This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസുരന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അസുരന്‍

സുര(ദേവ)രല്ലാത്തവരെ സൂചിപ്പിക്കാന്‍ ഹൈന്ദവ പുരാണേ

തിഹാസങ്ങളില്‍ ഉപയോഗിച്ചുവരുന്ന ശബ്ദം. ജീവനുള്ള, അതിമാനുഷമായ എന്നീ അര്‍ഥങ്ങളിലും സൂര്യന്‍, വേശ്യ, രാത്രി, രാഹു, പരംപൊരുള്‍, ദേവന്‍, ഇന്ദ്രന്‍, അഗ്നി, വരുണന്‍ എന്നിവയുടെ പര്യായമായും അസുരശബ്ദം വിവിധ കാലങ്ങളില്‍ പ്രചാരത്തിലിരുന്നു. സരതുഷ്ട്രമതത്തില്‍ നന്മയുടെ മൂര്‍ത്തീകരണവും അഗ്നിയുടെ പിതാവുമായ 'അഹുര'(മസ്ദ)ന്റെയും പാപമൂര്‍ത്തിയായ 'അഹ്രിമാ'ന്റെയും പേരുകള്‍ അസുരശബ്ദത്തില്‍ നിന്നു ചില ഭാഷാപണ്ഡിതന്മാര്‍ നിഷ്പാദിപ്പിക്കുന്നുണ്ട്. അസുര സങ്കല്പം കാലാന്തരത്തില്‍ ആരോപിതമായതാണ്; അത് രൂഢമായിത്തീരുകയും ചെയ്തു. ഋഗ്വേദത്തിന്റെ അവസാനഭാഗത്തും അഥര്‍വവേദത്തിലും ഉപനിഷത്തുകളിലും ഇതേ അര്‍ഥത്തിലാണ് പ്രയോഗം (അസുരശബ്ദമാണ് ആദ്യം ഉണ്ടായതെന്നും അതിലെ അകാരം ലോപിച്ചാണ് 'സുര'ശബ്ദം പിന്നീടുദ്ഭവിച്ചതെന്നും 'അസീത' എന്നതില്‍നിന്നു സീത ഉണ്ടായതുപോലെ ഒരു പ്രക്രിയയാണിതെന്നും സംസ്കൃത-ഇംഗ്ളീഷ് നിഘണ്ടുവില്‍ മോണിയര്‍ വില്യംസ് വാദിക്കുന്നു).

ഹനുമാന്‍ ഒരു അസുരനെ വധിക്കുന്നു

കശ്യപന് ദനു എന്ന ഭാര്യയില്‍ ജനിച്ചവര്‍ ദാനവന്മാരും ദിതിയില്‍ ജനിച്ചവര്‍ ദൈത്യന്മാരും ആണെന്നു പുരാണങ്ങള്‍ പറയുന്നു (അസുരത്വഗുണം പൊതുവായുണ്ടെന്നതുകൊണ്ട് അഭിന്നമായി പരിഗണിക്കാറുണ്ടെങ്കിലും രണ്ടു വര്‍ഗവും വ്യത്യസ്തമാണ്). പ്രജാപതിയുടെ അസു(ശ്വാസം) സജീവമായി എന്നും അതില്‍നിന്നും അസുരന്‍മാരുണ്ടായി എന്നും തൈത്തിരീയ ബ്രാഹ്മണത്തില്‍ കാണുന്നു. ഗര്‍ഭം ധരിച്ച പ്രജാപതിയുടെ അടിവയറ്റില്‍നിന്ന് അസുരന്‍മാരുണ്ടായി എന്നാണ് അതേ ഗ്രന്ഥത്തിന്റെ മറ്റൊരു ഭാഗത്തും വായുപുരാണത്തിലുമുള്ള പരാമര്‍ശം; ബ്രഹ്മാവിന്റെ അടിവയറ്റിന്റെ ചുളിവില്‍നിന്നാണ് എന്ന് ഇതിന് ഒരു പാഠഭേദവുമുണ്ട്. ദേവന്‍മാര്‍, മനുഷ്യര്‍, പിതൃക്കള്‍, ഗന്ധര്‍വന്മാര്‍, അപ്സരസ്സ് എന്നിവരെ ജലത്തില്‍ നിന്നും പ്രജാപതി സൃഷ്ടിച്ചു; അതില്‍നിന്നും ചോര്‍ന്നൊലിച്ച ഉച്ഛിഷ്ടജലത്തില്‍ നിന്നും അസുരന്‍മാരുണ്ടായി എന്നാണ് തൈത്തിരീയാരണ്യകത്തിന്റെ മതം.

അസുരന്മാരും ദേവന്മാരും ചേര്‍ന്നാണ് പാലാഴിമഥനം നടത്തിയത്. ആദ്യം അമൃതം ലഭിച്ചത് അസുരന്മാര്‍ക്കാണ്. അ-സുരന്മാര്‍ (സുര ഉപയോഗിക്കാത്തവര്‍) ആകയാല്‍ അവര്‍ അതിനെ ത്യജിച്ചു, സുരന്മാര്‍ അമൃതം കൈക്കലാക്കി എന്നിങ്ങനെ വാല്മീകിരാമായണത്തില്‍ ഇവരുടെ കഥ സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു.

ദനുജന്‍, ദാനവന്‍, ദേവാരി, ദൈതേയന്‍, ദൈത്യന്‍, പൂര്‍വദേവന്‍, സുരദ്വേഷി മുതലായവയാണ് അസുരന്റെ പര്യായങ്ങള്‍.

ഗൃഹനിര്‍മാണത്തില്‍ പശ്ചിമദിക്കില്‍ പൂജിക്കേണ്ട ഒരു വാസ്തുദേവതയുടെ പേര് അസുരന്‍ എന്നാണെന്ന് തന്ത്രസമുച്ചയത്തില്‍ കാണുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B8%E0%B5%81%E0%B4%B0%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍