This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസീസ് (1938 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അസീസ് (1938 - )

മലയാള നാടകകൃത്തും ചലച്ചിത്രസംവിധായകനും. പൂര്‍ണമായ പേര് പി.എം. അബ്ദുല്‍ അസീസ്. തൃശൂര്‍ ജില്ലയിലെ പെരുമ്പിലാവില്‍ പി.കെ. മുഹമ്മദിന്റെയും വി.എ. അയിഷയുടെയും മകനായി 1938 മാ. 29-ന് ജനിച്ചു. ബി.എ., ബി.റ്റി. ബിരുദങ്ങള്‍ സമ്പാദിച്ചശേഷം രണ്ടുവര്‍ഷം സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. ഉദ്യോഗം രാജിവച്ച് പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു തിരക്കഥാരചനയിലും സംവിധാനത്തിലും ബിരുദങ്ങള്‍ നേടി.

സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ കലാ-സാംസ്കാരിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. കുട്ടികള്‍, പൂമൊട്ടുകള്‍ എന്നീ വിദ്യാര്‍ഥി മാസികകളുടെ പത്രാധിപരായിരുന്നു. രണ്ടുവര്‍ഷം നവജീവന്‍ ദിനപത്രത്തിന്റെ സഹപത്രാധിപരായി ജോലി നോക്കി. ആദ്യ കൃതി ചാവേര്‍പ്പട എന്ന നാടകമാണ്. രചനയിലും അവതരണസങ്കേതങ്ങളിലും നൂതനത്വം പുലര്‍ത്തുന്ന ഈ നാടകത്തിന് 1973-ല്‍ കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡു ലഭിച്ചു. ബലിക്കാക്ക, വാടകവീട്, ദ..ദ..ദ.. എന്നിവയാണ് അസീസിന്റെ മറ്റു നാടകങ്ങള്‍. വിഖ്യാതവും മഹാഭാരതാന്തര്‍ഗതവുമായ കര്‍ണകഥ കര്‍ണപക്ഷത്തുനിന്നും വീക്ഷിച്ച് കൂടിയാട്ടത്തിന്റെ അവതരണസാധ്യതകള്‍ ഉപയോഗപ്പെടുത്തി അവതരിപ്പിക്കുന്ന ദ..ദ..ദ.. (1993) പരീക്ഷണ നാടകമാണ്. മൂന്നു നോവലെറ്റുകളും ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവള്‍, മാന്‍പേട, ഞാവല്‍പ്പഴങ്ങള്‍ എന്നീ കഥാചിത്രങ്ങളും കൂടിയാട്ടം, മോഹിനിയാട്ടം തുടങ്ങി മുപ്പതിലേറെ ഡോക്യുമെന്ററികളും അസീസ് സംവിധാനം ചെയ്യുകയുണ്ടായി. ഡോക്യുമെന്ററികളില്‍ ചിലതു സംസ്ഥാനതലത്തിലും ദേശീയതലത്തിലും അവാര്‍ഡു നേടിയിട്ടുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B8%E0%B5%80%E0%B4%B8%E0%B5%8D_(1938_-_)" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍