This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസംഗജനനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അസംഗജനനം

Apomixis

ലൈംഗികത പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടുള്ള പ്രത്യുത്പാദനരീതി. മിക്ക ജീവികളിലും ലൈംഗിക പ്രത്യുത്പാദനമാണ് നടക്കുന്നത്. ബീജാണ്ഡസംയോജനം ഇത്തരത്തിലുള്ള പ്രത്യുത്പാദനത്തിന് അനിവാര്യമാണ്. ബീജാണ്ഡങ്ങളുടെ പരിപക്വനസമയത്ത് ക്രോമസോമു(chromosome)കളുടെ എണ്ണം പകുതിയായി കുറയുന്നതുമൂലം ബീജസങ്കലനഘട്ടത്തില്‍ സ്പീഷീസിനു സഹജമായ ക്രോമസോം നില കൈവരുന്നു. ഇങ്ങനെ പ്രത്യുത്പാദനം നടന്നുകൊണ്ടിരിക്കുന്ന പല ജീവികളിലും കാലക്രമത്തില്‍ പരിണാമം സംഭവിച്ച് ലൈംഗികത നഷ്ടപ്പെടുകയും അലൈംഗികമായ മാര്‍ഗങ്ങളാല്‍ പ്രത്യുത്പാദനം നടക്കാനിടയാകുകയും ചെയ്യുന്നു. ഈ പ്രതിഭാസമാണ്. അസംഗജനനം. ലൈംഗികമായും അലൈംഗികമായും പ്രത്യുത്പാദനം നടക്കുന്ന പല സസ്യങ്ങളുമുണ്ട്; ഈ രീതിയെ അസംഗജനനമായി കണക്കാക്കാനാകില്ല.

ജന്തുക്കളില്‍. ജന്തുക്കളില്‍ ഇപ്രകാരം പ്രത്യുത്പാദനം നടക്കുന്നത് അനിഷേകജനനം (parthenogenesis) മൂലമാണ്. ബീജസങ്കലനമില്ലാതെതന്നെ ഇവയില്‍ അണ്ഡവികാസം സംഭവിക്കുന്നു. ചില റോട്ടിഫെറുകള്‍ (rotifers), വിരകള്‍ (worms), ക്രസ്റ്റേഷ്യകള്‍ (crustacea), പ്രാണികള്‍ (insects) തുടങ്ങിയവ ഉദാഹരണങ്ങളാണ്. അണ്ഡകോശത്തിലെ ക്രോമസോമുകളുടെ എണ്ണം പരിപക്വനസമയത്ത് കുറയാതെ നിലനിര്‍ത്തുന്നതിനു പല സമ്പ്രദായങ്ങളും കണ്ടുവരുന്നു. ഐച്ഛിക(facultative)മായുള്ള അനിഷേകജനനം തേനീച്ചകളില്‍ കണ്ടുവരുന്നുണ്ട്. ബീജസങ്കലനമില്ലാതെ അണ്ഡം വികാസം പ്രാപിക്കുന്നതാണ് ആണ്‍തേനീച്ചകള്‍; മറിച്ച് ബീജസങ്കലനമുണ്ടാകുമ്പോള്‍ പെണ്‍തേനീച്ചകളും ഉണ്ടാകുന്നു. ചില റോട്ടിഫെറുകളിലും ക്രസ്റ്റേഷ്യകളിലും അനിഷേകജനനം മാത്രമാണ് പ്രത്യുത്പാദനമാര്‍ഗം.

സസ്യങ്ങളില്‍. ചില പന്നല്‍ച്ചെടികള്‍ (ferns), തൃണവര്‍ഗങ്ങള്‍, 'ഉള്ളി' വര്‍ഗങ്ങള്‍ (Allium species) തുടങ്ങിയ സസ്യങ്ങളില്‍ അസംഗജനനം മൂലമാണ് പ്രത്യുത്പാദനം നടക്കുന്നത്. എലോഡിയ കാനഡെന്‍സിസ് ( Elopdea canadensis) ഐച്ഛികമായ അസംഗജനനത്തിന് ഉദാഹരണമാണ്. ശൈത്യമേഖലകളില്‍ കായികപ്രജനനം (vegetative reproduction) മൂലവും, ഉഷ്ണമേഖലാപ്രദേശങ്ങളില്‍ ലൈംഗികവും അലൈംഗികവുമായ മാര്‍ഗങ്ങള്‍ മുഖേനയുമാണ് ഈ സസ്യത്തില്‍ പ്രത്യുത്പാദനം നടക്കുന്നത്. അവികല്പരൂപത്തിലുള്ള അസംഗജനനം (obligatory apomixis) സസ്യങ്ങളില്‍ വിരളമാണെങ്കിലും ചില തൃണവര്‍ഗങ്ങളില്‍ ഇതു സാധാരണമാണ്. മറ്റു ചിലവയെ അപൂര്‍ണമായ അവികല്പി (incomplete obligate) എന്നു വിളിക്കാവുന്നതാണ്. ഇവയില്‍ ചിലപ്പോഴെല്ലാം പുഷ്പങ്ങള്‍ വിരിയുകയും അപ്പോഴെല്ലാം ലൈംഗികമായ പ്രത്യുത്പാദനം നടക്കുകയും ചെയ്യുന്നു. അസംഗജനനത്തിന്റെയും ലൈംഗിക പ്രത്യുത്പാദനത്തിന്റെയും ആവൃത്തി നിശ്ചയിക്കുന്നത് ജനിതകഘടനയും പരിസരവുമായുള്ള ലോലമായ പൊരുത്തത്തിലൂടെയാണ്. തൃണവര്‍ഗങ്ങളും 'ഉള്ളി' ഇനങ്ങളും പെട്ടെന്നു പെരുകുന്നത് വിത്തുകള്‍ക്കു പകരം ബള്‍ബില്‍സ് (bulbils) എന്നറിയപ്പെടുന്ന പ്രോപ്പഗ്യുളുകള്‍ (propaules) മുഖേനയാണ്.

പായലു(moss)കള്‍, പന്നല്‍വര്‍ഗച്ചെടികള്‍ തുടങ്ങിയ പല സസ്യങ്ങളിലും ഗാമറ്റോഫൈറ്റ് (gametophyte), സ്പോറോഫൈറ്റ് (sporophyte) എന്നീ സ്പഷ്ടമായ രണ്ടു പരമ്പരകള്‍ ആവര്‍ത്തനരൂപത്തിലുണ്ടായിരിക്കും. ലൈംഗികമായ പ്രത്യുത്പാദനം നടക്കുന്നവയില്‍ ഗാമറ്റോഫൈറ്റ് ഏകഗുണിതവും (haploid) സ്പോറോഫൈറ്റ് ദ്വിഗുണിതവും (diploid) ആയിരിക്കും. ബീജസങ്കലനവും ന്യൂനീകരണവിഭജനവും (reduction division) ആണ് ഈ നില കൈവരുത്തുന്നത്. അസംഗജനനം മാത്രമുള്ള ചില പന്നല്‍ വര്‍ഗങ്ങളിലും പ്രസ്തുത പരമ്പരകള്‍ ഒന്നിടവിട്ടു കാണാം. ഗാമറ്റോഫൈറ്റില്‍ ന്യൂനീകരണവിഭജനമില്ലാതെ ദ്വിഗുണിത അവസ്ഥ നിലനില്ക്കുന്നതുകൊണ്ടും ബീജസങ്കലനമില്ലാത്ത അണ്ഡവികാസംകൊണ്ട് സ്പോറോഫൈറ്റുണ്ടാകുന്നതിനാലുമാണ് ഇതു സാധ്യമാകുന്നത്.

ചില നാരക (citrus) ഇനങ്ങളില്‍ ഗാമറ്റോഫൈറ്റ് പരമ്പര പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് ബീജാണ്ഡത്തോടു ബന്ധപ്പെട്ട ചില ദ്വിഗുണിതകോശങ്ങളില്‍ നിന്നാണ് മറ്റൊരു പരമ്പരയുണ്ടാകുന്നത്. മറ്റു ചിലവയില്‍ ഒരു ഗാമറ്റോഫൈറ്റ് പരമ്പരയുണ്ടെങ്കിലും ചില കായികകോശങ്ങളില്‍നിന്നോ 'ആര്‍ക്കിസ്പോറിയല്‍' (archisporeal) കോശങ്ങളില്‍നിന്നോ ന്യൂനീകരണവിഭജനമില്ലാതെയാണ് സ്പോറോഫൈറ്റ് പരമ്പരയുണ്ടാകുന്നത് തന്‍മൂലം ഗാമറ്റോഫൈറ്റിനും ദ്വിഗുണിതസ്വഭാവമുണ്ടാകുന്നു. ന്യൂനീകരണവിഭജനം പലവിധത്തിലും ഒഴിവാക്കപ്പെടുന്നുണ്ട്. സപുഷ്പിസസ്യങ്ങളില്‍ പലതിലും ബീജാണ്ഡം (ovule) തന്നെയാണ് ഇപ്രകാരം വികാസംകൊള്ളുന്നത്. പക്ഷേ, പല പന്നല്‍ച്ചെടികളിലും അപ്പോഗമി (Apogamy- ബീജാണ്ഡമല്ലാത്ത ഇതരഭാഗങ്ങള്‍) കൊണ്ടാണ് ഇത് അധികവും സാധിക്കുന്നത്.

പഠനങ്ങള്‍. അസംഗജനനത്തെക്കുറിച്ചുള്ള പഠനങ്ങള്‍ ആരംഭിച്ചത് വിങ്ക്ളര്‍ (1908) എന്ന ശാസ്ത്രകാരനാണ്. സസ്യങ്ങളിലുള്ള അസംഗജനനത്തിന്റെ ഉത്പത്തി, പരിണാമം, അടിസ്ഥാനം എന്നീ വിഷയങ്ങളെക്കുറിച്ച് സ്റ്റെബിന്‍സ് (1941, 1950), ഗസ്റ്റാഫ്സണ്‍ (1946, 47, 48) തുടങ്ങിയവര്‍ വിപുലമായ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. വര്‍ഗസങ്കരണ(hybridisation)ത്തില്‍നിന്നാണ് അസംഗജനനമുള്ള പല സ്പീഷീസുകളുടെയും ഉദ്ഭവമെന്നും, അവയില്‍ പലതും ബഹുഗുണിതങ്ങളാണെന്നും കാണുന്നുണ്ട്; ഇവ (വര്‍ഗസങ്കരണവും ബഹുഗുണിതാവസ്ഥയും) എപ്പോഴും അസംഗജനനത്തിനു കാരണമല്ല. വര്‍ഗസങ്കരണംകൊണ്ട് വൈവിധ്യമുള്ള ക്രോമസോമുകള്‍ ഒത്തുകൂടുമ്പോള്‍ അസംഗജനനത്തിനുള്ള ജനിതകാടിസ്ഥാനം യാദൃച്ഛികമായി വന്നുകൂടാവുന്നതാണ്. അല്ലിയം ഇനങ്ങളില്‍ (Allium carinata) നടത്തിയ ചില സങ്കരണപരീക്ഷണങ്ങള്‍ (crossing experiments), അസംഗജനനത്തിനു ജനിതകപരമായ അടിസ്ഥാനങ്ങളുണ്ടെന്നു കാണിക്കുന്നു. ചിലവയില്‍ ഒരു പ്രഭാവിത (dominant) ജീന്‍ ആണ് ഇതിനു കാരണമെങ്കില്‍ മറ്റു ചിലവയില്‍ രണ്ടുമൂന്നു വ്യത്യസ്ത ജീനുകളുടെ സംയോജിതപ്രവര്‍ത്തനമായിരിക്കും (interaction). ദ്വിഗുണിതം ലൈംഗികവും, ബഹുഗുണിതം അസംഗജനനികവുമായി കാണപ്പെടുന്ന സ്പീഷീസില്‍ 'ബഹുഗുണിത' നിലതന്നെയാണ് അസംഗജനനത്തിനു നിദാനമെന്നു കരുതാം. അസംഗജനനത്തിനു കാരണഭൂതമാകാവുന്ന ജീനുകള്‍ അധികരിച്ച രീതിയില്‍ ഒരു പോളിപ്ലോയിഡില്‍ വരാവുന്നതാണ്.

ലൈംഗികതയുടെ ഏറ്റവും വലിയ നേട്ടം, ജനിതകപരമായ വിഭിന്നത (genetic variation) ക്രമാനുഗതമായി കൈവരുത്തി പരിണാമത്തിനുള്ള കളമൊരുക്കുന്നുവെന്നതാണ്. അസംഗജനനം മൂലം ഈ പ്രധാനനേട്ടം നഷ്ടമാകുന്നുണ്ടെങ്കിലും പ്രകൃതിയില്‍ വിജയിക്കാനാവശ്യമായ സംഖ്യാബലം വേഗം നേടിയെടുക്കുവാന്‍ ഇതു സഹായകമാവുന്നുണ്ട്. മാതൃവഴി മാത്രം പ്രത്യുത്പാദനം നടക്കുന്നതുകൊണ്ട് അതിവേഗം പെരുകാനും ഒരു പ്രദേശത്തു കാലുറപ്പിക്കാനും ഇവയ്ക്കു സാധിക്കുന്നു. ലൈംഗികപ്രക്രിയയ്ക്ക് അനിവാര്യമായ ചില പരിസരഘടകങ്ങള്‍ ലഭ്യമാകാത്ത പ്രദേശങ്ങളില്‍ അസംഗജനനികസ്പീഷിസിനു കടന്നുചെല്ലാനും ഇതു സഹായകമാണ്.

(ഡോ. എസ്. രാമചന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍