This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസ്ഗര്‍ അലി എഞ്ചിനീയര്‍ (1940 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അസ്ഗര്‍ അലി എഞ്ചിനീയര്‍ (1940 - )

Asgar Ali Engineer


പ്രമുഖ ഇസ്ലാമിക പണ്ഡിതനും ഗ്രന്ഥകര്‍ത്താവും. 1940 മാ. 10-ന് ദാവൂദീ ബോറ സമുദായത്തിലെ പുരോഹിത കുടുംബത്തില്‍ ജനിച്ചു. പിതാവ് ശൈഖ് ഖുര്‍ബാന്‍ ഹുസൈന്‍. തഫ്സീര്‍, ഹദീസ്, കര്‍മശാസ്ത്രം എന്നിവയില്‍ അവഗാഹം നേടിയ ഇദ്ദേഹം സിവില്‍ എഞ്ചിനീയര്‍ ബിരുദധാരി കൂടിയാണ്. കൂടാതെ, പാശ്ചാത്യ ദര്‍ശനങ്ങളിലും മാര്‍ക്സിയന്‍ ചിന്തകളിലും ഇദ്ദേഹത്തിന് പരിജ്ഞാനവുമുണ്ട്. മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ കുറേക്കാലം എഞ്ചിനീയറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇസ്ലാമിക് സ്റ്റഡീസിന്റെ സ്ഥാപകനും നിലവിലെ ഡയറക്ടറുമാണ്. ഇദ്ദേഹം സ്വസമുദായത്തിലെ പൗരോഹിത്യാധിപത്യത്തിനും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ നിലയുറപ്പിച്ച ഇദ്ദേഹത്തിന് യാഥാസ്ഥിതിക മതപുരോഹിതന്മാരില്‍ നിന്നും രൂക്ഷമായ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. സാമുദായിക സൗഹാര്‍ദത്തിന് വേണ്ടിയും ഇദ്ദേഹം സജീവമായി പ്രവര്‍ത്തിക്കുന്നു.

35-ഓളം ഗ്രന്ഥങ്ങള്‍ എഞ്ചിനീയര്‍ രചിച്ചിട്ടുണ്ട്. അവയിലേറെയും ഇസ്ലാമിനെയും ഇന്ത്യന്‍ മുസ്ലിംങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്നവയാണ്. ദി ഇസ്ലാമിക് സ്റ്റേറ്റ്, ദി ഒറിജിന്‍ ആന്‍ഡ് ഡെവലപ്മെന്റ് ഒഫ് ഇസ്ലാം, ദ് ഷബാനു കണ്‍ട്രിവേഴ്സി എന്നിവ ഇവയില്‍ പ്രധാനപ്പെട്ടവയാണ്. ഇന്ത്യയിലെ വര്‍ഗീയ കലാപങ്ങളെക്കുറിച്ചുള്ള ആധികാരിക പഠനഗ്രന്ഥങ്ങളിലൊന്നായ കമ്യൂണല്‍ റയട്ട്സ് ഇന്‍ പോസ്റ്റ് ഇന്‍ഡിപെന്‍ഡന്‍സ് ഇന്ത്യ എന്ന കൃതിയുടെ എഡിറ്റര്‍ ഇദ്ദേഹമായിരുന്നു. ഒരു ഇന്ത്യന്‍ മുസ്ലിമിന്റെ സ്വതന്ത്ര ചിന്തകള്‍ എന്ന പേരില്‍ ഇദ്ദേഹത്തിന്റെ ഏതാനും ലേഖനങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിക്കുകയുണ്ടായി.

ഇസ്ലാമിന്റെ പ്രസക്തി, ഇസ്ലാമും മതനിരപേക്ഷതയും, ഇസ്ലാമും വര്‍ത്തമാന കാലവും തുടങ്ങിയ ഇദ്ദേഹത്തിന്റെ ഏതാനും കൃതികളും മലയാളത്തില്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൊല്‍ക്കത്താ യൂണിവേഴ്സിറ്റി ഡി.ലിറ്റ് (1993) നല്‍കി അസ്ഗര്‍ അലി എഞ്ചിനീയറെ ആദരിക്കുകയുണ്ടായി. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എം.എസ്.എസ്സിന്റെ (മുസ്ലിം സര്‍വീസ് സൊസൈറ്റി) സി.എന്‍. അഹമ്മദ് മൌലവി എന്‍ഡോവ്മെന്റ് കമ്മിറ്റി മതേതര പ്രവര്‍ത്തകരെ ആദരിക്കുന്നതിനുവേണ്ടി നല്‍കുന്ന അവാര്‍ഡിന് 2004-ല്‍ ഇദ്ദേഹം അര്‍ഹനായി.

ബഹുഭാഷാ പണ്ഡിതന്‍ കൂടിയായ അസ്ഗര്‍ അലി എഞ്ചിനീയര്‍ അമേരിക്ക, കാനഡ, ബ്രിട്ടണ്‍, ജര്‍മനി, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലന്‍ഡ്, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, പാകിസ്താന്‍, ഈജിപ്ത്, ജോര്‍ദാന്‍, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍