This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസീര്‍ഗഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അസീര്‍ഗഡ്

മധ്യപ്രദേശിലെ നിമാര്‍ ജില്ലയില്‍ ബുര്‍ഹാന്‍പൂര്‍ താലൂക്കില്‍ സ്ഥിതിചെയ്യുന്ന ചരിത്രപ്രസിദ്ധമായ കോട്ട. ഒരു ഗോത്രത്തലവനായ അസാ അഹീരിന്റ പേരില്‍നിന്നാണ് ഈ കോട്ടയ്ക്ക് അസീര്‍ഗഡ് എന്ന നാമം ലഭിച്ചത്. സുമദ്രനിരപ്പില്‍ നിന്ന് സു. 670.4 മീ. ഉയരത്തില്‍ നില്ക്കുന്ന ഈ ദുര്‍ഗത്തിന് അസ്തിവാരത്തില്‍നിന്ന് 259 മീ. പൊക്കമുണ്ട്. വ.പടിഞ്ഞാറെ ഇന്ത്യയില്‍നിന്നു ഡക്കാനിലേക്ക് ശതപുരപര്‍വതനിരകളിലൂടെയുള്ള ഏക പാത കടന്നുപോകുന്നത് സമീപപ്രദേശത്തുകൂടിയായിരുന്നതിനാല്‍, മധ്യകാലഘട്ടങ്ങളില്‍ ഈ കോട്ടയ്ക്ക് വളരെ യുദ്ധതന്ത്രപ്രാധാന്യം ഉണ്ടായിരുന്നു. 9-ാം ശ.-ത്തില്‍ ചൌഹന്‍ രജപുത്രരുടെ ഒരു വിഭാഗമായ ടാക്ക് രജപുത്രരുടെ ഒരു പ്രബല കേന്ദ്രമായിരുന്നു ഈ കോട്ട. അലാവുദീന്‍ കില്‍ജി (1266-1301) കരായിലെ ഭരണാധികാരിയായിരുന്ന കാലത്ത് അദ്ദേഹം ദക്ഷിണേന്ത്യാപര്യടനത്തില്‍നിന്നു മടങ്ങിവരുംവഴി ഈ കോട്ട ആക്രമിച്ചു (1295-96); എന്നാല്‍ 1400 വരെ ഈ കോട്ട മുസ്ലിം ഭരണാധികാരികള്‍ കീഴടക്കിയിരുന്നില്ല. മാലിക്ക് നാസിര്‍ഖാന്‍ ഫറൂക്കി 1400-ല്‍ കീഴടക്കിയതിനുശേഷം ഈ കോട്ട ഖാന്‍ദേശിലെ ഫറൂക്കി സുല്‍ത്താന്മാരുടെ പ്രമുഖ ശക്തികേന്ദ്രമായിത്തീര്‍ന്നു. 1600-01 കാലഘട്ടത്തില്‍ അക്ബര്‍ ചക്രവര്‍ത്തി ഈ കോട്ട കൈവശപ്പെടുത്തി. ജഹാംഗീറുമായി മത്സരിച്ച ഷാജഹാന്‍ 1623-ല്‍ ഇവിടെ അഭയം തേടിയിരുന്നു; പിന്നീട് അദ്ദേഹം അവിടെ ഒരു പള്ളി പണികഴിപ്പിക്കുകയുണ്ടായി (1650). ഈ കോട്ട 1720-ല്‍ മാള്‍വയിലെ സുബേദാര്‍ ആയിരുന്ന നിസാം ഉല്‍ മുല്‍ക്കിന്റെ അധീനതയിലായി. 1760-ല്‍ ഇവിടം പേഷ്വ ബാജിറാവു കീഴടക്കിയതോടുകൂടി ഈ കോട്ട മുഗള്‍ ഭരണാധികാരികള്‍ക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. 1803-ല്‍ ബ്രിട്ടീഷുകാര്‍ ഇതു പിടിച്ചെടുത്തു. 1819 മുതല്‍ കോട്ടയുടെ പൂര്‍ണാധികാരം ബ്രിട്ടീഷുകാര്‍ക്കു ലഭിച്ചു.

ശുദ്ധജലതടാകങ്ങളാലും സുഖപ്രദമായ കാലാവസ്ഥയാലും അനുഗൃഹീതമായ ഈ ദുര്‍ഗം ഒരു സുഖവാസകേന്ദ്രമാണ്.

(കെ.കെ. കുസുമന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍