This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസീഡിയേസിയേ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അസീഡിയേസിയേ

Ascidiaceae

റ്റ്യൂണിക്കേറ്റഉപഫൈല(Tunicata sub phylum)ത്തിലെ ഒരു വര്‍ഗം (class). ഈ വിഭാഗത്തില്‍പ്പെട്ട ജീവികള്‍ക്കു വാല്‍മാക്രിയോട് സാദൃശ്യമുള്ള ഒരു ലാര്‍വാഘട്ടം ഉണ്ട്. ചില കശേരുകികളുടെ ലാര്‍വകളോട് ഇവയ്ക്കു വലിയ സാദൃശ്യമുണ്ട്. ലാര്‍വകള്‍ സ്വതന്ത്രജീവികളാണെങ്കിലും വളര്‍ച്ചയെത്തിയ ജീവികളധികവും സ്ഥാനബദ്ധ(sessile)ങ്ങളാണ്. വാലും, ആധാരവസ്തുവായ നോട്ടൊക്കോഡും (notochord) പൂര്‍ണ വളര്‍ച്ചയെത്തിയവയില്‍ കാണപ്പെടുന്നില്ല. ഈ ജീവികള്‍ക്കെല്ലാംതന്നെ ശരീരത്തെ ആവരണം ചെയ്യുന്ന ഒരു കഞ്ചുകം(tunic) ഉണ്ട്. ഇതില്‍ സെല്ലുലോസ് അടങ്ങിയിരിക്കുന്നു. മുഖ(oral)രന്ധ്രവും പരികോഷ്ഠരന്ധ്രവും (atrial aperture) ശരീരത്തിന്റെ മുന്‍-പിന്‍ ഭാഗങ്ങളിലായിട്ടല്ല സാധാരണ കാണപ്പെടുന്നത്. ജലത്തെ ഉള്ളിലേക്ക് എടുക്കുന്നതും വിസര്‍ജിക്കുന്നതും ഈ രന്ധ്രങ്ങള്‍ വഴിയാണ്. ഗ്രസനി (pharynx) സാധാരണയിലും വികസിതമാണ്. ആഹാരസമ്പാദനത്തിനും ശ്വസനത്തിനും ഇതൊരു അരിപ്പയുടെ ഫലം പ്രദാനം ചെയ്യുന്നു.

അസീഡിയ (Ascidia), സയോണ (Ciona), മോള്‍ഗുല (Molgula) തുടങ്ങിയ ഏകാന്ത അസീഡിയകളില്‍ ലൈംഗിക പ്രത്യുത്പാദനമാണ് നടക്കുന്നത്. എന്നാല്‍ ബോട്രില്ലസ് (Botryllus), പീറോഫോറ (Perophora), സൈനോയിക്കം (Synoicum) തുടങ്ങിയ സമൂഹ (colonial) ജീവികളില്‍ ലൈംഗിക പ്രത്യുത്പാദനവും മുകുളനവും (budding) കാണപ്പെടുന്നുണ്ട്. അസീഡിയേസിയേ വര്‍ഗത്തെ അസീഡിയേ സിംപ്ലിസെസ് (Asidiae simplices), അസീഡിയേ കംപോസിറ്റേ (A.compositae), അസീഡിയേ ലൂസിയേ (A.luciae) എന്നീ മൂന്നു ഉപകുലങ്ങള്‍ (tribes) ആയി തിരിച്ചിട്ടുണ്ട്. മറ്റു വര്‍ഗീകരണങ്ങളും നിലവിലുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍