This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസെറ്റാബുലേറിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അസെറ്റാബുലേറിയ

Acetabularia

ഡേസിക്ലാഡേസി (Dasycladaceae) ശൈവാല (Algae) കുടുംബത്തില്‍പ്പെടുന്ന ഒരിനം ആല്‍ഗ. ശാഖകളായിപ്പിരിഞ്ഞു വളരുന്ന ഇവയുടെ വളര്‍ച്ച അവസാനിക്കുന്നത് കുടയുടെ രൂപത്തിലുള്ള മനോഹരമായ ഒരു ഘടനയിലാണ്. ഈ കുടയുടെ മുകള്‍ഭാഗം നീണ്ട കോശങ്ങളുടെ ഒരു ചുറ്റുകൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ഇതിനെ സ്പൊറാന്‍ജിയം (sporangium) എന്നു വിളിക്കുന്നു. ഇത്തരം ഓരോ സ്പൊറാന്‍ജിയത്തിനുള്ളിലും ദീര്‍ഘവൃത്താകൃതിയിലുള്ള അനവധി അചലസ്പോറുകള്‍ (aplanospores) ഉണ്ടായിരിക്കും. ഇവയ്ക്കുള്ളിലാണ് ദ്വിഫ്ളജെല്ലിതങ്ങളായ (diflagellate) സമയുഗ്മകങ്ങള്‍ (isogametes) ഉത്പാദിപ്പിക്കപ്പെടുന്നത്. ഇത്തരം സമയുഗ്മകങ്ങള്‍ പുറത്തുവന്നാല്‍ ഇവ ജോഡികളായി സംയോജിച്ച് (fuse) സൈഗോസ്പോറുകള്‍ (zygosppores) ഉണ്ടാകും. ഈ സൈഗോസ്പോറുകള്‍ അല്പസമയത്തെ നിശ്ചേഷ്ടാവസ്ഥയ്ക്കുശേഷം മുളച്ച് പുതിയൊരു സസ്യമായിത്തീരുന്നു.

അസെറ്റാബുലേറിയയുടെ വ്യത്യസ്ത സ്പീഷീസിന് വ്യത്യസ്താകൃതിയിലുള്ള 'തലക്കുടകള്‍' ഉണ്ടായിരിക്കുമെന്നതിനാല്‍ കോശത്തിനുള്ളിലെ കോശകേന്ദ്ര(nucleus)ത്തിന്റെ പ്രഭാവം തെളിയിക്കാന്‍വേണ്ടി നടത്തുന്ന ഗവേഷണങ്ങള്‍ക്കും ഇവ ഉപയോഗപ്പെടുത്താറുണ്ട്.

(ആര്‍. ഗോപിമണി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍