This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഷ്ടാവക്രന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഷ്ടാവക്രന്‍

ബ്രഹ്മാദ്വൈതവാദിയും താര്‍ക്കികനുമായ ഒരു മഹര്‍ഷി. മഹാഭാരതത്തിലെ ആരണ്യപര്‍വത്തില്‍ അഷ്ടാവക്രീയം കഥ പ്രതിപാദിച്ചിട്ടുണ്ട്. കഹോഡന്‍ എന്നൊരു ബ്രഹ്മജ്ഞാനിയായ ബ്രാഹ്മണന്‍ തന്റെ ആചാര്യനായ ഉദ്ദാലകന്റെ മകള്‍ സുജാതയെ വിവാഹം ചെയ്തു. അവള്‍ ഗര്‍ഭിണിയായി. എപ്പോഴും ധ്യാനനിരതനായിരുന്ന കഹോഡന്‍ ഭാര്യയെപ്പറ്റി നിര്‍വിചാരനായി കഴിഞ്ഞുകൂടി. ഗര്‍ഭസ്ഥനായ ശിശു ഈ അനാസ്ഥയെച്ചൊല്ലി അച്ഛനെ പഴിച്ചു. കഹോഡന്‍ കുപിതനായി, 'വയറ്റില്‍ കിടന്ന് ഇത്രത്തോളം പറഞ്ഞ നീ എട്ടുവളവുകളോടുകൂടി ജനിക്കും' എന്നു ശപിച്ചു. പിതാവ് വേദോച്ചാരണത്തില്‍ അശുദ്ധപാഠം ചൊല്ലുന്നതുകേട്ട് ഗര്‍ഭസ്ഥനായ ശിശു പരിഹസിച്ചു ചിരിച്ചതിനാല്‍ കുപിതനായാണ് ഈ ശാപം നല്കപ്പെട്ടതെന്നു മറ്റൊരു ഐതിഹ്യം പ്രസ്താവിക്കുന്നു. മഹാഭാരതത്തില്‍ പറയുന്നത് രാത്രിയില്‍ വേദാധ്യയനം ചെയ്തതിന് അച്ഛനെ മകന്‍ പരിഹസിച്ചു എന്നാണ്. ഭാര്യയ്ക്കു ഗര്‍ഭം തികഞ്ഞപ്പോള്‍ ധനം തേടി കഹോഡന്‍ ജനകരാജാവിന്റെ യാഗത്തില്‍ സംബന്ധിക്കാന്‍ പോയി. അവിടെവച്ച് വന്ദി എന്നൊരു പണ്ഡിതനോടു വാഗ്വാദത്തില്‍ തോറ്റു. തത്സംബന്ധമായി നിശ്ചയിച്ചിരുന്ന വ്യവസ്ഥപ്രകാരം കഹോഡന്‍ വെള്ളത്തില്‍ ആഴ്ത്തപ്പെട്ടു.

സുജാത പ്രസവിച്ച ശിശു പിതൃശാപം മൂലം എട്ടു വളവുകളോടുകൂടിയാണ് ജനിച്ചത്. അതിനാല്‍ അഷ്ടാവക്രനെന്നു പേരുകിട്ടി. 12 വയസ്സായപ്പോള്‍ പിതാവിനു നേരിട്ട അപമൃത്യുവെപ്പറ്റി അറിഞ്ഞു. തന്റെ അമ്മാവനായ ശ്വേതകേതുവിനോടൊന്നിച്ചു മിഥിലയിലെത്തി, അച്ഛനെ തോല്പിച്ച വന്ദിയെ വാദപ്രതിവാദത്തില്‍ ജയിച്ചു. വ്യവസ്ഥപ്രകാരം തോറ്റയാളെ വെള്ളത്തില്‍ മുക്കണമെന്നു രാജാവിനോടാവശ്യപ്പെട്ടു. തത്സമയം താന്‍ വരുണന്റെ പുത്രനാണെന്നും വരുണന്‍ നടത്തുന്ന ഒരു യാഗത്തിനു ബ്രാഹ്മണരെ എത്തിച്ചുകൊടുക്കാന്‍വേണ്ടിയാണ് അവരെ വാദത്തില്‍ തോല്പിച്ച് വെള്ളത്തില്‍ മുക്കിയതെന്നും അവരെല്ലാം ജീവനോടുകൂടി ഇരിക്കുന്നുണ്ടെന്നും വന്ദി വെളിപ്പെടുത്തി. ജലഗര്‍ഭത്തില്‍നിന്നും കഹോഡനെ തിരികെവരുത്തി. അഷ്ടാവക്രന്‍ പിതാവിന്റെ നിര്‍ദേശപ്രകാരം സമംഗ എന്ന പുണ്യതീര്‍ഥത്തില്‍ മുങ്ങിക്കുളിച്ചതോടെ വളവുകള്‍ എല്ലാം പോയി സുഭഗനായിത്തീരുകയും പിന്നീട് സുപ്രഭയെന്നൊരു മുനിപുത്രിയെ വിവാഹം കഴിക്കുകയും ചെയ്തു.

വിഷ്ണുപുരാണത്തില്‍ അഷ്ടാവക്രനെപ്പറ്റി വേറൊരു കഥ പറഞ്ഞുകാണുന്നു. വെള്ളത്തില്‍നിന്നു തപസ്സു ചെയ്യുമ്പോള്‍ ചില ദേവസ്ത്രീകള്‍ അദ്ദേഹത്തെ കണ്ടു പൂജിച്ചു. സന്തുഷ്ടനായി എന്തെങ്കിലും വരം ചോദിച്ചുകൊള്ളുവാന്‍ അഷ്ടാവക്രന്‍ അവരോടു പറഞ്ഞു. അത്യുത്തമനായ പുരുഷനെ ഭര്‍ത്താവായി ലഭിക്കണമെന്നവരമാണ് അവര്‍ ചോദിച്ചത്. കരയ്ക്കു കയറി തന്നെത്തന്നെ സ്വീകരിച്ചുകൊള്ളാന്‍ അദ്ദേഹം നിര്‍ദേശിച്ചു. തന്റെ വൈരൂപ്യവും വക്രതയും കണ്ട് അവര്‍ ചിരിച്ചപ്പോള്‍ മുനി ക്രുദ്ധനായി, വരം ലഭിച്ചശേഷം അവര്‍ കള്ളന്മാരുടെ കൈയില്‍ അകപ്പെടുമെന്നു ശപിച്ചു.

തന്നെ പരിഹസിച്ച ദേവസ്ത്രീകള്‍ മനുഷ്യസ്ത്രീകളായിത്തീരട്ടെ എന്നു ഇദ്ദേഹം ശപിച്ചുവെന്നും അവരാണ് ഗോപസ്ത്രീകളായി പിന്നീട് ജനിച്ചതെന്നും കഥയുണ്ട്.

രാജസദസ്സില്‍വച്ച് അഷ്ടാവക്രനും ജനകരാജാവും തമ്മില്‍ നടന്ന വാക്യാര്‍ഥചര്‍ച്ചകള്‍ അഷ്ടാവക്രഗീത എന്ന പേരില്‍ സമാഹൃതമായിട്ടുണ്ട്. അഷ്ടാവക്രന്റെ ശാസ്ത്രാര്‍ഥ സംബന്ധിയായ സിദ്ധാന്തങ്ങള്‍ അഷ്ടാവക്രസംഹിതയില്‍ സമാഹരിച്ചിരിക്കുന്നു. നോ: അഷ്ടാവക്രഗീത

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍