This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസിഡോസിസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അസിഡോസിസ്

Acidosis

ശരീരത്തില്‍ ഹൈഡ്രജന്‍ അയോണുകള്‍ (H+ions) ക്രമത്തിലധികം വര്‍ധിക്കാന്‍ ഇടയാക്കുന്ന പ്രവര്‍ത്തന വ്യതിയാനങ്ങള്‍. അസിഡോസിസ് (അമ്ലമയത). കോശങ്ങള്‍ക്കകത്തോ പുറത്തോ (Intracellular or extracellular) ആകാമെങ്കിലും കോശങ്ങള്‍ക്കു പുറത്തുണ്ടാകുന്ന അസിഡോസിസാണ് ഈ പദംകൊണ്ട് സാധാരണ വിവക്ഷിക്കപ്പെടുന്നത്. അസിഡോസിസ് പ്രധാനമായി രണ്ടു തരത്തിലാണ്.

1. ശ്വസനസംബന്ധി. കാര്‍ബണ്‍ഡൈഓക്സൈഡിന്റെ ഉത്പാദനം കൂടുന്നതുകൊണ്ടോ ശ്വാസകോശത്തിനുള്ളിലെ വാതകവിനിമയ (gas exchange) മാന്ദ്യംമൂലമോ ആണ് ശ്വസനസംബന്ധമായ അസിഡോസിസ് ഉണ്ടാകുന്നത്. ഇതിനെ നേരിടാനായി വൃക്കകള്‍ കൂടുതല്‍ ഹൈഡ്രജന്‍ അയോണുകള്‍ വിസര്‍ജിക്കുകയും ബൈകാര്‍ബണേറ്റിനെ തടഞ്ഞുനിര്‍ത്തുകയും ചെയ്യുന്നു. വൃക്കകളുടെ ഈ പ്രവര്‍ത്തനം ഒരു ശരിയായ പരിഹാരമാവുകയില്ല. ശ്വസനസംബന്ധമായ അസിഡോസിസ് എംഫിസീമ (emphysema), പള്‍മണറി ഫൈബ്രോസിസ് (pulmonary fibrosis), ഹൃദയശ്വാസകോശ രോഗങ്ങള്‍ എന്നിവയില്‍ കണ്ടുവരുന്നു.

2. ഉപാപചയ അസിഡോസിസ് (Metabolic Acidosis). കാര്‍ബോണിക് അമ്ലത്തിനു പുറമേ മറ്റ് ഏതെങ്കിലും അമ്ലത്തിന്റെ അളവ് വര്‍ധിക്കുന്നതുകൊണ്ടോ ക്ഷാരം കുറയുന്നതുകൊണ്ടോ ഉപാപചയ അസിഡോസിസ് ഉണ്ടാകാം. അധികമായി ഹൈഡ്രജന്‍ അയോണ്‍ ഉള്‍ക്കൊള്ളുക, മറ്റ് അമ്ലങ്ങള്‍ കൂടുതല്‍ ഉത്പാദിപ്പിക്കുക, വൃക്കകള്‍ ശരിയായ തോതില്‍ അമ്ളം വിസര്‍ജിക്കാതിരിക്കുക എന്നിവ അസിഡോസിസിന് കാരണമാകാം. വയറിളക്കമോ, ഫിസ്റ്റുല (biliary fistula) എന്ന രോഗമോ മൂലമാണ് ക്ഷാരം നഷ്ടപ്പെടുന്നത്.

ഉപാപചയ അസിഡോസിസ് പരിഹരിക്കപ്പെടുന്നതു പ്രധാനമായും അമ്ളവിസര്‍ജനം വഴിയാണ്. ശ്വസനക്രിയയിലെ വ്യതിയാനം ചെറിയ തോതിലുള്ള ഒരു പരിഹാരമാര്‍ഗമാണ്. അസിഡോസിസ് കണ്ടുവരാറുള്ളത് വൃക്കകളുടെ പ്രവര്‍ത്തനമാന്ദ്യം, പ്രമേഹം, വയറിളക്കം തുടങ്ങിയ രോഗാവസ്ഥകളിലാണ്. ദീര്‍ഘമായും ആഴത്തിലുമുള്ള ശ്വസനം, ദ്രുതഗതിയിലുള്ള ഹൃദയസ്പന്ദനം, കുറഞ്ഞ രക്തസമ്മര്‍ദം, വയറുവേദന തുടങ്ങിയവയാണ് അസിഡോസിസിന്റെ ബാഹ്യലക്ഷണങ്ങള്‍.

രക്തത്തിലെ രാസനിലയുടെ പഠനംകൊണ്ട് അസിഡോസിസ് കൃത്യമായി കണ്ടുപിടിക്കാവുന്നതാണ്. മനുഷ്യശരീരത്തിലെ സീറത്തിന് (serum) കാര്‍ബണ്‍ഡൈയോക്സൈഡുമായി യോജിക്കാനുള്ള കഴിവാണ് അസിഡോസിസിന്റെ ഒരു മാനദണ്ഡമായി വച്ചിരിക്കുന്നത്. അസിഡോസിസ് വര്‍ധിക്കുന്നതോടൊപ്പം സീറത്തിന്റെ കാര്‍ബണ്‍ഡയോക്സൈഡുമായുള്ള യോജനശക്തി കുറയുന്നു.

(ഡോ. കെ. ലളിത)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍