This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസ്ത്രശസ്ത്രങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

അസ്ത്രശസ്ത്രങ്ങള്‍

Arrows

എതിരാളികളെ ദൂരത്തേക്ക് ഓടിക്കുന്നത് (അസ്ത്രം = അസ്യതേ അനേന) എന്നും ഹിംസിക്കുന്നത് (ശസ്ത്രം = ശസ്യതേ അനേന) എന്നും അര്‍ഥമുള്ള സമസ്തപദം. പ്രാചീന ഭാരതത്തിലെ യുദ്ധമുറകളില്‍ പ്രയോഗിക്കപ്പെട്ടുവന്ന ആയുധസഞ്ചയങ്ങളാണിവ. അസ്ത്രത്തിനും ശസ്ത്രത്തിനും ബാണം എന്നും എന്നര്‍ഥമുണ്ട്. അസ്ത്രപ്രയോഗം സമന്ത്രകവും ശസ്ത്രപ്രയോഗം അങ്ങനെ അല്ലാത്തതുമാണെന്നാണ് വിധി.

പുരാണകഥാനായകന്‍മാര്‍ സമന്ത്രകമായാണ് അസ്ത്രങ്ങള്‍ അയച്ചിരുന്നത്. രാജ്യതന്ത്രം എന്ന സംസ്കൃത കൃതിയുടെ വിവര്‍ത്തനമായ ശുക്രനീതിയില്‍

'മന്ത്രമോ യന്ത്രമോ വഹ്നിയോ മാര്‍ഗമായ്

ഹന്തവിടുന്നതോ പായിച്ചിടുന്നതോ

എന്നുമല്ലായതോടൊപ്പമയപ്പതാ-

മെന്തായുധത്തിനുമസ്ത്രമെന്നോതിടാം'

എന്നൊരു നിര്‍വചനം കാണുന്നു. ഇതിനു പുറമേ ശസ്ത്ര ശബ്ദത്തിന് ആയുധം, ലോഹം, ഉപകരണം, കരു എന്നെല്ലാം അര്‍ഥങ്ങളുണ്ട്. ആ വിവക്ഷയില്‍ വാള്‍, കുന്തം, ഛുരിക (കത്തി), ദ്രുഘണം (ഉലക്ക), ഗദ, ഭിന്ദിപാലം (കവണ), തൂണി (ആവനാഴി), ചര്‍മം (ശരീരാവരണം) തുടങ്ങിയ ഉപകരണങ്ങളെല്ലാംതന്നെ ശസ്ത്രത്തില്‍ ഉള്‍​പ്പെടുന്നു. (എന്തുകൊണ്ട് യുദ്ധം ചെയ്യുന്നുവോ അത് ആയുധം - 'ആയുധ്യതേ അനേന'

ആമുഖം.

രാമായണഭാരതാദി ഇതിഹാസങ്ങളില്‍ സവിസ്തരം വര്‍ണിക്കപ്പെട്ടിട്ടുള്ള യുദ്ധങ്ങളില്‍ ഏറ്റവും ഫലപ്രദമായി പ്രയോഗിക്കപ്പെട്ട ആയുധങ്ങളുടെ കൂട്ടത്തില്‍ പ്രമുഖസ്ഥാനം അസ്ത്രത്തിനാണ്. ദ്രോണര്‍, അര്‍ജുനന്‍, കര്‍ണന്‍, ഏകലവ്യന്‍ തുടങ്ങിയ അനവധി വില്ലാളിവീരന്‍മാരുടെ കഥ മഹാഭാരതത്തിലുണ്ട്. രണ്ടു കൈകള്‍ കൊണ്ടും ഒരുപോലെ നിപുണമായി അസ്ത്രപ്രയോഗസാമര്‍ഥ്യമുള്ളതുകൊണ്ട് അര്‍ജുനന് സവ്യസാചി എന്ന ബിരുദനാമം പോലും സ്ഥിരമായി ലഭിച്ചു (സവ്യേനാപി സചതി ഇതി സവ്യസാചീ - ഇടത്തേകൈകൊണ്ടുപോലും ബാണം തൊടുക്കുന്നവന്‍). പ്രസിദ്ധരായ ചില പുരാണനായകന്മാര്‍ എടുത്തു പ്രയോഗിച്ചിട്ടുള്ള അസ്ത്രങ്ങള്‍ക്കും മറ്റായുധങ്ങള്‍ക്കും വാഹനങ്ങള്‍ക്കും മറ്റും പ്രത്യേക സംജ്ഞകള്‍ തന്നെയുണ്ടായിരുന്നു. പശുപതി (ശിവന്‍) അനുഗ്രഹിച്ചു നല്കിയ പാശുപതം എന്ന ബാണമായിരുന്നു അര്‍ജുനന്റെ മുഖ്യായുധം. അര്‍ജുനന് സമ്മാനിക്കുന്നതിനുമുന്‍പ് ശിവന്‍ ഇതിനെ തന്റെ പിനാകം എന്ന വില്ലില്‍ തൊടുത്ത് ഉപയോഗിച്ചിരുന്നു.

പലതരത്തില്‍ സംഹാരക്രിയകള്‍ നടത്തുന്ന വിവിധാസ്ത്രങ്ങളെക്കുറിച്ച് പുരാണങ്ങള്‍ അവിടവിടെ പരാമര്‍ശിക്കുന്നു. വാല്മീകിരാമായണം ബാലകാണ്ഡത്തില്‍ താടകാവധത്തിനുശേഷം രാമലക്ഷ്മണന്‍മാര്‍ക്ക് വിശ്വാമിത്രന്‍ ഉപദേശിച്ചുനല്കിയ അനേകം അസ്ത്രങ്ങളുടെ ഒരു പട്ടിക തന്നെ കാണാം. ദണ്ഡചക്രം, ധര്‍മചക്രം, കാലചക്രം, വിഷ്ണുചക്രം, ഇന്ദ്രചക്രം, വജ്രം, ശൈവശൂലം, ഐഷീകം, ബ്രഹ്മശിരസ്സ്, ബ്രാഹ്മം, മോദകീ, ശിഖരീ, ധര്‍മപാശം, കാലപാശം, വാരുണാസ്ത്രം, വരുണപാശം, ശുഷ്കാശനി, ആര്‍ദ്രാശനി, പിനാകം, നാരായണം, ആഗ്നേയം, ശിഖരം, വായവ്യം, പ്രഥനം, ക്രൗഞ്ചം, ഹയശിരസ്സ്, കങ്കാളം, മുസലം, കപാലം, കങ്കണം, മാനവം, പ്രസ്വാപനം, പ്രശമനം, സൗരം, വര്‍ഷണം, ശോഷണം, സന്താപനം, വിലാപനം, മാദനം, മോഹനം, സൗമനം, സംവര്‍ത്തം, സത്യം, മായാധരം, തേജഃപ്രഭം, സൗമ്യം, ശിശിരം, ത്വാഷ്ട്രം, സുദാമനം തുടങ്ങിയ പേരുകളിലുള്ള നിരവധി വിശിഷ്ടാസ്ത്രങ്ങളാണ് വിശ്വാമിത്രന്‍ രാമലക്ഷ്മണന്‍മാര്‍ക്കുനല്കിയത്.

പുരാണങ്ങളിലെ വീരകഥാപാത്രങ്ങളെല്ലാം വില്ലാളിവീരന്മാരായിരുന്നു. ദ്രൗപദീസ്വയംവരവും സീതാസ്വയംവരവും നടന്നത് ധനുര്‍വിദ്യയില്‍ പരീക്ഷ നടത്തിയശേഷമാണ്. സീതയെ വിവാഹം കഴിച്ച രാമനും ദ്രൗപദിയെ വേട്ട അര്‍ജുനനും അസ്ത്രപ്രയോഗനിപുണരായിരുന്നു. ഖാണ്ഡവവനം ദഹിപ്പിച്ചതില്‍ സന്തുഷ്ടനായ അഗ്നി അര്‍ജുനന് ദാനം ചെയ്തതാണ് ഗാണ്ഡീവം എന്ന വില്ല്. ശ്രീരാമന്‍ ത്രൈയംബകമെന്ന വില്ലൊടിച്ചിട്ടാണ് സീതാവിവാഹത്തിന് അര്‍ഹനായിത്തീര്‍ന്നത്. ബ്രഹ്മാസ്ത്രം, നാഗാസ്ത്രം, ആഗ്നേയാസ്ത്രം, വരുണാസ്ത്രം, വായവ്യാസ്ത്രം എന്നിങ്ങനെ പലതരം അസ്ത്രങ്ങള്‍ അന്നു നടപ്പായിരുന്നു. കാഠിന്യമേറിയ ലോഹകവചങ്ങളെപ്പോലും തകര്‍ക്കാന്‍ അന്നത്തെ അസ്ത്രങ്ങള്‍ക്ക് ശക്തിയുണ്ടായിരുന്നുവത്രേ. ക്ഷേത്രോത്സവങ്ങളില്‍ ആറാട്ടിനു മുന്‍ദിവസം നടത്താറുള്ള പള്ളിവേട്ടയില്‍ അസ്ത്രപ്രയോഗമാണ് പ്രധാന ചടങ്ങ്.

ധനുര്‍വേദവും മറ്റും.

ആയുധവിദ്യയെ സംബന്ധിച്ച് വിശദമായി പ്രതിപാദിക്കുന്ന ഒരു പ്രാചീന ഭാരതീയ ഗ്രന്ഥമാണ് ധനുര്‍വേദം. അസ്ത്രശസ്ത്രാദിപ്രയോഗങ്ങളെ വിവരിക്കുന്ന യുദ്ധശാസ്ത്രത്തിനു ഭാരതീയര്‍ ഒരു കാലത്ത് വേദപദവി നല്കിയിരുന്നതായി ഈ പേരില്‍ നിന്നൂഹിക്കാം; ഏതായാലും ഇത് ഒരു ഉപവേദമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്; ഇതു യജൂര്‍വേദത്തിന്റെ ഒരു ഭാഗമാണെന്നും ചില പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നു. ധനുര്‍വേദസംഹിത എന്ന പേരില്‍ ലഭ്യമായിട്ടുള്ള കൃതി അത്ര വളരെ പഴയതാണോ എന്ന് ചിലര്‍ക്കു സംശയമുണ്ട്. ആയുധാഭ്യാസ പ്രയോഗങ്ങളെപ്പറ്റി അഗ്നിപുരാണത്തില്‍ വിവരിച്ചിരിക്കുന്ന ഭാഗം ധനുര്‍വേദത്തിന്റെ കാതലായി സ്വീകരിക്കപ്പെട്ടു വരുന്നു.

നാലുതരത്തിലാണ് യുദ്ധത്തില്‍ ആയുധങ്ങള്‍ പ്രയോഗിക്കുന്നതെന്ന് ധനുര്‍വേദത്തില്‍ വിവരിച്ചിരിക്കുന്നു: യന്ത്രമുക്തം, പാണിമുക്തം, മുക്തസന്ധാരിതം, അമുക്തം, കവണ, വില്ല് മുതലായ ഉപകരണങ്ങള്‍കൊണ്ട് പ്രയോഗിക്കപ്പെടുന്ന ആയുധങ്ങള്‍ യന്ത്രമുക്തങ്ങളും, കല്ല്, ചക്രം മുതലായവകൊണ്ടുള്ള പ്രയോഗങ്ങള്‍ പാണിമുക്തങ്ങളും, ചിലപ്പോള്‍ വിട്ടും ചിലപ്പോള്‍ വിടാതെയും പ്രയുക്തങ്ങളാകുന്ന കുന്തം തുടങ്ങിയവ മുക്തസന്ധാരിതങ്ങളും, കൈക്കുള്ളില്‍നിന്നു വിടാതെ കൈകാര്യം ചെയ്യുന്ന വാള്‍, കഠാര തുടങ്ങിയവ അമുക്തങ്ങളും ആണ്.

ധനുര്‍വേദാചാര്യന്‍ ആരായിരിക്കണമെന്നും ഏതു വിധത്തില്‍ നില ഉറപ്പിച്ചുകൊണ്ടാണ് ഓരോ ഇനത്തിലുമുള്ള അസ്ത്രശസ്ത്രങ്ങള്‍ പ്രയോഗിക്കേണ്ടതെന്നും ഓരോന്നിന്റെയും പ്രയോഗവിധങ്ങള്‍ എങ്ങനെയൊക്കെയാണെന്നും മറ്റും വിവരിക്കുന്ന ഈ നിബന്ധനം യഥാര്‍ഥത്തില്‍ യുദ്ധമര്യാദകളെയും യുദ്ധനിയമങ്ങളെയും പറ്റിയുള്ള പ്രാചീനഭാരതീയരുടെ പ്രാമാണികധര്‍മശാസ്ത്രമാണ്. ശരദ്വാന്‍ എന്ന മുനിയില്‍നിന്നു കൃപാചാര്യരും, പരശുരാമനില്‍നിന്നു ദ്രോണരും, അഗ്നിവേശനില്‍ നിന്ന് അഗസ്ത്യമുനിയും ധനുര്‍വേദം അഭ്യസിച്ചു എന്നു മഹാഭാരതം വിവരിക്കുന്നുണ്ട്. നാലു പാദങ്ങളോടുകൂടി സമൂര്‍ത്തഭാവം കൈക്കൊണ്ട ധനുര്‍വേദം ദേവസേനാപതിയായ സുബ്രഹ്മണ്യനെ സേവിക്കുന്നതായും ഭാരതത്തില്‍ പറയുന്നു. ചക്രം, ശൂലം, തോമരം, ഗദ, പരശു, മുദ്ഗരം, ഭിന്ദിപാലം, വജ്രം, കൃപാണം, ക്ഷേപിണി എന്നീ ആയുധങ്ങള്‍കൊണ്ടുളള വ്യത്യസ്ത പ്രയോഗരീതികള്‍ക്കുള്ള വ്യവസ്ഥകളും ഇതില്‍ വര്‍ഗീകരിച്ച് പ്രതിപാദിച്ചിട്ടുണ്ട്. സോമദേവന്റെ (1127-64) മാനസോല്ലാസം എന്ന കൃതിയിലെ ശസ്ത്രവിനോദം എന്ന പ്രകരണം പ്രാചീനമധ്യകാലങ്ങളിലെ അസ്ത്രശസ്ത്രപ്രയോഗങ്ങളെ വിവരിക്കുന്നു.

14-ാം ശ.-ത്തില്‍ മൈഥിലീഭാഷയില്‍ വിരചിതമായ വര്‍ണരത്നാകരം എന്ന കൃതിയിലെ പാണ്യായുധം, ദണ്ഡായുധം എന്നീ രണ്ട് നീണ്ട അധ്യായങ്ങളില്‍ അനേകം യുദ്ധായുധങ്ങളെപ്പറ്റിയുള്ള വിവരണം കാണുന്നു. അതേ കാലത്തിലെ മറ്റൊരു കൃതിയായ പൃഥ്വീചന്ദ്രചരിതത്തില്‍ സാധാരണയുളള അസ്ത്രശസ്ത്രങ്ങള്‍ക്കു പുറമേ, അങ്കുശം, ഛുരിക, തോമരം, ത്രിശൂലം, ഭൂസന്ധി, മുദ്ഗരം, പരശു, ഹലം, കണയം, കുദ്ദാലം, നാരായം തുടങ്ങിയ ആയുധങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്.

മധ്യകാലത്തെ ശസ്ത്രാസ്ത്രങ്ങളുടെ പ്രയോഗങ്ങളെയും സവിശേഷതകളെയും വിവരിക്കുന്ന ധനുര്‍വേദസംജ്ഞകം എന്നൊരു കൃതി നേപ്പാളിലെ രാജകീയ ഗ്രന്ഥശാലയില്‍ ഉണ്ട്. അസ്ത്രാഭ്യാസപ്രയോഗങ്ങളുടെ വിവിധവശങ്ങള്‍ വിവരിക്കുന്ന ഈ ഗ്രന്ഥത്തിലെ അധ്യായങ്ങള്‍ക്ക് നല്കപ്പെട്ടിരിക്കുന്ന പേരുകള്‍ ധനുര്‍ധരപ്രശംസ, ധനുര്‍ധാരണവിധി, ധനുഃപ്രമാണം, ഗുണലക്ഷണം, ഫലലക്ഷണം, പായനവിധി, നാരാചനാളികാലക്ഷണം, ഗുണമുഷ്ടിലക്ഷണം, ധനുര്‍മുഷ്ടിലക്ഷണം, ലക്ഷ്യലക്ഷണം, ശൂരലക്ഷണം, ശീഘ്രസാധനം, ദൂരപാതിത്വം, ഹീനഗതി, ലക്ഷ്യചലനഗതി, ധനുര്‍ഗതി, ബാണഭംഗം, ബിന്ദുകം, ഗോളയുഗ്മം എന്നിങ്ങനെയാണ്. ഇത് എ.ഡി. 14-ാം ശ.-ത്തില്‍ രചിക്കപ്പെട്ടതാണെന്നാണ് പണ്ഡിതന്മാരുടെ അഭിപ്രായം.

യുദ്ധനീതി.

ആധുനിക കാലത്തുള്ള യുദ്ധനിയമങ്ങളെപ്പോലെയോ അതില്‍ കൂടുതലായോ പ്രാചീന കാലത്തും ധര്‍മയുദ്ധത്തില്‍ ഇരുകക്ഷികളും നിഷ്കൃഷ്ടമായി ദീക്ഷിക്കേണ്ട വ്യവസ്ഥകള്‍ ഉണ്ടായിരുന്നു. ഇവയെ സംബന്ധിച്ച നിയമങ്ങള്‍ മനുസ്മൃതിയിലാണ് വിവരിച്ചിട്ടുള്ളത്. ഒരായുധം മറ്റൊന്നാണെന്ന് എതിരാളിയെ ധരിപ്പിച്ച് പ്രയോഗിക്കുന്നത് മനു വിലക്കിയിട്ടുണ്ട്. അതുപോലെ അസ്ത്രങ്ങള്‍ ചുട്ടുപഴുപ്പിച്ച് പ്രയോഗിക്കാനും പാടില്ല. ആരുടെയെല്ലാം നേരെയാണ് ആയുധം പ്രയോഗിക്കരുതാത്തത് എന്നതിന് മനു ദീര്‍ഘമായ ഒരു പട്ടികതന്നെ തരുന്നു. തേരില്‍ നിന്നും താഴേക്കിറങ്ങുന്നവന്‍, നപുംസകം, തൊഴുതുപിടിച്ചു നില്ക്കുന്നവന്‍, തലമുടി അഴിഞ്ഞുപോയവന്‍, നിലത്തു കുത്തിയിരിക്കുന്നവന്‍, അഭയം പ്രാപിച്ചവന്‍, ഉറങ്ങുന്നവന്‍, നഗ്നന്‍, നിരായുധന്‍, യുദ്ധം കാണാന്‍ വന്ന കാഴ്ചക്കാരന്‍, മറ്റൊരാളിന്റെ കൂടെ എത്തിയവന്‍, ആയുധമൊടിഞ്ഞവന്‍, ബന്ധുക്കളുടെ മരണത്താല്‍ ആര്‍ത്തന്‍, യുദ്ധത്തില്‍ തോറ്റവന്‍, പേടിച്ചോടുന്നവന്‍ എന്നിവര്‍ വധ്യരല്ല; അതായത് ഇവരുടെ നേരെ ആയുധപ്രയോഗം പാടില്ല.

പുരാണപരാമര്‍ശങ്ങള്‍.

അസ്ത്രശസ്ത്രങ്ങളുടെ ആവിര്‍ഭാവത്തെപ്പറ്റി വാല്മീകിരാമായണത്തില്‍ ഒരു കഥയുണ്ട്. കൃശാശ്വന്‍ എന്ന പ്രജാപതിയുടെ പത്നിമാരും ദക്ഷന്റെ പുത്രിമാരും ആയ ജയയും സുപ്രഭയും കൂടി നൂറ് സന്തതികളെ പ്രസവിച്ചു. ഈ ശിശുക്കളെല്ലാം 'സംഹാരന്‍' എന്ന പേരോടുകൂടിയ അസ്ത്രങ്ങളായിരുന്നു. കൃശാശ്വസന്തതികളായ ഈ അസ്ത്രങ്ങളെയെല്ലാം കൗശികന്‍ മന്ത്രശക്തികൊണ്ട് സ്വായത്തമാക്കി; യാഗരക്ഷയ്ക്കായി ആശ്രമത്തിലേക്ക് കൊണ്ടുപോയ രാമലക്ഷ്മണന്മാര്‍ക്ക് അദ്ദേഹം അവ ഉപദേശിക്കുകയും ചെയ്തു.

അസ്ത്രശസ്ത്ര പ്രയോഗനിപുണരായ നിരവധി വീരകഥാപാത്രങ്ങള്‍ ഭാരതീയ പുരാണേതിഹാസങ്ങളിലൂടെ പ്രത്യക്ഷപ്പെടുകയും മറയുകയും ചെയ്യുന്നുണ്ടെങ്കിലും അവരുടെയെല്ലാം നെടുനായകത്വം വഹിക്കുന്നത് മധ്യപാണ്ഡവനായ അര്‍ജുനനാണ്. ആയുധപരീക്ഷ മുതല്‍ അഗ്നിയുടെ ഉപദേശപ്രകാരം, സ്വന്തം ഗാണ്ഡീവചാപം സമുദ്രത്തില്‍ നിക്ഷേപിക്കുന്നതുവരെ അജയ്യനായി വര്‍ത്തിച്ച മഹാരഥനും അസ്ത്രശസ്ത്രവേദിയുമായി അര്‍ജുനന്‍ മഹാഭാരതത്തില്‍ പലേടത്തും പ്രത്യക്ഷപ്പെടുന്നു. ആയുധവിദ്യാപരീക്ഷണരംഗത്തില്‍ പ്രവേശിക്കുന്ന അര്‍ജുനന്റെ അസ്ത്രപ്രയോഗപാടവം മഹാഭാരതത്തില്‍ വിസ്തരിച്ചു വര്‍ണിച്ചിട്ടുണ്ട്. പാഞ്ചാലീസ്വയംവരഘട്ടത്തില്‍ 'അംബരത്തിങ്കല്‍ നിറുത്തീടും യന്ത്ര'ത്തിനകത്തുള്ള 'ലാക്കെയ്തു യന്ത്രപ്പഴുതൂടെ' അതു താഴെപ്പതിപ്പിച്ച സന്ദര്‍ഭത്തില്‍ അര്‍ജുനന്‍ നേടിയ അസ്ത്രപ്രയോഗവല്ലഭത്വം പ്രസിദ്ധമാണ്.

പഞ്ചബാണനായ കാമദേവന്‍ വേറൊരു തരത്തിലുള്ള ശരപ്രയോഗനൈപുണികൊണ്ട് സംസ്തുതനായ ഒരു പുരാണപുരുഷനാണ്. ഉന്മാദനം, താപനം, ശോഷണം, സ്തംഭനം, സമ്മോഹനം എന്നീ ധര്‍മങ്ങളുള്ള അഞ്ച് മദനാസ്ത്രങ്ങള്‍ അരവിന്ദം (താമര), അശോകം, ചൂതം (തേന്മാവ്), നവമാലിക (പിച്ചകം), നീലോല്പലം (നീലത്താമര) എന്നിവയുടെ പൂക്കളാണ്. വണ്ടുകളെക്കൊണ്ട് ഞാണ്‍ കെട്ടി കരിമ്പുകൊണ്ടു നിര്‍മിച്ച വില്ലില്‍ ഈ പുഷ്പാസ്ത്രങ്ങള്‍ പ്രയോഗിച്ച് കാമിനീകാമുകന്മാരെയും വിരഹികളെയും സദാ ശല്യം ചെയ്തുകൊണ്ടിരിക്കുക എന്നത് അനംഗനും മനസിജനുമാണെങ്കിലും, ഈ ദേവന്റെ നിത്യവിനോദമാണ്.

പ്രമുഖ ഹിന്ദുദേവതകള്‍ക്കും ദേവപ്രമുഖര്‍ക്കും മറ്റു ചില പുരാണ കഥാപാത്രങ്ങള്‍ക്കും ഉള്ള മുഖ്യായുധങ്ങളും അവശ്യോപകരണങ്ങളും പ്രത്യേകം സംജ്ഞകളാല്‍ അറിയപ്പെടുന്നു. വിഷ്ണുവിന്റെ ചക്രായുധം സുദര്‍ശനവും, ഗദ കൗമോദകിയും, വാള്‍ നാന്ദകവും, വില്ല് ശാര്‍ങ്ഗവും, ശംഖ് പാഞ്ചജന്യവുമാണ്; ശിവന്റെ വില്ലിന് പിനാകമെന്നും അജഗവമെന്നും (ത്രിശൂലമെന്നും പക്ഷമുണ്ട്) പറയുന്നു. ഇന്ദ്രന്റെ വജ്രായുധത്തിന്റെ പേരുകളിലൊന്ന് ഹ്രാദിനിയെന്നാണ്; വാളിന്റേത് പരഞ്ജയമെന്നും. രാവണന്റെ വാള്‍ ചന്ദ്രഹാസം എന്ന പേരില്‍ പ്രസിദ്ധമാണ്. കുരുക്ഷേത്ര യുദ്ധത്തില്‍ പങ്കെടുത്ത പ്രമുഖരായ സേനാനികള്‍ മുഴക്കിയ ശംഖുകള്‍ക്കും പ്രത്യേകം പേരുകള്‍ ഉണ്ടായിരുന്നതായി മഹാഭാരതത്തില്‍ കാണുന്നു. അര്‍ജുനന്റേത് ദേവദത്തവും ഭീമസേനന്റേത് പൗണ്ഡ്രകവും യുധിഷ്ഠിരന്റേത് അനന്തവിജയവും നകുലസഹദേവന്മാരുടേത് സുഘോഷമണിപുഷ്പകങ്ങളുമാണ്.

അസ്ത്രവിദ്യ പരിശീലിക്കുന്നവര്‍ അകലെ ഒരു തൂണുനിര്‍ത്തി അതിനെ ലക്ഷ്യമാക്കി എയ്തു പഠിക്കുക പതിവായിരുന്നുവെന്ന് തമിഴ് സംഘകൃതിയായ പുറനാനൂറിലെ 169-ാം പാട്ട് സ്പഷ്ടമാക്കുന്നു. ചെമ്പകശ്ശേരിയും തിരുവിതാംകൂറും തമ്മിലുണ്ടായ യുദ്ധത്തില്‍ ചെമ്പകശ്ശേരി സൈന്യം വിഷലിപ്തമായ അമ്പുകള്‍ പ്രയോഗിച്ച് ശത്രുക്കളെ വിഷമിപ്പിച്ചതായി കാണുന്നു. അസ്ത്രപ്രയോഗത്തില്‍ നിപുണരായ ചില ഗിരിവര്‍ഗക്കാരെയും വനവാസികളെയും ഭാരതത്തില്‍ മധ്യപ്രദേശിലെ ബസ്താര്‍ ജില്ലയിലും മറ്റ് ചില പര്‍വതസാനുക്കളിലും ഇന്നും കാണാനുണ്ട്. വടക്കേ മലബാറിലെ കുറിച്യര്‍ അസ്ത്രപ്രയോഗനിപുണരാണ്.

ഭാരതത്തിനു പുറത്ത്.

പ്രാചീന യവനപുരാണങ്ങളിലും ഇതിഹാസങ്ങളിലും മാത്രമല്ല, മധ്യകാലത്തിലെ യുദ്ധാഖ്യാന ചരിത്രങ്ങളിലും അമ്പും വില്ലും എടുത്തു പ്രയോഗിക്കുന്നതിലുള്ള ആധിപത്യം ഔന്നത്യത്തിന്റെയും വീരത്വത്തിന്റെയും പ്രധാനലക്ഷണങ്ങളായി എണ്ണപ്പെട്ടുവന്നു. യുദ്ധം, നായാട്ട്, വിനോദം തുടങ്ങിയവയില്‍ അസ്ത്രശസ്ത്രങ്ങള്‍ ചരിത്രാതീതകാലം മുതല്‍ ഉപയോഗിക്കപ്പെട്ടുവന്നിരുന്നു എന്നതിനു പ്രാചീനഗുഹാഭിത്തികളിലെ ആലേഖ്യങ്ങള്‍ തെളിവുകളാണ്. ഗ്രീക്കുദേവനായ അപ്പോളോ ഒരസ്ത്രം പ്രയോഗിച്ചാല്‍ അത് ഒരാളിന്റെയെങ്കിലും ജീവനെ അപഹരിക്കാതെ അടങ്ങുകയില്ല എന്നായിരുന്നു വിശ്വാസം. അദ്ദേഹത്തിന്റെ സഹോദരി ആര്‍ത്തെമിസ് (റോമാക്കാരുടെ ഡയാന) ആളുകളുടെ പിന്നാലെ ഓടി അവരുടെമേല്‍ അമ്പേല്പിക്കുന്നതില്‍ വിനോദം പൂണ്ടിരുന്നു. ഭാരതീയരുടെ കാമദേവന് തുല്യനായ അവരുടെ ഈറോസും (റോമാക്കാര്‍ക്ക് ക്യൂപിഡ്) കാമിജനങ്ങളെ വലയ്ക്കാന്‍ അസ്ത്രങ്ങളാണ് ഉപയോഗിച്ചിരുന്നത്. ഹോമറുടെ ഇലിയഡില്‍ അജാക്സ് ടെലമോണിന്റെ പരിചയുടെ പിന്നില്‍ മറഞ്ഞുകൊണ്ട് അയാളുടെ സഹോദരന്‍ ട്യൂസര്‍ ശരവര്‍ഷം ചൊരിയുന്നതിന്റെ വര്‍ണനയുണ്ട്.

ബൈബിള്‍ പഴയനിയമത്തില്‍ ശൗല്‍ എതിരാളികളുടെ അമ്പുകളേറ്റ് വിഷമിക്കുന്നതിനെ ചിത്രീകരിച്ചിരിക്കുന്നു. അസീറിയന്‍ രാജാക്കന്‍മാര്‍ അമ്പും വില്ലുംകൊണ്ട് സിംഹങ്ങളെ വേട്ടയാടിപ്പിടിക്കുന്നതിന്റെ പല ഭിത്തിരേഖാചിത്രീകരണങ്ങളും ലഭ്യമാണ്. ദാരിയൂസിന്റെ വില്ലാളികളുടെ പല ആലേഖ്യങ്ങളും പേഴ്സ്യയില്‍ കാണാം. എന്നാല്‍ മാരത്തോണില്‍വച്ചുണ്ടായ യുദ്ധത്തില്‍ ദാരിയൂസിന്റെ പിന്‍ഗാമിയായ സെര്‍ക്സസിന്റെ വില്ലാളിപ്പട ആഥന്‍സിലെ കുന്തക്കാരോട് തോറ്റു പിന്‍വാങ്ങിയതായാണ് കാണുന്നത്. അമ്പും വില്ലും പ്രയോഗിക്കുന്നതില്‍ ചതുരരായ പടയാളികളെ കുതിരപ്പുറത്ത് കയറ്റി യുദ്ധംചെയ്യാന്‍ നിയോഗിക്കുന്ന പതിവ് പാര്‍ഥിയന്മാര്‍ക്കും ഹൂണന്‍മാര്‍ക്കും ബൈസാന്തിയന്മാര്‍ക്കും ഉണ്ടായിരുന്നു. 19-ാം ശ.-ത്തില്‍​പ്പോലും അമേരിക്കയിലെ ആദിമനിവാസികള്‍ (Red Indians) അസ്ത്രപ്രയോഗത്തില്‍ അത്യധികം ചാതുര്യം പ്രദര്‍ശിപ്പിച്ചിരുന്നു. 1066-ല്‍ ഹേസ്റ്റിങ്സില്‍വച്ച് ഇംഗ്ലണ്ടിലെ ഹാരോള്‍ഡ് രാജാവിനെ വില്യമിന്റെ നേതൃത്വത്തിലുള്ള നോര്‍മന്മാര്‍ക്ക് തുരത്താന്‍ കഴിഞ്ഞത് അസ്ത്രപ്രയോഗത്തിലുള്ള അനിഷേധ്യമായ മേന്മകൊണ്ടായിരുന്നു.

പുരാതന ശിലായുഗകാലം മുതല്‍ അമ്പും വില്ലും മനുഷ്യന്‍ ഉപയോഗിച്ചുവന്നിരുന്നുവെന്നതിന് പുരാവസ്തുഗവേഷകന്‍മാര്‍ പല തെളിവുകളും പുറത്തു കൊണ്ടുവന്നിട്ടുണ്ട്. സ്പെയിനിലെ പ്രാചീനഗുഹാചിത്രങ്ങളില്‍ അമ്പിന്റെയും വില്ലിന്റെയും നിരവധി ആലേഖനങ്ങള്‍ കാണാം. കവണകള്‍ എറിയുന്നതില്‍ വിരുതന്മാരായ ആസ്റ്റ്രേലിയന്‍ ആദിവാസികളെ ഒഴിച്ചുനിര്‍ത്തിയാല്‍ എസ്കിമോ മുതല്‍ പിഗ്മിവരെയുള്ള ആദിമ ജനവിഭാഗങ്ങള്‍ ജീവസന്ധാരണത്തിനുളള ഏറ്റവും പറ്റിയ മാധ്യമമായി അസ്ത്രവിദ്യയെയാണ് ആശ്രയിച്ചുവന്നത്.

ഈജിപ്തുകാരും അസീറിയക്കാരും പേഴ്സ്യക്കാരും സിഥിയന്മാരും പാര്‍ഥിയന്‍മാരും നല്ല 'സവ്യസാചി'കള്‍ തന്നെയായിരുന്നു. ഫാല്‍കിര്‍ക് (1298), ക്രെസി (1346) പോയിറ്റിയേഴ്സ് (1356), അജിന്‍കോര്‍ട്ട് (1415), ഫ്ലോഡന്‍ (1513) തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന നിര്‍ണായക യുദ്ധങ്ങളില്‍ ഇംഗ്ലണ്ടിലെ അസ്ത്രവീരന്മാര്‍ യൂറോപ്പിനാകെ ഉഗ്രഭീഷണിയായിരുന്നു. ഏഴും എട്ടും അമ്പുകള്‍ ഒരേസമയം തൊടുത്തുവിടാന്‍ കഴിയുംവിധം സംവിധാനം ചെയ്യപ്പെട്ട അവരുടെ ചൂണ്ടവില്ല് (Cross Bow) വെടിമരുന്ന് സാര്‍വത്രികമായതിനുശേഷവും (17-18 ശ.-ങ്ങള്‍) യൂറോപ്പില്‍ കുറേക്കാലം ആധിപത്യം ചെലുത്തിയിട്ടുണ്ട്. ചൈനയില്‍ പട്ടാളക്കാര്‍ 19-ാം ശ.-ത്തിന്റെ മധ്യത്തിലും അമ്പും വില്ലും ഉപയോഗിച്ചിരുന്നതായി രേഖകള്‍ ഉണ്ട്.

ആധുനികവിനോദം.

16-ാം ശ. മുതല്‍ പാശ്ചാത്യരാജ്യങ്ങളില്‍ അസ്ത്രപ്രയോഗം ഒരു കായികവിനോദമെന്നും മത്സരമെന്നും ഉള്ള നിലകളില്‍ വികസിച്ചു തുടങ്ങി.

അമ്പും വില്ലും നിര്‍മിക്കാനുള്ള സാമഗ്രികള്‍ ഇറക്കുമതി ചെയ്യപ്പെട്ടിരുന്നതായി അവിടെയുള്ള വിവിധ വ്യാപാരരേഖകളില്‍ പരാമര്‍ശമുണ്ട്. ഇംഗ്ലണ്ടിലെ ചാള്‍സ് രണ്ടാമന്‍ (1630-85) രാജാവ് ഒരു അസ്ത്രപ്രയോഗനിപുണനായിരുന്നു. റോബിന്‍ ഹുഡും വില്യം ടെല്ലും യഥാക്രമം ഇംഗ്ലണ്ടിലും സ്വിറ്റ്സര്‍ലന്‍ഡിലും ഐതിഹ്യങ്ങളിലൂടെ പേരെടുത്ത അസ്ത്രവിദഗ്ധരായ ദേശീയവീരന്‍മാരാണ്. ഇന്ന് ഒരു കായികവിനോദമെന്ന നിലയില്‍ അസ്ത്രവിദ്യയ്ക്കു നല്ല പ്രചാരമുണ്ട്.

ഇംഗ്ലണ്ടിലെ അസ്ത്രാഭ്യാസമത്സരങ്ങളില്‍ ഏറ്റവും മുഖ്യമായത് ലക്ഷ്യവേധം (Target Shooting) ആണ്. ഒരു നിര്‍ദിഷ്ടദൂരത്തിലുള്ള ലക്ഷ്യത്തില്‍ നിര്‍ദിഷ്ടസംഖ്യയിലുള്ള അസ്ത്രങ്ങള്‍ എയ്തുകൊള്ളിക്കുക എന്നതാണ് ഇതിന്റെ തത്ത്വം. ഇതിന് ഒരു 'റൗണ്ട്' (Round) എന്നു പറയുന്നു. യോര്‍ക്കിലെ മത്സരത്തില്‍ 100 വാര അകലെയുള്ള ലക്ഷ്യത്തില്‍ 6 ഡസനും, 60 വാര അകലെ 2 ഡസനും അമ്പുകള്‍ വീതം എയ്ത് ലക്ഷ്യത്തില്‍ തറപ്പിക്കുമ്പോള്‍ ഒരു 'റൗണ്ട്' ആകും. ഹെറിഫോര്‍ഡ്റൗണ്ടില്‍ സ്ത്രീകളും പങ്കെടുക്കാറുണ്ട്. അമ്പുകൊള്ളേണ്ട ലക്ഷ്യങ്ങള്‍ യഥാസ്ഥാനം അടയാളപ്പെടുത്തി സ്ഥാപിച്ചിരിക്കും. അമ്പെയ്തുവിടുന്ന ദൂരത്തെ അടിസ്ഥാനമാക്കിയുള്ള മത്സരങ്ങളും പ്രചാരത്തിലുണ്ട്.

മൃഗങ്ങളെ അമ്പെയ്തു വേട്ടയാടുന്ന മത്സരങ്ങളും ചിലേടത്ത് നടപ്പിലിരിക്കുന്നു. മാന്‍, മുയല്‍ മുതലായവയാണ് ഇവയ്ക്ക് ലക്ഷ്യമാകാറുള്ളതെങ്കിലും സിംഹം, കരടി, കാട്ടുപോത്ത്, വന്‍മത്സ്യം തുടങ്ങിയവയെ പിടിക്കുന്ന മൃഗയാവിനോദങ്ങളും മത്സരരൂപത്തില്‍ നടത്താറുണ്ട്.

അസ്ത്രവിദ്യയെക്കുറിച്ച് ഇംഗ്ലണ്ടിലുണ്ടായ ആദ്യത്തെ പ്രാമാണികഗ്രന്ഥം ആഷ്ചാം എന്ന ട്യൂഡര്‍ എഴുത്തുകാരന്റെ ടോക്സോഫിലസ് (Toxophilus (1545)) ആണ്. ഇംഗ്ലണ്ടിലും അമേരിക്കന്‍ ഐക്യനാടുകളിലുമുള്ള അസ്ത്രശിക്ഷണകേന്ദ്രങ്ങളിലും മത്സരങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. 1990-ല്‍ പാരിസില്‍ നടന്ന ഒളിമ്പിക്സിലാണ് അസ്ത്രവിദ്യ ആദ്യമായി ഉള്‍​പ്പെടുത്തിയത്. പിന്നീട് ഉപേക്ഷിച്ചെങ്കിലും മത്സരനിയമങ്ങള്‍ പൊതുവില്‍ അംഗീകരിക്കപ്പെട്ടതോടെ 1972-ല്‍ മ്യൂണിച്ചില്‍ നടന്ന ഒളിമ്പിക്സില്‍ അസ്ത്രവിദ്യ വീണ്ടും അരങ്ങേറി. 1988-ല്‍ ടീം മത്സരങ്ങളും ഉള്‍​പ്പെടുത്തി. നോ: ആയുധങ്ങള്‍; മനുസ്മൃതി; യുദ്ധം; ഒളിമ്പിക്സ്

(വി.ആര്‍. പരമേശ്വരന്‍പിള്ള; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍