This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസംബന്ധനാടകവേദി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അസംബന്ധനാടകവേദി

Theatre of the Absurd


1950-കളിലും 60-കളിലും യൂറോപ്പില്‍ രൂപംകൊണ്ട ഒരു പ്രത്യേക നാടകവേദി. മനുഷ്യാവസ്ഥയുടെ അസംബന്ധ സ്വഭാവത്തെയാണ് ഈ വിഭാഗത്തിലുള്ള നാടകങ്ങള്‍ ചിത്രീകരിക്കുന്നത്. 1961-ല്‍ മാര്‍ട്ടിന്‍ എസ്ലിന്‍ എന്ന നാടകനിരൂപകന്‍ തിയെറ്റര്‍ ഒഫ് ദി അബ്സേഡ് എന്ന കൃതി പ്രസിദ്ധീകരിച്ചതോടെയാണ് അസംബന്ധനാടകവേദി ഏറെ ചര്‍ച്ചാവിഷയമായത്. യുദ്ധാനന്തര പാരിസില്‍ ഒത്തുചേര്‍ന്ന ഏതാനും നാടകകൃത്തുക്കള്‍ അസംബന്ധ നാടകങ്ങള്‍ രചിക്കുകയും അവയില്‍ സാമുവല്‍ ബെക്കറ്റിന്റെ വെയ്റ്റിങ് ഫോര്‍ ഗോദോ അപ്രതീക്ഷിത വിജയം നേടുകയും ചെയ്തതിനെത്തുടര്‍ന്നാണ് അസംബന്ധ നാടകവേദി ജനശ്രദ്ധ ആകര്‍ഷിച്ചത്.

അയര്‍ലണ്ടില്‍ നിന്നെത്തിയ സാമുവല്‍ ബെക്കറ്റ്, റുമാനിയക്കാരനായ യുജിന്‍ അയനെസ്കോ, അര്‍മെനിയന്‍ വംശജനായ ആര്‍തര്‍ അദമോവ്, ഫ്രഞ്ച് സാഹിത്യകാരനായ ഴാങ് ഴെനെ മുതലായവരാണ് പ്രുമുഖരായ അസംബന്ധ നാടകകൃത്തുക്കള്‍. ഇംഗ്ലണ്ടില്‍ നിന്നെത്തിയ ഹരോള്‍ഡ് പിന്ററും, അമേരിക്കക്കാരനായ എഡ്വേഡ് ആല്‍ബിയും ഈ നാടകവേദിക്ക് വിലപ്പെട്ട സംഭാവനകള്‍ നല്കി.

1942-ല്‍ ദ് മിത്ത് ഒഫ് സിസിഫസ് എന്ന കൃതിയിലൂടെ ആല്‍ബെ കമ്യു എന്ന പ്രശസ്ത സാഹിത്യകാരനാണ് 'അസംബന്ധം' എന്ന ആശയം മുന്നോട്ടുവച്ചത്. സംഘര്‍ഷം മൂര്‍ച്ഛിക്കുമ്പോള്‍ മനുഷ്യന്‍ അവന്റെ സാമൂഹികനീതിബോധവും സന്മാര്‍ഗ ചിന്തകളും ഉപേക്ഷിക്കുമെന്നും അതിജീവനത്തിനും ആത്മസംരക്ഷണത്തിനും വേണ്ടി അസംബന്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമെന്നും കമ്യു ചൂണ്ടിക്കാട്ടി. വ്യാപകമായ തോതില്‍ ക്രൂരതകള്‍ അരങ്ങേറിയ രണ്ടാം ലോകയുദ്ധമാണ് അസ്തിത്വവാദത്തെയും അസംബന്ധനാടകത്തെയും ബന്ധിപ്പിക്കുന്ന ചരിത്രപരമായ കണ്ണി. അസ്തിത്വവാദത്തിന്റെ നാടകവത്കരണമാണ് അസംബന്ധ നാടകവേദി എന്നഭിപ്രായമുണ്ട്. ഈ നാടകങ്ങളിലെ കഥാപാത്രങ്ങള്‍ തത്ത്വശാസ്ത്രമൊന്നും ചര്‍ച്ച ചെയ്യുന്നില്ല. എങ്കിലും അവര്‍ അതുള്‍ക്കൊള്ളുന്നു. അസംബന്ധങ്ങളായ അനുഭവങ്ങള്‍ ഉണ്ടാകുമ്പോഴും അതെന്തുകൊണ്ടാണെന്ന് അവരറിയുന്നില്ല. രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതിനു കഴിയില്ലെന്ന് അവര്‍ക്കു നന്നായറിയാം. അവര്‍ അവരുടെ അസ്തിത്വത്തോട് ബന്ധിക്കപ്പെട്ടിരിക്കുന്നു. മരണത്തെക്കുറിച്ച് സംസാരിക്കുമെങ്കിലും അവര്‍ക്കതു സംഭവിക്കുന്നില്ല. അര്‍ഥശൂന്യമായ ഒരവസ്ഥയില്‍ അവര്‍ക്ക് അവിരാമം കഴിയേണ്ടിവരുന്നു.

സാമുവല്‍ ബെക്കറ്റിന്റെ വെയ്റ്റിങ് ഫോര്‍ ഗോദോ എന്ന നാടകമാണ് അസംബന്ധനാടകവേദിയില്‍ ഏറ്റവും പ്രശസ്തിയാര്‍ജിച്ചത്. വഴിയരികില്‍ ഗോദോയെ കാത്തിരിക്കുന്ന രണ്ടു യാചകരാണ് ഇതിലെ മുഖ്യകഥാപാത്രങ്ങള്‍. സമയം ചെലവഴിക്കാന്‍ വേണ്ടി അവര്‍ പലതും പറയുകയും കാട്ടിക്കൂട്ടുകയും ചെയ്യുന്നു. പ്രത്യേകിച്ച് എന്തെങ്കിലും സംഭവിക്കുകയോ ഗോദോ വരികയോ ചെയ്യുന്നില്ല. ഇപ്രകാരം ഈ നാടകത്തില്‍ പ്രമേയവും സംഭവങ്ങളും നിഷേധിക്കപ്പെടുന്നു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും അവതരിപ്പിക്കപ്പെട്ട ഈ നാടകം പില്ക്കാലത്ത് അനേകം അസംബന്ധനാടകങ്ങള്‍ക്കു മാതൃകയായി.

അസംബന്ധ നാടകസങ്കല്പത്തെ ചൈതന്യവത്തായ മറ്റൊരു മൗലിക മാതൃകയിലൂടെ സാക്ഷാത്കരിച്ച ഫ്രഞ്ച് നാടകകൃത്താണ് റുമാനിയന്‍ വംശജനായ യുജിന്‍ അയനെസ്കോ. മനുഷ്യന്റെ ആന്തരികവും ബാഹ്യവുമായ അസ്തിത്വത്തെത്തന്നെ നിരര്‍ഥകമാക്കുന്ന ശൂന്യതയെയും അത് അവന്റെ ജീവിതാവബോധത്തിലും പെരുമാറ്റത്തിലും ചെലുത്തുന്ന പീഡനാത്മകപ്രഭാവത്തെയും യുക്തിക്ക് അതീതങ്ങളായ സംഭവങ്ങള്‍, വിഭ്രാമകധാരണകള്‍, വിചിത്രമായ വ്യാപാരങ്ങള്‍, നിരര്‍ഥകഭാഷാപ്രയോഗങ്ങള്‍ തുടങ്ങിയവയിലൂടെ അദ്ദേഹം ചിത്രീകരിച്ചു. അയനസ്കൊ രചിച്ച ദി റിനോസെറോസ്, അമേദെ, ദ് ചെയേഴ്സ്, ദ് ലസന്‍, ദ് കില്ലര്‍ മുതലായ കൃതികള്‍ അസംബന്ധനാടകത്തിന്റെ മികച്ച ദൃഷ്ടാന്തങ്ങളായി കണക്കാക്കപ്പെടുന്നു.

സമകാലീന മാനസിക-സാമൂഹിക സംഘര്‍ഷങ്ങളെ അവതരിപ്പിക്കുവാന്‍ അന്യാദൃശമായ കഴിവ് പ്രകടിപ്പിച്ച മറ്റൊരു അസംബന്ധ നാടകകൃത്താണ് എഡ്വേഡ് ആല്‍ബി. ദ് സൂ സ്റ്റോറി എന്ന ഏകാങ്കമാണ് ആദ്യത്തെ നാടകം. അസംതൃപ്തനായ ഒരു യുവാവ് നിഷ്കളങ്കനായ ഒരു മധ്യവയസ്കനെ പ്രേരിപ്പിച്ച് തന്നെ കൊല ചെയ്യിക്കുന്നതാണ് ഇതിലെ ഇതിവൃത്തം. റിയലിസവും വിചിത്രകല്പനകളും കൂട്ടിയണക്കി രചിക്കപ്പെട്ട ഒരസംബന്ധനാടകമാണിത്. 1975-ല്‍ ഇദ്ദേഹത്തിന്റെ സിങ്കേപ്പ് എന്ന നാടകത്തിന് പുലിറ്റ്സര്‍ സമ്മാനം ലഭിച്ചു. 1994-ല്‍ രചിച്ച ത്രീ റ്റോള്‍ വിമന്‍ എന്ന നാടകത്തിനും ഇതേ സമ്മാനം ലഭിച്ചു.

ആധുനിക ജീവിതത്തിലെ ലക്ഷ്യരാഹിത്യം, വ്യര്‍ഥതാബോധം, അവ്യവസ്ഥ തുടങ്ങിയവയെ പ്രമേയമാക്കുന്നതിനുപുറമേ നിയതമോ യുക്തിസഹമോ അല്ലാത്ത ഇതിവൃത്തം, പാത്രസൃഷ്ടി, സംഭാഷണരീതി തുടങ്ങിയവയിലും കൂടി പ്രസ്തുത സ്വഭാവം പ്രകടിപ്പിക്കുന്ന നാടകങ്ങളാണ് അസംബന്ധനാടകവേദിയില്‍ അരങ്ങേറിയത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍