This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസെന്‍ഷന്‍ ദ്വീപ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അസെന്‍ഷന്‍ ദ്വീപ്

Ascension Island

തെക്കേ അത്‍ലാന്തിക്കിലെ ഒരു അഗ്നിപര്‍വതദ്വീപ്; തെക്കേ അമേരിക്ക, ആഫ്രിക്ക എന്നിവയില്‍ നിന്നും ഏതാണ്ടു തുല്യ അകലത്തില്‍, മധ്യ-അത്‍ലാന്തിക് ഭാഗത്താണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. വിസ്തീര്‍ണം: 91 ച.കി.മീ. ഏറിയ ഭാഗവും നിമ്നോന്നതമായ ശൂന്യപ്രദേശമാണ്. ഏറ്റവും ഉയര്‍ന്ന ഭാഗമായ ഗ്രീന്‍ പര്‍വതത്തിന് സമുദ്രനിരപ്പില്‍നിന്നും സു. 875 മീ. ഉയരമുണ്ട്. ഏതാണ്ടു കോണാകൃതിയില്‍ എഴുന്നുനില്ക്കുന്ന മൊട്ടക്കുന്നുകള്‍ ഇവിടെ ധാരാളം കാണാം. ബ്രിട്ടീഷ് കോളനിയായ സെന്റ് ഹെലീനയുടെ ഒരു സംരക്ഷിതപ്രദേശമാണ് ഈ ദ്വീപ്. തലസ്ഥാനം: ജോര്‍ജ് ടൗണ്‍; ഔദ്യോഗിക ഭാഷ: ഇംഗ്ലീഷ്.

ഉഷ്ണമേഖലാ-സമുദ്ര കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. തെ. കിഴക്കന്‍ വാണിജ്യവാതങ്ങളില്‍ നിന്നും സാമാന്യമായ മഴ ലഭിക്കുന്നു. ഉയര്‍ന്ന പ്രദേശങ്ങളില്‍ കൃഷിയും കാലിമേക്കലും അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്.

ഏതാണ്ട് ഒറ്റപ്പെട്ടുകിടക്കുന്ന ഈ ദ്വീപില്‍ പരിമിതമായ ജനവാസമേയുള്ളു. ജനസംഖ്യ: 1100(2007); ഉദ്ദേശം 1,200 കി.മീ. ദൂരെയുള്ള സെന്റ് ഹെലീന ദ്വീപില്‍ നിന്നും വന്നു പാര്‍ക്കുന്നവരാണ് ഏറിയ പേരും. ആധുനിക രീതിയിലുള്ള ഗോള്‍ഫ് മൈതാനങ്ങളും നീന്തല്‍ക്കുളങ്ങളും ഇവിടെ നിര്‍മിക്കപ്പെട്ടിട്ടുണ്ട്. സമുദ്രതീരം അടിയൊഴുക്കുകളും, സ്രാവിന്റെ ശല്യവും മൂലം സ്നാനഘട്ടങ്ങളാക്കാന്‍ പറ്റിയവയല്ല.

പോര്‍ച്ചുഗീസ് നാവികനായ ജോവാ ദെ നോവായാണ് ഈ ദ്വീപ് കണ്ടെത്തിയത് (1501). 'അസെന്‍ഷന്‍ ഡേ'യില്‍ കരയ്ക്കിറങ്ങിയതിനെ ആസ്പദമാക്കിയാണ് ദ്വീപിന് ഈ പേര് നല്കപ്പെട്ടത്. 200 വര്‍ഷങ്ങള്‍ക്കുശേഷം ബ്രിട്ടീഷ് പര്യവേക്ഷകനായ വില്യം ഡാംപിയറും സംഘവും കപ്പല്‍ച്ഛേദത്തെത്തുടര്‍ന്ന് ഈ ദ്വീപില്‍ രണ്ടു മാസത്തോളം തങ്ങി. നെപ്പോളിയനെ സെന്റ് ഫെലീനയിലേക്ക് നാടുകടത്തിയപ്പോള്‍ (1815) അസെന്‍ഷല്‍ ദ്വീപ് ഒരു ബ്രിട്ടീഷ് നാവികസങ്കേതമായിത്തീര്‍ന്നു.

ജന്തുശാസ്ത്രപരമായ പഠനങ്ങള്‍ക്കായി ചാള്‍സ് ഡാര്‍വിന്‍ ഇവിടെ താമസിച്ചിട്ടുണ്ട് (1831-36). ഈ ദ്വീപിനെ സംബന്ധിച്ച ധാരാളം വിവരങ്ങള്‍ അന്ന് അദ്ദേഹം ശേഖരിക്കുകയുണ്ടായി. അന്താരാഷ്ട്ര കേബിള്‍ ബന്ധത്തിലെ ഒരു സുപ്രധാന സ്റ്റേഷനാണ് അസെന്‍ഷന്‍ ദ്വീപ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍