This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഷ്ടാംഗസംഗ്രഹം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:49, 27 ഓഗസ്റ്റ്‌ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അഷ്ടാംഗസംഗ്രഹം

ബുദ്ധഭിക്ഷുവായ വാഗ്ഭടാചാര്യന്‍ രചിച്ച വൈദ്യശാസ്ത്രഗ്രന്ഥം. ബുദ്ധന്റെ കാലംവരെ വൈദ്യശാസ്ത്രവിദ്യാര്‍ഥികള്‍ക്കു അഷ്ടാംഗങ്ങളില്‍ ഓരോന്നിനെയും സംബന്ധിക്കുന്ന പ്രത്യേകസംഹിതകളും ചരകം, സുശ്രുതം, രസശാസ്ത്രം തുടങ്ങിയ ബൃഹദ്ഗ്രന്ഥങ്ങളും പഠിക്കേണ്ടിയിരുന്നു മനുഷ്യായുസ്സ് മുഴുവന്‍ പഠിച്ചാലും തീരാത്ത ഈ ശാസ്ത്രവിഭാഗങ്ങളെ സംഗ്രഹിച്ചു പഠിക്കത്തക്കവണ്ണം സൌകര്യത്തിനു വാഗ്ഭടാചാര്യന്‍ രചിച്ച ഗ്രന്ഥമാണ് അഷ്ടാംഗസംഗ്രഹം; 'അല്പസമുദ്യത'ന്‍മാര്‍ക്കുവേണ്ടി ഇതിനെ ഒന്നുകൂടി ചുരുക്കി അദ്ദേഹം നിര്‍മിച്ച ഗ്രന്ഥമാണ് അഷാംഗഹൃദയം. അഷാംഗഹൃദയം പഠിച്ചാല്‍ ഇതര വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളെക്കൊണ്ടുണ്ടാകുന്നതിനെക്കാള്‍ മികച്ച ചികിത്സാപാടവം നേടാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞിരിക്കുന്നു.

അഷ്ടാംഗസംഗ്രഹത്തില്‍ അഷ്ടാംഗമായ ആയുര്‍വേദത്തെ സൂത്രസ്ഥാനം, ശാരീരസ്ഥാനം, നിദാനസ്ഥാനം, ചികിത്സാസ്ഥാനം, കല്പസ്ഥാനം, ഉത്തരസ്ഥാനം എന്നിങ്ങനെ ആറ് സ്ഥാനങ്ങളിലായി 150 അധ്യായങ്ങള്‍കൊണ്ടു വിവരിച്ചിരിക്കുന്നു. ഇതരസ്ഥാനങ്ങളില്‍ സവിസ്തരം വര്‍ണിച്ചിട്ടുള്ള ആയുര്‍വേദതത്ത്വങ്ങളെ സൂത്രരൂപേണ സംക്ഷിപ്തമായി പ്രതിപാദിക്കുന്ന കാര്യത്തില്‍ വാഗ്ഭടന്‍ മറ്റാചാര്യന്മാരെക്കാള്‍ കൂടുതല്‍ വൈദഗ്ധ്യം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അദ്ദേഹം കായചികിത്സയ്ക്കു ചരകസംഹിതയെയും ശല്യ ചികിത്സയ്ക്കു സുശ്രുതസംഹിതയെയും ആധാരഗ്രന്ഥങ്ങളായി സ്വീകരിച്ചിരുന്നു; ആയുര്‍വേദത്തില്‍ ശല്യചികിത്സയ്ക്കും കായരോഗചികിത്സയ്ക്കും തുല്യ പ്രാധാന്യം കല്പിച്ചിരുന്നതായി ഇതില്‍ നിന്നു ഗ്രഹിക്കാം. ഇതരഗ്രന്ഥങ്ങളിലെ ചികിത്സാരീതികള്‍ ഉദ്ധരിക്കുന്നതിനോടൊപ്പം യുക്തിപൂര്‍വം സ്വന്തമായ ചികിത്സാരീതികളെയും യന്ത്രങ്ങളെയും ശസ്ത്രങ്ങളെയും അവയുടെ പ്രയോഗക്രമങ്ങളെയും ആചാര്യന്‍ ഈ ഗ്രന്ഥത്തില്‍ വിവരിച്ചിട്ടുണ്ട്. പദ്യവും ഗദ്യവും ഇടകലര്‍ന്ന രീതിയിലാണ് അഷ്ടാംഗസംഗ്രഹത്തിന്റെ രചന.

അഷ്ടാംഗസംഗ്രഹത്തിന്റെ കര്‍ത്താവ് വൃദ്ധവാഗ്ഭടനാണെന്നും അഷ്ടാംഗഹൃദയത്തിന്റെ കര്‍ത്താവാകട്ടെ അദ്ദേഹത്തിന്റെ കാലശേഷം ജീവിച്ചിരുന്ന മറ്റൊരു വാഗ്ഭടനാണെന്നും അഭിപ്രായമുണ്ട്. പക്ഷേ, സൂക്ഷ്മമായി പരിശോധിച്ചാല്‍ രണ്ടു ഗ്രന്ഥങ്ങളും ഒരാളുടേതെന്നു വിചാരിക്കാന്‍ സഹായകമായ തെളിവുകള്‍ സുലഭമാണ്.

വാഗ്ഭടന്റെ ജീവിതകാലം തീര്‍ച്ചയായി അറിയാന്‍ കഴിഞ്ഞിട്ടില്ല. എ.ഡി. 7-ാം ശ.-ത്തില്‍ ഇന്ത്യ സന്ദര്‍ശിച്ച ചീനസഞ്ചാരിയായ ഇത്സിങ്ങിന്റെ യാത്രാവിവരണത്തില്‍ നിന്ന് അഷ്ടാംഗസംഗ്രഹത്തിനും അഷ്ടാംഗഹൃദയത്തിനും അക്കാലത്തുണ്ടായിരുന്ന പ്രചാരത്തെപ്പറ്റി മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. എ.ഡി. 5-ാം ശ.-ത്തില്‍ വരാഹമിഹിരന്‍ എഴുതിയ കന്ദര്‍പിക എന്ന ഗ്രന്ഥത്തില്‍ വാഗ്ഭടവചനങ്ങള്‍ ഉദ്ധരിക്കപ്പെട്ടു കാണുന്നു. ചരകസംഹിതാ വ്യാഖ്യാതാവായ ഭട്ടാരഹരിശ്ചന്ദ്രന്റെ കാലത്തോടു വളരെയടുത്താണ് വാഗ്ഭടന്‍ ജീവിച്ചിരുന്നതെന്നതിനു തെളിവുകളുണ്ട്. ഭട്ടാരഹരിശ്ചന്ദ്രന്‍ എ.ഡി. 3-ഉം 4-ഉം നൂറ്റാണ്ടുകള്‍ക്കിടക്കു ജീവിച്ചിരുന്ന സാഹസാങ്കന്‍ എന്ന രാജാവിന്റെ ആസ്ഥാനവൈദ്യനായിരുന്നു. അഷ്ടാംഗസംഗ്രഹം ഉത്തരതന്ത്രം 49-ാം അധ്യായത്തില്‍ പലാണ്ഡുരസായന പ്രകരണത്തില്‍, പലാണ്ഡു (ചുവന്ന ഉള്ളി)വിന്റെ ഉപയോഗംകൊണ്ട് ശകരാജവംശത്തിലെ സ്ത്രീജനങ്ങള്‍ക്കുണ്ടായ ലാവണ്യാതിരേകത്തെ വാഴ്ത്തുന്നുണ്ട്. ഈ ശകരാജവംശസ്തുതി, ശകരാജ്യഭരണകാലത്താണ് വാഗ്ഭടന്‍ ജീവിച്ചിരുന്നതെന്നതിനു തെളിവായി ചിലര്‍ എടുത്തു കാണിക്കാറുണ്ട്. ഭാരതത്തില്‍ ശകരാജവംശ ഭരണകാലം എ.ഡി. 2-ാം ശ. മുതല്‍ 4-ാം ശ. വരെയാണല്ലോ.

അഷ്ടാംഗസംഗ്രഹത്തിനും അഷ്ടാംഗഹൃദയത്തിനും ആദ്യമായി വ്യാഖ്യാനമെഴുതിയതു വാഗ്ഭടന്റെതന്നെ ഒരു ശിഷ്യനായ ഇന്ദുവാണ്. ശശിലേഖയെന്നാണ് അഷ്ടാംഗസംഗ്രഹവ്യാഖ്യാനത്തിന്റെ പേര്. കൊച്ചിയിലെ കൊട്ടാരം വൈദ്യനായിരുന്ന ടി. ഉഴുത്രവാര്യര്‍ (രുദ്രപാരശവന്‍) താളിയോല ഗ്രന്ഥങ്ങള്‍ പരിശോധിച്ച് അഷ്ടാംഗസംഗ്രഹം ശശിലേഖാവ്യാഖ്യാനസഹിതം 1913-ല്‍ പ്രകാശനം ചെയ്തിട്ടുണ്ട്. തിബത്തന്‍ ഭാഷയിലും ഇതിന് ഒരു വിവര്‍ത്തനം കാണുന്നു. നോ: അഷ്ടാംഗഹൃദയം; വാഗ്ഭടന്‍

(പി.എസ്. ശ്യാമളകുമാരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍