This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസാന, മാനുവല്‍ (1880 - 1940)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അസാന, മാനുവല്‍ (1880 - 1940)

Azana, Manuel

സ്പാനിഷ് രാഷ്ട്രതന്ത്രജ്ഞന്‍. അല്‍കാല ദെ ഹൈനിറിസില്‍ 1880 ജനു.10-ന് അസാന (സ്പാനിഷ് ഭാഷയില്‍ ആഥാനു) ജനിച്ചു. അഗസ്റ്റിനിയന്‍ കൊളിജിയൊ മരിയ ക്രിസ്റ്റിനയില്‍ ചേര്‍ന്നു വിദ്യാഭ്യാസം ആരംഭിച്ചു; മതവിരുദ്ധ പ്രവര്‍ത്തനങ്ങള്‍മൂലം അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. കുറേക്കഴിഞ്ഞു പാരിസിലെത്തി ഇദ്ദേഹം നിയമപഠനം ആരംഭിച്ചു. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ സാഹിത്യത്തോടായിരുന്നു ഇദ്ദേഹത്തിന് ആഭിമുഖ്യം. ഇംഗ്ളീഷ് സാഹിത്യകാരനായ ജോര്‍ജ് ബോറോയുടെ (1803-81) ദ് ബൈബിള്‍ ഇന്‍ സ്‍പെയ്‍ന്‍ എന്ന കൃതിയും ബെര്‍ട്രണ്ട് റസ്സലിന്റെ കൃതികളും ഇദ്ദേഹം സ്പാനിഷിലേക്ക് വിവര്‍ത്തനം ചെയ്തു. മതാധികാരികളെ പരിഹസിച്ചുകൊണ്ട് ആത്മകഥാപരമായ എല്‍ ജാര്‍ദിന്‍ ദ് ലോസ് ഫ്രെയ് ല്‍സ് എന്ന നോവല്‍ 1927-ല്‍ പ്രസിദ്ധീകരിച്ചു. ജുവാന്‍ വാലെറയുടെ ജീവചരിത്രം പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന് 1926-ല്‍ സാഹിത്യത്തിനുള്ള ദേശീയസമ്മാനം അദ്ദേഹത്തിനു ലഭിച്ചു.

ഒരു സാഹിത്യകാരനായി ജീവിതം ആരംഭിച്ച അസാനയുടെ ശ്രദ്ധ പിന്നീട് രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞു. സ്പാനിഷ് ഏകാധിപതിയായ മീഗല്‍ പ്രീമൊ ദെ റിവേരയുടെ (1870-1930) ഭരണകാലം അവസാനിക്കാറായപ്പോഴാണ് ഇദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. മാഡ്രിഡിലെ ഒരു സാഹിത്യ-രാഷ്ട്രീയ സംഘടനയായ 'അറ്റിനിയൊ'യുടെ അധ്യക്ഷനായി 1930-ല്‍ ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ആ സംഘടന കേന്ദ്രമാക്കി ഒരു റിപ്പബ്ലിക്കന്‍ പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ ഇദ്ദേഹം ഒരുമ്പെട്ടു; റിപ്പബ്ലിക്കന്‍ ഭരണം സ്പെയിനില്‍ സ്ഥാപിക്കാന്‍ ശ്രമിച്ച വിപ്ലവസമിതിയുമായി ഇദ്ദേഹം ബന്ധപ്പെടുകയും ചെയ്തു. ഈ സമിതിയുടെ പ്രവര്‍ത്തനഫലമായി 1930 ആഗ.-ല്‍ സാന്‍ സെബാസ്റ്റ്യന്‍ സന്ധി നിലവില്‍ വന്നു. അതോടൊപ്പം ഒരു താത്കാലിക റിപ്പബ്ലിക്കന്‍ ഭരണവും. ആ ഭരണകൂടത്തില്‍ യുദ്ധകാര്യമന്ത്രിയായിരുന്നു അസാന. പുതിയ ഭരണഘടനയില്‍ ചില പ്രധാന വകുപ്പുകള്‍ (മതസംഘടനകളുടെ പ്രാതിനിധ്യം കുറയ്ക്കുക; സൊസൈറ്റി ഒഫ് ജീസസിനെ (S.J.) ഇല്ലാതാക്കാനുള്ള അനുവാദം കൊടുക്കുക തുടങ്ങിയവ) ഉള്‍പ്പെടുത്താന്‍ അസാനയാണ് ഹേതുഭൂതന്‍. ഇതിന്റെ ഫലമായി പ്രധാനമന്ത്രി നൈസെറ്റൊ അല്‍കാല സമോറയ്ക്ക് രാജിവയ്ക്കേണ്ടിവന്നു (1931 ഒ.).

തുടര്‍ന്ന് അസാന സ്പെയിനിലെ പ്രധാനമന്ത്രിയായി. ഒരു ലിബറല്‍ ഭരണത്തിനാണ് സ്പെയിന്‍ ജനത ആഗ്രഹിച്ചത്. പുതിയ മന്ത്രിസഭ സോഷ്യലിസ്റ്റാശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ തുടങ്ങി. ഈ കാലത്ത് നിരവധി ആഭ്യന്തരകലാപങ്ങള്‍ നാട്ടിലുണ്ടായി. അവ കൈകാര്യം ചെയ്ത രീതിയില്‍ അമര്‍ഷം തോന്നിയ ജനങ്ങള്‍ പുതിയ ഗവണ്‍മെന്റിനെ എതിര്‍ക്കാന്‍ തുടങ്ങി. 1933 സെപ്. ല്‍ അസാന പ്രധാനമന്ത്രിപദം രാജിവച്ചു. തുടര്‍ന്നുണ്ടായ അധികാരമത്സരത്തില്‍ പ്രതിപക്ഷപാര്‍ട്ടികളെല്ലാം ചേര്‍ന്ന് അദ്ദേഹത്തെ പുറത്താക്കി. കറ്റലോണിയന്‍ വിപ്ളവത്തിനു സഹായം നല്കി എന്ന് ആരോപിച്ചുകൊണ്ട് 1934-ല്‍ അസാനയെ ജയിലിലടച്ചു. ഈ ആരോപണം അടിസ്ഥാനരഹിതമാണെന്നു ബോധ്യമായതിനെത്തുടര്‍ന്ന് അസാനയ്ക്ക് നഷ്ടപ്പെട്ട പ്രശസ്തി വീണ്ടുകിട്ടി. 1936 മേയ് 10-ന് അസാനയെ സ്പെയിനിലെ രണ്ടാം റിപ്പബ്ലിക്കിന്റെ പ്രസിഡന്റായി തെരഞ്ഞെടുത്തു. ഇടതുപക്ഷകക്ഷിക്കാരനായ ഫ്രാന്‍സിസ്കൊ ലാര്‍ഗൊ കബല്ലെറൊയുടെ ഭരണം ഒഴിവാക്കാനായിരുന്നു അസാനയെ ഭരണത്തിലേറ്റിയത്. തീവ്രദേശീയവാദികള്‍ മുന്നോട്ടുവന്ന് ജനറല്‍ ഫ്രാന്‍സിസ്കൊ ഫ്രാങ്കോയുടെ നേതൃത്വത്തില്‍ അധികാരം പിടിച്ചെടുത്തതോടെ അസാന ഫ്രാന്‍സിലേക്കോടിപ്പോയി. ഫ്രാന്‍സിലെ മോണ്ടോബനില്‍വച്ച് 1940 ന. 4-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍