This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസംഗന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അസംഗന്‍

മഹായാനബുദ്ധമതദാര്‍ശനികന്‍. ബുദ്ധമതത്തിലെ യോഗാചാരസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ഇദ്ദേഹമാണെന്നു ചൈനീസ്-തിബത്തന്‍ പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നു. ഇതേപ്പറ്റി ഭിന്നാഭിപ്രായമുണ്ട്. പരമാര്‍ഥന്‍ (6-ാം ശ.), ഹ്യുവാന്‍സാങ് (7-ാം ശ.), ഇത്സിങ്ങ് (7-ാം ശ.) താരാനാഥന്‍ (16-ാം ശ.) എന്നിവരുടെ കൃതികളില്‍ ഇദ്ദേഹത്തെക്കുറിച്ചു പരാമര്‍ശമുണ്ട്.

ഉത്തരേന്ത്യയില്‍ പുരുഷപുരത്തുള്ള (പെഷാവര്‍) കൗശികകുടുംബത്തില്‍ അസംഗന്‍ ജനിച്ചു. ബുദ്ധമതശാഖകളില്‍ ഏറ്റവും പുരാതനമായ മഹീശാസകസംഘത്തിലാണ് അദ്ദേഹം ആദ്യം സന്ന്യാസിയായി ചേര്‍ന്നത്. പിന്നീട് ബുദ്ധമതത്തിലെ ആദര്‍ശവാദത്തിന്റെ വക്താവായി. യൂവാന്‍ ചുവാങ്ങിന്റെ (ഹ്യുവാന്‍സാങ്) അഭിപ്രായത്തില്‍ അയോധ്യയായിരുന്നു ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനകേന്ദ്രം. അവിടത്തെ രാജാവായ ബാലാദിത്യന്റെയും അദ്ദേഹത്തിന്റെ പിതാവായ വിക്രമാദിത്യന്റെയും സമകാലികരായിരുന്നു അസംഗനും സഹോദരനായ വസുബന്ധുവും. അസംഗന്‍ അഞ്ചാം ശ.-ത്തില്‍ ജീവിച്ചിരുന്നതായി കണക്കാക്കപ്പെടുന്നു. അഭിസമയാലങ്കാരകാരിക, യോഗാചാരഭൂമിശാസ്ത്രം, സൂത്രാലങ്കാരം എന്നീ മൂന്നു കൃതികള്‍ അസംഗന്റേതാണെന്നു പറയപ്പെടുന്നു. ഇവ മൈത്രേയന്റെ കൃതികളാണെന്ന് മറ്റൊരഭിപ്രായമുണ്ട്. ഗുഹ്യസമാജം, സംഗ്രഹശാസ്ത്രം, ഉത്തരതന്ത്രം, പ്രജ്ഞാപാരമിതോപദേശം, മഹായാനസംപരിഗ്രഹം എന്നീ മഹായാനകൃതികളുടെ കര്‍ത്താവും അസംഗനാണ്. യോഗാഭ്യാസമുറകളും അവയുടെ ഫലങ്ങളുമാണ് യോഗാചാരഭൂമിശാസ്ത്രത്തിലെ പ്രതിപാദ്യം; മനഃശാസ്ത്രപഠനസംഗ്രഹമാണ് മഹായാനസംപരിഗ്രഹം ബോധിസത്വന്‍ അനുഷ്ഠിക്കേണ്ട ചുമതലകളെപ്പറ്റിയാണ് മഹായാനസൂത്രാലങ്കാരത്തില്‍ വിവരിച്ചിട്ടുള്ളത്. ബുദ്ധമതത്തിലേക്കു താന്ത്രികാശയങ്ങള്‍ കൊണ്ടുവന്നതിനുത്തരവാദി അസംഗനാണെന്നു കരുതപ്പെടുന്നു.

അസംഗദര്‍ശനത്തിന് സാംഖ്യദര്‍ശനവുമായി സാദൃശ്യമുണ്ട്. ബാഹ്യപ്രപഞ്ചം, വ്യക്തി എന്നിവയുടെ യാഥാര്‍ഥ്യം ഇദ്ദേഹം അംഗീകരിക്കുന്നു.

ചൈനീസ് ഭാഷയിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ട അസംഗന്റെ കൃതികളാണ് ഇന്നു ലഭ്യമായിട്ടുള്ളത്. അസംഗദര്‍ശനത്തിന്റെ ഒരു പ്രമുഖവക്താവായിരുന്നു യുവാന്‍ ചുവാങ്ങ്. അസംഗബുദ്ധമതവിശ്വാസികള്‍ക്ക് ഗൗതമബുദ്ധനിലുള്ള വിശ്വാസം ക്രമേണ കുറഞ്ഞുവന്നു. പകരം മൈത്രേയനെ അവര്‍ ആരാധിക്കാന്‍ തുടങ്ങി. ഇന്ത്യയിലും ചൈനയിലും പിന്നീട് ഈ സ്ഥാനം അമിതായൂസ്സിനു (നോ: അമിതായുസ്) ലഭിച്ചു. ജപ്പാനിലെ ബുദ്ധമതക്കാരുടെ ഇടയില്‍ അസംഗദര്‍ശനം ഒരു വിജ്ഞാനശാഖയെന്ന നിലയ്ക്ക് ഇന്നും നിലനിന്നുവരുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B8%E0%B4%82%E0%B4%97%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍