This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസംബ്ലേജ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അസംബ്ളേജ്

Assemblage


ശില്പചിത്രങ്ങളില്‍ പരസ്പരബന്ധമില്ലാത്ത പദാര്‍ഥങ്ങളോ ഒന്നിലധികം മാധ്യമങ്ങളോ ഇഷ്ടാനുസരണം ഇണക്കിച്ചേര്‍ത്ത് ത്രിമാനസ്വഭാവമുള്ള രൂപങ്ങള്‍ നിര്‍മിക്കുന്ന ഒരു രചനാശൈലി. ഇതു മുഖ്യമായും പ്രതിമാനിര്‍മാണത്തിലുള്ള ഒരു സങ്കേതമായിട്ടാണ് രൂപംകൊണ്ടിട്ടുള്ളത്.

തുണി, കടലാസ് തുടങ്ങി വിവിധ പദാര്‍ഥങ്ങള്‍ ചേര്‍ത്തു ചിത്രങ്ങള്‍ നിര്‍മിക്കുന്ന കൊളാഷ് (Collage) എന്ന സങ്കേതത്തോടും ഒരു പ്രതലത്തിനുമീതെ മറ്റൊന്ന് എന്ന നിലയില്‍ നിരവധി പാളികള്‍ ഒട്ടിച്ചുചേര്‍ത്ത് ഒരു സംരചിത ചിത്രം നിര്‍മിക്കുന്ന മൊണ്ടാഷ് എന്ന സങ്കേതത്തോടും ഇതിനു ബന്ധമുണ്ട്. 1912-ല്‍ പിക്കാസോയും ബ്രാക്കും രൂപം നല്കിയ സംരചനാസങ്കേതമായ മൊണ്ടാഷില്‍നിന്നാണ് കൊളാഷും അസംബ്ലേജും രൂപമെടുത്തത്. ആധുനിക ചിത്രശില്പ കലാശൈലികളിലെ ശ്രദ്ധേയമായ ഒരു മാധ്യമമായി ഇത് ഇന്ന് വികസിച്ചിട്ടുണ്ട്. ക്യൂബിസ (Cubism)ത്തിന്റെ വളര്‍ച്ചയോടുകൂടിയാണ് ഈ പ്രസ്ഥാനത്തിന് സാര്‍വത്രികമായ അംഗീകാരം ലഭിച്ചത്. ടെക്സ്ചറുകള്‍ (Texture), സിംബലുകള്‍ (Symbols), വസ്തുക്കള്‍ എന്നിവ ചിത്രത്തില്‍ പെയിന്റു ചെയ്തു കാണിക്കുന്നതിനുപകരം വര്‍ത്തമാനപത്രങ്ങളിലോ മറ്റേതെങ്കിലും പ്രസിദ്ധീകരണങ്ങളിലോ ഉള്ള പ്രിന്റുകള്‍ ലക്ഷ്യബോധത്തോടെ തിരഞ്ഞെടുത്ത് അനുവാചകന് അര്‍ഥബോധം ഉണ്ടാകത്തക്കവണ്ണം യഥായോഗ്യം ഇണക്കിച്ചേര്‍ത്ത് ചിത്രരചന നടത്തുന്ന കൊളാഷ് സമ്പ്രദായം അസംബ്ളേജിന്റെ മുന്നോടിയായിരുന്നു. പിക്കാസോയുടെ സ്റ്റില്‍ ലൈഫ് വിത്ത് ചെയര്‍ കെയിനിങ് (Still Life with Chair Caning) ഇക്കൂട്ടത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു കലാസൃഷ്ടിയാണ്. ദ്വിമാനസ്വഭാവമുള്ള കൊളാഷ് ചിത്രകലയുടെ പരിധിക്കുള്ളില്‍ ഒതുങ്ങിനില്ക്കുമ്പോള്‍ അസംബ്ലേജ് ത്രിമാനസ്വഭാവമുള്ള ശില്പകലാസങ്കേതത്തിലേക്കു വികസിക്കുന്നു. ഫ്യൂച്ചറിസം (Futurism), ദാദായിസം (Dadaism) എന്നീ പ്രസ്ഥാനങ്ങളുടെ പ്രചാരത്തോടുകൂടിയാണ് കൊളാഷ് വളരുകയും അസംബ്ളേജ് വികസിക്കുകയും ചെയ്തത്. ത്രിമാനവസ്തുക്കള്‍ ഒട്ടിച്ചും മുറിച്ചും ശില്പമാതൃകയില്‍ യഥാസ്ഥാനങ്ങളില്‍ ഇണക്കിച്ചേര്‍ത്ത് ഭാവോജ്ജ്വലങ്ങളാക്കിയ കലാരൂപങ്ങള്‍ക്ക് ദാദായിസശില്പങ്ങള്‍ക്കിടയില്‍ പ്രാമുഖ്യം ലഭിച്ചു.

കാളത്തല:പിക്കാസോ

യുദ്ധകാലപരിതഃസ്ഥിതിയില്‍നിന്നുണ്ടായ നിരാശതാബോധത്തില്‍നിന്ന് ഉതിര്‍ന്ന നിശ്വാസങ്ങള്‍ ഉള്‍ക്കൊണ്ട് ദാദായിസ്റ്റുകള്‍ നിലവിലുണ്ടായിരുന്ന കലാതത്ത്വങ്ങളെ തകര്‍ക്കുവാന്‍ ആഹ്വാനംചെയ്തു. പരസ്പരഭിന്നങ്ങളായ രചനകള്‍ ആവിഷ്കരിച്ച് നിലനിന്നുവരുന്ന കലാസമ്പ്രദായങ്ങളോടുള്ള പ്രതിഷേധം അവര്‍ പ്രകടമാക്കി. ഏതെങ്കിലും ഒരു മാധ്യമത്തിലൂടെ പടിപടിയായി രൂപം നല്കി ശില്പരചന നിര്‍വഹിക്കുന്ന സമ്പ്രദായത്തെ അവര്‍ എതിര്‍ത്തു. കൈയില്‍ കിട്ടുന്ന പദാര്‍ഥങ്ങള്‍ പരസ്പരബന്ധമുള്ളവയല്ലെങ്കിലും അവയുടെ ഭാഗങ്ങള്‍ യഥാസ്ഥാനങ്ങളില്‍ നിന്നും മാറ്റി പല മാധ്യമങ്ങളുടെ സഹായത്തോടെ തോന്നുംപടി കൂട്ടിയിണക്കി ത്രിമാനസ്വഭാവമുള്ള ഒരു ശില്പത്തിനു രൂപം നല്കുകയെന്ന സമ്പ്രദായം അവര്‍ ആവിഷ്കരിച്ചു. കൂട്ടിച്ചേര്‍ക്കുക എന്ന അര്‍ഥത്തിലാണ് 'അസംബ്ലേജ്' എന്ന പേര്‍ ആ കലാശൈലിക്കു ലഭിച്ചത്. കണ്‍സ്ട്രക്റ്റിവിസ്റ്റുകളായ (Constructivist) കലാകാരന്മാര്‍ക്കിടയില്‍ ഇത്തരം പരീക്ഷണങ്ങള്‍ വളരെ വിപുലമായ തോതില്‍ നടന്നുവരുന്നു. അവരുടെ വീക്ഷണത്തില്‍ അസംബ്ളേജ് ഒരു ചതുര്‍മാനശൈലിയാണ്. നീളം, വീതി, ഉയരം ഇവയ്ക്കു പുറമേ സമയചലനങ്ങള്‍കൂടി അസംബ്ളേജില്‍ അവര്‍ ആരോപിക്കുന്നു.

അന്റോയന്‍ പ്യൂസ്നര്‍ (1866-1962) എന്ന കലാകാരന്റെ ടോര്‍സോ (Torso) എന്ന ശില്പം പ്ലാസ്റ്റിക്-ചെമ്പ് തകിടുകള്‍ ചേര്‍ത്ത് രൂപപ്പെടുത്തിയതാണ്. അസംബ്ളേജ് ശില്പങ്ങളുടെ ആദ്യകലാമാതൃകയായി ഇതു കരുതപ്പെട്ടുവരുന്നു. ഈ ശില്പത്തില്‍ വിവിധ പ്രതലങ്ങളും അറകളും ഉണ്ടാക്കി മനുഷ്യന്റെ ഉടല്‍ വികലമായി നിര്‍മിച്ചിരിക്കുന്നു. യന്ത്രത്തെ ദ്യോതിപ്പിക്കുന്ന രൂപവും വിചിത്രതരമായ ഘടനയും ശ്രദ്ധാര്‍ഹമാണ്. പിക്കാസോയുടെ കാളയുടെ തല എന്ന ശില്പം അസംബ്ലേജിന് അത്യുത്തമമായ മറ്റൊരുദാഹരണമാണ്. സൈക്കിള്‍സീറ്റ് കാളയുടെ മുഖവും സൈക്കിള്‍ ഹാന്‍ഡ്ബാര്‍ കൊമ്പുകളുമായി രൂപപ്പെടുത്തിയിട്ടുള്ള ഈ ശില്പം ആധുനിക ശില്പകലയുടെ ഏറ്റവും മികച്ച സംഭാവനയായി കരുതപ്പെടുന്നു. അസംബ്ളേജ്, കൊളാഷ് എന്നീ ശൈലികളില്‍നിന്നും രൂപംകൊണ്ട പോപ് (Pop) കല ആധുനിക ചിത്രശില്പകലയിലെ അതിനൂതനമായ ഒരു പ്രവണതയാണ്. നോ: ആധുനികകല; പിക്കാസോ; പോപ്കല; ബ്രാക്ക്; മൊണ്ടാഷ്

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍