This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസ്ഗര്‍ (1884 - 1968)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അസ്ഗര്‍ (1884 - 1968)

Asghar


ഉര്‍ദുകവി. പൂര്‍ണനാമം അസ്ഗര്‍ ഗോണ്‍ഡ്വി. 1884-ല്‍ ലഖ്നൗവില്‍ ജനിച്ചു. സമീപത്തുള്ള സ്കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി, പിന്നീട് വീട്ടിലിരുന്നു പഠിച്ച് ഉര്‍ദുവിലും പേര്‍ഷ്യനിലും അറബിയിലും ഉയര്‍ന്ന ജ്ഞാനം സമ്പാദിച്ചു. ഇംഗ്ളീഷിലും ഇദ്ദേഹത്തിനു സാമാന്യജ്ഞാനമുണ്ടായിരുന്നു.

അസ്ഗറിന് ഉര്‍ദുപണ്ഡിതനായിരുന്ന മുന്‍ഷി ഖലീല്‍ അഹമ്മദ് വസ്ദ് ബില്‍ഗ്രാമിയുമായി അടുത്ത സമ്പര്‍ക്കമുണ്ടായിരുന്നു. തന്മൂലം കവിതാരചനയുടെ ഓരോ ഘട്ടത്തിലും ബില്‍ഗ്രാമിയുടെ ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നു. കവിതകള്‍ കൂടുതല്‍ ലക്ഷണയുക്തവും രൂപഭദ്രവുമാകുന്നതിന് ഇവ സഹായകമായി.

ധാര്‍മികമൂല്യങ്ങളുടെ സുസ്ഥിരതയ്ക്കുവേണ്ടിയുള്ള ആഹ്വാനം അസ്ഗറിന്റെ കവിതകളില്‍ മുഴങ്ങിക്കേള്‍ക്കാം. പ്രതീകാത്മകവും രഹസ്യവാദപരവുമായ നിരവധി കവിതകള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്.

പേര്‍ഷ്യന്‍ സൂഫിസത്തിന്റെ ശക്തമായ സ്വാധീനം അസ്ഗറിന്റെ കവിതകളില്‍ കാണാവുന്നതാണ്. സാമുദായികദോഷങ്ങളെ കളിയാക്കിക്കൊണ്ടുള്ള നിരവധി ഹാസ്യാത്മക കവിതകളും ഈ കവി എഴുതിയിട്ടുണ്ട്. ഉര്‍ദുവിലെ 'ഗസല്‍' രചനാസമ്പ്രദായത്തില്‍ പല പുതുമകളും വരുത്തിയ ഇദ്ദേഹത്തിന് പ്രസാദസുഭഗമായ ഒരു ശൈലീസമ്പത്ത് സ്വായത്തമായിരുന്നു. ഇദ്ദേഹത്തിന്റെ കവിതകള്‍ സമാഹരിച്ചു നിശാതേ റൂഹ് എന്ന പേരില്‍ ലഖ്നൗവിലെ ഹിന്ദുസ്ഥാനി അക്കാദമി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഉര്‍ദു സാഹിത്യത്തിലെ ഒരു ഒന്നാംകിട 'ഗസല്‍' രചയിതാവ്, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ വിഖ്യാതനായ അസ്ഗര്‍ 1968-ല്‍ അന്തരിച്ചു.

(കെ.പി. സിംഗ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍