരിയെല്ലിന്റെ അഗ്രങ്ങള്‍ മുഴച്ചു വരിക (scorbutic rosary) തുടങ്ങിയവയാണ് സാധാരണ കാണുന്ന രോഗലക്ഷണങ്ങള്‍. ജീവകം 'സി' നല്‍കുകയാണ് ചികിത്സാവിധി.

ലാതൈറിസം (Lathyrism).

കേസരിപ്പരിപ്പു പോലെയുള്ള വസ്തുക്കളില്‍ അടങ്ങിയിരിക്കുന്ന ലതൈറോജെ(Lathyrogens)നുകള്‍ ആണ് ലാതൈറിസം എന്ന അസ്ഥിരോഗത്തിനു കാരണമാകുന്നത്. അസ്ഥി മൃദുവാകുകയും അസ്ഥിയിലേക്കുള്ള രക്തയോട്ടം കുറയുകയും ചെയ്യുന്നു. രക്തധമനികള്‍ ശോഷിക്കുകയും അന്യൂറിസം ഉണ്ടാവുകയും ചെയ്യുന്നു. ലതൈറോജനുകളടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ഉപേക്ഷിക്കുകയാണ് ഈ രോഗം തടയാനുള്ള മാര്‍ഗം.

ഫ്ളൂറോസിസ് (Flurosis).

അസ്ഥികളിലും മൃദുലകലകളിലും കാല്‍സ്യം കൂടുതലായി അടിഞ്ഞുകൂടുന്ന രോഗാവസ്ഥയാണിത്. കുടിവെള്ളത്തില്‍ ഫ്ളൂറൈഡിന്റെ അംശം കൂടുതലായിരിക്കുന്നതിനാലാണ് ഈ രോഗമുണ്ടാകുന്നത്. ഇന്ത്യയില്‍ പലടിയങ്ങളിലും ഫ്ളൂറൈഡിന്റെ അംശം കൂടുതലുള്ള ജലമാണ് ലഭ്യമാകുന്നത്. പഞ്ചാബ്, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളില്‍ നേരിടുന്ന പൊതുജനാരോഗ്യ പ്രശ്നമാണിത്. പുറംവേദന, സന്ധിവേദന, നട്ടെല്ലിനു വഴക്കമില്ലായ്മ (stiffness of the spine) തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ ആദ്യമായി പ്രകടമാകുന്നത് പല്ലുകളിലാണ്, പ്രത്യേകിച്ച് മേല്‍ത്താടിയിലെ ഉളിപ്പല്ലുകളില്‍. പല്ലിന്റെ ഇനാമലില്‍ വിവിധ വര്‍ണങ്ങള്‍ പ്രത്യക്ഷപ്പെടുകയും പല്ല് മഞ്ഞനിറമായി ദ്രവിച്ചു പോകുകയും ചെയ്യുന്നു. ഈ രോഗം ബാധിച്ചവരുടെ രക്തത്തില്‍ ഫ്ളൂറൈഡിന്റെ അളവ് കൂടുതലായിരിക്കും. എക്സ്-റേ പരിശോധനയിലൂടെ രോഗനിര്‍ണയനം നടത്താം. ഫ്ളൂറിന്റെ അംശം മാറ്റിയ കുടിവെള്ളം ഉപയോഗിക്കുന്നത് രോഗം വരാതെ സംരക്ഷിക്കുന്നു.

അസ്ഥിമുഴകള്‍ (Bone Tumors).

അസ്ഥിമുഴകളെ സുദമം (benign) എന്നും, ദുര്‍ദമം (malignant) എന്നും രണ്ടായി തരംതിരിക്കാം. എന്നാല്‍ അസ്ഥികളില്‍ മുഴയുണ്ടാകുന്നതിന്റെ കാരണം അജ്ഞാതമാണ്.

തരുണാസ്ഥിമുഴകള്‍ (Chondroma) ആണ് ഏറ്റവും സാധാരണമായ സുദമാര്‍ബുദം. എപ്പിഫൈസിസ് തരുണാസ്ഥിയില്‍ നിന്നും ഉണ്ടാകുന്ന ഈ വളര്‍ച്ച പുറത്തേക്കു വളരുകയോ (Ecchondroma) അസ്ഥിക്ക് ഉള്ളിലേക്കു വളരുകയോ ചെയ്യാം (Enchondroma).

ബാഹ്യതരുണാസ്ഥിമുഴകള്‍ (Ecchondroma) ദീര്‍ഘാസ്ഥികളുടെ അഗ്രങ്ങളിലുണ്ടാകുന്നു. അസ്ഥിയോടൊപ്പം ഇവ വളരുകയും അസ്ഥീഭവനം (ossification) ഉണ്ടാവുകയും ചെയ്യുന്നു. ഇവ സാധാരണ രോഗലക്ഷണങ്ങളൊന്നും ഉണ്ടാക്കുന്നില്ല. ബാഹ്യതരുണാസ്ഥികള്‍ക്കു ചുറ്റുമുള്ള അവയവങ്ങളില്‍ മര്‍ദം ചെലുത്തുകയോ അസഹ്യമായ വേദനയുണ്ടാക്കുകയോ പൊടുന്നനെ വലുതാവുകയോ ചെയ്യുകയാണെങ്കില്‍ ഇവ വിച്ഛേദനം ചെയ്യേണ്ടതാണ്.

ഓസ്റ്റിയോമ (Osteoma).

വളരെ അപൂര്‍വമായി കാണുന്ന ഇത്തരം മുഴകള്‍ സാധാരണ കപാലാസ്ഥികളിലാണ് കാണുക. ഈ മുഴകള്‍ ഉള്ളിലേക്കു വളരുകയോ വേദനയുണ്ടാക്കുകയോ ചെയ്യുകയാണെങ്കില്‍ അവ വിച്ഛേദനം ചെയ്യേണ്ടതാണ്.

ഓസ്റ്റിയോക്ലാസ്റ്റോമ (Osteoclastoma).

സാധാരണ സുദമമായ അര്‍ബുദം ചിലപ്പോള്‍ ദുര്‍ദമമാകാറുണ്ട്. റ്റിബിയയുടെയും ഹ്യൂമറസിന്റെയും മേലേ അറ്റം, ഫീമറിന്റെയും റേഡിയസിന്റെയും താഴേ അറ്റം എന്നിവിടങ്ങളിലാണ് ഇത് സാധാരണ ഉണ്ടാകുന്നതെങ്കിലും ഏത് അസ്ഥിയിലും ഇത് ഉണ്ടാകാം. സ്ഥാനികമായ വേദന, വീക്കം, ചലനസ്വാതന്ത്ര്യമില്ലായ്മ എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. രോഗനിര്‍ണയനത്തിന് എക്സ്-റേ സഹായകമാണ്. അര്‍ബുദച്ഛേദനം, രോഗബാധിതമായ അസ്ഥിഭാഗത്തിന്റെ ഉച്ഛേദനം (resection), വികിരണം ഇവയില്‍ ഏതെങ്കിലുമാവാം ചികിത്സ. എന്നാല്‍ ചികിത്സയ്ക്കു ശേഷവും ഈ രോഗം ബാധിക്കാറുണ്ട്. അപൂര്‍വമായി ചികിത്സയ്ക്കുശേഷം വീണ്ടും ഉണ്ടായേക്കാവുന്ന ഈ മുഴകള്‍ മിക്കവാറും ദുര്‍ദമമാകാറുണ്ട്.

ദൂര്‍ദമാര്‍ബുദങ്ങള്‍.

ഇവ പ്രാഥമികാസ്ഥ്യര്‍ബുദങ്ങളോ അസ്ഥിയിലുണ്ടാകുന്ന അസ്ഥ്യേതരാര്‍ബുദങ്ങളോ വിക്ഷേപാ (metastatic)ര്‍ബുദങ്ങളോ ആകാം.

ഓസ്റ്റിയോജനിക് സാര്‍ക്കോമ (Osteogenic sarcoma).

ഏറ്റവും കൂടുതലായി കണ്ടുവരുന്നതും ഏറ്റവും ദുര്‍ദമവും അതിഗൗരവപൂര്‍ണവും ആയ അസ്ഥ്യര്‍ബുദമാണിത്. കുട്ടികളെയും ചെറുപ്പക്കാരെയും ഇതു ബാധിക്കുന്നു. പ്രത്യേകിച്ചും ജീവിതത്തിന്റെ രണ്ടാം ദശകത്തില്‍. ദീര്‍ഘാസ്ഥികളുടെ അഗ്രങ്ങളിലാണ് ഇതുണ്ടാവുക. റ്റിബിയയുടെ മേലേ അറ്റത്തും, ഫീമറിന്റെ താഴേ അറ്റത്തും ആണ് ഇതു സാധാരണ കാണപ്പെടുന്നത്.

ഇത് അസ്ഥിലയതരം (Osteolytic) എന്നും, അസ്ഥിജനികതരം (Osteogenic) എന്നും രണ്ടുവിധത്തില്‍ കാണപ്പെടുന്നു. മെറ്റാഫൈസിസില്‍ ആണ് വളര്‍ച്ചയുണ്ടാകുക. ഇത് അസ്ഥിമജ്ജയിലും പര്യസ്ഥികത്തിലും വ്യാപിക്കാറുണ്ട്. ചിലപ്പോള്‍ പര്യസ്ഥികം ഭേദിച്ച് ചുറ്റുമുളള മൃദുകലകളിലേക്കും വ്യാപിക്കുന്നു. മറ്റു ശരീരഭാഗങ്ങളിലേക്കുളള വിക്ഷേപം വളരെ നേരത്തെ സംഭവിക്കുന്നു; രക്തം വഴിയാണ് വിക്ഷേപം നടക്കുന്നത്.

വേദനയാണ് ആദ്യലക്ഷണം. ഇതുപലപ്പോഴും ദുസ്സഹമാകാറുണ്ട്. തുടര്‍ന്ന് സ്ഥാനികമായ വീക്കം, ചൂട്, വാഹികാമയത (vascularity) എന്നിവയുണ്ടാകുന്നു. ചെറിയ പനിയും ഉണ്ടാകാം. വിക്ഷേപം വളരെ പെട്ടെന്നുണ്ടാകുന്നതിനാല്‍ രോഗനിര്‍ണയനം എത്രയും വേഗം ചെയ്യേണ്ടതാണ്. ഇതിന് എക്സ്-റേ വളരെ സഹായകമാണ്. മുന്‍കാലങ്ങളില്‍ രോഗബാധിതമായ എല്ലിന്റെ മുകള്‍ഭാഗം വച്ചു മുറിച്ചുമാറ്റുകയായിരുന്നു ചികിത്സാരീതി. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു വിക്ഷേപം നടന്നിരിക്കാവുന്നതുകൊണ്ട് 6 മാസം മുതല്‍ 1 വര്‍ഷം വരെയുള്ള കാലയളവില്‍ രോഗി മരിച്ചുപോകുന്നു. ഇപ്പോള്‍ ആധുനിക കീമൊതെറാപ്പി (Chemotherapy)യും നൂതന ശസ്ത്രക്രിയാമാര്‍ഗങ്ങളും ഉപയോഗിച്ച് രോഗബാധിതമായ കൈകാലുകളും മറ്റും രക്ഷിച്ചെടുക്കാനും അസുഖംതന്നെ ചില രോഗികളിലെങ്കിലും ഭേദമാക്കാനും കഴിയുന്നുണ്ട്.

അസ്ഥിയിലെ തന്തുകലകളില്‍നിന്നുണ്ടാകുന്ന ഫൈബ്രോസാര്‍ക്കോമ (Fibrosarcoma), ഉപാസ്ഥികലയില്‍നിന്നുണ്ടാകുന്ന കോണ്‍ഡ്രോസാര്‍ക്കോമ (Chondrosarcoma) എന്നിവയും പ്രാഥമികാസ്ഥ്യര്‍ബുദങ്ങളാണ്. എന്നാല്‍ ഇവ തുലോം വിരളമാണ്.

അസ്ഥിയില്‍നിന്നു ജനിക്കാതെതന്നെ അസ്ഥിയെ ബാധിക്കുന്ന ദുര്‍ദമരോഗങ്ങളില്‍ ചിലവയാണ് മള്‍ട്ടിപ്പിള്‍ മൈലോമ ( Multiple myeloma), ഹോഡ്ജ്കിന്‍സ് രോഗം (Hodgkin's disease), എന്‍ഡോതീലിയോമ (Endotheleoma), ലുകീമിയ (Leukaemia), ലിപോയ്ഡ് സ്റ്റോറേജ് ഡിസീസ് (Lipoid storage disease) തുടങ്ങിയവ.

ദ്വിതീയ കാഴ്സിനോമ (Secondary carcinoma).

അസ്ഥികള്‍ മറ്റു കാഴ്സിനോമകളുടെ ഒരു പ്രമുഖ വിക്ഷേപസ്ഥാനമാണ്. പ്രാഥമിക കാഴ്സിനോമകളെക്കാള്‍ അസ്ഥിയെ കൂടുതലായി ബാധിക്കുന്നത് ദ്വിതീയ കാഴ്സിനോമകളാണ്. പ്രധാനമായും പുപ്ഫുസം, വൃക്ക, സ്തനം, തൈറോയ്ഡ്, പ്രോസ്റ്റേറ്റ്, ഗര്‍ഭപാത്രം, ഗര്‍ഭാശയഗളം എന്നിവയിലെ ദുര്‍ദമാര്‍ബുദങ്ങളില്‍നിന്നാണ് അസ്ഥിയില്‍ വിക്ഷേപം ഉണ്ടാകുന്നത്. ഇവയില്‍ അപൂര്‍വം ചിലതൊഴിച്ചാല്‍ മറ്റുള്ളവയെല്ലാം അസ്ഥിക്ഷയമുണ്ടാക്കുന്ന തരമാണ്. പലപ്പോഴും അസ്ഥിയിലെ വിക്ഷേപമായിരിക്കും മൂലരോഗത്തിന്റെ ആദ്യത്തെ പ്രത്യക്ഷലക്ഷണം. വിക്ഷേപം സാര്‍വത്രികമായി ഉണ്ടാകാറുണ്ടെങ്കിലും നട്ടെല്ല്, ദീര്‍ഘാസ്ഥികള്‍, കപാലാസ്ഥികള്‍, ജഘനാസ്ഥികള്‍ എന്നിവയിലാണ് ഇത് കൂടുതലായി കാണുന്നത്. വേദനയും അസ്ഥിഭംഗവുമാണ് ലക്ഷണങ്ങള്‍.

നിര്‍ദിഷ്ട ചികിത്സ ഒന്നുംതന്നെയില്ല. വികിരണവും ചില പുതിയ ഔഷധങ്ങളും വേദന കുറയ്ക്കുവാന്‍ സഹായകമാണ്. പ്രോസ്റ്റേറ്റ് വിക്ഷേപത്തിനു പരിഹാരമായി സ്റ്റില്‍ബിസ്റ്റ്രോള്‍ എന്ന ഔഷധം ഫലപ്രദമായികാണുന്നു.

അവാസ്‍കുലാര്‍ നെക്രോസിസ് (Avascular necrosis).

അസ്ഥിയിലും സന്ധിയിലും രക്തയോട്ടം കുറയുമ്പോള്‍ ഉണ്ടാകുന്ന അസ്ഥിഭംഗുരം (fracture) ആണ് അവാസ്ക്കുലാര്‍ നെക്രോസിസ്. തുടയെല്ലിന്റെ തലഭാഗത്തെയാണ് ഈ രോഗം ബാധിക്കുന്നത്. സിക്കിള്‍സെല്‍ അനീമിയ രോഗം ബാധിച്ചവര്‍, കാന്‍സര്‍ രോഗത്തിന് ഔഷധങ്ങളുപയോഗിക്കുന്നവര്‍, ഡയാലിസിസിനു വിധേയരാകുന്നവര്‍, സ്റ്റിറോയ്ഡ് (steroid) ഔഷധങ്ങള്‍ സേവിക്കുന്നവര്‍, മദ്യപാനികള്‍ തുടങ്ങിയവരെയാണ് സാധാരണ ഈ രോഗം ബാധിക്കുന്നത്. തുടയിലുണ്ടാകുന്ന കടുത്ത വേദനയാണ് രോഗലക്ഷണം. നടക്കുമ്പോള്‍ വേദന വര്‍ധിക്കുന്നു. എക്സ്-റേ, എം.ആര്‍.ഐ. സ്കാനിങ് എന്നിവയിലൂടെ രോഗനിര്‍ണയനം നടത്താം. ശസ്ത്രക്രിയയാണ് ഈ രോഗത്തിനു പ്രതിവിധി.

നാഡികളെ ബാധിക്കുന്ന പല രോഗങ്ങളും അസ്ഥിരോഗങ്ങള്‍ക്കു കാരണമാകാറുണ്ട്. ഉദാ. ന്യൂറോഫൈബ്രോമാറ്റോസിസ് (Neurofibromatosis).

(ഡോ. ആര്‍ രഥീന്ദ്രന്‍; ഡോ. ജോബിന്‍ മാത്യു ജോസഫ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍