This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസിത്കുമാര്‍ ഹല്‍ദാര്‍ (1890 - 1964)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അസിത്കുമാര്‍ ഹല്‍ദാര്‍ (1890 - 1964)

ഇന്ത്യന്‍ ചിത്രകാരന്‍. അബനീന്ദ്രനാഥടാഗൂറിന്റെ ശിഷ്യനും അദ്ദേഹം സ്ഥാപിച്ച നവോത്ഥാനപ്രസ്ഥാനത്തിന്റെ പ്രയോക്താക്കളില്‍ ഒരാളുമാണ്. ലഖ്നൌവിലെ ഗവണ്‍മെന്റ് സ്കൂള്‍ ഒഫ് ആര്‍ട്ട്സ് ആന്‍ഡ് ക്രാഫ്റ്റ്സില്‍ അബനീന്ദ്രനാഥടാഗൂറിന്റെ കീഴില്‍ ചിത്രകലയും, ലിയോനാര്‍ഡ് ജെന്നിങ്സിന്റെ കീഴില്‍ ശില്പകലയും അഭ്യസിച്ച് ടെമ്പറാ, വാഷ്വാട്ടര്‍കളര്‍ എന്നിവയില്‍ പ്രാഗല്ഭ്യം നേടി. നവോത്ഥാനപ്രസ്ഥാനത്തിന്റെ പ്രത്യേകതയായ കാല്പനികതയും പുരാണേതിഹാസങ്ങളോടുള്ള താത്പര്യവും കാവ്യാത്മകമായ ആലേഖനരീതിയും അസിത്കുമാറിന്റെ ചിത്രങ്ങളില്‍ ദൃശ്യമാണ്. ഭാഗവതം, രാമായാണം, ഉമര്‍ഖയ്യാമിന്റെ റുബായാത് എന്നിവയിലെ കഥാസന്ദര്‍ഭങ്ങളാണ് ഇദ്ദേഹത്തിന്റെ രചനയ്ക്കു മുഖ്യമായും വിഷയീഭവിച്ചിട്ടുള്ളത്.

അജന്തയിലെ ചുവര്‍ചിത്രങ്ങള്‍ പകര്‍ത്തുന്നതില്‍ ഏര്‍പ്പെട്ടിരുന്ന ലേഡി ഹെറിങ്ഹാമിന്റെ സംഘത്തിലെ ഒരംഗമായിരുന്നു അസിത്കുമാര്‍; ജോഗിമറാ (1914), ബാഗ്ഗുഹകള്‍ (1917-21) എന്നിവയിലെ ചുവര്‍ചിത്രങ്ങള്‍ പകര്‍ത്തുന്നതിലും ഇദ്ദേഹം ഏര്‍പ്പെട്ടിരുന്നു. ലഖ്നൌവിലെ ഗവണ്‍മെന്റ് സ്കൂള്‍ ഒഫ് ആര്‍ട്ട്സ് ആന്‍ഡ് ക്രാഫ്റ്റ്സിന്റെ പ്രിന്‍സിപ്പലായി 1925 മുതല്‍ 45 വരെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ലണ്ടനിലെ റോയല്‍ സൊസൈറ്റി ഒഫ് ആര്‍ട്ട്സിന്റെ ഫെലോയും ലളിതകലാ അക്കാദമിയിലെ അംഗവും ആയിരുന്നു അസിത്കുമാര്‍. സാഹിത്യകാരന്‍കൂടി ആയിരുന്ന ഇദ്ദേഹത്തിന്റേതായി കലയും പാരമ്പര്യവും (Art and Tradition) എന്ന സ്വതന്ത്രകൃതിയും ഋതുസംഹാരം, മേഘദൂത് എന്നീ ബംഗാളിവിവര്‍ത്തനങ്ങളും ഉണ്ട്. അടിസ്ഥാനപരമായി ബന്ധമില്ലാതിരുന്നിട്ടും അവസാനകാലങ്ങളില്‍ ഇദ്ദേഹം ആധുനിക കലയോട് ആഭിമുഖ്യം പ്രദര്‍ശിപ്പിച്ചിരുന്നു. 1964-ല്‍ ഇദ്ദേഹം നിര്യാതനായി.

(എസ്.എ. കൃഷ്ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍