This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഷ്ടോത്തരശതതാളം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഷ്ടോത്തരശതതാളം

ദക്ഷിണേന്ത്യന്‍ സംഗീതത്തില്‍ 108 താളങ്ങളുള്‍ക്കൊള്ളുന്ന താളവ്യവസ്ഥയുടെ പേര്.

ദക്ഷിണേന്ത്യന്‍ സംഗീതത്തില്‍ പഞ്ചതാളങ്ങള്‍, സപ്തതാളങ്ങള്‍, നവതാളങ്ങള്‍, 101 താളങ്ങള്‍, 108 താളങ്ങള്‍, 120-താളങ്ങള്‍ ഇങ്ങനെ പലതരത്തിലുള്ള താളവ്യവസ്ഥകള്‍ നിലവിലുണ്ടെങ്കിലും 35 താളവ്യവസ്ഥയാണ് ഇന്നു പ്രയോഗത്തിലുള്ളത്. ഇവയ്ക്ക് ആധാരമായത് ധ്രുവം, മഠ്യം, രൂപകം, ഝംപ, ത്രിപുട, അട, ഏക, എന്നീ ഏഴുതാളങ്ങളാണ്. ഇവയ്ക്ക് ഓരോന്നിനും തിശ്രം, ചതുരശ്രം, ഖണ്ഡം, മിശ്രം, സങ്കീര്‍ണം ഇങ്ങനെ അഞ്ച് വകഭേദങ്ങളുമുണ്ട്. ഈ താളവ്യവസ്ഥ നിലവില്‍ വരുന്നതിനുമുമ്പുണ്ടായിരുന്ന ഒന്നാണ് അഷ്ടോത്തരശതതാളം അഥവാ 108 താളങ്ങള്‍. ഇവ പൊതുവേ മധ്യകാലത്തിലുള്ളവയാണ്. ആദി, ദര്‍പ്പണം (തര്‍പ്പണം), ചര്‍ച്ചരി, സിംഹലീല, കന്ദര്‍പ്പം, സിംഹവിക്രമം, ശ്രീരംഗതാളം, രതിലീല, രംഗതാളം, പരിക്രമം, പ്രത്യാംഗം, ജഗലീല, ത്രിഭിന്നം, വീരവിക്രമം, ഹംസലീല (അന്നലീല), വര്‍ണഭിന്ന, രാജചൂഡാമണി, രംഗദ്യോതം, രാജതാളം, സിംഹവിക്രീഡിതം, വനമാലി, ചതുരശ്രവര്‍ണം, തിശ്രവര്‍ണം, മിശ്രവര്‍ണം, രംഗപ്രദീപം, അന്നനാദം (ഹംസനാദം), സിംഹനാദം, മല്ലികാമോദം, ശരഭലീല (സഭാലീല), രംഗാഭരണം, തുരംഗലീല, സിംഹനന്ദനം, ജയശ്രീ, വിജയാനന്ദം, പ്രീതിതാളം, ദ്വിതീയതാളം, മകരന്ദം, കീര്‍ത്തിതാളം, വിജയതാളം, ജയമംഗളം, രാജവിദ്യാധരം, മഠ്യം, പ്രകാശമഠ്യം, ജയതാളം, കുഡുക്കതാളം, നിസ്സാരുഹം, കിരീടം, ത്രിഭംഗി, കോകിലപ്രിയ, ശ്രീകീര്‍ത്തി, ബിന്ദുമാലിക, സമതാളം, നന്ദനം, മതിഗുരു, ഉദീക്ഷണം, ആദിമഠ്യക, ഡേംഗികം (ഡംഗി), വര്‍ണമഠ്യക, അഭിനന്ദനം, അന്തരക്രീഡ, മല്ലതാളം, ദീപകം, അനംഗതാളം, വിഷമതാളം, നന്ദിതാളം, മുകുന്ദം, അന്യമുകുന്ദം, കന്ദുകം, ഏകതാളം, പൂര്‍ണകങ്കാളം, ഖണ്ഡകങ്കാളം, വിഷമകങ്കാളം, സമകങ്കാളം, ചതുസ്താളം, ഡോംബുളി, അഭംഗതാളം (അടങ്കതാളം), രാജഹോങ്കാളം, ലഘുശേഖരം, ദ്രുതശേഖരം, പ്രതാപശേഖരം, ശേഖരഝംപ, ചതുര്‍മുഖതാളം, ഭിന്നചതുര്‍മുഖം, ത്രിമൂര്‍ത്തിക, ഝംപ, പ്രതിമഠ്യം, തൃതീയതാളം, വസന്തതാളം, ലളിതതാളം, രതിതാളം, കരണയതിതാളം, ഷഡ്താളം, രത്നതാളം, വര്‍ണയതിതാളം, രാജനാരായണം, മദംഗതാളം (മദനതാളം), പാര്‍വതീലോചനം, വിപ്രതാളം, കാരുതിതാളം (കാരിക), ശ്രീനന്ദനം, ജഗന്‍മോഹനം, ലീലതാളം, വിലോകിതം, ലളിതപ്രിയ, ജനകതാളം, ലക്ഷ്മീശം, രാഗവര്‍ധനതാളം (രാജവര്‍ത്തനം), പെത്താഭരണം.

പഞ്ചതാളങ്ങളായ ചചത്പുടം, ചാചപുടം, ഷഡ്പിതാപുത്രികം, സംപദ്വേഷ്ടകം, ഉദ്ഘട്ടം എന്നിവ ഉള്‍ക്കൊള്ളിച്ചും അല്ലാതെയും താളവ്യവസ്ഥ ചെയ്യാറുണ്ട്. പഞ്ചതാളങ്ങള്‍ ഉള്‍ക്കൊള്ളിക്കാത്ത താളക്രമമാണ് മേല്‍ കൊടുത്തിരിക്കുന്നത്. സിംഹനന്ദനതാളമാണ് ഇവയില്‍ ദൈര്‍ഘ്യമേറിയത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍