This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസറ്റൈല്‍ കൊളീന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അസറ്റൈല്‍ കൊളീന്‍

Acetyl Choline

നാഡീ ആവേഗങ്ങള്‍ പ്രേഷണം ചെയ്യുന്ന രാസവസ്തു. കൊളീന്‍ എന്ന യൌഗികത്തിന്റെ അസറ്റിക് അമ്ള വ്യുത്പന്നമാണിത്. ജന്തുക്കളുടെ ശരീരകലകളില്‍ വിപുലമായി വിതരണം ചെയ്യപ്പെട്ടു കാണുന്ന ഈ രാസപദാര്‍ഥം ചതുഷ്ക (quarternary) അമോണിയം ധന അയോണ്‍ അടങ്ങുന്ന ഒരു എസ്റ്ററാണ്. ഫോര്‍മുല, CH3CO.O.CH2 CH2N (CH3)3OH. എ.ജെ. ഈവിന്‍സ്, എച്ച്.എച്ച്. ഡേല്‍ എന്നീ ശാസ്ത്രജ്ഞര്‍ (1914) ആണ് ഈ രാസപദാര്‍ഥം നൈസര്‍ഗീകാവസ്ഥയില്‍ കണ്ടെത്തിയത്. ട്രൈ മീഥൈല്‍ അമീന്റെ സാന്ദ്രജലലായനിയും എഥിലീന്‍ ഓക്സൈഡും തമ്മില്‍ സാധാരണ ഊഷ്മാവില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കൊളീന്‍ ഉണ്ടാകുമെന്ന് 1868-ല്‍ എ. വൂര്‍ട്സ് എന്ന ശാസ്ത്രജ്ഞന്‍ മനസ്സിലാക്കി.

കൊളീനില്‍നിന്ന് അതിന്റെ അസറ്റിക് എസ്റ്റര്‍ ഉണ്ടാക്കി അസറ്റൈല്‍ കൊളീന്‍ ലഭ്യമാക്കാം.

നാഡീയ-ആവേഗങ്ങളെ ശരീരത്തില്‍ വ്യാപിപ്പിക്കുക എന്നതാണ് അസറ്റൈല്‍ കൊളീന്റെ മുഖ്യമായ ശരീരക്രിയാത്മകപ്രവര്‍ത്തനം. എല്ലാ നാഡീകോശങ്ങള്‍ക്കും അസറ്റൈല്‍ കൊളീന്‍ ഉത്പാദിപ്പിക്കുവാനുള്ള കഴിവുണ്ടെന്നു വിശ്വസിക്കപ്പെടുന്നു. കൊളീന്‍, അസറ്റൈല്‍ കോ എന്‍സൈം A എന്നിവ തമ്മിലുള്ള പ്രതിപ്രവര്‍ത്തനത്തിന്റെ ഫലമായിട്ടാണ് നാഡീകലകളില്‍ അസറ്റൈല്‍ കൊളീന്‍ നിര്‍മിക്കപ്പെടുന്നത്. പൊട്ടാസിയം, മഗ്നീഷ്യം എന്നീ ലോഹ-അയോണുകളാല്‍ ഉത്തേജിതമായ കൊളീന്‍ അസറ്റിലേസ് എന്ന എന്‍സൈം ഈ അഭിക്രിയയില്‍ ഉത്പ്രേരകമായി പ്രവര്‍ത്തിക്കുന്നു.

കൊളീന്‍ + അസറ്റൈല്‍ കോ എന്‍സൈം A →

അസറ്റൈല്‍ കൊളീന്‍ + കോ എന്‍സൈം A

നാഡീ-ആവേഗങ്ങളുടെ പ്രാരംഭത്തില്‍ നാഡീതന്തുക്കളില്‍ താത്കാലികമായി ഉണ്ടാകുന്ന വ്യത്യാസങ്ങള്‍ക്കു ഹേതു അസറ്റൈല്‍ കൊളീന്‍ ആണ്. സ്വതന്ത്രമാകുന്നതോടെ വളരെ ക്രിയാ ശീല(active) മായിത്തീരുന്ന ഇതിനെ കാലതാമസം കൂടാതെ നിര്‍വീര്യമാക്കണം. എല്ലാ ജന്തുക്കളുടെയും എല്ലാ വാഹകകലകളിലും ഉപസ്ഥിതമായ അസറ്റൈല്‍-കൊളീന്‍-എസ്റ്ററേസ് എന്ന സവിശേഷ എന്‍സൈമാണ് ജലീയവിശ്ലേഷണം മുഖേന ഇതു സാധ്യമാക്കുന്നത്.

ശരീരക്രിയാത്മകശേഷിയുള്ള ചതുഷ്ക (quarternary) നൈട്രജന്‍ യൗഗികങ്ങളില്‍ ഒന്നാണ് അസറ്റൈല്‍ കൊളീന്‍.

(ഡോ. എസ്. മാധവന്‍കുട്ടി നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍