This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസറ്റാനിലൈഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അസറ്റാനിലൈഡ്

Acetanilide


ഒരു പ്രതിസ്ഥാപിത ആരോമാറ്റിക അമൈഡ് (substituted aromatic amide). ഇത് ആന്റിഫെബ്രിന്‍ (antifebrin) എന്ന വ്യവഹാരനാമത്തിലാണ് മുന്‍കാലങ്ങളില്‍ അറിയപ്പെട്ടിരുന്നത്. ഫോര്‍മുല: C6H5.NH.CO.CH3; ദ്ര.അ. 114°C ,തിളനില: 304°C, വെളുത്തതും ഖരാവസ്ഥയിലുള്ളതുമായ അസറ്റാനിലൈഡ് പ്രത്യേക ഗന്ധമൊന്നും ഇല്ലാത്തതാണ്. 545°C-ല്‍ ഇത് സ്വയം ജ്വലിക്കും. ജലത്തില്‍ അലേയമാണ്; ചൂടുവെള്ളത്തില്‍ താരതമ്യേന ലേയം.

അസറ്റൈല്‍ ക്ളോറൈഡ് അനിലിനുമായി ചേര്‍ത്ത് പിരിഡി (pyridine)ന്റെ സാന്നിധ്യത്തില്‍ ചൂടാക്കിയോ അസറ്റിക് അന്‍ഹൈഡ്രൈഡ് അനിലിന്‍ ചേര്‍ത്ത് സിങ്ക് ക്ളോറൈഡിന്റെ സാന്നിധ്യത്തില്‍ ചൂടാക്കിയോ അസറ്റാനിലൈഡ് ഉത്പാദിപ്പിക്കാം. അനിലിനു പകരം ഫീനൈല്‍ അമോണിയം ക്ലോറൈഡ് ചേര്‍ത്തും അസറ്റാനിലൈഡ് ഉത്പാദിപ്പിക്കാം.

നേര്‍ത്ത അമ്ലങ്ങളോ അല്ലെങ്കില്‍ ക്ഷാരങ്ങളോ ചേര്‍ത്തു ചൂടാക്കിയാല്‍ അസറ്റാനിലൈഡ് ജലീയ വിശ്ലേഷണത്തിനു വിധേയമായി അനിലിന്‍ ഉത്പാദിപ്പിക്കുന്നു.


അനിലിന്റെ അമിനൊ ഗ്രൂപ്പ് കവചിതമാക്കിക്കൊണ്ടുള്ള എല്ലാ രാസപ്രവര്‍ത്തനങ്ങളിലും അസറ്റാനിലൈഡ് ഒരു ഇടയൌഗികം ആണ്.

അസറ്റാനിലൈഡ് വേദനയും പനിയും കുറയ്ക്കുന്ന ഔഷധങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്നു. ആന്റിബയോട്ടിക്കായ പെന്‍സിലിന്‍ ഉത്പാദനരംഗത്ത് മാധ്യമികമായും ഇത് ഉപയോഗിക്കാറുണ്ട്. ചില ചായങ്ങളും കര്‍പ്പൂരവും കൃത്രിമമായി ഉത്പാദിപ്പിക്കുന്നതിനും അസറ്റാനിലൈഡ് ഉപയോഗിക്കുന്നു.

ഹൃദ്രോഗികള്‍ക്ക് ഇതു ദോഷകരമാണ്. ശരീരത്തില്‍ അസറ്റാനിലൈഡിന്റെ ദോഷവശങ്ങള്‍ക്കു കാരണം ജലീയവിശ്ലേഷണം മൂലമുണ്ടാകുന്ന അനിലിന്‍ ആണ്. അനിലിന്‍ രക്തത്തില്‍ മെറ്റ് ഹീമോഗ്ലോബിന്‍ (methaemoglobin) ഉത്പാദിപ്പിക്കും. മെറ്റ് ഹീമോഗ്ലോബിനില്‍ അയണ്‍, ഫെറിക് അവസ്ഥയിലാകയാല്‍, ശ്വസനത്തിനുവേണ്ട ഓക്സിജന്‍ വഹനം നടത്തുകയില്ല. ഈ സ്ഥിതിവിശേഷത്തെ അനിലിന്‍ വിഷബാധ എന്നു പറയാറുണ്ട്. ബോധക്ഷയം, മനംപുരട്ടല്‍, നഖത്തിലും ചുണ്ടിലും നീല നിറം മുതലായ പല അനര്‍ഥങ്ങളും അനിലിന്‍ കൊണ്ട് ഉണ്ടാകാനിടയുണ്ട്. നോ: ആന്റി പൈററ്റിക്കുകള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍