This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസറ്റൊഫിനോണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അസറ്റൊഫിനോണ്‍

Acetophenon

മിശ്ര-ആലിഫാറ്റിക ആരൊമാറ്റിക കീറ്റോണുകളില്‍ ആദ്യത്തെ അംഗം; മീഥൈല്‍ ഫിനൈല്‍ കീറ്റോണ്‍, അസറ്റൈല്‍ ബെന്‍സീന്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. 20°C-നു താഴെ പരലാകൃതിയുള്ള ഖരവസ്തു; തിളനില 20°C. കോള്‍ടാറില്‍ ഒരു ചെറിയ അംശത്തോളം ഇത് ഉണ്ടായിരിക്കും. സ്വേദനം നടത്തുമ്പോള്‍ 160-190°C താപനിലയില്‍ കോള്‍ടാറില്‍നിന്നു ബാഷ്പീഭവിച്ചു കിട്ടുന്ന ഘന എണ്ണയില്‍നിന്നു സള്‍ഫ്യൂറിക് അമ്ലം ഉപയോഗിച്ചു നിഷ്കര്‍ഷണം ചെയ്ത് ഈ യൗഗികം ലഭ്യമാക്കുന്നു. കാല്‍സിയം ബെന്‍സോയേറ്റും കാല്‍സിയം അസറ്റേറ്റും മിശ്രണം ചെയ്തു സ്വേദനവിധേയമാക്കി അസറ്റൊഫിനോണ്‍ പരീക്ഷണശാലയില്‍ നിര്‍മിക്കാം. വ്യാവസായികാടിസ്ഥാനത്തില്‍ ഈ പദാര്‍ഥം ഉത്പാദിപ്പിക്കുന്നത് മീഥൈല്‍ ബെന്‍സീന്‍ വായു ഉപയോഗിച്ച് ഉത്പ്രേരകസാന്നിധ്യത്തില്‍ ഓക്സീകരിച്ചാണ്. വനേഡിയം, മാങ്ഗനീസ്, സിര്‍ക്കോണിയം മുതലായ ലോഹങ്ങളുടെ ഓക്സൈഡുകള്‍ ആണ് സാധാരണയായി ഉപയോഗിക്കുന്ന ഉത്പ്രേരകം. ബെന്‍സീനില്‍നിന്ന് ആരംഭിച്ച് ഫ്രീഡല്‍-ക്രാഫ്ട്സ് (Friedel-Craft) അഭിക്രിയവഴി ഈ യൗഗികം ഏറ്റവും സമര്‍ഥമായ രീതിയില്‍ ഉണ്ടാക്കാം.

ഹൈഡ്രോക്സില്‍ അമീന്‍, ഫിനൈല്‍ ഹൈഡ്രസീന്‍, ഹൈഡ്രജന്‍ സയനൈഡ് എന്നീ യൗഗികങ്ങളുമായി അലിഫാറ്റിക കീറ്റോണുകളെപ്പോലെ അസറ്റൊഫീനോണ്‍ പ്രവര്‍ത്തിക്കുന്നു: (a) ഹൈഡ്രോക്ലോറിക് അമ്ലത്തിന്റെ സാന്നിധ്യത്തില്‍ അസറ്റൊഫിനോണില്‍നിന്നു ട്രൈ ഫിനൈല്‍ ബെന്‍സീന്‍ ലഭിക്കുന്നു. (b) സോഡിയവും എഥനോളും ഉപയോഗിച്ചു അപചയിക്കുമ്പോള്‍ മീഥൈല്‍ ഫിനൈല്‍ മെഥനോള്‍ ഉണ്ടാകുന്നു. (c) തണുത്ത പൊട്ടാസിയം പെര്‍മാങ്ഗനേറ്റുകൊണ്ട് ഓക്സീകരിച്ചാല്‍ ആദ്യഘട്ടത്തില്‍ ഫിനൈല്‍ ഗ്ലയോക്സിലിക് അമ്ലവും അടുത്ത ഘട്ടത്തില്‍ ബെന്‍സോയിക് അമ്ലവും കിട്ടുന്നതാണ്. (d) ഓക്സീകാരിയായി സെലീനിയം ഓക്സൈഡ് ഉപയോഗിച്ചാല്‍ ഉണ്ടാകുന്നത് ഫിനൈല്‍ ഗ്ലയോക്സാല്‍ ആണ്. (e) ഉത്പ്രേരകം ഉപയോഗിക്കാതെയുള്ള ഹാലജനീകരണം വഴി അസറ്റൊഫിനോണിന്റെ പാര്‍ശ്വശൃംഖലയിലുള്ള ഹൈഡ്രജനില്‍ പ്രതിസ്ഥാപനം സംഭവിക്കുകയും കണ്ണുനീര്‍ ഒലിപ്പിക്കുന്നതിനു കഴിവുള്ള (lachrymator) ഹാലജന്‍ യൗഗികങ്ങള്‍ ഉണ്ടാവുകയും ചെയ്യും. ഉദാഹരണമായി അസറ്റിക് അമ്ലമാധ്യമത്തില്‍ ക്ലോറിനേഷന്‍ നടത്തിയാല്‍ ക്ലോറൊ അസറ്റൊഫിനോണ്‍ അഥവാ ഫിനാസില്‍ ക്ലോറൈഡ് (phenacyl chloride) ഉണ്ടാകുന്നു. അക്രമാസക്തമായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ഉപയോഗിക്കുന്ന കണ്ണുനീര്‍ വാതകമായി (ടിയര്‍ഗ്യാസ്) ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ഒന്നാണ് ഫിനാസില്‍ ക്ലോറൈഡ്. (f) ഫോര്‍മാല്‍ഡിഹൈഡും ഒരു ദ്വിതീയ അമീനുമായി അസറ്റൊഫിനോണ്‍ പ്രവര്‍ത്തിക്കുമ്പോള്‍ പാര്‍ശ്വശൃംഖലാ ഹൈഡ്രജന്‍ അമിനൊ ആല്‍ക്കൈല്‍ വര്‍ഗംകൊണ്ടു പ്രതിസ്ഥാപിക്കപ്പെടുന്നു. ഔഷധപ്രാധാന്യമുള്ള ഒട്ടുവളരെ യൗഗികങ്ങളുടെ സംശ്ലേഷണത്തില്‍ ഈ അഭിക്രിയ സഹായകരമാണ്. (g) അലുമിനിയം ടെര്‍ഷ്യറി ബ്യൂട്ടോക്സൈഡിന്റെ സാന്നിധ്യത്തില്‍ അസറ്റൊഫിനോണില്‍നിന്നു 'ഡൈപ്നോണ്‍' (Dypnone) എന്ന യൗഗികം ആല്‍ഡോള്‍ കണ്ടന്‍സേഷന്റെ ഫലമായി ഉത്പന്നമാകുന്നു. (h) സോഡിയം ഇഥോക്സൈഡിന്റെ സാന്നിധ്യത്തില്‍ അസറ്റൊഫിനോണ്‍, ഈഥൈല്‍ അസറ്റേറ്റുമായി സംഘനനം ചെയ്കയും ബെന്‍സോയില്‍ അസറ്റോണ്‍ ലഭ്യമാക്കുകയും ചെയ്യും. (i) ഈഥൈല്‍ അസറ്റേറ്റിനു പകരം ഈഥൈല്‍ ബെന്‍സോയേറ്റ് ഉപയോഗിച്ചാല്‍ ഡൈ ബെന്‍സോയില്‍ മീഥേന്‍ ലഭിക്കുന്നതാണ്

ഹിപ്നോണ്‍ എന്ന വ്യാപാരനാമത്തില്‍ അസറ്റൊഫിനോണ്‍ മോഹനിദ്രാകാരി (hypnotic) ഔഷധമായി പ്രയോഗിക്കപ്പെട്ടിരുന്നു. കൂടുതല്‍ മെച്ചപ്പെട്ട ഔഷധങ്ങള്‍ ഈ രംഗത്തുവന്നതോടു

കൂടി ഇത്തരം ഉപയോഗം കുറഞ്ഞുവരുന്നു. സുഗന്ധദ്രവ്യങ്ങള്‍, ആന്റിഹിസ്റ്റമിന്‍ ഔഷധങ്ങള്‍, ചായങ്ങള്‍, സ്റ്റെറ്റീന്‍ മുതലായ ഒട്ടുവളരെ പദാര്‍ഥങ്ങളുടെ നിര്‍മാണത്തില്‍ അസറ്റൊഫിനോണ്‍ ഉപയോഗിക്കപ്പെട്ടുവരുന്നുണ്ട്. നോ: ആല്‍ഡിഹൈഡുകള്‍; കീറ്റോണുകള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍