This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഷ്ടാധ്യായി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഷ്ടാധ്യായി

പാണിനി രചിച്ച സംസ്കൃത വ്യാകരണഗ്രന്ഥം. സംസ്കൃത വ്യാകരണം സംബന്ധിച്ച് അതിപ്രാചീനവും അത്യന്തം പ്രാമാണികവുമായ ഗ്രന്ഥമാണ് അഷ്ടാധ്യായി. എട്ട് അധ്യായങ്ങളിലടങ്ങിയിരിക്കുന്നതുകൊണ്ടാണ് ഇതിന് ഈ പേരു പ്രചരിച്ചത്. ഓരോ അധ്യായത്തിലും നാലുപാദങ്ങള്‍ വീതമുണ്ട്. കര്‍ത്താവിനെ ആസ്പദമാക്കി ഈ ഗ്രന്ഥം പാണിനീയം എന്ന പേരിലും പ്രസിദ്ധമാണ്. പാണിനി ബി.സി. അഞ്ചാം ശ.-ത്തില്‍, ഇപ്പോള്‍ പാകിസ്താനിലുള്‍പ്പെട്ട പഞ്ചാബ് പ്രദേശത്തു സ്ഥിതിചെയ്യുന്ന ശാലാതുരം (ലാഹൂര്‍) എന്ന സ്ഥലത്തു ജീവിച്ചിരുന്നതായി കണക്കാക്കുന്നതിനുവേണ്ട ലക്ഷ്യങ്ങളുണ്ട്.

വേദത്തില്‍ കാണുന്ന ഭാഷയില്‍നിന്നും ചില അംശങ്ങളില്‍ വ്യത്യാസപ്പെട്ടതാണ് പില്ക്കാലത്തെ വ്യവഹാരഭാഷയായ സംസ്കൃതം; കാലക്രമത്തില്‍ പല കാരണങ്ങള്‍കൊണ്ടും ഭാഷയില്‍ വന്നുചേരുന്ന മാറ്റങ്ങളാണ് ഇതിനുകാരണം. വൈദികവും ലൌകികവുമായ രണ്ടു ഭേദങ്ങളും അഷ്ടാധ്യായിക്കു വിഷയമാണ്. അവയ്ക്ക് യഥാക്രമം 'ഛന്ദസ്' എന്നും 'ഭാഷ'യെന്നും പേര്‍ കൊടുത്തിരിക്കുന്നു. രണ്ടിനെയും സംബന്ധിക്കുന്ന കാര്യങ്ങളില്‍ ഭാഷയെ സംബന്ധിച്ച നിയമം പറഞ്ഞിട്ടു ഛന്ദസ്സിലുള്ള വ്യത്യാസവും, വേദത്തെ മാത്രം ബാധിക്കുന്ന കാര്യങ്ങള്‍ അതതു സന്ദര്‍ഭങ്ങളില്‍ പ്രത്യേകിച്ചും പറഞ്ഞിരിക്കുന്നു. ലൗകികഭാഷ്യ്ക്കാണ് സ്വാഭാവികമായും പ്രാധാന്യം നല്കിയിരിക്കുന്നത്

സംവിധാനം. സൂത്രരൂപത്തിലാണ് അഷ്ടാധ്യായിയുടെ രചന. ആകെ. 3,995 സൂത്രങ്ങള്‍ ഇതിലുണ്ട്. അര്‍ഥഗ്രഹണത്തിനു പ്രയാസം നേരിടാത്തവിധം ഏറ്റവും സംക്ഷിപ്തമായും സാരവത്തായും ഒരൊറ്റ സംഗതിയെപ്പറ്റിയുള്ള പ്രസ്താവമാണ് സൂത്രം. സൂത്രപ്രണയനത്തില്‍ അക്ഷരലാഭത്തിനുവേണ്ടി പാണിനി എത്രമാത്രം ശ്രദ്ധിച്ചിരുന്നുവെന്നതിനു 'മാത്രാലാഭഃ പുത്രലാഭോ ദാക്ഷീ പുത്രസ്യ പാണിനേഃ' (ഒരു മാത്ര ലാഭിക്കുന്നത് ഒരു പുത്രലാഭം പോലെ പാണിനി കരുതിയിരുന്നു.) എന്ന ആഭാണകം സൂചിപ്പിക്കുന്നു. അതിനുവേണ്ടി പാണിനി സ്വീകരിച്ച മാര്‍ഗങ്ങള്‍ പലതാണ്:

1. മാഹേശ്വരസൂത്രങ്ങള്‍. അഇഉണ്, ഋക്, ഏഓങ്, ഐഔച്, ഹയവരട്, ലണ്, ഞമങണനമ്, ഝഭഞ്, ഘഢധഷ്, ജബഗഡദശ്, ഖഫഛഠഥചടതവ്, കപയ്, ശഷസര്, ഹല് എന്നിങ്ങനെ അക്ഷരമാലതന്നെ 'മാഹേശ്വരസൂത്രങ്ങള്‍' എന്നു പറയപ്പെടുന്ന പതിനാലു ഖണ്ഡങ്ങളിലായാണു കൊടുത്തിരിക്കുന്നത്. ഇവയിലോരോന്നിലും അവസാനത്തെ വര്‍ണം വെറും അനുബന്ധമാണ്. ഒരു വര്‍ണവും അതിനുശേഷമുള്ള ഒരനുബന്ധവും ചേര്‍ത്തുകിട്ടുന്ന സംജ്ഞ ഇടയ്ക്കുള്ള വര്‍ണങ്ങളെയും ഉള്‍ക്കൊള്ളുന്നു. ഉദാഹരണമായി 'അച്' എന്നതു സ്വരാക്ഷരങ്ങള്‍ക്കും 'ഹല്' എന്നതു വ്യഞ്ജനാക്ഷരങ്ങള്‍ക്കും ഉള്ള സംജ്ഞകളാണ്. അതുപോലെ ശര് എന്നതു ഊഷ്മാക്കള്‍ക്കും, 'ജശ്' എന്നതു മൃദുക്കള്‍ക്കും. ഇവയെ 'പ്രത്യാഹാരസൂത്രങ്ങള്‍' എന്നു പറയുന്നു.

2. സാങ്കേതികസംജ്ഞകള്‍. പ്രത്യേകമായി ചില സാങ്കേതിക സംജ്ഞകളും പരിഭാഷകളും പാണിനി സ്വീകരിച്ചിരിക്കുന്നു. ഗ്രന്ഥം തുടങ്ങുന്നതുതന്നെ 'വൃദ്ധിരാദൈച്' എന്ന സംജ്ഞാവിധായകസൂത്രത്തോടുകൂടിയാണ്. ആ, ഐ, ഔ എന്നിവയെ 'വൃദ്ധി'യെന്നാണ് ഈ ഗ്രന്ഥത്തില്‍ വ്യവഹരിച്ചിരിക്കുന്നതെന്നര്‍ഥം. അതുപോലെ അ, ഏ, ഓ എന്നിവയ്ക്കു 'ഗുണം' എന്ന സംജ്ഞ. ഈ, ഊ എന്നീ അക്ഷരങ്ങളില്‍ അവസാനിക്കുന്ന സ്ത്രീവാചകപദങ്ങള്‍ക്കു 'നദീ', ഒരു പദത്തിലെ സ്വരാക്ഷരം തൊട്ടുള്ള ഭാഗത്തിനു 'ടി', താരതമ്യം കുറിക്കുന്ന പ്രത്യയങ്ങള്‍ക്കു 'ഘ' എന്നിങ്ങനെ അനേകം സാങ്കേതിക സംജ്ഞകള്‍ കാണുന്നു. അതുപോലെ തന്നെ സൂത്രങ്ങളുടെ അര്‍ഥഗ്രഹണത്തെ സംബന്ധിച്ച ചില നിബന്ധനകള്‍ കൊടുത്തിട്ടുണ്ട്; ചിലതു സൂത്രങ്ങളായും മറ്റുചിലതു സൂചനകളായും. ഇവയെ 'പരിഭാഷകള്‍' എന്നു പറയുന്നു. ഉദാഹരണമായി, 'മ'കാരം അനുബന്ധമായുള്ള പ്രത്യയം, അത് ഏതിനാണോ വിധിച്ചിട്ടുള്ളത് അതിന്റെ ഒടുവിലത്തെ സ്വരത്തിനു ശേഷമുള്ള ഭാഗത്തിന്റെ ഒടുവില്‍ ചേര്‍ക്കണം. പരസ്പരം വിരുദ്ധങ്ങളായ കാര്യങ്ങള്‍ വിധിക്കുന്ന രണ്ടു സൂത്രങ്ങള്‍ക്ക് ഒരേ സ്ഥലത്തു പ്രസക്തിയുണ്ടാകുമ്പോള്‍ പാഠക്രമമനുസരിച്ച് ഏതാണോ പിന്നീടുള്ളത് അതു സ്വീകരിക്കണം.

3. അധികാരസൂത്രങ്ങള്‍. ഒരു വിഭാഗം സൂത്രങ്ങളെ മുഴുവനും സംബന്ധിക്കുന്ന ഏറ്റവും പ്രധാനമായ കാര്യം അതിന്റെ ആദ്യംതന്നെ കൊടുത്തിരിക്കുന്നു. ഇങ്ങനെ അനേകം സൂത്രങ്ങളുടെ മേല്‍ വ്യാപ്തിയുള്ള സൂത്രങ്ങളെ 'അധികാരസൂത്രങ്ങള്‍' എന്നു പറയുന്നു. ഉദാഹരണമായി 'പ്രാക്കടാരാത് സമാസഃ (അധ്യായം 2, പാദം 1, സൂത്രം 3) എന്നത് 'കടാരാഃ കര്‍മധാരയേ' (2. 2. 38) എന്ന സൂത്രം വരെയുള്ള കാര്യങ്ങള്‍ സമാസത്തെ സംബന്ധിച്ചതാണെന്നു കുറിക്കുന്നു. 'മറ്റു പ്രകാരത്തില്‍ അനുക്തമായിരിക്കുമ്പോള്‍' എന്നര്‍ഥത്തോടുകൂടിയ 'അനഭിഹിതേ' (2. 3. 1) എന്ന സൂത്രം തുടര്‍ന്നുള്ള വിഭക്തിവിധികള്‍ക്കെല്ലാം ബാധകമാണ്.

4. അനുവൃത്തി. ഒരു സൂത്രത്തില്‍നിന്നും ആവശ്യമുള്ള പദങ്ങള്‍ തുടര്‍ന്നുള്ള സൂത്രങ്ങളില്‍ ആവശ്യാനുസരണം വരുന്ന രീതിക്ക് 'അനുവൃത്തി' എന്നു പേര്‍ കൊടുത്തിരിക്കുന്നു. 'ധ്രുവമപായേ അപാദാനം' (1, 4, 28) എന്നതില്‍ നിന്നു 'അപാദാനം' എന്ന പദം തുടര്‍ന്നുള്ള ഏഴു സൂത്രങ്ങളില്‍ അനുവര്‍ത്തിക്കുന്നു. ഒരേ സൂത്രത്തില്‍ പല പൂര്‍വസൂത്രങ്ങളില്‍നിന്നും അനുവൃത്തിയുമുണ്ടാകാം.

5. അനുബന്ധങ്ങള്‍. പ്രത്യയങ്ങളില്‍ അനുബന്ധങ്ങളായി ചില വര്‍ണങ്ങള്‍ ചേര്‍ത്ത് അവയില്‍ക്കൂടി ചില കാര്യങ്ങള്‍ സൂചിപ്പിക്കുന്നു. ഉദാഹരണമായി ഞ്, ണ് എന്നീ അനുബന്ധങ്ങള്‍ പദാദിയില്‍ വൃദ്ധിയെ കുറിക്കുന്നു. 'ശിവ' എന്നതിനോടു 'അണ്‍' പ്രത്യയം ചേരുമ്പോള്‍ 'ശൈവ' എന്നും 'ദക്ഷ' എന്നതിനോട് 'ഇഞ്' പ്രത്യയം ചേരുമ്പോള്‍ 'ദാക്ഷി' എന്നും രൂപം കിട്ടുന്നു. പ്രത്യയത്തോടു ചേര്‍ന്നുള്ള 'പ്' എന്ന അനുബന്ധം അനുദാത്തസ്വരത്തെയും 'ത്' സ്വരിതത്തെയും കുറിക്കുന്നു.

6. ത്രിപാദി. 'ത്രിപാദി'യെന്ന ഗ്രന്ഥാവസാനത്തിലെ മൂന്നു പാദങ്ങളിലായി അതിനുമുമ്പുള്ള സൂത്രങ്ങളുടെ പ്രവൃത്തിയെ ബാധിക്കാത്ത സൂത്രങ്ങള്‍ കൊടുത്തിരിക്കുന്നു; ത്രിപദിക്കകത്തുതന്നെയും പിന്‍സൂത്രം മുന്‍സൂത്രത്തെ ബാധിക്കയില്ല.

ഗണങ്ങള്‍. പദങ്ങളുടെ രൂപസിദ്ധിയാണു വ്യാകരണത്തിന്റെ പ്രധാനോദ്ദേശ്യം. അതിനു പൊതുനിയമങ്ങള്‍ കൂടാതെ ചില പദങ്ങളെ മാത്രം സംബന്ധിക്കുന്ന പ്രത്യേക നിയമങ്ങളുണ്ട്. ഉദാഹരണമായി സിച്, ഭജ് മുതലായവയില്‍നിന്നു കിട്ടുന്ന സിക്തം, ഭക്തം ഇത്യാദി രൂപങ്ങളില്‍ നിന്നു ഭിന്നമായി 'പച്' ധാതുവില്‍ നിന്നു 'പക്വം' എന്നാണു കിട്ടുന്നതെന്നതിനു 'പചോവ' (8-2,52) എന്നു പ്രത്യേകം സൂത്രമുണ്ട്. അതുപോലെ പദസമൂഹങ്ങള്‍ക്കു പൊതുവായ നിയമങ്ങളുണ്ട്. ഈ സമൂഹങ്ങളെ 'ഗണങ്ങള്‍' എന്നു പറയുന്നു; ഇവയില്‍ നാമങ്ങളെ സംബന്ധിച്ചവ പ്രാതിപാദികഗണങ്ങള്‍, ധാതുക്കളെ സംബന്ധിച്ചവ ധാതുഗണങ്ങള്‍. പ്രത്യയരഹിതമായ നാമങ്ങളാണ് പ്രാതിപദികങ്ങളെന്നറിയപ്പെടുന്നവ. 'ശിവാദിഭ്യോണ്‍' (4-1. 112) എന്ന സൂത്രം ശിവാദിഗണത്തില്‍പ്പെട്ട പ്രാതിപദികങ്ങള്‍ക്ക് അപത്യാര്‍ഥത്തില്‍ 'അണ്‍' എന്ന പ്രത്യയം വിധിക്കുന്നു. ശിവാദികള്‍ ഏതെല്ലാമാണെന്നതിനു പ്രത്യേകം ഗണപാഠമുണ്ട്. ചില ഗണങ്ങള്‍ പൂര്‍ണങ്ങളും ചിലത് അപൂര്‍ണങ്ങളുമാണ്. അപൂര്‍ണമായവയെ 'ആകൃതിഗണങ്ങള്‍' എന്നു പറയുന്നു. അവയില്‍ ആവശ്യാനുസരണം മറ്റു പദങ്ങള്‍ ചേര്‍ക്കാവുന്നതാണ്. ശിവാദി തന്നെ ഒരാകൃതിഗണമാണ്. ധാതുക്കള്‍ ഭ്വാദി, അദാദി, ജുഹോത്യാദി തുടങ്ങിയ പത്തു ഗണങ്ങളിലാണു കൊടുത്തിരിക്കുന്നത്. ഇവയെല്ലാംകൂടിയുള്ളതാണ് ധാതുപാഠം. ഗണപാഠവും ധാതുപാഠവും അഷ്ടാധ്യായിക്ക് അനുബന്ധങ്ങളാണ്. പാണിനി അവയെ സ്വീകരിച്ചിട്ടുണ്ട്. പക്ഷേ, അവയുടെ കര്‍ത്തൃത്വം അദ്ദേഹത്തിനുതന്നെയാണോ എന്ന കാര്യം നിശ്ചയമല്ല. നിലവിലിരിക്കുന്ന ഈ പാഠങ്ങള്‍ അദ്ദേഹം സ്വീകരിച്ചതാകാന്‍ പാടില്ലായ്കയില്ല. ഏതായാലും പില്ക്കാലത്ത് ഗണങ്ങള്‍ വളരെ വിപുലമാക്കപ്പെട്ടിട്ടുണ്ടെന്നതു നിസ്തര്‍ക്കമാണ്. ഇതു കൂടാതെ അവ്യുത്പന്നപദങ്ങള്‍ക്ക് ഏതെങ്കിലും പ്രകാരത്തില്‍ ധാതുക്കളില്‍ക്കൂടി നിഷ്പത്തി നേടുന്നതിനായി 'ഉണാദികള്‍' എന്ന പ്രത്യയങ്ങളും അവയെ വിധിക്കുന്ന ഉണാദിസൂത്രങ്ങളും ഉണ്ട്. ഉണാദികളെ അഷ്ടാധ്യായിയില്‍ സ്മരിച്ചിട്ടുണ്ടെങ്കിലും ഈ സൂത്രങ്ങള്‍ പാണിനീകര്‍ത്തൃകങ്ങളായിരിക്കാനിടയില്ല.

വാഗര്‍ഥശാസ്ത്രം (Semantics). പദശാസ്ത്രമാണ് വ്യാകരണം. പ്രകൃതിയും പ്രത്യയവും ചേര്‍ന്നതാണ് പദം. പ്രകൃതി പ്രാതിപദികമോ ധാതുവോ ആകാം. പ്രാതിപദികത്തോട് 'സുപ്' എന്ന സമുച്ചയത്തിലടങ്ങിയ പ്രത്യയങ്ങള്‍ ചേരുന്നു; ധാതുവിനോട് 'തിങ്' എന്നതില്‍പ്പെട്ടവയും. അങ്ങനെ സുബന്തമെന്നും തിങന്തമെന്നും രണ്ടുവിധമുണ്ട് പദം. നിപാതങ്ങളും അവ്യയങ്ങളും സുബന്തത്തില്‍പ്പെടും. പദങ്ങളുടെ പ്രകൃതിപ്രത്യയവിവേചനം മൂലം വിശ്ലേഷണവും സന്ധിസമാസാദികളില്‍ക്കൂടി സംശ്ലേഷണവും എടുത്തുകാണിച്ചിട്ടുണ്ട്. കൂടാതെ വാക്യത്തില്‍ പദങ്ങളുടെ അര്‍ഥഭേദങ്ങളോടുകൂടിയ പ്രയോഗവും പ്രതിപാദനത്തിനു വിഷയമാകുന്നു. വാക്യത്തിലെ ക്രിയയുമായി മറ്റു പദങ്ങള്‍ക്കു പല തരത്തിലുള്ള ബന്ധത്തെപ്പറ്റിയുള്ള 'കാരക'വും, ഭൂതഭവിഷ്യദ്വര്‍ത്തമാനകാലങ്ങളെ യഥാവിധി കുറിക്കുന്ന ക്രിയാരൂപങ്ങള്‍ക്കു ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ വരുന്ന അര്‍ഥഭേദവും, ചില നിപാതങ്ങളോടു ചേര്‍ന്നു പ്രയോഗിക്കുമ്പോള്‍ ചില പദങ്ങള്‍ക്കു രൂപത്തിലും അര്‍ഥത്തിലും വരുന്ന വ്യത്യാസങ്ങളും അഷ്ടാധ്യായിയില്‍ സ്പഷ്ടമാക്കിയിട്ടുണ്ട്. സാധാരണ വിധികള്‍ക്കു വിധേയമാകാത്തവയും എന്നാല്‍ പ്രയോഗത്തിലുള്ളവയുമായ അനവധി പദങ്ങളെ, നിയമത്തെപ്പോലെതന്നെ പ്രയോഗത്തെയും മാനിക്കുന്ന പാണിനി അതേപടി സ്വീകരിച്ചിരിക്കുന്നു. ഇത്തരം പദങ്ങളെ 'നിപാതങ്ങള്‍' എന്നു പറയുന്നു. ഭാഷയെ സംബന്ധിച്ച മതഭേദങ്ങളും അവിടവിടെയായി നല്കിയിട്ടുണ്ട്. അങ്ങനെ സംസ്കൃതഭാഷയെപ്പറ്റി സമഗ്രവും സമഞ്ജസവുമായ ഒരു ശാസ്ത്രീയ പ്രതിപാദനം അഷ്ടാധ്യായിയില്‍ കൂടിക്കിട്ടുന്നു.

സൂക്ഷ്മവും സര്‍വതോമുഖവുമായി ആദ്യമായുണ്ടായ വ്യാകരണം അഷ്ടാധ്യായിയാണെങ്കിലും, ആദ്യത്തെ സംസ്കൃത വ്യാകരണഗ്രന്ഥം അതല്ല. പാണിനി തന്നെ ആപിശലി, ഗാര്‍ഗ്യന്‍, ഗാലവന്‍, ശാകല്യന്‍, ശാകടായനന്‍, ഭരദ്വാജന്‍, സ്ഫോടായനന്‍ തുടങ്ങി അനേകം പൂര്‍ണവ്യാകരണകര്‍ത്താക്കളെ സ്മരിക്കുന്നുണ്ട്. വൈദികപദങ്ങളെ സംബന്ധിച്ചവയും, വര്‍ണോത്പത്തി, വര്‍ണവികാരം മുതലായവയെ പ്രതിപാദിക്കുന്നവയുമായ ശൗനകാദികളുടെ പ്രാതിശാഖ്യങ്ങളും പദനിഷ്പത്തിയെ പ്രതിപാദിക്കുന്ന യാസ്കന്റെ നിരുക്തവും പാണിനിക്കു മുന്‍പുതന്നെ ഉള്ളവയാണ്. അഷ്ടാധ്യായിയുടെ ആവിര്‍ഭാവത്തിനു ശേഷം പല പൂര്‍വഗ്രന്ഥങ്ങളും നിഷ്പ്രയോജനങ്ങളായി പുറംതള്ളപ്പെട്ടുവെന്നു മാത്രം.

വാര്‍ത്തികങ്ങള്‍. വ്യവഹാരത്തിലുള്ള ഒരു ഭാഷയെ സംബന്ധിച്ച വ്യാകരണഗ്രന്ഥം അതിന്റെ രചനാകാലത്ത് എത്രതന്നെ പൂര്‍ണമായിരുന്നാലും ഭാഷയുടെ വളര്‍ച്ച നിമിത്തം കാലക്രമത്തില്‍ അതില്‍ വരുന്ന മാറ്റങ്ങളെ പരിഗണിക്കുമ്പോള്‍ അപര്യാപ്തമാകുന്നതു സ്വാഭാവികമാണ്. അത്തരം മാറ്റങ്ങളുടെ അടിസ്ഥാനത്തില്‍ അഷ്ടാധ്യായീസൂത്രങ്ങള്‍ക്ക് അവിടവിടെയായി ചില പരിഷ്കാരങ്ങള്‍ വരുത്തേണ്ടത് ആവശ്യമായി വന്നു. ഇതു സംബന്ധിച്ചുള്ള നിര്‍ദേശങ്ങളെ വാര്‍ത്തികങ്ങള്‍ എന്നു പറയുന്നു. പാണിനീയത്തിന്റെ വാര്‍ത്തികകാരന്‍മാരില്‍ പ്രമുഖന്‍ ബി.സി. നാലാം ശതകത്തില്‍ ജീവിച്ചിരുന്ന വരരുചിയെന്ന കാത്യായനനാണ്. ഇദ്ദേഹത്തെ ദാക്ഷിണാത്യനായാണ് കരുതുന്നത്. സവാര്‍ത്തികമായ അഷ്ടാധ്യായിയെ കൂലങ്കഷമായി പരിശോധിച്ചു കാര്യങ്ങള്‍ വിശദമാക്കുകയും, അക്കൂട്ടത്തില്‍ യുക്തിയുക്തമായി പല വാര്‍ത്തികങ്ങളെയും നിരസിക്കുകയും വ്യാകരണ സംബന്ധമായ പല സിദ്ധാന്തങ്ങള്‍ ആവിഷ്കരിക്കുകയും ചെയ്യുന്ന അതിപ്രാമാണികമായ ഗ്രന്ഥമാണ് ബി.സി. രണ്ടാം ശതകത്തില്‍ ജീവിച്ചിരുന്നതായി കണക്കാക്കാവുന്ന പതഞ്ജലി മഹര്‍ഷി രചിച്ച മഹാഭാഷ്യം. പാണിനി, കാത്യായനന്‍, പതഞ്ജലി എന്നീ മൂന്നു പേരെയും ചേര്‍ത്തു 'മുനിത്രയം' എന്നും, അവര്‍ ചേര്‍ന്നു രൂപം നല്കിയ ഭാഷാശാസ്ത്രത്തെ ത്രിമുനിവ്യാകരണം എന്നും പറയുന്നു.

അഷ്ടാധ്യായിയിലെ സൂത്രങ്ങള്‍ ശരിക്കു മനസ്സിലാക്കുന്നതിനു പില്ക്കാലത്തു വ്യാഖ്യാനം അനുപേക്ഷണീയമായിത്തീര്‍ന്നു. അതിനുവേണ്ടി സൂത്രാര്‍ഥം വിവരിച്ച് ഉദാഹരണപ്രത്യുദാഹരണങ്ങള്‍ നല്കി ഉദ്ദേശ്യം വ്യക്തമാക്കുന്ന 'വൃത്തി' ഗ്രന്ഥങ്ങള്‍ ഉണ്ടായി. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് എ.ഡി. ഏഴാം ശതകങ്ങളില്‍ ജയാദിത്യനും വാമനനുംകൂടി രചിച്ച കാശികാവൃത്തി ആണ്.

വ്യാഖ്യാനങ്ങള്‍. പാണിനി സ്വീകരിച്ച വിഷയക്രമം അത്രതന്നെ സുഗമമല്ലെന്നതിനാല്‍ പ്രക്രിയയുടെ അടിസ്ഥാനത്തില്‍ വിഷയവിഭാഗം ചെയ്ത് അതനുസരിച്ച് സൂത്രവ്യാഖ്യാനം ചെയ്യുന്നത് പഠിക്കുന്നതിനു കൂടുതല്‍ സൗകര്യപ്പെടുമെന്ന ഉദ്ദേശ്യത്തില്‍ ചില ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. ഇവയില്‍ രാമചന്ദ്രന്റെ പ്രക്രിയാകൗമുദി, ഭട്ടോജിദീക്ഷിതരുടെ സിദ്ധാന്തകൗമുദി, മേല്പുത്തൂര്‍ നാരായണഭട്ടതിരിയുടെ പ്രക്രിയാസര്‍വസ്വം എന്നിവ പ്രധാനങ്ങളാണ്. സിദ്ധാന്തകൗമുദിയുടെ ഒരു സംഗ്രഹമാണ് വരദരാജന്റെ ലഘുകൗമുദി. കേരളപാണിനിയെന്നു പ്രസിദ്ധനായ ഏ.ആര്‍. രാജരാജവര്‍മയുടെ ലഘുപാണിനീയം അഷ്ടാധ്യായിയിലെ അപ്രധാനമായ സൂത്രങ്ങള്‍ വിട്ടിട്ടു ശേഷിച്ചവയെ സ്വതന്ത്രമായ ഒരു വിഷയവിഭാഗമനുസരിച്ചു ക്രമപ്പെടുത്തിക്കൊണ്ടുള്ള വ്യാഖ്യാനമാണ്. ഏറ്റവും പ്രധാനപ്പെട്ട സൂത്രങ്ങള്‍ ഇത്തരത്തിലടുക്കി മലയാളത്തില്‍ വ്യാഖ്യാനിച്ചിട്ടുള്ള ഒരു ഗ്രന്ഥമാണ് ഐ.സി. ചാക്കോയുടെ പാണിനീയപ്രദ്യോതം. മലയാളഭാഷയിലൂടെ പാണിനീയ വ്യാകരണം അഭ്യസിക്കുന്നതിന് ഉതകുന്ന മറ്റു രണ്ടു കൃതികളാണ് ഏ.ആര്‍. രാജരാജവര്‍മയുടെ മണിദീപികയും ഫാദര്‍ കുന്നപ്പിള്ളിയുടെ പ്രക്രിയാഭാഷ്യവും.

ഭാഷാശാസ്ത്രസംബന്ധമായ മൗലികവിഷയങ്ങളെക്കുറിച്ചു പൊതുവെയും സംസ്കൃതത്തിന്റെ പ്രാചീനകാലസ്ഥിതിയെപ്പറ്റി പ്രത്യേകിച്ചും വിവരങ്ങള്‍ നല്കുന്ന അഷ്ടാധ്യായിക്കുള്ള വിശേഷപ്രാധാന്യത്തെ യൂറോപ്യന്‍ പണ്ഡിതന്‍മാര്‍ 19-ാം ശ. മുതല്‍ അംഗീകരിച്ചിട്ടുണ്ട്. 1887-ല്‍ ഓ. ബോഹ്ട്ലിങ്ക് എന്ന ജര്‍മന്‍ പണ്ഡിതന്‍ ഇതു സ്വഭാഷയിലേക്കു വിവര്‍ത്തനം ചെയ്ത് ലീപ്സിഗില്‍ പ്രസിദ്ധീകരിച്ചു. ഗോള്‍ഡ് സ്റ്റക്കര്‍ (പാണിനി ആന്‍ഡ് ഹിസ് പ്ലെയ്സ് ഇന്‍ സാന്‍സ്ക്രിറ്റ് ലിറ്ററേച്ചര്‍), ഫഡ്ഡേഗന്‍ (സ്റ്റഡീസ് ഇന്‍ പാണിനീസ് ഗ്രാമര്‍), തീയ്മ് (പാണിനി ആന്‍ഡ് ദ് വേദ), ബുയിസ്കൂള്‍ (പൂര്‍വാത്രസിദ്ധം-1934), ലിയ്ബിക്ക് (പാണിനി-1891), എല്‍. റെനൗ (എത്യൂദ് വേദിക് അറ്റ് പാണിനേല്‍ - വാല്യം 1-13, 1955) എന്നിവരും പാണിനിയുടെ അഷ്ടാധ്യായിയെ അവലംബമാക്കി ഭാഷകളുടെയും ഭാഷാഗോത്രങ്ങളുടെയും വികാസപരിണാമങ്ങള്‍ മനസ്സിലാക്കുവാന്‍ വിജയപൂര്‍വം ശ്രമിച്ച പാശ്ചാത്യപണ്ഡിതന്‍മാരാണ്. 1948-54 കാലത്ത് മൂന്നു വാല്യങ്ങളായി പാരീസില്‍ പ്രസിദ്ധീകൃതമായ മറ്റൊരു ബൃഹദ്ഗ്രന്ഥസഞ്ചിക (ല് ഗ്രാമേര്‍ ദ് പാണിനി ത്രാദ്വിത് ബൈ സാന്‍സ്ക്രിറ്റ് ഒരു പാണിനീയ സര്‍വസ്വസമാഹാരം തന്നെയാണെന്നു പറയാം. നോ: പാണിനി

(ഡോ. വെങ്കിട സുബ്രഹ്മണി അയ്യര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍