This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസസര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അസസര്‍

Assessor

നീതിന്യായനിര്‍വഹണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിവിധതരത്തിലുള്ള ജോലികള്‍ നിര്‍വഹിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍. കരം വസൂലാക്കുന്നതിനുവേണ്ടി വസ്തുവകകള്‍ തിട്ടപ്പെടുത്തുകയും, ഒരു കേസില്‍ നഷ്ടപരിഹാരമോ മറ്റു ആനുകൂല്യങ്ങളോ ബന്ധപ്പെട്ട കക്ഷികള്‍ക്കു നല്കുന്നതിനുവേണ്ടിയുള്ള കണക്കുകള്‍ തയ്യാറാക്കുകയും, ചില പ്രത്യേകകാര്യങ്ങള്‍ക്കായി രൂപവത്കരിക്കപ്പെടുന്ന കോടതികളിലും ട്രൈബ്യൂണലുകളിലും നിയമം അടിസ്ഥാനമാക്കി കോടതിയെ സഹായിക്കുകയും ആണ് അസസര്‍ ചെയ്യുന്നത്.

'അസസര്‍' എന്ന പദം റോമന്‍ നിയമത്തില്‍നിന്നും എടുത്തിട്ടുള്ള ഒന്നാണ്. റോമാസാമ്രാജ്യം നിലവിലിരുന്നപ്പോള്‍ റോമന്‍ പ്രവിശ്യകളില്‍ നിയമിക്കപ്പെട്ടിരുന്ന ഗവര്‍ണര്‍മാരെ ഭരണകാര്യങ്ങളില്‍ സഹായിക്കുന്നതിനായി ചുമതലപ്പെടുത്തിയിരുന്ന പരിശീലനം സിദ്ധിച്ച നിയമജ്ഞരെ ആണ് 'അസസര്‍' എന്നു വിളിച്ചിരുന്നത്. ഇതിന്റെ മാതൃക ഇപ്പോഴും സ്കോട്ട്‍ലന്‍ഡില്‍ അല്പാല്പം കാണാം. ഇവിടെയുള്ള ചില പട്ടണങ്ങളില്‍ മുനിസിപ്പല്‍ മജിസ്റ്റ്രേട്ടുമാരെ അവരുടെ സിവില്‍ അധികാരാതിര്‍ത്തിക്കുള്ളില്‍ ഭരണപരമായ കാര്യങ്ങളില്‍ സഹായിക്കുന്നതിനായി അസസര്‍മാരെ ഏര്‍പ്പെടുത്താറുണ്ട്. ഇംഗ്ളണ്ടില്‍ അപ്പീല്‍ കോടതികളിലും ഹൈക്കോടതികളിലും ചില പ്രത്യേക കേസുകളില്‍ അസസര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തിവരുന്നു. അവിടെ ട്രേഡ്‍മാര്‍ക്ക് (trade mark) കേസുകളില്‍ കക്ഷികളുടെ ലാഭനഷ്ടങ്ങള്‍ തിട്ടപ്പെടുത്തുന്നതിനും അസസര്‍മാരെയാണ് നിയോഗിക്കുന്നത്. നാവികകോടതികളില്‍ ജഡ്ജിമാരുടെ ഉപദേഷ്ടാക്കളായി കപ്പലോട്ടത്തില്‍ പരിജ്ഞാനമുള്ള നാവികരെയും, വര്‍ക്ക്മെന്‍സ് കോമ്പന്‍സേഷന്‍ ആക്റ്റ് അനുസരിച്ചുള്ള കേസുകളില്‍ മെഡിക്കല്‍ വിദഗ്ധന്മാരെയും അസസര്‍മാരായി ക്ഷണിക്കാറുണ്ട്. ഫ്രാന്‍സിലും മറ്റു പല യൂറോപ്യന്‍ രാജ്യങ്ങളിലും ഒരു പ്രസിഡന്റ് കൂടി ഉള്‍പ്പെടുന്ന ചില ജുഡീഷ്യല്‍ കോടതികളിലെ അസിസ്റ്റന്റ് ജഡ്ജിമാര്‍ അസസര്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്.

ജര്‍മനിയില്‍, അഭിഭാഷകവൃത്തിയിലേര്‍പ്പെട്ടു നാലുവര്‍ഷത്തെ പരിചയം സമ്പാദിച്ചതിനുശേഷം ഒരു ജഡ്ജിയുടെ നിയമനത്തിനു യോഗ്യത സമ്പാദിച്ചിട്ടുള്ള ഒരാളാണ് അസസര്‍. യു.എസ്സില്‍ കരം ചുമത്തുന്നതിനുവേണ്ടി അസസര്‍മാര്‍ വസ്തുവകകള്‍ തിട്ടപ്പെടുത്തുന്നു. അവിടത്തെ സ്റ്റേറ്റുകളില്‍ ഭരണ സൌകര്യത്തിനായി സ്ഥാപിച്ചിട്ടുള്ള മണ്ഡലങ്ങളിലെല്ലാം കൌണ്ടി ഓഫീസര്‍ എന്ന പേരില്‍ അസസര്‍മാരെ തെരഞ്ഞെടുക്കാറുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന ഒരു അസസറുടെ ഉദ്യോഗകാലാവധി രണ്ടോ മൂന്നോ വര്‍ഷമായിരിക്കും. സാധാരണയായി കരം ചുമത്തുന്നതിനു വിധേയമാക്കാവുന്ന വസ്തുക്കളെയും കരം ചുമത്തത്തക്ക വ്യക്തികളെയും നിര്‍ണയിക്കുന്നതാണ് അസസറുടെ മുഖ്യജോലി. യു.എസ്സില്‍ കരം ചുമത്തുന്നതിനോട് ബന്ധപ്പെട്ട സ്റ്റേറ്റ് ബോര്‍ഡുകള്‍ ഉണ്ട്. ഈ ബോര്‍ഡുകള്‍ അസസര്‍മാരുടെ ജോലികള്‍ പരിശോധിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B8%E0%B4%B8%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍