This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസറ്റിലൈഡുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അസറ്റിലൈഡുകള്‍

Acetylides

അസറ്റിലീന്റെ ലോഹവ്യുത്പന്നങ്ങള്‍. ആല്‍ക്കൈനുകളുടെ ലോഹവ്യുത്പന്നങ്ങളുടെ പൊതു നാമം ആല്‍ക്കൈനൈഡുകള്‍ (alkynides) എന്നാണ്. പ്രതിക്രിയാക്ഷമമായ ലോഹങ്ങളോ അവയുടെ സംയുക്തങ്ങളോ അസറ്റിലീനുമായി പ്രതിപ്രവര്‍ത്തിപ്പിച്ചും വിദ്യുത്ചൂളകളില്‍ വച്ച് ഉയര്‍ന്ന താപനിലകളില്‍ കാര്‍ബണുമായി പ്രതിപ്രവര്‍ത്തിപ്പിച്ചും ആണ് അസറ്റിലൈഡുകള്‍ ഉത്പാദിപ്പിക്കുന്നത്. അസറ്റിലീന്‍ തന്മാത്രയില്‍ രണ്ടു അസറ്റിലീനിക-ഹൈഡ്രജനണുക്കള്‍ ( H −C ≡ C −H) ഉള്ളതിനാല്‍ അത് H −C ≡ C −M,M −C ≡ C −M) എന്നു രണ്ടു തരത്തിലുള്ള ലോഹവ്യുത്പന്നങ്ങള്‍ തരുന്നു (M എന്നത് ഒരു ലോഹാണുവാണ്).

ദ്രവ-അമോണിയയില്‍ ക്ഷാരലോഹങ്ങളോ അവയുടെ അമൈഡുകളോ ലയിപ്പിച്ച് അസറ്റിലീനുകളുമായി പ്രവര്‍ത്തിപ്പിച്ചും പ്രസ്തുത അസറ്റിലൈഡുകള്‍ ഉണ്ടാക്കാം. സൈലീനില്‍ സോഡിയം ലോഹത്തെ സൂക്ഷ്മമായി വിസരണം ചെയ്യിച്ചശേഷം 100-105°Cല്‍ അസറ്റിലീനുമായി പ്രവര്‍ത്തിപ്പിച്ചും സോഡിയം അസറ്റിലൈഡ് ഉണ്ടാക്കാം.

അമോണിയ ചേര്‍ത്ത കുപ്രസ് ക്ലോറൈഡ്, സില്‍വര്‍ നൈട്രേറ്റ് എന്നിവയുടെ ലായനിയിലൂടെ അസറ്റിലീന്‍ കടത്തിവിട്ടാല്‍ കുപ്രസ് അസറ്റിലൈഡ് (ചുവപ്പ്), സില്‍വര്‍ അസറ്റിലൈഡ് (വെളുപ്പ്) എന്നിവയുടെ അവക്ഷിപ്തം ഉണ്ടാകുന്നു. മെര്‍ക്കുറി ഓക്സൈഡിന്റെ ക്ഷാരലായനിയും അസറ്റിലീനുമായി പ്രവര്‍ത്തിക്കുമ്പോള്‍ മെര്‍ക്കുറി അസറ്റിലൈഡ് ഉണ്ടാകുന്നു. ഇവ ഘനലോഹ-അസറ്റിലൈഡുകളാണ്. ചുണ്ണാമ്പും കരിയുംകൂടി വൈദ്യുതച്ചൂളയില്‍വച്ചു ചൂടാക്കിയാണ് കാല്‍സിയം കാര്‍ബൈഡ് എന്ന അസറ്റിലൈഡ് നിര്‍മിക്കുന്നത്.

ക്ഷാരലോഹങ്ങളുടെയും ക്ഷാരമൃത്തുക്കളുടെയും അസറ്റിലൈഡുകള്‍ക്ക് താരതമ്യേന സ്ഥിരത കൂടുതലാണ്. സോഡിയം, പൊട്ടാസിയം, കാല്‍സിയം, ബേരിയം, മഗ്നീഷ്യം, സിങ്ക്, സ്റ്റ്രോണ്‍ഷ്യം മുതലായ ലോഹങ്ങളുടെ അസറ്റിലൈഡുകള്‍ സ്ഫോടകസ്വഭാവം ഇല്ലാത്തവയും ഉയര്‍ന്ന ഊഷ്മാവില്‍പ്പോലും സ്ഥിരതയുള്ളവയുമാണ്. ഉദാഹരണമായി സോഡിയം അസറ്റിലൈഡ് 400°C വരെ സ്ഥിരത പ്രദര്‍ശിപ്പിക്കുന്നു. കാല്‍സിയം കാര്‍ബൈഡ് 2300°Cല്‍ വിഘടനവിധേയമാകാതെ ഉരുകുന്നു. ഈ അസറ്റിലൈഡുകള്‍ ജലീയവിശ്ളേഷണത്തിനു വിധേയമായി അസറ്റിലീന്‍ ലഭ്യമാക്കുന്നു. എന്നാല്‍ ഘനലോഹവ്യുത്പന്നങ്ങള്‍ താപഗതികമായി അസ്ഥിരമാകയാല്‍ നിര്‍ജലാവസ്ഥയില്‍ പൊട്ടിത്തെറിക്കാനിടയുണ്ട്. കൂടാതെ നേര്‍ത്ത അമ്ളങ്ങളില്‍ വിഘടിക്കുകയും ചെയ്യുന്നു. ഉദാ. സ്വര്‍ണം, വെള്ളി, ചെമ്പ് എന്നിവയുടെ അസറ്റിലൈഡുകള്‍. ഗ്ലാസു ദണ്ഡുകൊണ്ടു വെറുതെ ഉരച്ചാല്‍ തന്നെ സില്‍വര്‍ അസറ്റിലൈഡ് പൊട്ടിത്തെറിക്കുന്നു.

കാര്‍ബൈഡ്, അസറ്റിലൈഡ് എന്നീ പദങ്ങള്‍ തമ്മിലുള്ള വ്യത്യാസം വ്യക്തമല്ല. അസറ്റിലീനുകള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന യൌഗികങ്ങളെ അസറ്റിലൈഡുകള്‍ എന്നും മറിച്ചു കാല്‍സിയം കാര്‍ബൈഡ് പോലെ മറ്റു മാര്‍ഗത്തില്‍ നിര്‍മിക്കുന്നവയെ കാര്‍ബൈഡുകള്‍ എന്നും വിളിക്കുന്നു. അങ്ങനെ Ca C2 എന്നതു കാല്‍സിയം കാര്‍ബൈഡ് എന്ന പേരിലറിയപ്പെടുന്നു. എന്നാല്‍ Ca C2 ജലീയവിശ്ളേഷണംമൂലം അസറ്റിലീന്‍ തരുന്നതിനാല്‍ അതും ഒരു അസറ്റിലൈഡ് തന്നെയാണെന്നു കരുതപ്പെടുന്നു. കോപ്പര്‍ അസറ്റിലൈഡ് പോലുള്ള സഹസംയോജകയൌഗികങ്ങള്‍ മാത്രമാണ് ശരിയായ അസറ്റിലൈഡുകള്‍ എന്നും ഒരു അഭിപ്രായമുണ്ട്; അങ്ങനെ വരുമ്പോള്‍ അയോണികഘടന ഉള്ള സോഡിയം അസറ്റിലൈഡ് പോലുള്ള യൗഗികങ്ങളെ കാര്‍ബൈഡുകള്‍ എന്നും വിളിക്കാം. അലുമിനിയം, യുറേനിയം, അയണ്‍ മുതലായവയുടെ അസറ്റിലൈഡുകളും അയോണികങ്ങളാണെന്നു ചില രസതന്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. വനേഡിയം കാര്‍ബൈഡ് പോലെ അന്തഃസ്ഥാനയൗഗികങ്ങളായ (interstitial compounds) കാര്‍ബൈഡുകള്‍ മറ്റൊരു തരം കാര്‍ബൈഡുകളാണ്. ജലം, അമ്ലം എന്നിവ ഉന്നതതാപനിലകളിലും ഇവയുമായി പ്രവര്‍ത്തിക്കുന്നില്ല.

അസറ്റിലീനികയൗഗികങ്ങളുടെ സംശ്ലേഷണത്തിന് അസറ്റിലൈഡുകള്‍ ഉപയോഗിക്കുന്നു. ഉദാ. ആല്‍ക്കൈല്‍ ഹാലൈഡ്, കാര്‍ബൊണൈല്‍ യൗഗികങ്ങള്‍, കാര്‍ബണ്‍ ഡൈ ഓക്സൈഡ് എന്നിവയുമായി അസറ്റിലൈഡുകളെ പ്രവര്‍ത്തിപ്പിച്ച് യഥാക്രമം ആല്‍ക്കൈല്‍ അസറ്റിലീനുകള്‍, അസറ്റിലീനിക ആല്‍ക്കഹോളുകള്‍, അസറ്റിലീനിക അമ്ലങ്ങള്‍ എന്നിവയുണ്ടാക്കാം.

അസറ്റിലീനിലെ ഹൈഡ്രജനണുക്കളെ ആല്‍ക്കൈല്‍ റാഡിക്കല്‍കൊണ്ടു പ്രതിസ്ഥാപിച്ച് ഉയര്‍ന്ന അസറ്റിലീനുകള്‍ ഉണ്ടാക്കാം. ഒരു ഹൈഡ്രജന്‍ മാത്രം പ്രതിസ്ഥാപിച്ചു കിട്ടുന്നവയെ R −C ≡ C −H എന്നും രണ്ടു ഹൈഡ്രജനും പ്രതിസ്ഥാപിച്ചു കിട്ടുന്നവയെ R −C ≡ C −R' എന്നും പ്രതിനിധാനം ചെയ്യാം. ഇവയില്‍ ഒന്നാമത്തെ വകുപ്പില്‍പ്പെട്ടവ, R −C ≡ C −M എന്ന രീതിയിലുള്ള ലോഹവ്യുത്പന്നം (അസറ്റിലൈഡ്) ലഭ്യമാക്കുന്നു. എന്നാല്‍ രണ്ടാമത്തെ ഇനത്തില്‍പ്പെട്ടവ അസറ്റിലൈഡുകള്‍ ലഭ്യമാക്കുകയില്ല. അവയില്‍ അസറ്റിലീനിക ഹൈഡ്രജന്‍ ഇല്ലെന്നതാണ് അതിനു കാരണം. ത്രിബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കാര്‍ബണോടു നേരിട്ടു ഘടിപ്പിച്ചിട്ടുള്ള ഹൈഡ്രജന്‍ ആണ് അസറ്റിലീനിക ഹൈഡ്രജന്‍. അസറ്റിലീനിക ഹൈഡ്രജന്‍ അണുക്കള്‍ക്കു നേരിയ അമ്ലസ്വഭാവമുള്ളതിനാലാണ് അവയെ ലോഹാണുക്കള്‍കൊണ്ടു പ്രതിസ്ഥാപിക്കുവാന്‍ കഴിയുന്നത്. നോ: അസറ്റിലീന്‍

(എസ്. ശിവദാസ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍