This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസാന്നിധ്യ വോട്ടിങ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അസാന്നിധ്യ വോട്ടിങ്

Absentee voting


ആരോഗ്യപരവും തൊഴില്‍പരവും മറ്റുമായ കാരണങ്ങളാല്‍ ബന്ധപ്പെട്ട പോളിങ് സ്റ്റേഷനുകളില്‍ ഹാജരായി വോട്ടുചെയ്യാന്‍ നിവൃത്തിയില്ലാതെവരുന്ന സമ്മതിദായകര്‍ക്കു വോട്ടു രേഖപ്പെടുത്താന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സമ്പ്രദായം. പല രാജ്യങ്ങളിലും ഈ സമ്പ്രദായം സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ഓരോന്നിലും നിര്‍വഹണരീതിയുടെ വിശദാംശങ്ങളില്‍ വ്യത്യാസങ്ങളുണ്ടാവാമെങ്കിലും അസാന്നിധ്യ വോട്ടിങ്ങിന്റെ അടിസ്ഥാനതത്ത്വം എല്ലായിടത്തും ഒന്നുതന്നെയാണ്.

യു.എസ്സില്‍ അസാന്നിധ്യ വോട്ടിങ് സമ്പ്രദായം ആദ്യമായി നടപ്പാക്കിയത് അവിടത്തെ ആഭ്യന്തരസമരകാലത്താണ്. അക്കാലത്തു നടന്ന ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ അസാന്നിധ്യ വോട്ടിങ് സമ്പ്രദായം അനുസരിച്ച് വോട്ടു രേഖപ്പെടുത്താന്‍ പതിനൊന്നു സ്റ്റേറ്റുകള്‍ കേന്ദ്ര സൈനികരെ അനുവദിക്കുകയുണ്ടായി; ഈ അവകാശം 1806-ല്‍ സിവിലിയന്മാര്‍ക്കും ലഭിച്ചു. 1960-ല്‍ യു.എസ്സിലെ എല്ലാ സ്റ്റേറ്റുകളിലും അസാന്നിധ്യ വോട്ടിങ് സമ്പ്രദായം നിലവില്‍ വന്നു. എന്നാല്‍ ഓരോന്നിലും വിഭിന്നമായ തരത്തിലാണ് ഈ അവകാശം അനുവദിക്കപ്പെട്ടത്. ചില സ്റ്റേറ്റുകളില്‍ വോട്ടവകാശമുള്ള ഏതൊരു പൗരനും അസാന്നിധ്യവോട്ടു ചെയ്യാം. മറ്റു ചിലതില്‍ ഈ അവകാശം ചില നിയന്ത്രണങ്ങള്‍ക്കു വിധേയമാണ്. തൊഴില്‍പരമായ കാരണങ്ങളാല്‍ സ്വന്തം പോളിങ് ബൂത്തില്‍ ഹാജരാകാന്‍ നിവൃത്തിയില്ലാത്തവര്‍ക്കു മാത്രമായി ഇതു നിയന്ത്രിച്ചിട്ടുണ്ട്. ചില സ്റ്റേറ്റുകളില്‍ ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ മാത്രമേ അസാന്നിധ്യ വോട്ടിങ് അനുവദിച്ചിട്ടുള്ളു. എന്നാല്‍ സൈനികരുടെ കാര്യത്തില്‍ എല്ലാ സ്റ്റേറ്റുകളിലും എല്ലാ തെരഞ്ഞെടുപ്പിലും ഇത് അംഗീകൃതമായ ഒരു വ്യവസ്ഥയാണ്.

ബ്രിട്ടനില്‍ 1948-ല്‍ ലേബര്‍ കക്ഷിയുടെ ഗവണ്‍മെന്റാണ് അസാന്നിധ്യ വോട്ടിങ് സമ്പ്രദായം നടപ്പാക്കിയത്. ജനപ്രാതിനിധ്യനിയമത്തിലെ വ്യവസ്ഥകളനുസരിച്ച് നാലു വിഭാഗം സമ്മതിദായകര്‍ക്ക് അസാന്നിധ്യ വോട്ടിങ് അനുവദിച്ചിട്ടുണ്ട്: (i) പോളിങ് ബൂത്തില്‍ എത്തിച്ചേരാന്‍ കഴിയാത്തവിധം രോഗികളായവര്‍; (2) കപ്പലിലോ വിമാനത്തിലോ സഞ്ചരിച്ചല്ലാതെ സ്വന്തം പോളിങ് ബൂത്തില്‍ എത്താന്‍ നിവൃത്തിയില്ലാത്തവര്‍; (3) വോട്ടര്‍പട്ടിക പൂര്‍ത്തിയായശേഷം മറ്റൊരു സ്ഥലത്തേക്കു താമസം മാറ്റിയവര്‍; (4) തൊഴില്‍പരമായ കാരണങ്ങളാല്‍ സ്വന്തം ബൂത്തില്‍ എത്താന്‍ കഴിയാത്തവര്‍. അസാന്നിധ്യ വോട്ടിങ് ആവശ്യമായി വരുന്നവര്‍ അതിനു ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാരില്‍നിന്നും അനുമതി വാങ്ങിയിരിക്കണമെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ഇന്ത്യയിലും അസാന്നിധ്യ വോട്ടിങ് സമ്പ്രദായം സ്വീകരിക്കപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പു ജോലികളില്‍ ഏര്‍പ്പെടുന്നതുമൂലം സ്വന്തം പോളിങ് ബൂത്തില്‍ ഹാജരാകാന്‍ നിവൃത്തിയില്ലാതെ വരുന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍, കേന്ദ്രഗവണ്‍മെന്റിന്റെ കീഴില്‍ വിദേശങ്ങളില്‍ ഉദ്യോഗം വഹിക്കുന്നവര്‍, കരുതല്‍തടങ്കലില്‍ കഴിയുന്നവര്‍ എന്നിവര്‍ക്കു തപാല്‍മാര്‍ഗം വോട്ടുചെയ്യാന്‍ വ്യവസ്ഥയുണ്ട്. ഇത്തരത്തില്‍പ്പെട്ട സമ്മതിദായകര്‍ ബന്ധപ്പെട്ട റിട്ടേണിങ് ആഫീസര്‍മാര്‍ക്കു നേരത്തെ അപേക്ഷ സമര്‍പ്പിച്ച് ബാലറ്റുപേപ്പര്‍ വാങ്ങേണ്ടതാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍