This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസറ്റോണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അസറ്റോണ്‍

Acetone

ആലിഫാറ്റിക കീറ്റോണുകള്‍ എന്ന സമവര്‍ഗശ്രേണിയിലെ ആദ്യ അംഗം. നിറമില്ലാത്തതും സവിശേഷ സുഗന്ധമുള്ളതും കത്തിപ്പിടിക്കുന്നതുമായ ഒരു ദ്രാവകം. തിളനില 56.2°C; പ്രൊപ്പന്‍-2-ഓണ്‍ (popan-2-one) എന്നാണ് ശാസ്ത്രനാമം. ഫോര്‍മുല, CH3COCH3; ജലം, ആല്‍ക്കഹോള്‍, ഈഥര്‍ എന്നിവയില്‍ ഏതനുപാതത്തിലും കലരും. സാധാരണ മനുഷ്യന്റെ രക്തത്തിലും മൂത്രത്തിലും അസറ്റോണ്‍ അല്പമാത്രയില്‍ ഉണ്ടായിരിക്കും; പ്രമേഹരോഗികളുടെ മൂത്രത്തില്‍ കൂടുതല്‍ കാണും.

മരത്തടി, പഞ്ചസാര (ഷുഗര്‍), പശ മുതലായവയുടെ ഭഞ്ജനസ്വേദനം (destructive distillation) നടക്കുമ്പോള്‍ അസറ്റോണ്‍ ഒരു ഉത്പന്നമാണ്. പരീക്ഷണശാലയില്‍ ഇതു നിര്‍മിക്കുന്നത് ഉരുക്കിയ (fused) കാല്‍സിയം അസറ്റേറ്റിന്റെ സ്വേദനം വഴിയാണ്.

ഈ പദാര്‍ഥം വന്‍തോതില്‍ നിര്‍മിക്കുവാന്‍ അനേകം മാര്‍ഗങ്ങളുണ്ട് : (i) പെട്രോളിയത്തിന്റെ ഭഞ്ജനസ്വേദനദ്വാരാ ലഭിക്കുന്ന പ്രൊപീന്‍ പ്രാരംഭവസ്തുവായി ഉപയോഗിക്കുക; അതിലെ വിവിധ രാസപരിണാമങ്ങള്‍ താഴെ കൊടുക്കുന്നു:

(ii) ചോളം മുതലായ ചില ധാന്യങ്ങളുടെയും ഉരുളക്കിഴങ്ങിന്റെയും സ്റ്റാര്‍ച്ച് പ്രത്യേകതരം എന്‍സൈമിന്റെ പ്രവര്‍ത്തനത്തിനു വിധേയമാക്കുമ്പോള്‍ ഒരു ഭാഗം അസറ്റോണും ഭാഗം ബ്യൂട്ടയില്‍ ആല്‍ക്കഹോളും ലഭിക്കുന്നു. പ്രസ്തുത ആല്‍ക്കഹോളിന്റെ നിര്‍മാണത്തിന് മുന്‍കാലങ്ങളില്‍ ഈ മാര്‍ഗമാണ് ഉപയോഗിച്ചിരുന്നത്.


(iii) അസറ്റിക് ആസിഡ് ബാഷ്പം 440-450°C താപനിലയില്‍ വച്ചിട്ടുള്ള ലോഹ-ഓക്സൈഡ് ഉത്പ്രേരകങ്ങളുടെ മീതെ കൂടി പ്രവഹിപ്പിക്കുക.


(iv) ലഘു ആല്‍ക്കേന്‍ ഹൈഡ്രൊകാര്‍ബണുകള്‍ ഭാഗികമായി ഓക്സീകരണത്തിന് വിധേയമാക്കുക.

(v) ഈഥൈല്‍ ആല്‍ക്കഹോള്‍ അതിതപ്ത ജലബാഷ്പവുമായി (super heated steam) കലര്‍ത്തി 470°C താപനിലയിലുള്ള അയണ്‍, കാല്‍സിയം എന്നീ ലോഹ-ഉത്പ്രേരകങ്ങളിന്മേല്‍ പ്രവഹിപ്പിക്കുക.


(vi) ക്യുമീന്‍ ഹൈഡ്രൊ പെര്‍ ഓക്സൈഡ് വിഘടിപ്പിക്കുക. ഒടുവിലത്തെ രാസപ്രവര്‍ത്തനത്തില്‍ ഫിനോളും ലഭ്യമാണ്.

ഫീനോള്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കാനും ഈ പ്രക്രിയ സഹായകമാണ്.

ശുദ്ധമായ അസറ്റോണ്‍ ലഭ്യമാക്കുന്നതിന് ആദ്യം അസറ്റോണ്‍, 25-30°C സോഡിയം അയഡൈഡിന്റെ ഒരു പൂരിതലായനിയുമായി പ്രതിപ്രവര്‍ത്തിപ്പിച്ചശേഷം ലായനി -10°C താപനിലയിലേക്കു തണുപ്പിക്കുമ്പോള്‍, Nal.3CH3CO.CH3 പരലുകള്‍ വേര്‍തിരിയുന്നു. ഈ പരലുകള്‍ 30°Cല്‍ തപിപ്പിച്ചാല്‍ ശുദ്ധമായ അസറ്റോണ്‍ ഉണ്ടാകുന്നു.

700°C-ല്‍ അസറ്റോണ്‍ താപീയ-രാസവിഘടനത്തിനു (pyrolysis) വിധേയമാക്കിയാല്‍ കീറ്റീന്‍ ലഭിക്കുന്നു. കീറ്റീനും അസറ്റിക് അമ്ലവും തമ്മില്‍ പ്രവര്‍ത്തിപ്പിച്ചാല്‍ അസറ്റിക് അന്‍ഹൈഡ്രൈഡ് ഉത്പാദിപ്പിക്കാം. അനുയോജ്യമായ നിര്‍ജലീകരണ പദാര്‍ഥങ്ങളുടെ സാന്നിധ്യത്തില്‍ സംഘനന ഉത്പന്നങ്ങള്‍ ലഭ്യമാക്കാറുണ്ട്. ഉദാ. അസറ്റോണും പൂരിത ഹൈഡ്രജന്‍ ക്ലോറൈഡ് വാതകവും അടങ്ങുന്ന മിശ്രിതം 0°C-ല്‍ രണ്ടാഴ്ച നിലനിര്‍ത്തുമ്പോള്‍ മെസിറ്റൈല്‍ ഓക്സൈഡും (mesityl oxide) ഫോറോണും (phorone) ലഭ്യമാക്കുന്നു. ഇവ അംശിക സ്വേദനം വഴി വേര്‍തിരിക്കാനാവും.

അസറ്റോണിന്റെ പല രാസപ്രവര്‍ത്തനങ്ങളും അസറ്റാല്‍ഡിഹൈഡിനോട് സാദൃശ്യമുള്ളവയാണ്. അസറ്റോണും ഇരട്ടി സാന്ദ്ര സള്‍ഫ്യൂറിക് ആമ്ലവും അടങ്ങുന്ന മിശ്രിതം സ്വേദനം ചെയ്ത് മെസിറ്റിലിന്‍ (mesitylene) ഉണ്ടാക്കാം.

സരളമായ ഈ കീറ്റോണ്‍ വളരെ പ്രയോജനമുള്ള ഒരു രാസവസ്തുവാണ്. പശ, വാര്‍ണിഷ്, അരക്ക്, കൊഴുപ്പ്, ഗണ്‍കോട്ടണ്‍, സെലുലോസ് ഈഥറുകള്‍, സെലുലോസ് അസറ്റേറ്റ്, സെലുലോസ് നൈട്രേറ്റ് എന്നിങ്ങനെ ഒട്ടുവളരെ പദാര്‍ഥങ്ങള്‍ക്ക് ഇതു നല്ല ഒരു ലായകമായി പ്രവര്‍ത്തിക്കുന്നു. അസറ്റേറ്റ് റയോണ്‍ നൂലുകള്‍ ഉത്പാദിപ്പിക്കുന്നത് അസറ്റോണ്‍ ലായനിയില്‍നിന്നാണ്. ക്ലോറൊഫോം (ബോധഹരണൗഷധം), അയഡൊഫോം (ആന്റി സെപ്റ്റിക്), അയനോണ്‍ (വാസനദ്രവ്യം), പ്ലെക്സി ഗ്ലാസ് (ഉടയാത്ത ഗ്ലാസ്) കൃത്രിമ റബ്ബര്‍, ഫോറോണ്‍, സള്‍ഫൊണാല്‍ (ഉറക്ക മരുന്ന്), പ്ലാസ്റ്റിക്കുകള്‍, കോര്‍ഡൈറ്റ് (പുകരഹിത വെടിപ്പഞ്ഞി) എന്നിവയുടെ നിര്‍മാണത്തില്‍ അസറ്റോണ്‍ പ്രയോജനപ്പെടുന്നു. നഖച്ചായങ്ങള്‍ നീക്കം ചെയ്യുന്ന(nail polish remover)തിനും അസറ്റോണ്‍ ആണ് ഉപയോഗിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍