This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസറ്റിക് അമ്ലം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അസറ്റിക് അമ്ലം

Acetic acid

പൂരിത-ആലിഫാറ്റിക അമ്ലങ്ങളില്‍ രണ്ടാമത്തെ അംഗം; ഫോര്‍മുല, CH3COOH ; സാധാരണ താപനിലയില്‍ ദ്രവവസ്തു; രൂക്ഷമായ ഗന്ധമുണ്ട്; സംക്ഷാരക (corrosive) സ്വഭാവവും ഉണ്ട്. തൊലിമേല്‍ വീണാല്‍ പൊള്ളും. തിളനില 118.1°C. വിനിഗറിന്റെ അമ്ലരുചിക്കു കാരണമായ ഈ അമ്ലം മനുഷ്യര്‍ക്കു ചിരപരിചിതമായ ഒരു പദാര്‍ഥമാണ്. വിനിഗറിനു ലത്തീന്‍ ഭാഷയില്‍ അസറ്റം (Acetum) എന്നാണ് പേര്. അതില്‍നിന്ന് അസറ്റിക് അമ്ലം എന്ന പേരുണ്ടായി. എഥനോയിക് അമ്ലം എന്നാണ് ഐ.യു.പി.എ.സി. നാമം. സാന്ദ്രാമ്ലം തണുപ്പിച്ചാല്‍ 16.6°Cല്‍ ഉരുകുന്ന, ഐസ് പോലുള്ള ക്രിസ്റ്റലുകള്‍ ലഭിക്കുന്നു. ആകയാല്‍ ശുദ്ധമായ അസറ്റിക് അമ്ളത്തിനു ഗ്ളേഷ്യല്‍ (ഐസ് പോലുള്ള) അസറ്റിക് അമ്ളം എന്നും പേരുണ്ട്.

അസറ്റിക് അമ്ലം വ്യാവസായികമായി ഉത്പാദിപ്പിക്കുന്നതിന് മൂന്നു മാര്‍ഗങ്ങളുണ്ട് : 1. മെര്‍ക്കുറിക് സള്‍ഫേറ്റ് (ഉത്പ്രേരകം) അലിയിച്ച നേര്‍ത്ത സള്‍ഫ്യൂറിക് അമ്ളത്തിലൂടെ അസറ്റിലീന്‍ വാതകം കുമിളകളായി കടത്തിവിട്ടാല്‍ അസറ്റാല്‍ഡിഹൈഡ് ലഭിക്കുന്നു. ഇതിന്റെ ബാഷ്പം വായുവുമായി കലര്‍ത്തി 60-70°C താപനിലയില്‍ വച്ചിട്ടുള്ള മാങ്ഗനീസ് അസറ്റേറ്റ് ഉത്പ്രേരകത്തിനു മീതേ പ്രവഹിപ്പിച്ചാല്‍ അത് ഓക്സീകരിച്ച് അസറ്റിക് അമ്ലമായി മാറുന്നു. അസറ്റിലീന്‍ ധാരാളമായി ഉത്പാദിപ്പിക്കുന്നതിനു വില കുറഞ്ഞ കാല്‍സിയം കാര്‍ബൈഡ് ഉപയോഗിക്കാവുന്നതുകൊണ്ട് ഈ മാര്‍ഗം വളരെ യോജിച്ചതാണ്.

2. മരത്തടികളുടെ ഭഞ്ജനസ്വേദനം വഴി മീഥൈല്‍ ആല്‍ക്കഹോള്‍ നിര്‍മിക്കുമ്പോള്‍ ഉപോത്പന്നമായി ലഭിക്കുന്ന കാല്‍സിയം അസറ്റേറ്റ് നേര്‍ത്ത സള്‍ഫ്യൂറിക് അമ്ലം ചേര്‍ത്തു വാറ്റിയെടുത്താല്‍ അസറ്റിക് അമ്ലം കിട്ടും.

(CH3COO)2Ca + H2SO4 → 2CH3COOH + CaSO4

3. വിനിഗറില്‍ 7-8 ശ.മാ. വരെ അസറ്റിക് അമ്ലമുണ്ട്. വിനിഗറില്‍ ചുണ്ണാമ്പു ചേര്‍ത്താല്‍ കാല്‍സിയം അസറ്റേറ്റ് ഉണ്ടാകുന്നു. ഇതില്‍നിന്നു മുന്‍ പറഞ്ഞതുപോലെ അസറ്റിക് അമ്ലം ലഭ്യമാക്കാം. ഈ വിധികള്‍ക്കു പുറമേ കോബാള്‍ട്, മാങ്ഗനീസ് എന്നിവയുടെ അസറ്റേറ്റുകള്‍ ഉത്പ്രേരകമായി ഉപയോഗിച്ച് ബ്യൂടേന്‍ (butane) വാതകത്തെ വായുകൊണ്ട് നേരിട്ട് ഓക്സീകരിച്ചും ഈ അമ്ലം നിര്‍മിക്കാം.

ജലം, ആല്‍ക്കഹോള്‍, ഈഥര്‍, കാര്‍ബണ്‍ ടെട്രാ ക്ലോറൈഡ് എന്നീ ലായകങ്ങളില്‍ അസറ്റിക് അമ്ളം ഏത് അനുപാതത്തിലും കലരും. കാര്‍ബണ്‍ ഡൈസള്‍ഫൈഡില്‍ അലിയുകയില്ല. നേര്‍ത്ത അസറ്റിക് അമ്ലം ഒരു ദുര്‍ബലാമ്ലമാണ്. ഇതില്‍ സള്‍ഫര്‍, അയഡിന്‍, അനേകം കാര്‍ബണിക വസ്തുക്കള്‍ എന്നിവ ലയിപ്പിക്കാം. 300°C-ല്‍ പ്യൂമിക് സ്റ്റോണിന്മേല്‍ (കട്ടിക്കല്ല്) വച്ച മാങ്ഗനീസ് ഡൈഓക്സൈഡില്‍ അസറ്റിക് അമ്ലബാഷ്പം പ്രവഹിപ്പിച്ചാല്‍ അസറ്റോണ്‍ ലഭിക്കുന്നു. 500°C-ല്‍ ഈ അമ്ലം താപീയവിഘടനത്തിനു (thermal decomposition) വിധേയമാക്കിയാല്‍ മീഥേന്‍, കാര്‍ബണ്‍ ഡൈഓക്സൈഡ്, ജലം, കീറ്റീനുകള്‍ എന്നിവ ഉണ്ടാകുന്നു.

ലോഹ-അസറ്റേറ്റുകള്‍, അസറ്റോണ്‍, അസറ്റിക് അന്‍ഹൈഡ്രൈഡ്, ഫോട്ടോഗ്രാഫിക് ഫിലിമുകള്‍ക്കു വേണ്ട സെലുലോസ് അസറ്റേറ്റ്, വ്യാവസായിക ലായകങ്ങളായ ഈഥൈല്‍ അസറ്റേറ്റ്, അമൈല്‍ അസറ്റേറ്റ് എന്നീ എസ്റ്ററുകള്‍-അങ്ങനെ അനേകം പദാര്‍ഥങ്ങളുടെ നിര്‍മാണത്തിന് അസറ്റിക് അമ്ലം ഉപയോഗിക്കപ്പെടുന്നു. വൈറ്റ്‍ലെഡ് എന്ന ചായത്തിന്റെ നിര്‍മാണം, മത്സ്യമാംസാദികള്‍ സൂക്ഷിക്കല്‍, രോമവസ്ത്രങ്ങള്‍ക്ക് ചായങ്ങള്‍ കൊടുക്കല്‍, റബ്ബര്‍പാല്‍ പിരിക്കല്‍, ചില ഔഷധങ്ങളുടെ നിര്‍മാണം എന്നീ ആവശ്യങ്ങള്‍ക്കും ഈ അമ്ലം ഉപയോഗിക്കുന്നു.

അസറ്റേറ്റുകള്‍. അസറ്റിക് അമ്ലത്തിന്റെ അകാര്‍ബണിക ലവണങ്ങള്‍ക്കുള്ള സാമാന്യമായ പേര്. അമ്ലഗ്രൂപ്പിലെ (-COOH) ഹൈഡ്രജനെ അകാര്‍ബണിക റാഡിക്കലുകള്‍ കൊണ്ട് പ്രതിസ്ഥാപിച്ച് ഇവയുണ്ടാക്കാം. കാര്‍ബണിക റാഡിക്കലുകള്‍കൊണ്ട് ആദേശിച്ചുകിട്ടുന്ന ഉത്പന്നങ്ങള്‍ക്ക് എസ്റ്ററുകള്‍ എന്നു പ്രത്യേകം പേരുണ്ട്. സില്‍വര്‍ അസറ്റേറ്റ് ഒഴികെയുള്ള മറ്റെല്ലാ അസറ്റേറ്റുകളും ജലവിലേയങ്ങളാണ്. അല്പം അമ്ലം ചേര്‍ത്തു ചൂടാക്കിയാല്‍ അസറ്റേറ്റുകള്‍ അസറ്റിക് അമ്ലത്തിന്റെ മണം തരുന്നു. ആല്‍ക്കഹോളും അല്പം സാന്ദ്രസള്‍ഫ്യൂറിക് അമ്ളവും ചേര്‍ത്ത് അസറ്റേറ്റുകള്‍ ചൂടാക്കിയാല്‍ പഴങ്ങളുടേതുപോലുള്ള എസ്റ്റര്‍ മണം ഉണ്ടാകും. അകാര്‍ബണിക അസറ്റേറ്റുകളെ ഇപ്രകാരം കണ്ടുപിടിക്കാം. അസറ്റേറ്റ് അയോണിനു (acetate ion) നിറമില്ല.

പല അസറ്റേറ്റുകളും പ്രയോജനമുള്ളവയാണ്. ഫെറിക് അസറ്റേറ്റ്, അലുമിനിയം അസറ്റേറ്റ് എന്നിവ ചായമിടുന്നതിലും കാലിക്കോ പ്രിന്റിങ്ങിലും മോര്‍ഡന്റ് ആയും ലെഡ് ടെട്രാ അസറ്റേറ്റ് കാര്‍ബണിക അഭിക്രിയകളില്‍ ഓക്സീകാരിയായും സോഡിയം അസറ്റേറ്റ്, മീഥേന്‍, ഈഥേന്‍ എന്നിവയുടെ നിര്‍മാണത്തിനും ഉപയോഗിച്ചുവരുന്നു. വര്‍ഡിഗ്രിസ് എന്ന പേരില്‍ അറിയപ്പെടുന്ന നീലഹരിതമായ പെയിന്റ് ബേസിക് കോപ്പര്‍ അസറ്റേറ്റ് ആണ്. നോ: എസ്റ്ററുകള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍