This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസറ്റാല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അസറ്റാല്‍

Acetal

ഒരു ആല്‍ഡിഹൈഡും കൂടിയ അളവില്‍ ആല്‍ക്കഹോളും തമ്മില്‍ അനുയോജ്യമായ പരിതഃസ്ഥിതിയില്‍ പ്രവര്‍ത്തിച്ചുണ്ടാകുന്ന ഒരു കാര്‍ബണിക സംയുക്തം. ഇതു രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന രാസപ്രവര്‍ത്തനമാണ്. ആദ്യത്തെ ഘട്ടത്തില്‍ ഹെമി അസറ്റാലുകള്‍ ഉത്പാദിപ്പിക്കപ്പെടുകയും ഈ ഹെമി അസറ്റാലുകള്‍ കൂടുതല്‍ ആല്‍ക്കഹോളുമായി പ്രവര്‍ത്തിക്കുമ്പോള്‍ അസറ്റാലുകള്‍ ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. രാസത്വരകമായി അമ്ളസ്വഭാവമുള്ള പദാര്‍ഥങ്ങളോ കാല്‍സ്യം ക്ലോറൈഡുപോലെയുള്ള വസ്തുക്കളോ ഉപയോഗിക്കുന്നു. അസറ്റാലിന്റെ ഫോര്‍മുല: RCH (OR')2 ഇതില്‍ R എന്നത് ഹൈഡ്രജനോ ഒരു ആല്‍ക്കലൈന്‍ റാഡിക്കിലോ ആകാം.

അസറ്റാലുകള്‍ സ്ഥിരതയുള്ള ഈഥറുകളാണ്. അസറ്റാല്‍ഡിഹൈഡും ഈഥൈല്‍ ആല്‍ക്കഹോളും ചേര്‍ന്ന മിശ്രിതം 100°C യില്‍ ചൂടാക്കിയാല്‍ അസറ്റാല്‍ഡിഹൈഡ് ഡൈഇഥൈല്‍ അസറ്റാല്‍ ഉണ്ടാകുന്നു. ഇതിന്റെ ഫോര്‍മുല CH3CH(OC2H5)2. സുഗന്ധമുള്ള ഈ ദ്രവപദാര്‍ഥം 130°C-യില്‍ തിളയ്ക്കുന്നതുമാണ്.

മുന്‍ കാലങ്ങളില്‍ ഈ യൗഗികത്തിനു മാത്രമാണ് അസറ്റാല്‍ എന്നു പേരു നല്‍കിയിരുന്നത്. R . CH . (OR')2 എന്ന പൊതുവായ ഫോര്‍മുല ഇപ്പോള്‍ അസറ്റാല്‍ യൗഗികങ്ങളെ സൂചിപ്പിക്കാനുപയോഗിക്കുന്നു.

ആല്‍ക്കഹോളിനുപകരം 1: 2 ഗ്ലൈക്കോളുകള്‍ ഉപയോഗിച്ചാല്‍ ചാക്രിയ (cyclic) അസറ്റാലുകള്‍ ലഭിക്കും.

അസറ്റാല്‍ യൗഗികങ്ങള്‍ പൊതുവേ സ്ഥിരതയുള്ളവയാണ്. എന്നാല്‍ ഇവ സാധാരണയായി സാവകാശം ജലീയ വിശ്ലേഷണത്തിനു വിധേയമാകുമ്പോള്‍ ഇവയുണ്ടാക്കാനുപയോഗിച്ച അതേ ആല്‍ഡിഹൈഡും ആല്‍ക്കഹോളും തിരികെ ലഭിക്കുന്നു.

അസറ്റാല്‍ഡിഹൈഡ് ഡൈഈഥൈല്‍ അസറ്റാല്‍ ഒരു ലായകമായും ഔഷധ നിര്‍മിതിക്കും ഉപയോഗിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍