This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഷ്ടോത്തരശതരാഗതാളമാലിക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഷ്ടോത്തരശതരാഗതാളമാലിക

രാമസ്വാമിദീക്ഷിതരു(1735-1815)ടെ കൃതിയായ ഒരു നീണ്ട ഗാനശില്പം. 108 രാഗങ്ങളിലും 108 താളങ്ങളിലും ആലപിക്കത്തക്കവണ്ണം, പ്രയോഗിക്കുന്ന രാഗതാളങ്ങളുടെ പേരുകളെ യഥായോഗ്യം, യഥാക്രമം ചേര്‍ത്തു ഗാനസാഹിത്യമാക്കി രചിക്കപ്പെട്ടതാണ് ഈ ശില്പം. അതതു രാഗതാളങ്ങള്‍ പ്രയോഗിക്കുമ്പോള്‍ യഥാക്രമം അവയുടെ പേരുകൂടി ആലപിക്കപ്പെടത്തക്കവണ്ണം ആണ് ഈ ഗാനസാഹിത്യം രചിക്കപ്പെട്ടിട്ടുള്ളത്. ഒരു ഗാനത്തിലെ വിവിധ ചരണങ്ങള്‍ വ്യത്യസ്തരാഗങ്ങളില്‍ ആലപിക്കുന്നതിനാണ് രാഗമാലിക എന്നു പറയുക. ഇക്കൂട്ടത്തില്‍ രാഗമാലികയായിത്തന്നെ രചിക്കപ്പെട്ടിട്ടുള്ളവയും പ്രയോഗംകൊണ്ട് രാഗമാലികയായിത്തീര്‍ന്നിട്ടുള്ളവയുമുണ്ട്. ഇവയില്‍ പലതും പ്രചുരപ്രചാരം നേടിയിട്ടുള്ളവയുമാണ്. അഷ്ടോത്തരശതരാഗതാളമാലികയ്ക്കുള്ള ഒരു പ്രത്യേകത ഇത് ഒരു രാഗമാലിക മാത്രമല്ല, താളമാലികകൂടിയാണെന്നതാണ്. ഇതില്‍ പ്രയോഗിക്കപ്പെട്ടിട്ടുള്ള രാഗങ്ങളില്‍ ചിലത് അപൂര്‍വരാഗങ്ങളാണ്. താളങ്ങള്‍ 108-ഉം മധ്യമ കാലത്തില്‍പ്പെട്ടവയാണ്. രൂപത്തിലും ഭാവത്തിലും വളരെ അപൂര്‍വമായ ഒരു ഗാനമാണ് ഈ രാഗതാളമാലിക. ഈ കൃതിയുടെ രചയിതാവായ രാമസ്വാമി ദീക്ഷിതര്‍ പ്രശസ്ത തെന്നിന്ത്യന്‍ സംഗീതാചാര്യനായ മുത്തുസ്വാമിദീക്ഷിതരുടെ പിതാവായിരുന്നുവെന്നുള്ളത് സ്മര്‍ത്തവ്യമാണ്. ഭാരതീയസംഗീതത്തില്‍ ഇത്രയും ദൈര്‍ഘ്യമുള്ള ഒരു ഗാനം വേറെ ഇല്ല. ഇതു പൂര്‍ണമായി പാടിത്തീര്‍ക്കുവാന്‍ മൂന്നു മണിക്കൂറില്‍ കുറയാത്ത സമയം വേണം.

(വി.എസ്. നമ്പൂതിരിപ്പാട്; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍