This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസ്തൂരിയാസ്, മിഗ്വേല്‍ ആഞ്ജല്‍ (1899 - 1974)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അസ്തൂരിയാസ്, മിഗ്വേല്‍ ആഞ്ജല്‍ (1899 - 1974)

Asturias,Miguel Angel

ഗ്വാട്ടിമാലന്‍ (സ്പാനിഷ്) കവിയും നോവലിസ്റ്റും; നോബല്‍ സമ്മാന ജേതാവ്. 1899 ഒ. 19-ന് ഗ്വാട്ടിമാല നഗരത്തില്‍ ഏണസ്ത് അസ്തൂരിയാസിന്റെയും മേറിയായുടെയും പുത്രനായി ജനിച്ചു. 1923-ല്‍ നാഷണല്‍ സര്‍വകാലശാലയില്‍ നിന്നു നിയമത്തില്‍ ഡോക്ടറേറ്റ് നേടി. ഇദ്ദേഹത്തിനു രാഷ്ട്രീയകാരണങ്ങളാല്‍ പല പ്രാവശ്യം സ്വന്തം നാടുവിട്ടു വിദേശരാജ്യങ്ങളില്‍ കഴിയേണ്ടിവന്നു. 1933-ല്‍ നാഷണല്‍ കോണ്‍ഗ്രസ്സിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. പില്ക്കാലത്തു നയതന്ത്രജ്ഞന്‍ എന്ന നിലയില്‍ ഗ്വാട്ടിമാലയെ വിവിധരാജ്യങ്ങളില്‍ പ്രതിനിധാനം ചെയ്തു. അര്‍ജന്റീനക്കാരിയായ ബ്ലാങ്കമോറ അറാവുഹോ ആയിരുന്നു ഇദ്ദേഹത്തിന്റെ പത്നി.

1918-നും 48-നും ഇടയ്ക്കു അസ്തൂരിയാസ് രചിച്ച കവിതകള്‍ പള്‍സ് ഒഫ് ദ് സ്കൈലാര്‍ക് (1948) എന്ന ശീര്‍ഷകത്തില്‍ സമാഹരിച്ചിട്ടുണ്ട്. മായന്‍ പണ്ഡിതനായ ജോര്‍ജെസ് റെയ്നോഡിന്റെ പോപ്പുല്‍ വുഹ് (മായന്‍ ബൈബിള്‍) സ്പാനിഷിലേക്കു വിവര്‍ത്തനം ചെയ്യുന്നതിനുവേണ്ടി നടത്തിയ പഠനങ്ങള്‍ അസ്തൂരിയാസിന്റെ സര്‍ഗാത്മകതയ്ക്കു ശക്തി പകര്‍ന്നു. ഗ്വാട്ടിമാലന്‍ ഐതിഹ്യങ്ങളുടെ പുനരാഖ്യാനമായ ലെയെന്‍ദാസ് ദെ ഗ്വാട്ടിമാലയില്‍ (1930) ഈ സ്വാധീനം പ്രകടമാകുന്നുണ്ട്.

അസ്തൂരിയാസിന്റെ പ്രസിദ്ധമായ നോവല്‍ എല്‍ സെനോര്‍ പ്രസിഡെന്റ് 1946-ല്‍ പ്രസിദ്ധീകരിച്ചു (മിസ്റ്റര്‍ പ്രസിഡെന്റ് എന്ന ശീര്‍ഷകത്തില്‍ ഇതിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം ലഭ്യമാണ്). സ്വേച്ഛാഭരണത്തെ നിശിതമായി വിമര്‍ശിക്കുന്ന പ്രസ്തുത കൃതിയിലെ മുഖ്യകഥാപാത്രത്തെ ആവിഷ്കരിച്ചിരിക്കുന്നത് എസ്ട്രേ ദ കബ്രേറയെ ആധാരമാക്കിയാണ്. 1920-കളില്‍ പൂര്‍ത്തീകരിച്ചതാണെങ്കിലും ജോര്‍ജ് യുബീക്കോയുടെ സ്വേച്ഛാഭരണകൂടം നിലവിലിരുന്നതുകൊണ്ട് 1946-ല്‍ മാത്രമേ ഇതു പ്രസിദ്ധീകരിക്കാന്‍ സാധിച്ചുള്ളൂ. ഹോംബ്രസ് ദെ മെയിസ് (1949) വ്യവസായവത്കരണം, വെള്ളക്കാരുമായുള്ള സഹവാസം തുടങ്ങിയവ എങ്ങനെ അമേരിക്കന്‍ ഇന്ത്യക്കാരുടെ ജീവിതത്തെ ബാധിച്ചിരിക്കുന്നു എന്നു വരച്ചുകാട്ടുകയാണ്. 1949-ല്‍ ഗ്വാട്ടിമാലയില്‍ ഏതാനും നേന്ത്രവാഴകൃഷിത്തോട്ടങ്ങള്‍ സന്ദര്‍ശിച്ചതിനെത്തുടര്‍ന്നെഴുതിയ വിയെന്റ് ഫുയേര്‍റ്റ് (1950), എല്‍ പപ്പാ വേര്‍ഡ് (1954), ലോസ് ഒജോസ് ദെ ലോസ് എന്റെറാദോസ് (1955) എന്നീ നോവലുകള്‍ പ്രശസ്തമാണ്. വിയെന്റ് ഫുയേര്‍റ്റ്, ദ് സൈക്ലോണ്‍ എന്ന പേരില്‍ ഡി. ഫ്ലാക്കോളും സി അലേഗ്രിയയും കൂടി ഇംഗ്ലീഷിലേക്കു ഭാഷാന്തരം ചെയ്തിട്ടുണ്ട്. മാജിക്കല്‍ റിയലിസ്റ്റിക് വിഭാഗത്തില്‍​പ്പെടുന്ന മുലാറ്റ ദെ റ്റാല്‍ (ദ് മുലാറ്റോ ആന്‍ഡ് ദ് ഫ്ലെ- 1960) എന്ന നോവലും പ്രശസ്തമാണ്. ലെനിന്‍ പീസ് പ്രൈസ് (1966), വില്യം ഫോക്നര്‍ ലാറ്റിനമേരിക്കന്‍ അവാര്‍ഡ് എന്നിങ്ങനെ അതുവരെ ലഭിച്ച അനേകം ബഹുമതികള്‍ക്കു മകുടം ചാര്‍ത്താനെന്നോണം 1967-ല്‍ തന്റെ ജന്മനാളില്‍ നോബല്‍ പുരസ്കാരവും ഇദ്ദേഹത്തെ തേടിയെത്തി. 1974 ജൂണ്‍ 9-ന് സ്പെയിന്‍ സന്ദര്‍ശനവേളയില്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍