This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസീറോ-ബാബിലോണിയന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അസീറോ-ബാബിലോണിയന്‍

Assyro -Babylonian Language and Literature

പ്രാചീന അസീറിയന്‍-ബാബിലോണിയന്‍ പ്രദേശങ്ങളില്‍ വ്യവഹരിക്കപ്പെട്ടുവന്ന മുഖ്യഭാഷകളായ അക്കേദിയനിലും സുമേറിയനിലും രചിക്കപ്പെട്ട സാഹിത്യസൃഷ്ടികള്‍. എണ്ണത്തില്‍ അത്രവളരെയൊന്നും കിട്ടിയിട്ടില്ലെങ്കിലും, തദാനീന്തനസാമൂഹിക-സാംസ്കാരിക നിലവാരം അവ പ്രതിഫലിപ്പിക്കുന്നുണ്ട്. വൈദികവും ലൌകികവുമായ ആവശ്യങ്ങള്‍ക്കുവേണ്ടി കാരികാരൂപത്തിലുള്ള ചില വിധിനിഷേധങ്ങളും അനുഷ്ഠാനപരമായ ഏതാനും ഹ്രസ്വവിവരണങ്ങളും ആഖ്യാനാത്മകമായ അപൂര്‍വരചനകളും അവശേഷിച്ചിട്ടുള്ളതില്‍ നിന്നാണ് അക്കാലത്ത് ആ പ്രദേശങ്ങളില്‍ പ്രചരിച്ചിരുന്ന സാഹിത്യകൃതികളുടെ സ്വഭാവം അറിയാന്‍ കഴിയുന്നത്.

മുന്‍പ് മെസപ്പൊട്ടേമിയ എന്ന പേര്‍ നല്കപ്പെട്ടിരുന്ന ഭൂവിഭാഗങ്ങളിലുള്‍പ്പെട്ട അക്കാദ് എന്ന പ്രദേശം കേന്ദ്രമായി വളര്‍ന്ന് വികസിച്ചതുകൊണ്ട് അക്കേദിയന്‍ എന്നറിയപ്പെട്ട ഭാഷയായിരുന്നു സെമിറ്റിക് വര്‍ഗക്കാരായ അസീറിയരുടെയും ബാബിലോണിയന്‍മാരുടെയും ദേശീയഭാഷ. തൊട്ടു തെ. കിടക്കുന്ന സുമേറിയന്മാരുടെ സാംസ്കാരിക മേധാവിത്വത്തിന്റെ തണലിലാണ് അക്കേദിയന്‍മാര്‍ തഴച്ചുവളര്‍ന്നത്. ബി.സി. 2000-ാമാണ്ടിനടുത്ത് ഒരു വ്യവഹാരഭാഷ എന്ന നിലയില്‍ സുമേറിയനുണ്ടായിരുന്ന പദവി അക്കേദിയന് കിട്ടി എങ്കിലും, വളരെ സാവധാനത്തില്‍ മാത്രമേ അക്കേദിയനു സ്വതന്ത്രവ്യക്തിത്വമുള്ള ഒരു സാഹിത്യശാഖ സ്വായത്തമാക്കാന്‍ കഴിഞ്ഞുള്ളു. രാജകീയശാസനകളും മറ്റും സുമേറിയനില്‍ നിന്നു കടംകൊണ്ട ക്യൂണിഫോം ലിപികളിലാണ് ആദ്യകാലങ്ങളില്‍ തയ്യാറാക്കപ്പെട്ടുവന്നത്. ആദ്യകാല പേഴ്സ്യന്‍-സെല്യൂസിഡ് രാജാക്കന്‍മാരും ഈ രീതി തന്നെ അനുവര്‍ത്തിച്ചുപോന്നിരുന്നു. ബി.സി. രണ്ടാം സഹസ്രാബ്ദത്തിന്റെ ആരംഭത്തില്‍ ഹമ്മുറാബിയുടേതുള്‍പ്പെടെയുള്ള നിയമാനുശാസനങ്ങള്‍ അക്കേദിയന്‍ ഭാഷയിലാണു ലിഖിതമായിട്ടുള്ളത്. കുറേക്കാലംകൂടി ആചാരാനുഷ്ഠാനപരമായ മന്ത്രകീര്‍ത്തനാദികള്‍ സുമേറിയനില്‍ തന്നെ രചിക്കപ്പെട്ടവ ആയിരുന്നെങ്കിലും, ഭരണപരമായ എഴുത്തുകുത്തുകളിലും ശാസനാലേഖ്യങ്ങളിലും അക്കേദിയനു മാത്രമേ സ്ഥാനമുണ്ടായിരുന്നുള്ളു. ബാബിലോണിയയിലെ പ്രഥമ രാജവംശത്തിന്റെയും സമകാലീനഭരണാധികാരികളുടെയും രേഖാശേഖരങ്ങളില്‍നിന്നു കണ്ടെടുക്കപ്പെട്ടിട്ടുള്ള അനവധി ലിഖിതങ്ങള്‍ ഈ വസ്തുത അസന്ദിഗ്ധമായി തെളിയിക്കുന്നു.

I.ഐതിഹ്യങ്ങളും കഥാകവിതകളും. ബാബിലോണിയയിലെ രാജവാഴ്ചക്കാലം ആരംഭിച്ചതെന്ന് കണക്കാക്കപ്പെട്ടുവരുന്ന ബി.സി. 2550-ന് അടുപ്പിച്ചോ അതിന് തൊട്ടുമുന്‍പോ ആണ് അവിടത്തെ പ്രാചീനതമങ്ങളായ സാഹിത്യസൃഷ്ടികള്‍ ആവിര്‍ഭവിച്ചിട്ടുള്ളതെന്നു ഭാഷാപണ്ഡിതന്മാരും പുരാവസ്തുവിജ്ഞന്മാരും അഭിപ്രായപ്പെടുന്നു; എന്നാല്‍ ഇവയ്ക്കു വിഷയമായ മിക്കവാറും എല്ലാ ഐതിഹ്യങ്ങളും ഇതിവൃത്തങ്ങളും ഇതിന് മുന്‍പുതന്നെ സുമേരിയന്‍ കാവ്യങ്ങളില്‍ പ്രതിപാദിതങ്ങളായിരുന്നു. പക്ഷേ, ഇതുകൊണ്ട് ഈ പുതിയ അക്കേദിയന്‍ പദ്യസമാഹാരങ്ങളുടെ മൌലികത്വം നഷ്ടപ്പെട്ടിട്ടില്ല. അവയുടെ ശൈലി അത്ര ശക്തിയേറിയതും രചന സുമേറിയനില്‍ ഗുളികാപ്രായത്തില്‍ ഇരുന്നവയുടെ വികസിതരൂപങ്ങളുമാണ്. ഏതാണ്ട് 1,000 വര്‍ഷങ്ങള്‍ക്കുശേഷം നാടുവാണിരുന്ന അസീറിയയിലെ ആഷൂര്‍ബാനിപാളിന്റെ ഗ്രന്ഥശേഖരത്തില്‍ നിന്നാണ് ഈ പ്രാചീനകൃതികളുടെ മാതൃകകള്‍ ലഭിച്ചിട്ടുള്ളത്. ഇവയില്‍ മുഖ്യമായവ താഴെ പറയുന്നവയാണ്:

1. ഗില്‍ഗമേഷ്. ഉറുക്കിലെ ആദ്യകാലരാജാക്കന്‍മാരിലൊരാളായ ഗില്‍ഗമേഷിനെ കഥാനായകനാക്കി 12 'സര്‍ഗ'ങ്ങളില്‍ നിബന്ധിക്കപ്പെട്ട ഒരു ഇതിഹാസകാവ്യമാണ് ഗില്‍ഗമേഷ്. വിശ്വസാഹിത്യത്തിലെ ആദ്യത്തെ ഇതിഹാസ കാവ്യമെന്നഖ്യാതി ഇതിനുണ്ട്. സുമേറിയന്‍ ഭാഷയില്‍ ക്യൂനിഫോം ലിപിയിലാണ് കാവ്യരചന. ഹോമറിന്റെ ഇലിയഡിനെക്കാള്‍ 1500-ലധികം വര്‍ഷം പഴക്കം ഈ കാവ്യത്തിനുണ്ടെന്നാണ് പണ്ഡിതമതം. അഞ്ചു സഹസ്രാബ്ദത്തിനുമുന്‍പ് ജീവിച്ചിരുന്ന ഗില്‍ഗമെഷ് ആത്മമിത്രമായ എന്‍കിഡുവിനോടൊപ്പം നടത്തിയ വീരസാഹസികകൃത്യങ്ങള്‍ ഇതില്‍ വര്‍ണിച്ചിരിക്കുന്നു. അനശ്വരത തേടിയുള്ള മനുഷ്യന്റെ പ്രയാണം പ്രതീകാത്മകമായി ആവിഷ്കരിക്കുകയാണ് കവിയുടെ ലക്ഷ്യമെന്നു കാണാം.

2. 'സൃഷ്ടികാവ്യം'. ഈശ്വരന്‍മാരുടെ സേനാപതിയും ബാബിലോണിലെ ഭരദൈവവുമായ മാര്‍ദൂക്കും ഉഗ്രരാക്ഷസനായ തിയാമത്തും തമ്മിലുണ്ടായ യുദ്ധത്തെ വിവരിക്കുന്നതും ഏഴുഫലകങ്ങളിലായി ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നതുമായ ഒരു കാവ്യമാണ് ഇത്. തിയാമത്തിനെ വധിച്ചശേഷം മാര്‍ദൂക്ക് ഈ പ്രപഞ്ചത്തെ പുനഃസംവിധാനം ചെയ്യുകയും, ഈശ്വരന്‍മാര്‍ക്കു സേവനം ചെയ്യാനായി മനുഷ്യവര്‍ഗത്തെ സൃഷ്ടിക്കുകയും ചെയ്യുന്നു. നവവത്സരാരംഭങ്ങളില്‍ ഈ കാവ്യത്തിന്റെ പാരായണവും നാടകരൂപത്തിലുള്ള അവതരണവും പ്രചാരത്തിലിരുന്നുവെന്നാണ് ഐതിഹ്യം.

3. ഇഷ്തര്‍. ഈ പേരിലുള്ള ഒരു ദേവിയുടെ പാതാളഗമനമാണ് ഒരു ഫലകത്തിലുള്ള ഈ ലഘുകാവ്യത്തിലെ കഥാവസ്തു. ആ ദേവി ഇല്ലാതിരുന്ന കാലത്ത് ഭൂമി ഫലശൂന്യവും ഊഷരവും ആയെന്നും, ദേവന്‍മാര്‍ ഒരു ദൂതനെ അയച്ച് അവരെ ഭൂമിയില്‍ തിരിച്ചുവരുത്തിയെന്നും വിവരിച്ചിരിക്കുന്ന ഈ കാവ്യം കാര്‍ഷികസമൃദ്ധിക്കുള്ള കാരണങ്ങളെ ഫലശ്രുതി ആക്കിക്കൊണ്ടുള്ള ഒരു രചനയാണെന്ന് വരാം.

4. അതര്‍ഹാസിസ്. 'അതിബുദ്ധിയുള്ള' എന്നാണ് അതര്‍ഹാസിസ് എന്ന പദത്തിന്റെ അര്‍ഥം. മൂന്നു ഫലകങ്ങളിലെങ്കിലും എഴുതപ്പെട്ടിരുന്ന ഈ കവിതയുടെ ചില ഭാഗങ്ങള്‍ മാത്രമേ ലഭ്യമായിട്ടുള്ളു. അഞ്ചുതവണയെങ്കിലും നാശപ്രായമായിത്തീര്‍ന്ന ഭൂമിയില്‍ ഓരോ ഘട്ടത്തിലും ഓരോ ബുദ്ധിശാലി പ്രത്യക്ഷപ്പെട്ട് അതിനെ രക്ഷിക്കുന്നതാണ് ഇതിവൃത്തം. അഞ്ചാമത്തെ ലോകസംഹാരകാലത്ത് ഒരു പ്രളയം വന്ന് ഭൂമിയെ വിഴുങ്ങിയെന്നും ഉത്നാപിഷ്ടിം എന്ന ഒരു ധിഷണാശാലി അപ്പോള്‍ രക്ഷകനായി അവതരിച്ചുവെന്നും ഇതില്‍ വിവരിച്ചിരിക്കുന്നു. ഇതിനോട് സാദൃശ്യമുള്ള ഒരു കഥ ഗില്‍ഗമേഷിലും ഉണ്ട്. ഇതില്‍ പരാമൃഷ്ടരായ മറ്റു നാലു 'ബുദ്ധിശാലി'കള്‍ ആരൊക്കെയെന്നു വ്യക്തമല്ല.

5. അഡാപ. മനുഷ്യന് അമര്‍ത്യത നഷ്ടപ്പെട്ട കഥ വിവരിക്കുന്ന കവിത. വിവേകദേവതയായ 'ഈ'യുടെ പുത്രന്‍ അഡാപ അര്‍ധദൈവവും അര്‍ധമനുഷ്യനുമാണ്. ഒരിക്കല്‍ ദക്ഷിണമാരുതന്റെ ചിറകുകള്‍ വെട്ടിക്കളഞ്ഞ കുറ്റത്തിന് ഇയാള്‍ ദൈവസഭയിലേക്ക് ആനയിക്കപ്പെട്ടു. അഡാപയ്ക്ക് മൃത്യുവിന്റെ പാനീയമാണ് നല്കപ്പെടാന്‍ പോകുന്നതെന്നും അതിനെ തൊട്ടുപോകരുതെന്നും പിതാവായ 'ഈ' മുന്നറിയിപ്പു നല്കുന്നുണ്ടെങ്കിലും ദേവസമൂഹത്തിന്റെ അധിപതി അയാള്‍ക്കു കൊടുക്കുന്നത് ജീവിതത്തിന്റെ അമൃതാണ്; അച്ഛന്റെ ഉപദേശമനുസരിച്ച് (ഇത് മൃത്യുപാനീയമാണെന്ന ധാരണയില്‍) അഡാപ ഇതിനെ സ്പര്‍ശിക്കാതിരുന്നതുകൊണ്ടാണ് മനുഷ്യന് അമരത്വം ലഭിക്കാനിടയാകാതെ വന്നതെന്ന് ഈ കാവ്യം വിവരിക്കുന്നു.

6. ചില ഐതിഹ്യകഥകള്‍. അക്കാദിലെ ആദ്യകാല രാജാക്കന്‍മാരായ സാര്‍ഗന്റെയും നാരം-സീനിന്റെയും മറ്റും വീരകൃത്യങ്ങളെ വിവരിക്കുന്ന കാവ്യ സമാഹാരങ്ങളും ലഭ്യമായിട്ടുണ്ട്. ഒരു പാവപ്പെട്ടവന്റെ കുടിലില്‍ പിറന്ന സാര്‍ഗനെ പെറ്റയുടനെ അവന്റെ അമ്മ ഒരു കുട്ടയിലാക്കി ഭദ്രമായി അടച്ച് നദിയിലൂടെ ഒഴുക്കിയെന്നും ഒരു കൃഷിക്കാരനായ അക്കി ആ കുട്ടിയെ രക്ഷിച്ചു വളര്‍ത്തി എന്നും, ഒടുവില്‍ ഇഷ്തറിന്റെ അനുഗ്രഹം മൂലം സാര്‍ഗന്‍ രാജപദവിയിലേക്ക് ഉയര്‍ന്നുവെന്നും ആണ് ഈ കവിതകളിലൊന്നിലുള്ള കഥ.

7. സന്‍മാര്‍ഗകഥ. നാലുഫലകങ്ങളിലായി കണ്ടുകിട്ടിയിട്ടുള്ള മറ്റൊരു കവിതയിലെ ഇതിവൃത്തം പല കഷ്ടപ്പാടുകളും സഹിച്ച് ഒടുവില്‍ ഭാഗ്യപരിലാളിതനായിത്തീര്‍ന്ന ഒരാളിനെ സംബന്ധിക്കുന്നതാണ്. ടാബി-ഉതുല്‍-എന്‍ലില്‍ എന്ന ആളിന് നേരിടേണ്ടിവന്ന ദുരിതങ്ങളും ഒടുവില്‍ മാര്‍ദൂക്കിന്റെ സഹായത്താല്‍ അയാള്‍ക്കു കിട്ടുന്ന വിമോചനവും ഉയര്‍ച്ചയും വിവരിച്ചിരിക്കുന്ന ഈ കഥയ്ക്ക് പഴയ നിയമത്തിലെ ഇയ്യോബിന്റെ പുസ്തകത്തിലെ ഇതിവൃത്തവുമായി പ്രകടമായ സാദൃശ്യമുണ്ട്. ഇതിന്റെ രചനാകാലത്തെ സംബന്ധിച്ച് പണ്ഡിതന്‍മാരുടെ ഇടയില്‍ ചില അഭിപ്രായവ്യത്യാസങ്ങള്‍ നിലവിലിരിക്കുന്നു.

8. ഒരു സംഭാഷണ കവിത. ഒരു യജമാനനും സേവകനും തമ്മില്‍ ഗുരുശിഷ്യരൂപേണയുള്ള സംവാദമാണ് മറ്റൊരു കാവ്യത്തിന്റെ വിഷയം. ഗുരു ഉപദേശിക്കുന്നതിനനുസരിച്ച് പ്രവര്‍ത്തിക്കാമെന്നു ശിഷ്യന്‍ ഏല്ക്കുന്നു; പിന്നീട് ഗുരുവിന്റെ അഭിപ്രായം കടകവിരുദ്ധമായി മാറുകയും, അപ്പോള്‍ ശിഷ്യന്‍ അതിന് അനുസരിച്ചുള്ള ന്യായങ്ങള്‍ കണ്ടുപിടിക്കുകയും ചെയ്യുന്നു. എന്തു ചെയ്താലും ഫലമില്ല എന്ന അഭിപ്രായത്തിലാണ് അവസാനം ഗുരുശിഷ്യന്മാര്‍ എത്തിച്ചേരുന്നത്. ഓരോ പാദത്തിലെയും പ്രഥമാക്ഷരങ്ങള്‍ ചേര്‍ത്ത് വായിക്കുമ്പോള്‍, സംസ്കൃതത്തിലെ മുദ്രാലങ്കാരരീതിയില്‍, ലേഖകന്റെ പേര് കിട്ടത്തക്കവണ്ണം രചിതമായ ഈ കവിതയുടെ കാലം മേല്‍പ്പറഞ്ഞവപോലെ പഴക്കമുള്ളതല്ലെന്നാണ് പണ്ഡിതന്‍മാരുടെ അഭിപ്രായം.

II.ധര്‍മശാസ്ത്രങ്ങളും മറ്റും. ബാബിലോണിലെ ആദ്യത്തെ രാജവാഴ്ചക്കാലത്ത് നിബന്ധം ചെയ്യപ്പെട്ടിട്ടുള്ള ഈ കാവ്യങ്ങളോടുകൂടി അക്കാലത്തെ കീര്‍ത്തനങ്ങളും പ്രാര്‍ഥനകളും മന്ത്രതന്ത്രാദികളും പിന്നീട് ആയിരം വര്‍ഷക്കാലത്തേക്ക് പല ആവൃത്തി പകര്‍ത്തി എഴുതപ്പെട്ടുവന്നു. ഇക്കാലത്ത് മറ്റധികം മൗലിക സാഹിത്യസൃഷ്ടികള്‍ ഉണ്ടായതായി അറിവില്ല. ബാബിലോണിയയിലെ കാസ്സൈറ്റ്കാലഘട്ടത്തില്‍ (ബി.സി. 1400-1200) ഉണ്ടായിട്ടുള്ള പല ശാസനങ്ങളും അതിര്‍ത്തിക്കല്ലുകളിലും മറ്റും കൊത്തിവച്ചിട്ടുള്ള നിരവധി രാജകീയ വിളംബരങ്ങളും വേറേ ചില ഔദ്യോഗികപ്രമാണങ്ങളും സുലഭമായി ലഭിച്ചിട്ടുണ്ട്. പില്ക്കാലത്തുണ്ടായ എണ്ണമറ്റ കരണങ്ങള്‍ ബാബിലോണിയന്‍ പുരാവസ്തുശേഖരത്തെ അതീവസമ്പന്നമാക്കിക്കൊണ്ടിരിക്കുന്നു. ദക്ഷിണമെസപ്പൊട്ടേമിയയെ സംബന്ധിച്ച് കിട്ടിയിട്ടുള്ള ഏറ്റവും പ്രമാണപ്പെട്ട ചരിത്രരേഖ, വൈദികന്‍മാര്‍ സമാഹരിച്ച സംഭവപരമ്പരകളുടെ ആലേഖനമായ ബാബിലോണിയന്‍ കാലഗണനപ്പട്ടികയാണ് (Babylonian Chronicle). ഗൃഹഭിത്തികളിലും മറ്റും എഴുതിവച്ചിട്ടുള്ള ലിഖിതങ്ങളാണ് അസീറിയയില്‍ നിന്നു ലഭ്യമായ പ്രാചീന സാഹിത്യമാതൃകകള്‍.

അനുഷ്ഠാനങ്ങള്‍, ശകുനങ്ങള്‍, ലക്ഷണങ്ങള്‍, മന്ത്രങ്ങള്‍, ജപങ്ങള്‍, ആഭിചാരങ്ങള്‍ തുടങ്ങി മതസംബന്ധമായ എണ്ണമറ്റ ലിഖിതങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ് പ്രാചീന അസീറോ-ബാബിലോണിയന്‍ സാഹിത്യം. നോ: അക്കേദിയന്‍ ഭാഷ; ക്യൂണിഫോം ലിപി; സുമേറിയന്‍ ഭാഷ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍