This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസെന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അസെന്‍

Asen or Assen

രണ്ടാം ബള്‍ഗേറിയന്‍ സാമ്രാജ്യം ഭരിച്ച ആദ്യത്തെ രാജവംശത്തിന്റെ പേര്. മധ്യകാല ബള്‍ഗേറിയന്‍ ചരിത്രത്തിലെ ഏറ്റവും പ്രബലമായ ഈ വംശം സ്ഥാപിച്ചത് അസെന്‍ എന്നും പീറ്റര്‍ എന്നും പേരോടുകൂടിയ രണ്ടു സഹോദരന്‍മാരായിരുന്നു. ടര്‍ണോവില്‍നിന്നും വന്ന ഭൂവുടമകളായ ഇവര്‍ വ്ളാച്ചുകള്‍, ബള്‍ഗേറിയര്‍ എന്നിവരുമായി സഖ്യം ചെയ്തു. 1186-ല്‍ ബൈസാന്തിയന്‍ ചക്രവര്‍ത്തിയായ ഐസക്ക് II ആഞ്ചേലസുമായി അസെന്‍ സഹോദരന്മാര്‍ യുദ്ധം ചെയ്ത് ബൈസാന്തിയന്‍ ആധിപത്യത്തില്‍നിന്നും സ്വാതന്ത്ര്യം സമ്പാദിച്ചു. ടര്‍ണോവ് ആസ്ഥാനമാക്കി 'സാര്‍' എന്ന സ്ഥാനപ്പേരോടെ അസെന്‍ (ഇവാന്‍ അസെന്‍ക) ഭരണം ആരംഭിച്ചു; പ്രെസ്‍ലാവു കേന്ദ്രമാക്കി രാജ്യത്തിന്റെ പൂര്‍വഭാഗം പീറ്ററും ഭരിച്ചു. 1187 മുതല്‍ 1196 വരെ നീണ്ടുനിന്ന യുദ്ധത്തില്‍ ബൈസാന്തിയന്‍ സൈന്യത്തെ അസെന്‍ സഹോദരന്‍മാര്‍ നിശ്ശേഷം തോല്പിച്ചുവെങ്കിലും 1196-ല്‍ ആകസ്മികമായി ഇവാന്‍ അസെനെ ഒരു ബോയറായ (രാജകുമാരനെക്കാളും താഴ്ന്ന പദവിയുള്ള ആള്‍) ഇവാങ്കൊ വധിച്ച് അധികാരം പിടിച്ചെടുത്തു. എന്നാല്‍ അധികം താമസിയാതെ അയാളെ സ്ഥാനഭ്രഷ്ടനാക്കി പീറ്റര്‍ ചക്രവര്‍ത്തിയായി സ്ഥാനാരോഹണം നടത്തി. പക്ഷേ, പീറ്ററും 1197-ല്‍ ചില ബോയര്‍മാരാല്‍ വധിക്കപ്പെട്ടു. തുടര്‍ന്ന് അസെന്റെ ഇളയസഹോദരനായ കലോയന്‍ ചക്രവര്‍ത്തിയായി.

പ്രബലനായ ഭരണാധികാരിയായിരുന്നു കലോയന്‍. 1204 ന.-ല്‍ ഇനസെന്റ് III (മാര്‍പ്പാപ്പ) കലോയനെ രാജാവാക്കി വാഴിച്ചു. 1207-ല്‍ സലോണിക്ക ഉപരോധത്തിനുപോയ കലോയന്‍ അവിടെവച്ച് കൊല്ലപ്പെട്ടു. ഈ വധത്തിന്റെ പിന്നില്‍ കലോയന്റെ പത്നിയുടെയും അനന്തരവനായ ബോറിലിന്റെയും കൈകള്‍ പ്രവര്‍ത്തിച്ചിരുന്നതായി ആരോപിക്കപ്പെടുന്നു. ബോറില്‍ ചക്രവര്‍ത്തിയായപ്പോള്‍ അദ്ദേഹം കലോയന്റെ പത്നിയെ ആണ് വിവാഹം ചെയ്തത്. 1218-ല്‍ അസെന്‍ I-ന്റെ പുത്രനായ അസെന്‍ II ബോറിലിനെ ബഹിഷ്കരിച്ച് രാജാവായി. പ്രബലനായ ഒരു ഭരണാധികാരിയും സൈനിക തന്ത്രജ്ഞനുമായിരുന്നു ഇവാന്‍ അസെന്‍ II. അദ്ദേഹം ബോയര്‍മാരെ നിയന്ത്രിക്കുകയും രാജ്യത്ത് ക്രമസമാധാനം നിലനിര്‍ത്തുകയും ചെയ്തു. 1230-ല്‍ അസെന്‍ II ഇപ്പിറെസിലെ ഏകാധിപതി തിയഡോറിനെ തോല്പിച്ച് അല്‍ബേനിയ, സെര്‍ബിയ, മാസിഡോണിയ, ഇപ്പിറെസ് എന്നീ രാജ്യങ്ങളുടെ ചിലഭാഗങ്ങള്‍ സ്വരാജ്യത്തോടു ചേര്‍ത്തു.

കലോയന്‍ മാര്‍പ്പാപ്പ ഇനസെന്റ് III-മായുണ്ടാക്കിയ കരാറിനെ ഇവാന്‍ റദ്ദാക്കുകയും, ബള്‍ഗേറിയന്‍ സഭയെ റോമില്‍ നിന്നും സ്വതന്ത്രമാക്കുകയും ചെയ്തു. 1241-ല്‍ ഇവാന്‍ അസെന്‍ II അന്തരിച്ചു.

ഇവാന്‍ അസെന്‍ II-ന്റെ പുത്രന്‍മാരുടെ കാലത്ത് (കലിമന്‍ I, 1241-46; മൈക്കേല്‍ I, 1246-57) ത്രെയിസ്, മാസിഡോണിയ, അല്‍ബേനിയ എന്നിവയുടെ ഭൂരിഭാഗവും നൈസിയയിലെ ഗ്രീക്കുകാര്‍ കൈയടക്കി. ബോയര്‍മാരുടെ ഗൂഢതന്ത്രങ്ങള്‍ മൂലമാണ് ഇപ്രകാരം സംഭവിച്ചത്. അവരുടെ ശ്രമത്താല്‍ മൈക്കേല്‍ I വധിക്കപ്പെട്ടു. ആ വംശത്തില്‍പ്പെട്ട കലിമന്‍ II (1257) രാജാവായി സ്വയം പ്രഖ്യാപിച്ചെങ്കിലും മൂന്നു മാസത്തിനുള്ളില്‍ അദ്ദേഹവും വധിക്കപ്പെട്ടു. കലിമന്‍ I, മൈക്കേല്‍ എന്നിവരുടെ അനന്തരവനായ മിറ്റ്സ് 1262-ല്‍ അധികാരം പിടിച്ചെടുത്തെങ്കിലും ദീര്‍ഘകാലം ഭരിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിന് കോണ്‍സ്റ്റാന്റിനോപ്പിളില്‍ അഭയം പ്രാപിക്കേണ്ടിവന്നു. അദ്ദേഹത്തിന്റെ പുത്രനായ ഇവാന്‍ അസെന്‍ III 1279-ല്‍ രാജാവായി; നാട്ടിലുണ്ടായ കര്‍ഷകകലാപത്തെത്തുടര്‍ന്ന് അദ്ദേഹത്തിന് 1280-ല്‍ നാടുവിട്ടോടേണ്ടിവന്നു. അതോടെ അസെന്‍ വംശം നാമാവശേഷമായി. നോ: ബള്‍ഗേറിയ

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B8%E0%B5%86%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍