This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഷ്ടാക്ഷരമന്ത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഷ്ടാക്ഷരമന്ത്രം

'ഓം നമോ നാരായണായ' എന്ന എട്ടക്ഷരമുള്ള മന്ത്രം. മന്ത്രങ്ങളെല്ലാം (ഉദാ. നമശ്ശിവായ എന്ന പഞ്ചാക്ഷരം) പ്രണവം (ഓം) ചേര്‍ത്താണ് ജപിക്കുക പതിവ്. മന്ത്രത്തിന്റെ തന്നെ ഭാഗമായി ഓംകാരം പതിവില്ല. എന്നാല്‍ 'ഓം നമോ നാരായണായ' എന്ന മന്ത്രത്തിലെ ഓംകാരം മന്ത്രത്തിന്റെ ഒഴിച്ചുകൂടാത്ത ഒരംശമാണ്; അതുംകൂടി ചേര്‍ന്നാലേ എട്ടക്ഷരമാകുന്നുള്ളു.

ഈ മന്ത്രത്തിനു സാധ്യനാരായണന്‍ ഋഷിയും, ദേവിഗായത്രി ഛന്ദസ്സും, പരമാത്മാവ് ദേവതയുമാണ്. ഈ മന്ത്രത്തിന്റെ ധ്യാനശ്ളോകം:

'ഭാസ്വത്ഭാസ്വത്സഹസ്രപ്രഭമരിദരകൌ

മോദകീപങ്കജാനി

ദ്രാഘിഷ്ടൈര്‍ബാഹുദണ്ഡൈര്‍ദധതമജിതമാ-

പീതവാസോ വസാനം

ധ്യായേത് സ്ഫായത്കിരീടോജ്ജ്വലമകുടമഹാ-

കുണ്ഡലം വന്യമാലാ

വത്സശ്രീകൌസ്തുഭാഢ്യം സ്മിതമധുരമുഖം

ശ്രീധരാശ്ളിഷ്ടപാര്‍ശ്വം'.

കോടിസൂര്യന്റെ പ്രഭയുള്ളവനും നാലുകൈകളില്‍ ശംഖ്, ചക്രം, ഗദ, താമര എന്നിവ ധരിക്കുന്നവനും മഞ്ഞപ്പട്ടുടുത്തവനും കിരീടം, കുണ്ഡലങ്ങള്‍, വനമാല, ശ്രീവത്സം, കൌസ്തുഭം എന്നിവയോടുകൂടിയവനും പ്രസന്നവദനനും, ലക്ഷ്മീദേവി, ഭൂമി എന്നിവര്‍ ഇരുഭാഗങ്ങളില്‍ സ്ഥിതിചെയ്യുന്നവനും ആയ മഹാവിഷ്ണുവിനെയാണ് ധ്യാനിക്കേണ്ടത്. ചിലര്‍ ഏതാണ്ട് ഇതേ അര്‍ഥംവരുന്ന മറ്റൊരു ധ്യാനശ്ളോകം ഉപയോഗിച്ചുകാണുന്നു:

'ഉദ്യത്കോടിദിവാകരാഭമനിശം

ശംഖം ഗദാം പങ്കജം

ചക്രം ബിഭ്രതമിന്ദിരാവസുമതീ

സംശോഭിപാര്‍ശ്വദ്വയം

കേയൂരാംഗദഹാരകുണ്ഡലധരം

പീതാംബരം കൌസ്തുഭോദ്-

ദീപ്തം വിശ്വധരം സ്വവക്ഷസിലസച്-

ഛ്രീവത്സചിഹ്നം ഭജേ'.

ധ്യാനശ്ലോകം ചൊല്ലി മന്ത്രം ഉരുവിടണം. ജപം എത്രയാകാം എന്നതിനു ഖണ്ഡിതമായി നിയമമൊന്നുമില്ലെങ്കിലും ശ്രേയസ്കാമന്മാര്‍ 108 അല്ലെങ്കില്‍ 1,008 തവണ പ്രതിദിനം ഇത് ഉരുവിടാറുണ്ട്. രണ്ടു സന്ധ്യകളിലും അഷ്ടാക്ഷരമന്ത്രം ജപിക്കാറുണ്ട്. മന്ത്രസിദ്ധി വരുത്താന്‍ അക്ഷരലക്ഷം വേണമെന്നാണ് പറയാറുള്ളത്. അതായത് അഷ്ടാക്ഷരി എട്ടുലക്ഷം ഉരുക്കഴിച്ചാല്‍ ഈ മന്ത്രത്തിനു സിദ്ധിവന്നു എന്നാണ് വിശ്വാസം. കേവലം ജപം മാത്രമേ ഉള്ളു എങ്കില്‍ അംഗന്യാസകരന്യാസങ്ങള്‍ക്ക് നിര്‍ബന്ധമില്ല. പൂജയിലാണ് ഈ മന്ത്രം വിനിയോഗിക്കുന്നതെങ്കില്‍ ധ്യാനത്തിനുശേഷം ഗന്ധം, ജലം, പുഷ്പം, ധൂപം, ദീപം, നൈവേദ്യം എന്നിവ സമര്‍പ്പിച്ചതിനുമേലാണ് ഗുരുപദിഷ്ടമായ രീതിയില്‍ ഈ മന്ത്രം ജപിക്കേണ്ടത്. അംഗന്യാസകരന്യാസങ്ങള്‍ പൂജകളില്‍ നിര്‍ബന്ധവുമാണ്.

(യജ്ഞസ്വാമി ശര്‍മ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍