This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസോസിയേഷന്‍ മെമൊറാണ്ടം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അസോസിയേഷന്‍ മെമൊറാണ്ടം

Memorandum of Association

കമ്പനിയുടെ ഏറ്റവും പ്രധാനനിയമാവലി. മെമൊറാണ്ടം കമ്പനിയുടെ അധികാരങ്ങളെയും ഉദ്ദേശ്യങ്ങളെയും നിര്‍വചിക്കുന്നു. അതിന്റെ പരിധി വിട്ട് ഒരു കമ്പനിക്കും പ്രവര്‍ത്തിക്കാന്‍ അധികാരമില്ല. മെമൊറാണ്ടമില്ലാതെ ഒരു കമ്പനിയും നിലവില്‍ വരാന്‍ സാധ്യവുമല്ല. ഇന്ത്യന്‍ കമ്പനി നിയമത്തില്‍ 12 മുതല്‍ 25 വരെ വകുപ്പുകളില്‍ അസോസിയേഷന്‍ മെമൊറാണ്ടത്തെപ്പറ്റി പ്രതിപാദിക്കുന്നു.

പബ്ലിക്ക് കമ്പനിയാണെങ്കില്‍ ചുരുങ്ങിയത് ഏഴുപേരും പ്രൈവറ്റ് കമ്പനിയാണെങ്കില്‍ ചുരുങ്ങിയത് രണ്ടുപേരും മെമൊറാണ്ടത്തില്‍ പേരും തൊഴിലും കാണിച്ച് ഒപ്പിട്ടിട്ടുണ്ടായിരിക്കണം. ഓരോരുത്തരും എത്ര ഓഹരികള്‍ എടുത്തിട്ടുണ്ടെന്ന് പേരിന് നേരെ കാണിച്ചിരിക്കണം. (ചുരുങ്ങിയത് ഒരു ഓഹരിയെങ്കിലും ഓരോരുത്തരും എടുക്കാന്‍ സമ്മതിച്ചിട്ടുണ്ടായിരിക്കണം). ഓരോ ഒപ്പും ശരിയാണെന്നു സാക്ഷ്യപ്പെടുത്തേണ്ടതാണ്.

അവശ്യഘടകങ്ങള്‍. മെമൊറാണ്ടം ഖണ്ഡികകളായി തിരിച്ച് ക്രമനമ്പര്‍ ചേര്‍ത്ത് അച്ചടിക്കണം. ഇന്നിന്ന കാര്യങ്ങളേ അതില്‍ കാണിക്കാവൂ എന്ന് കമ്പനിനിയമം അനുശാസിക്കുന്നില്ല. എന്നാല്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ചേര്‍ത്തിരിക്കണമെന്ന് നിര്‍ബന്ധമാണ്.

1. 'പബ്ലിക്ക് ലിമിറ്റഡ്' കമ്പനിയാണെങ്കില്‍ 'ലിമിറ്റഡ്' എന്നും 'പ്രൈവറ്റ് ലിമിറ്റഡ്' കമ്പനിയാണെങ്കില്‍ 'പ്രൈവറ്റ് ലിമിറ്റഡ്' എന്നും കമ്പനിയുടെ പേരിന്റെ അവസാനം ചേര്‍ത്തിരിക്കണം.

2. പൂര്‍ണ മേല്‍വിലാസം രജിസ്ട്രേഷന്‍ തീയതിക്കുശേഷം 28 ദിവസങ്ങള്‍ക്കുളളില്‍ രജിസ്ട്രാറെ അറിയിക്കണം. കമ്പനി ഏതു കോടതിയുടെയും ഏതു രജിസ്ട്രാറുടെയും അധികാരപരിധിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നു കാണിക്കുകയാണ് ഈ വകുപ്പിന്റെ ഉദ്ദേശ്യം. കച്ചവടസ്ഥാപനങ്ങളല്ലെങ്കില്‍ ഏതെല്ലാം സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും കാണിച്ചിരിക്കണം;

3. കമ്പനിയുടെ ഉദ്ദേശ്യങ്ങളും അവയ്ക്കു സഹായകമായ മറ്റു ലക്ഷ്യങ്ങളും, കൂടാതെ 'വേറെ ഉദ്ദേശ്യങ്ങളു'ണ്ടെങ്കില്‍ അവയും മെമൊറാണ്ടത്തില്‍ കാണിച്ചിരിക്കണം. വളരെ ശ്രദ്ധിച്ചു തയ്യാറാക്കേണ്ട ഒന്നാണ് ഈ ഖണ്ഡിക. മെമൊറാണ്ടത്തില്‍ സൂചിപ്പിക്കാത്ത കാര്യങ്ങള്‍ ചെയ്യാന്‍ കമ്പനിക്കധികാരമില്ല: അങ്ങനെ ചെയ്താല്‍ അവ നിയമാനുസൃതമായിരിക്കുകയുമില്ല;

4. അംഗങ്ങളുടെ ബാധ്യത ക്ളിപ്തപ്പെട്ടതാണെന്നു കാണിച്ചിരിക്കണം. 'ഗാരണ്ടി ലിമിറ്റഡ്' ആണെങ്കില്‍ വാഗ്ദത്തസംഖ്യയും അതായത്, ഓഹരിവിലയില്‍ കവിഞ്ഞ് ഓരോ ഓഹരിയിന്മേലും എത്ര സംഖ്യ കൊടുക്കാന്‍ തയ്യാറാണെന്ന്, വ്യക്തമാക്കിയിരിക്കണം:

5. 'അണ്‍ലിമിറ്റഡ്' അല്ലാത്ത കമ്പനികള്‍ക്ക് അധികൃതമൂലധനം എത്രയാണെന്നും ആകെ എത്ര ഓഹരികളുണ്ടെന്നും ഓരോന്നിന്റെയും മുഖവില എന്താണെന്നും കാണിക്കണം;

6. ഏറ്റവും അവസാനം കൊടുക്കുന്നത് അസോസിയേഷന്‍ വകുപ്പാണ്. ഒപ്പുകളുടെ നേരെ മുകളില്‍ ഏതാണ്ടിപ്രകാരം രേഖപ്പെടുത്തിയിരിക്കും. 'താഴെ ഒപ്പിട്ടിട്ടുള്ള ഞങ്ങള്‍ ഈ മെമൊറാണ്ടത്തിനനുസൃതമായി ഒരു കമ്പനി രൂപവത്കരിക്കാന്‍ ആഗ്രഹിക്കുകയും ഓരോ പേരിനും നേരെ കാണിച്ചിട്ടുള്ള ഓഹരികള്‍ യഥാക്രമം എടുക്കുവാന്‍ സമ്മതിക്കുകയും ചെയ്യുന്നു.'

മുകളില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ക്കു പുറമേ എന്തെങ്കിലും വസ്തുതകള്‍ വേണമെങ്കില്‍ മെമൊറാണ്ടത്തില്‍ ഉള്‍ക്കൊള്ളിക്കാം. സാധാരണ അവയെല്ലാം 'ആര്‍ട്ടിക്കിള്‍സ് ഒഫ് അസോസിയേഷനി'ല്‍ ചേര്‍ക്കുകയാണ് പതിവ്.

മെമൊറാണ്ടത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനും കമ്പനി നിയമത്തില്‍ വകുപ്പുകളുണ്ട്. കമ്പനിയുടെ പേരിന് മാറ്റം വരുത്തണമെങ്കില്‍ പ്രത്യേക പ്രമേയം പാസ്സാക്കി കേന്ദ്രഗവണ്‍മെന്റിന്റെ അനുമതി നേടണം. രജിസ്റ്റര്‍ ചെയ്തിട്ടുള്ള മറ്റേതെങ്കിലും പേരോ, വേറെ ഏതെങ്കിലും കമ്പനിയായി തെറ്റിദ്ധരിക്കത്തക്ക പേരോ സ്വീകാര്യമല്ല.

ഉദ്ദേശ്യങ്ങള്‍. പ്രധാനപ്പെട്ട ഉദ്ദേശ്യങ്ങള്‍ സഹായക ഉദ്ദേശ്യങ്ങളില്‍നിന്നും മറ്റുദ്ദേശ്യങ്ങളില്‍നിന്നും വേര്‍തിരിച്ചു കാണിക്കണം. ഉദ്ദേശ്യങ്ങളില്‍ മാറ്റം വരുത്തുന്നതിനും രജിസ്റ്റേര്‍ഡ് ആഫീസ് മറ്റൊരു സംസ്ഥാനത്തേക്കു മാറ്റുന്നതിനും പ്രത്യേക പ്രമേയം പാസ്സാക്കി കോടതിയുടെ സമ്മതം വാങ്ങിയിരിക്കണം. കൂടുതല്‍ ലാഭകരമായോ, കാര്യക്ഷമതയോടുകൂടിയോ നടത്താന്‍ വേണ്ടി മാത്രമേ കമ്പനിയുടെ ഉദ്ദേശ്യങ്ങളില്‍ മാറ്റം വരുത്താവൂ. പ്രവര്‍ത്തനരീതി പരിഷ്കരിക്കുക പ്രവര്‍ത്തനമണ്ഡലം വികസിപ്പിക്കുക, നിലവിലുള്ള പ്രവര്‍ത്തനത്തോടു യോജിപ്പുള്ള മറ്റു പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുക, നിലവിലുള്ള ഉദ്ദേശ്യങ്ങള്‍ നിരാകരിക്കുക അല്ലെങ്കില്‍ ചുരുക്കുക, കമ്പനി മൊത്തത്തിലോ ഭാഗികമായോ വില്ക്കുക, മറ്റു കമ്പനികളുമായി സംയോജിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കുവേണ്ടിയും മെമൊറാണ്ടത്തില്‍ മാറ്റങ്ങള്‍ വരുത്താം.

സാധാരണമായി പുതിയ ഉദ്ദേശ്യങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ പാടില്ല. അതിനു കമ്പനിയുടെ ഉത്തമര്‍ണന്‍മാര്‍ക്ക് വിരോധമില്ലെങ്കിലേ മെമൊറാണ്ടത്തില്‍ മാറ്റം വരുത്താന്‍ കോടതി സമ്മതം നല്കുകയുള്ളു. രജിസ്റ്റേര്‍ഡ് ആഫീസ് ഒരു സംസ്ഥാനത്തിനകത്ത് മറ്റൊരു പട്ടണത്തിലേക്കു മാറ്റുന്നതിന് കോടതിയുടെ സമ്മതം ആവശ്യമില്ല.

രജിസ്റ്റേര്‍ഡ് ആഫീസിന്റെ സ്ഥാനവും അതില്‍വരുന്ന മാറ്റങ്ങളും കമ്പനി തുടങ്ങുന്ന തീയതി മുതലോ അല്ലെങ്കില്‍ മാറ്റം വരുത്തുന്ന തീയതി മുതലോ 30 ദിവസത്തിനകം രജിസ്ട്രാറെ അറിയിച്ചിരിക്കണം.

മൂലധനം. ഓഹരി മൂലധനം വര്‍ധിപ്പിക്കുകയോ വില്ക്കപ്പെടാത്ത ഓഹരികള്‍ റദ്ദാക്കുകയോ ചെയ്യുന്നതിനു കോടതിയുടെ അനുവാദം ആവശ്യമില്ല. എന്നാല്‍ മൂലധനത്തില്‍ വരുത്തുന്ന മറ്റു വ്യതിയാനങ്ങള്‍ക്കും പുനഃസംഘടനകള്‍ക്കും കുറവുകള്‍ക്കും കോടതിയുടെ അനുവാദം ആവശ്യമാണ്. മൂലധനത്തില്‍ കുറവു വരുത്തിയാല്‍ പേരിന്റെ കൂടെ 'and reduced' എന്ന് ഒരു നിശ്ചിതകാലത്തേക്ക് ഉപയോഗിക്കണമെന്നു നിര്‍ബന്ധിക്കുവാന്‍ കോടതിക്ക് അധികാരമുണ്ടായിരിക്കും. കമ്പനിയുടെ ഉത്തമര്‍ണന്‍മാരുടെ താത്പര്യങ്ങള്‍ക്കു ഹാനി തട്ടാത്ത രൂപത്തിലേ കോടതി അനുവാദം കൊടുക്കുകയുള്ളു.

ക്ലിപ്ത ബാധ്യത. അംഗങ്ങളുടെ ബാധ്യതക്കുള്ള 'ക്ലിപ്തത' ഇല്ലാതാക്കത്തക്ക രൂപത്തില്‍ ഈ വകുപ്പ് ഒരിക്കലും മാറ്റാന്‍ സാധ്യമല്ല. അവരുടെ സമ്മതം കൂടാതെ നിലവിലുള്ള ബാധ്യത വര്‍ധിപ്പിച്ചാല്‍ അതു സാധുവായിരിക്കുകയില്ല. എന്നിരുന്നാലും ഡയറക്ടര്‍മാരുടെ പൊതുവായോ, ഏതെങ്കിലും ഒരാളുടെ പ്രത്യേകമായോ ഉള്ള ബാധ്യത ക്ളിപ്തപ്പെടുത്താതെ മെമൊറാണ്ടത്തില്‍ വ്യവസ്ഥ ചെയ്യാവുന്നതാണ്. പക്ഷേ, ഡയറക്ടര്‍മാരെ തെരഞ്ഞെടുക്കുമ്പോള്‍ അവര്‍ക്ക് ഈ വസ്തുത അറിവുണ്ടായിരിക്കണം.

കമ്പനി നിയമമനുസരിച്ച് ചേര്‍ത്തിരിക്കേണ്ടവയില്‍ കവിഞ്ഞ് എന്തെങ്കിലും പ്രത്യേക വസ്തുതകള്‍ മെമൊറാണ്ടത്തില്‍ പ്രതിപാദിച്ചിട്ടുണ്ടെങ്കില്‍ അവയെ ആര്‍ട്ടിക്കിള്‍സിലെപ്പോലെ പരിഗണിച്ച് തദനുരൂപമായി മാറ്റങ്ങള്‍ വരുത്താവുന്നതാണ്. നോ: ആര്‍ട്ടിക്കിള്‍സ് ഒഫ് അസോസിയേഷന്‍; കമ്പനി നിയമം

(എം.കെ. കൃഷ്ണന്‍കുട്ടി മേനോന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍