This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസോസിയേറ്റഡ് പ്രസ് ഒഫ് ഇന്ത്യ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അസോസിയേറ്റഡ് പ്രസ് ഒഫ് ഇന്ത്യ

Associated Press of India

കൊല്‍ക്കത്തയില്‍ 1910-ല്‍ സ്ഥാപിതമായ വാര്‍ത്താ ഏജന്‍സി. പ്രസിദ്ധ പത്രപ്രവര്‍ത്തകനായിരുന്ന കെ.സി. റോയി ആണ് ഈ വാര്‍ത്താ ഏജന്‍സിക്കു രൂപം നല്കിയത്. ഈ നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളില്‍ ഇന്ത്യന്‍ പത്രങ്ങള്‍ വാര്‍ത്തകള്‍ക്കുവേണ്ടി വിദേശീയ ഏജന്‍സികളെയാണ് മുഖ്യമായും ആശ്രയിച്ചിരുന്നത്. ഒരു ഭാരതീയ വാര്‍ത്താ ഏജന്‍സിയുടെ ആവശ്യം പലര്‍ക്കും ബോധ്യപ്പെട്ടു. എന്നാല്‍ കെ.സി. റോയി മാത്രമാണ് ഇതിനു മുന്നിട്ടിറങ്ങിയത്. യു.എസ്സിലെ അസോസിയേറ്റഡ് പ്രസ്സിന്റെയും ബ്രിട്ടനിലെ റായിട്ടറുടെയും ചുവടുപിടിച്ച് അദ്ദേഹം 1910-ല്‍ കൊല്‍ക്കത്തയില്‍ സ്ഥാപിച്ച ഇന്ത്യന്‍ വാര്‍ത്താ ഏജന്‍സിയാണ് അസോസിയേറ്റഡ് പ്രസ് ഒഫ് ഇന്ത്യ (എ.പി.ഐ).

വാര്‍ത്താവിനിമയസമ്പ്രദായം അപര്യാപ്തമായിരുന്ന അക്കാലത്ത് അസോസിയേറ്റഡ് പ്രസ്സിന്റെ രംഗപ്രവേശം ഇന്ത്യന്‍ പത്രങ്ങള്‍ക്ക് വലിയ അനുഗ്രഹമായിത്തീര്‍ന്നു. പ്രായേണ അവിദഗ്ധരായ ലേഖകന്‍മാരുടെ വിരസമായ കുറിപ്പുകളായിരുന്നു വാര്‍ത്തകള്‍ എന്ന പേരില്‍ അന്നു ലഭിച്ചിരുന്നത്. എ.പി.ഐ. ഈ നിലയ്ക്ക് ഗണ്യമായ മാറ്റം വരുത്തി; വാര്‍ത്തകള്‍ക്കു നിറം പിടിപ്പിക്കാതെ യഥാര്‍ഥ രൂപത്തില്‍ ചൂടോടെ പത്രങ്ങള്‍ക്ക് എത്തിച്ചുകൊടുത്തു.

വാര്‍ത്താ ഏജന്‍സിയുടെ സുഗമമായ പ്രവര്‍ത്തനത്തിനു സാമ്പത്തികക്ളേശം തടസ്സമായി വന്നു. അതിനും പുറമേ മാനേജ്മെന്റിലുണ്ടായ അഭിപ്രായവ്യത്യാസം സ്ഥാപകാംഗമായ റോയിയുടെ പിന്‍മാറ്റത്തില്‍ കലാശിച്ചു; റോയിതന്നെ പിന്നീട് രൂപം നല്കിയ 'ഇന്ത്യന്‍ ന്യൂസ് ബ്യൂറോ' യുടെ മത്സരത്തെ ഇതിനു നേരിടേണ്ടതായും വന്നു.

1931-ല്‍ അസോസിയേറ്റഡ് പ്രസ്, ഇന്ത്യന്‍ ന്യൂസ് ബ്യൂറോ, ഇന്ത്യന്‍ ന്യൂസ് ഏജന്‍സി എന്നിവ റോയിട്ടര്‍ വിലയ്ക്കെടുക്കുകയും 'ഈസ്റ്റേണ്‍ ന്യൂസ് ഏജന്‍സി' എന്ന പേരില്‍ ഒരു കമ്പനി രൂപവത്കരിക്കുകയും ചെയ്തു.

ഒരു ബ്രിട്ടീഷ് ഏജന്‍സിയുടെ കീഴില്‍ ആയിത്തീര്‍ന്ന അസോസിയേറ്റഡ് പ്രസ്സിന് അന്നത്തെ ഇന്ത്യയുടെ ആഭ്യന്തരസാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടുപോകാന്‍ കഴിഞ്ഞില്ല. ഇന്ത്യയിലുടനീളം അലയടിച്ചുയര്‍ന്ന ദേശീയ പ്രബുദ്ധതയോ സ്വാതന്ത്ര്യസമരങ്ങളോ സത്യസന്ധമായി പ്രതിഫലിപ്പിക്കാന്‍ ഈ ഏജന്‍സി ശ്രദ്ധിച്ചിരുന്നില്ല. എന്നിരുന്നാലും ഇന്ത്യയിലെ ആദ്യത്തെ ഒരു വാര്‍ത്താ ഏജന്‍സിയെന്ന നിലയില്‍ ഇതിനു പ്രാധാന്യമുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍