This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസ്ഥി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അസ്ഥി

Bone

മത്സ്യങ്ങള്‍ മുതല്‍ സസ്തനികള്‍വരെയുള്ള കശേരുകികളില്‍ ശരീരത്തിന് ആകൃതിയും ബലവും നല്കുന്ന ഒരു ദൃഢവസ്തു. ശരീരത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന വളരെ വിശേഷവത്കൃതമായ ഒരു സംയോജകകലയാണിത്. പരിണാമശ്രേണിയില്‍ മത്സ്യങ്ങളെക്കാള്‍ താഴെനില്ക്കുന്ന ചില അകശേരുകികളിലും അസ്ഥികള്‍ പോലുള്ള വസ്തുക്കള്‍ കാണാറുണ്ട്. എന്നാല്‍ കൈറ്റിന്‍ (chitin) കൊണ്ടു നിര്‍മിതമായ ഇവ രാസഘടനാപരമായി കശേരുകികളുടെ അസ്ഥിയില്‍നിന്നും വ്യത്യസ്തമാണ്.

രാസഘടന.കശേരുകികളുടെ സാധാരണ അസ്ഥിയില്‍ 30-35 ശ.മാ. ജൈവവസ്തുക്കളും (organic substances) 65-70 ശ.മാ. അജൈവ (inorganic) വസ്തുക്കളും അടങ്ങിയിട്ടുണ്ട്. ഇവയില്‍ ജൈവഘടകങ്ങള്‍ അസ്ഥിയുടെ ദാര്‍ഢ്യത്തിനും (toughness), അജൈവവസ്തുക്കള്‍ കാഠിന്യത്തിനും (hardness) കാരണമാകുന്നു. ഓസീന്‍ (കൊളാജന്‍, ജലാറ്റിന്‍), വളരെ ചെറിയ തോതില്‍ കാണപ്പെടുന്ന എലാസ്റ്റീന്‍, കോശങ്ങളിലുള്ള പ്രോട്ടിയിഡുകള്‍, നൂക്ലിയിനുകള്‍, കൊഴുപ്പ് എന്നിവയാണ് ജൈവഘടകങ്ങള്‍. അജൈവവസ്തുക്കളാകട്ടെ, കാല്‍സ്യം, മഗ്നീഷ്യം എന്നിവയുടെ കാര്‍ബണേറ്റ്, ഫോസ്ഫേറ്റ്, സള്‍ഫേറ്റ്, ക്ലോറൈഡ്, ഫ്ലൂറൈഡ് തുടങ്ങിയവയാണ്. ഈ ജൈവാജൈവവസ്തുക്കളുടെ അളവ് വിവിധ മൃഗങ്ങളുടെ വ്യത്യസ്താസ്ഥികളില്‍ വ്യത്യസ്തമായിരിക്കും. പ്രായഭേദമനുസരിച്ചും ഇവയുടെ തോത് വ്യത്യാസപ്പെടുന്നു. അസ്ഥികളില്‍ കാണപ്പെടുന്ന ജലാംശത്തിന്റെ അളവും ഇങ്ങനെതന്നെ. മനുഷ്യശരീരത്തിലെ അസ്ഥികളില്‍, സ്ഥാനഭേദമനുസരിച്ച്, 13 മുതല്‍ 45 വരെ ശ.മാ. ജലാംശവും കണ്ടെത്തിയിട്ടുണ്ട്.

ഘടന. അസ്ഥികളില്‍, പ്രത്യേകിച്ചു നീണ്ട അസ്ഥികളില്‍, ഘടനാപരമായി വ്യത്യസ്ത ഭാഗങ്ങള്‍ കാണാറുണ്ട്. ഷാഫ്റ്റ് അഥവാ ഡയാഫൈസിസ് എന്നറിയപ്പെടുന്ന ഘനസാന്ദ്രമായ ഭാഗമാണ് ഒന്ന്. സ്പോഞ്ചുകണക്കെ, സാന്ദ്രമല്ലാത്ത അസ്ഥികലയാല്‍ (spongy bone) നിര്‍മിതമായ, എപ്പിഫൈസിസ് എന്നറിയപ്പെടുന്ന വികസിതമായ അഗ്രഭാഗങ്ങളാണു മറ്റേത്. എപ്പിഫൈസിസിനു കോര്‍ടെക്സ് എന്നറിയപ്പെടുന്ന, ദൃഢാസ്ഥികൊണ്ടുള്ള, നേരിയ ഒരാവരണമുണ്ടായിരിക്കും. ഈ പ്രത്യേകഘടനമൂലം ഭാരവും ആഘാതവും ഷാഫ്റ്റില്‍നിന്നു സന്ധികളിലേക്കു മാറ്റപ്പെടുന്നു. ശിഥിലാസ്ഥിയുടെയും ദൃഢാസ്ഥിയുടെയും ആന്തരിക ഘടന സമാനരീതിയിലുള്ളതാണ്.

അസ്ഥിയുടെ നിര്‍മാണഘടകം ഹാവേഴ്സിയ വ്യൂഹം (Haversian system) അഥവാ ഓസ്റ്റിയോണ്‍ (osteone) എന്നാണറിയപ്പെടുന്നത്. സൂക്ഷ്മഘടനയില്‍ ഇത് അനിയമിത (irregular) നാളികാകാരം (tubular) ഉള്ളതും ശിഖരിതവുമാണ്. കനത്തഭിത്തിയോടുകൂടിയ ഇടുങ്ങിയ നാളികകളാണ് ഇവയ്ക്കുള്ളത്. ഒന്നോ രണ്ടോ ചെറിയ രക്തക്കുഴലുകളുള്ള ഹാവേഴ്സിയ വ്യൂഹം അസ്ഥിയുടെ ദീര്‍ഘാക്ഷത്തിലായി സ്ഥിതി ചെയ്യുന്നു. ഓസ്റ്റിയോണുകളുടെ ഭിത്തി സംകേന്ദ്രിപടലികകള്‍ (concentric lamellae) കൊണ്ടാണു നിര്‍മിക്കപ്പെട്ടിരിക്കുന്നത്. തന്തുരൂപ പ്രോട്ടീന്‍ ആയ കൊളാജന്‍ (collagen) ആണ് ഇവയുടെ പ്രധാന ഘടകം. അസ്ഥിയുടെ ജൈവാംശത്തിന്റെ 90 ശ.മാ.വും ഈ കൊളാജന്‍ ആണ്. പ്രധാനമായും ഒരു കേന്ദ്രവാഹി(canal)ക്കു ചുറ്റുമായാണു ഓസ്റ്റിയോണുകളെ അടുക്കിയിരിക്കുന്നതെങ്കിലും ഇവ നിരവധി രിക്തിക(lacuna)കളെ ഉള്‍​ക്കൊള്ളുന്നുണ്ട്. നിരവധി കോശങ്ങളുള്‍​പ്പെടുന്ന ഈ രിക്തികകള്‍ നാളികകളാല്‍ പരസ്പരബന്ധിതമാണ്. ഈ നാളികകള്‍ വഴിയാണു രക്തത്തില്‍ നിന്നുള്ള പോഷകപദാര്‍ഥങ്ങള്‍ അസ്ഥികലയ്ക്കു ലഭ്യമാകുന്നത്.

അസ്ഥികോശങ്ങള്‍. വ്യത്യസ്തധര്‍മങ്ങളോടുകൂടിയ മൂന്നിനം കോശങ്ങളാണു അസ്ഥിയില്‍ പ്രധാനമായും കാണപ്പെടുന്നത്.

1. ഓസ്റ്റിയോബ്ലാസ്റ്റുകള്‍ (Osteoblasts) അസ്ഥിയുടെ ഉപരിതലത്തില്‍ കാണപ്പെടുന്നു. ഇവ അതിന്റെ രൂപീകരണത്തിന്റെ ആദ്യഘട്ടങ്ങളില്‍ അസ്ഥീപാളികള്‍ക്കു ജന്മമേകുന്നു. ഭ്രൂണങ്ങളില്‍ ഉപാസ്ഥി(cartilage)യുടെ ബാഹ്യതലത്തിലാണ് ഓസ്റ്റിയോബ്ലാസ്റ്റുകള്‍ ആദ്യം കാണപ്പെടുക. ക്രമേണ ഇവ സ്ഥിരാസ്ഥികള്‍ക്കു രൂപംനല്‍കും.

2. ഓസ്റ്റിയോസൈറ്റുകള്‍ (Osteocytes). അസ്ഥിയുടെ കാത്സീകൃത മേഖലകള്‍ക്കിടയിലെ രിക്തികകളിലായാണ് ഈ കോശങ്ങള്‍ കാണപ്പെടുന്നത്. അസ്ഥിഘടനയിലെ കഠിനപദാര്‍ഥങ്ങള്‍ക്കു രൂപംനല്കി അതിനെ ഒരു സജീവകലയായി പരിരക്ഷിക്കുന്നത് ഓസ്റ്റിയോസൈറ്റുകളാണ്.

3. ഓസ്റ്റിയോക്ലാസ്റ്റുകള്‍ (Osteoclasts). അസ്ഥിയുടെ ഉപരിതലത്തില്‍ കാണപ്പെടുന്ന ബഹു ന്യൂക്ലിയിക (multinucleate) കോശങ്ങളാണിവ. അസ്ഥിയുടെ കോശാന്തരമേഖലകളിലുള്ള കാത്സീകൃതപദാര്‍ഥങ്ങളെ വിഘടിപ്പിച്ചു ശാരീരികവളര്‍ച്ചയ്ക്കനുസൃതമായി അസ്ഥികളുടെ ആകൃതിയില്‍ മാറ്റം വരുത്തുന്നതില്‍ ഇവയുടെ പ്രവര്‍ത്തനത്തിനു സുപ്രധാന പങ്കുണ്ട്.

പൊതുവായ പ്രഭവത്തില്‍നിന്ന് ഉദ്ഭവിച്ചിട്ടുള്ളവയാണ് ഈ കോശങ്ങളെല്ലാം. അതിനാല്‍ ഇവ അന്യോന്യം ബന്ധപ്പെട്ടവയുമാണ്. അസ്ഥിക്ക് അസ്ഥിധരകല (periosteum) എന്നു പേരുള്ള ഒരാവരണമുണ്ട്. അസ്ഥിയുടെ മജ്ജാകോടരത്തെ (marrow cavity) പൊതിഞ്ഞ് അസ്ഥ്യന്തസ്തരം (endosteum) എന്ന മറ്റൊരു ചര്‍മം കാണപ്പെടുന്നു. ഈ ചര്‍മങ്ങളുടെ കോശങ്ങളെല്ലാം തന്നെ അസ്ഥികോശനിര്‍മാണക്ഷമതയുള്ളവയാണ്. അസ്ഥിയുടെ സാധാരണ വളര്‍ച്ചയിലും ഒടിവുകളുണ്ടാകുന്ന അവസരങ്ങളിലും ഈ കോശങ്ങള്‍ പ്രവര്‍ത്തനക്ഷമമാകും. ഇത്തരം ഘട്ടങ്ങളില്‍ അവ ഓസ്റ്റിയോ ബ്ലാസ്റ്റുകളെപ്പോലെയാണു പ്രവര്‍ത്തിക്കുക.

അന്തരാളി വസ്തുക്കള്‍ (investitial substances). അസ്ഥികളിലെ കോശങ്ങള്‍ക്കിടയില്‍ കണ്ടുവരുന്ന പ്രധാന വസ്തു കാല്‍സ്യമയ-കൊളാജനുകളാണ്. അസ്ഥിയുടെ ജൈവചട്ടക്കൂട് (matrix), ധാതുക്കള്‍ (minerals) ഉള്‍​ക്കൊള്ളുന്ന അജൈവവസ്തുക്കള്‍, ജലാംശം എന്നിവയാണ് അന്തരാളി വസ്തുക്കളുടെ മുഖ്യഘടകങ്ങള്‍. ജൈവചട്ടക്കൂടിന്റെ പ്രധാന നിര്‍മാണവസ്തുക്കള്‍ കൊളാജന്‍ തന്തുക്കളും അവയ്ക്കു ലംബമായി വര്‍ത്തിക്കുന്ന ഒരു ആധാരപദാര്‍ഥവും (ground mass) ആണ്. ഒരു സാധാരണ സൂക്ഷ്മദര്‍ശിനിയില്‍ അന്തരാളിവസ്തുക്കള്‍ ഏകാത്മകമായി കാണപ്പെടാമെങ്കിലും ഇലക്ട്രോണ്‍സൂക്ഷ്മദര്‍ശിനിയില്‍ കൊളാജന്‍തന്തുക്കളുടെ സാന്നിധ്യം പ്രകടമായിക്കാണാം. ഈ തന്തുക്കളുടെ ഇടയ്ക്കുള്ള സ്ഥലം അസ്ഥിധാതുക്കളുടെ പരലുകളാലും ഒരു അര്‍ധദ്രവവസ്തുവിനാലും (cement substance) നിറഞ്ഞിരിക്കുന്നു.

അസ്ഥ്യുത്പത്തി (Osteogenesis). ജീവിയുടെ ഗര്‍ഭാവസ്ഥയിലും അതിനുശേഷവും സംയോജകകലയുടെ രൂപാന്തരണത്തിലൂടെയാണ് അസ്ഥി രൂപംകൊള്ളുന്നത്. തരുണാസ്ഥി (cartilage) രൂപവത്കരണത്തിന്റെ ഒരു ഘട്ടത്തിനുശേഷമോ തന്തുകലയില്‍ നിന്നു (fibrous tissue) നേരിട്ടോ അസ്ഥി രൂപംകൊള്ളാം. തരുണാസ്ഥീപരിണാമത്തിലൂടെ അസ്ഥി രൂപംകൊള്ളുന്ന പ്രക്രിയയ്ക്ക് അന്തഃതരുണാസ്ഥീകരണം (intra cartilagenous ossifica-tion) എന്നും, തരുണാസ്ഥിയുടെ ആവിര്‍ഭാവമില്ലാതെ തന്തുകലയില്‍നിന്നു നേരിട്ട് അസ്ഥി രൂപംകൊള്ളുന്ന പ്രക്രിയയ്ക്ക് അന്തഃചര്‍മ അസ്ഥീകരണം (intramembraneous ossification) എന്നും പറയുന്നു. വളര്‍ച്ചയുടെ ഘട്ടത്തിലും ഒടിവു മുതലായ കേടുപാടുകള്‍ തീര്‍ക്കുന്ന ഘട്ടങ്ങളിലും ഈ രണ്ടുവിധത്തിലുമുള്ള അസ്ഥീകരണ പ്രക്രിയകള്‍ സംഭവിക്കുന്നുണ്ട്.

തരുണാസ്ഥിയില്‍നിന്നും അസ്ഥി രൂപമെടുക്കുമ്പോള്‍ അതിന്റെ വളര്‍ച്ചയുടെ എല്ലാഘട്ടങ്ങളിലും ആ തരുണാസ്ഥിയുടെ ഒരംശം അതിന്റെ തനതുരൂപത്തില്‍ത്തന്നെ നിലനില്കാറുണ്ട്. അതിപ്രവര്‍ധതരുണാസ്ഥി (epiphyseal cartilage) എന്ന പേരിലറിയപ്പെടുന്ന ഈ തരുണാസ്ഥിശകലം ഒരു തകിടിന്റെ രൂപത്തിലാണു കാണപ്പെടുക. ഇതു തുടര്‍ച്ചയായി വളര്‍ന്നുകൊണ്ടിരിക്കുകയും ഈ വളര്‍ച്ചയോടൊപ്പംതന്നെ അസ്ഥി ഇതിനെ പ്രതിസ്ഥാപിക്കുകയും ചെയ്തുകൊണ്ടിരിക്കും. ഇപ്രകാരമാണ് അസ്ഥികളുടെ നീളത്തിലുള്ള വളര്‍ച്ച നടക്കുന്നത്. അസ്ഥിയുടെ വളര്‍ച്ചയ്ക്കുള്ള ഉപാധിയായി വര്‍ത്തിക്കുന്നതിനാല്‍ ഈ ഉപാസ്ഥിയെയും അതിനു ചുറ്റുമുള്ള ശരീരകലയെയും ചേര്‍ത്ത് 'വളര്‍ച്ചയുടെ ഉപകരണം' (growth apparatus) എന്നു പരാമര്‍ശിക്കാറുണ്ട്. അസ്ഥിയുടെ വ്യാസീയ വളര്‍ച്ച, മജ്ജാകോടരത്തില്‍ നിന്നുള്ള തുടര്‍ച്ചയായ അപരദനത്തിലൂടെയാണു നടക്കുന്നത്.

അസ്ഥികലയുടെ കാത്സീകരണം, ജൈവചട്ടക്കൂടിലേക്കുള്ള അസ്ഥിധാതുക്കളുടെ നിക്ഷേപണത്തിലൂടെയാണു സംഭവിക്കുക. പരലുകളുടെ (crystals) രൂപീകരണത്തിലൂടെയും അവയുടെ തുടര്‍ന്നുള്ള വളര്‍ച്ചയിലൂടെയുമാണ് ഇതു സാധിക്കുന്നത്. ഇതോടൊപ്പംതന്നെ ജൈവചട്ടക്കൂടിലെ കൊളാജന്‍തന്തുക്കളുടെ രൂപീകരണവും നടക്കും.

സാധാരണമായി, കാത്സീകരണം നടക്കുന്നതിനു രക്തത്തിലൂടെ യഥാസ്ഥാനത്തേക്ക് കാത്സ്യത്തിന്റെയും ഫോസ്ഫേറ്റിന്റെയും അനുസ്യൂതമായ പ്രവാഹം നടക്കേണ്ടതാവശ്യമാണ്. ഇത് അസ്ഥീധാതുനിര്‍മാണത്തിനാവശ്യമായ ചേരുവയിലായിരിക്കുകയും വേണം. ഈ പ്രക്രിയയെ കാത്സീകരണത്തിന്റെ ഹ്യൂമറല്‍ ഘടകം (humoral factor) എന്നു പറയുന്നു. ഇതു ശരീരത്തിന്റെ എല്ലാ ഭാഗത്തിനും ബാധകമാണെങ്കില്‍ക്കൂടി എല്ലാഭാഗങ്ങളിലും കാത്സീകരണം നടക്കുന്നില്ല. ഏതു ഭാഗത്താണിതു നടക്കേണ്ടതെന്നു നിശ്ചയിക്കുന്ന ഒരു സ്ഥാനീയഘടകംകൂടി ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നുണ്ട്. ജൈവചട്ടക്കൂടിനുള്ളില്‍ത്തന്നെയാണ് ഈ സ്ഥാനീയ ഘടകത്തിന്റെയും സാന്നിദ്ധ്യം. വളര്‍ന്നുകൊണ്ടിരിക്കുന്ന അസ്ഥികളിലെ ഓസ്റ്റിയോബ്ലാസ്റ്റുകളില്‍ ആല്‍ക്കലൈന്‍ ഫോസ്ഫേറ്റ്സ് എന്ന എന്‍സൈം (enzyme) അടങ്ങിയിട്ടുണ്ട്. ഈ എന്‍സൈമിന് അസ്ഥിയുടെ രൂപീകരണത്തില്‍ ഗണ്യമായ പങ്കുണ്ട്.

ധാതുശേഖരം. ശരീരത്തിലടങ്ങിയിട്ടുള്ള നിരവധി മൂലകങ്ങളില്‍ കാത്സ്യം, മഗ്നീഷ്യം, സോഡിയം, ഫോസ്ഫറസ് എന്നിവ അസ്ഥിയിലാണു മുഖ്യമായും കേന്ദ്രീകരിച്ചിട്ടുള്ളത്. ജീവസന്ധാരണപ്രക്രിയയിലെ മറ്റ് ആവശ്യങ്ങള്‍ക്കായി ഇവ അസ്ഥിയില്‍ നിന്നു നല്കപ്പെടുന്നു. ഈ പറഞ്ഞവയെ കൂടാതെ മറ്റു പല മൂലകങ്ങളും അസ്ഥിയില്‍ ചെറിയ അളവുകളില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ മറ്റു ഭാഗങ്ങള്‍ക്കാവശ്യമായ ധാത്വംശങ്ങളുടെ ഒരു സംഭരണകേന്ദ്രമായി അസ്ഥി വര്‍ത്തിക്കുന്നതിനാല്‍ രക്തവും അസ്ഥിയും തമ്മില്‍ പരസ്പരം ഇവയെ വിനിമയം ചെയ്യാനുതകുന്ന പല ക്രിയാവിധികളും നിലവിലുണ്ട്. ഇവയില്‍, കാത്സ്യത്തിനു മാത്രമായി ശരീരദ്രവങ്ങളില്‍ ഒരു പ്രത്യേക സാന്ദ്രത നിലനിര്‍ത്താനുതകുന്ന ചില പ്രത്യേക ഉപാധികള്‍ ഉണ്ട്. രക്തവും അസ്ഥിയും തമ്മിലുള്ള മറ്റു ഘടകങ്ങളുടെ വിനിമയത്തില്‍ ഭൗതിക-രാസശക്തികളുടെ നിയന്ത്രണത്തിനു വിധേയമായി അയോണുകളുടെ ഒരു വിനിമയപ്രക്രിയ നിലവിലുണ്ട്. ഉദാഹരണമായി, ജീവന്റെ നിലനില്പിനാധാരമായ ഘടകങ്ങളിലൊന്നായ സോഡിയത്തിന്റെ അളവ് രക്തത്തില്‍ കുറയുമ്പോള്‍ സോഡിയത്തിന്റെ അയോണുകള്‍ അസ്ഥിയില്‍നിന്നും രക്തത്തിലേക്കു മാറ്റപ്പെടുന്നു. ഒരു സന്തുലിതാവസ്ഥ നിലവില്‍വരുന്നതുവരെ ഈ പ്രക്രിയ തുടരുകയും ചെയ്യും.

അസ്ഥികളുടെ ഖനിജീഭവന(mineralisation)ത്തില്‍ ജീവകം ഡി-ക്ക് ഒരു പ്രധാന പങ്കുണ്ട്. പചനവ്യൂഹത്തില്‍ നിന്നുള്ള കാല്‍സ്യത്തിന്റെ അവശോഷണ (absorption)ത്തെ ത്വരിതപ്പെടുത്തുന്നതിലൂടെയാണ് ഇതു കാല്‍സീകരണപ്രക്രിയയെ ഉത്തേജിപ്പിക്കുന്നത്. പാരാതൈറോയ്ഡ് ഹോര്‍മോണിന്റെ പ്രവര്‍ത്തനവും കാല്‍സ്യത്തിന്റെ സന്തുലിതാവസ്ഥയ്ക്കു നിദാനമാണ്.

പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ അഗ്രപാളി(anterior lobe )യില്‍ നിന്നുള്ള ഹോര്‍മോണിന് അസ്ഥിയുടെ വളര്‍ച്ചയില്‍ സാരമായ പങ്കുണ്ട്. ഇതോടൊപ്പംതന്നെ തൈറോയ്ഡ് ഗ്രന്ഥി, അഡ്രിനല്‍ ഗ്രന്ഥിയുടെ കോര്‍ടെക്സ് എന്നിവയില്‍നിന്നുള്ള ഹോര്‍മോണുകള്‍ക്കും, സ്ത്രീ-പുരുഷ ലിംഗഹോര്‍മോണുകള്‍ക്കും അസ്ഥിയുടെ വളര്‍ച്ചയിലും ഉപാപചയത്തിലും പങ്കുണ്ടെന്നു വെളിപ്പെട്ടിട്ടുണ്ട്.

ധര്‍മങ്ങള്‍. ഒരു ശരീരകല എന്ന നിലയില്‍ അസ്ഥിക്കു സുപ്രധാനമായ പല ധര്‍മങ്ങളുമുണ്ട്. ഇത് കാല്‍സ്യത്തിന്റെയും ഫോസ്ഫേറ്റിന്റേയും ഉപാപചയങ്ങളിലും സംഭരണത്തിലും വ്യക്തമായ ഒരു പങ്കു വഹിക്കുന്നു. അതിനാല്‍, 'അസ്ഥികലയാല്‍ നിര്‍മിതമായ അവയവം' എന്ന് ഓരോ അസ്ഥിയെയും വിശേഷിപ്പിക്കാവുന്നതാണ്. അസ്ഥികളും സന്ധികളും ചേര്‍ന്നു മിക്കവാറും എല്ലാ കശേരുകികളിലും ശരീരത്തിന്റെ ചട്ടക്കൂടായി വര്‍ത്തിക്കുന്നു. മസ്തിഷ്കം, സുഷുമ്നാനാഡി തുടങ്ങിയ സുപ്രധാനാവയവങ്ങളെ പരിരക്ഷിക്കുന്നതും അസ്ഥിയുടെ വളരെ പ്രധാനപ്പെട്ട മറ്റൊരു ധര്‍മ്മാണ്. രക്തത്തിന്റെ മിക്കവാറും എല്ലാ ഘടകപദാര്‍ഥങ്ങളെയും നിര്‍മിക്കുന്ന മജ്ജയുടെ സ്ഥാനവും അസ്ഥിക്കുള്ളില്‍ തന്നെ.

(ഫിലിപ്പോസ് ജോണ്‍; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍