This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസഫ് ഉദ്-ദൗല (ഭ.കാ. 1176 - 97)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അസഫ് ഉദ്-ദൗല (ഭ.കാ. 1176 - 97)

Asaf Ud-Dowlah

ഔധിലെ നവാബ്; മിര്‍സാമാനീ എന്നായിരുന്നു ആദ്യത്തെ പേര്. പിതാവായിരുന്ന ഷുജാഉദ്ദൗലയെത്തുടര്‍ന്ന് 1775 ജനു.-ല്‍ അസഫ്ഉദ് ദൗല (ആസഫ്ഉദ് ദൗല)എന്ന സ്ഥാനപ്പേരോടുകൂടി 'നവാബ്വസീര്‍' ആയി. മേയില്‍ അസഫ്ഉദ് ദൌല ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുമായി ഒരു കരാറിലേര്‍പ്പെട്ടു; അതനുസരിച്ച് അലഹാബാദും കോറായും നവാബ് തുടര്‍ന്നു കൈവശം വയ്ക്കാനും ബനാറസ്, ജാന്‍പൂര്‍, ഗാസിപൂര്‍ എന്നിവ കമ്പനിക്കു വിട്ടുകൊടുക്കാനും തീരുമാനിച്ചു. കമ്പനിയുടെ സഹായത്തോടുകൂടി റോഹില്‍ഖണ്ഡ് കീഴടക്കുകയും (1780) ആ പ്രദേശത്ത് വളരെയേറെ നാശനഷ്ടം വരുത്തുകയും ചെയ്തു. ഒരു സ്വതന്ത്ര പ്രദേശമായ റോഹില്‍ഖണ്ഡ് യാതൊരു പ്രകോപനവുമില്ലാതെ പിടിച്ചെടുത്തത് അനീതിയും അക്രമവുമായിരുന്നു. കപ്പംവകയില്‍ കമ്പനിക്കു കൊടുക്കാനുണ്ടായിരുന്ന 15 ലക്ഷം രൂപ കൊടുത്തുതീര്‍ക്കണമെന്നു കമ്പനി നിര്‍ബന്ധിച്ചു. കമ്പനി സൈന്യത്തിന്റെ സഹായത്തോടുകൂടി ഔധിലെ ബീഗങ്ങളെ പീഡിപ്പിച്ച് അവരുടെ സ്വത്തുക്കള്‍ കരസ്ഥമാക്കി (1782). ഈ ഇടപാടുകളില്‍ ഗവര്‍ണര്‍ ജനറലായിരുന്ന വാറന്‍ ഹേസ്റ്റിംഗ്സ് (1732-1818) സഹായം നല്കിയതിനെ ചരിത്രകാരന്‍മാരെല്ലാപേരും കുറ്റപ്പെടുത്തിയിട്ടുണ്ട്.

നവാബിന്റെ ഭരണം ദുഷിച്ചതും അനീതിയും അക്രമവും നിറഞ്ഞതുമായിരുന്നു; ഇതിനു സ്ഥാപിതതാത്പര്യക്കാരായ കമ്പനി ഉദ്യോഗസ്ഥന്മാരുടെ സഹായവും സഹകരണവും ലഭിച്ചു. നവാബിന്റെ പ്രധാന ഉപദേഷ്ടാവായിരുന്ന ഹൈദര്‍ബേഗ് 1794-ല്‍ മരിച്ചതോടുകൂടി ഭരണകാര്യങ്ങളില്‍ എന്തെങ്കിലും നവീകരണം തികച്ചും അസംഭാവ്യമായിത്തീര്‍ന്നു. ഈ കുഴപ്പങ്ങളുടെ നടുവില്‍ അസഫ്ഉദ് ദൗല അന്തരിച്ചു.

(ഡോ. എ.പി. ഇബ്രാഹിംകുഞ്ഞ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍