This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഷ്ടാംഗയോഗം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

അഷ്ടാംഗയോഗം

യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിങ്ങനെ എട്ട് അംഗങ്ങളോടുകൂടിയതും ആത്മസാക്ഷാത്കാരത്തിനുള്ളതുമായ സാധനാപദ്ധതി.

ആമുഖം

ചിത്തവൃത്തികളുടെ സംസാരോന്‍മുഖമായ പ്രവാഹത്തെ നിരോധിച്ച് അന്തര്‍മുഖമാക്കിനിര്‍ത്തുന്ന ഈ പദ്ധതിക്ക് പ്രാചീനാചാര്യന്മാര്‍ യോഗം എന്നാണ് പേരിട്ടിട്ടുള്ളത്. ഈ പദ്ധതിയെ പ്രതിപാദിക്കുന്ന ശാസ്ത്രമാണ് യോഗദര്‍ശനം; ഭാരതീയര്‍ അംഗീകരിച്ചിട്ടുള്ള ആറ് ആസ്തികദര്‍ശനങ്ങളില്‍ (സാംഖ്യം, യോഗം, ന്യായം, വൈശേഷികം, പൂര്‍വമീമാംസ, ഉത്തരമീമാംസ) ഒന്നാണ് ഇത്.

ആധാരഗ്രന്ഥങ്ങള്‍

ഐതിഹ്യമനുസരിച്ചു നോക്കിയാല്‍ ചരകം എന്ന വൈദ്യശാസ്ത്രഗ്രന്ഥത്തിന്റെയും വ്യാകരണമഹാഭാഷ്യത്തിന്റെയും കര്‍ത്താവായ പതഞ്ജലി മഹര്‍ഷിയാണ് യോഗശാസ്ത്രത്തിന് ആധാരഭൂതമായ സൂത്രങ്ങള്‍ നിര്‍മിച്ചത്.

'പാതഞ്ജലമഹാഭാഷ്യ-

ചരകപ്രതിസംസ്കൃതൈഃ

മനോവാക്കായദോഷാണാം

ഹന്ത്രേഹിപതയേ നമഃ'

പാതഞ്ജലം (യോഗസൂത്രം), മഹാഭാഷ്യം (വ്യാകരണഭാഷ്യം), ചരകം (വൈദ്യശാസ്ത്രം) എന്നിവകൊണ്ട് മനസ്സിന്റെയും വാക്കിന്റെയും ശരീരത്തിന്റെയും മാലിന്യം ഇല്ലാതാക്കിയ ആദിശേഷനു നമസ്കാരം-എന്ന് ശ്ളോകസാരം. ഈ ഉദ്ധരണികളില്‍ നിന്നു പതഞ്ജലി ആദിശേഷന്റെ അവതാരമായി പരിഗണിക്കപ്പെടുന്നു എന്നു മനസ്സിലാക്കാം. (ആദിശേഷന്റെ മറ്റൊരവതാരമായ ചരകമഹര്‍ഷിയാണ് വൈദ്യശാസ്ത്രത്തിന്റെ നിര്‍മാതാവ് എന്നും ഒരു ഐതിഹ്യമുണ്ട്). പതഞ്ജലിയുടെ യോഗസൂത്രങ്ങള്‍ക്കു വേദവ്യാസനാണ് ഭാഷ്യം എഴുതിയതെന്നു പറയപ്പെടുന്നു. പില്ക്കാലത്തുണ്ടായ യോഗശാസ്ത്രഗ്രന്ഥങ്ങളെല്ലാം യോഗസൂത്രസാരത്തെ വിശദീകരിച്ചു എഴുതപ്പെട്ടവയാണ്. ഇക്കാരണത്താല്‍ പ്രസ്തുതശാസ്ത്രത്തിന്റെ പൌരാണികത്വം ഊഹിക്കാവുന്നതേയുള്ളു.

ഐതിഹ്യം ഇപ്രകാരമാണെങ്കിലും മഹാഭാഷ്യവും യോഗസൂത്രവും എഴുതിയിട്ടുള്ളത് ഒരേ ആളല്ല എന്നും ആകയാല്‍ മഹാഭാഷ്യകാരനില്‍നിന്നു ഭിന്നനാണ് യോഗസൂത്രകാരനായ പതഞ്ജലി എന്നും വേറെ ഒരഭിപ്രായം ഇല്ലായ്കയില്ല. ഭാഷ്യകാരനായ പതഞ്ജലിയുടെ കാലം ബി.സി. 2-ാം ശ.-മാണെന്നു പറയപ്പെടുന്നു. അങ്ങനെയാണെങ്കില്‍ യോഗസൂത്രകാരനായ പതഞ്ജലിയുടെ കാലം അഭ്യൂഹവിഷയമായിത്തന്നെ ശേഷിക്കുന്നു.

പശ്ചാത്തലം

ഈ ലോകത്തിലുള്ള എല്ലാ പ്രാണികളും നിരന്തരം പ്രയത്നിക്കുന്നത് സുഖത്തെ ഉന്നംവച്ചുകൊണ്ടാണ്. എന്നാല്‍ യഥാര്‍ഥത്തില്‍ അതു കണ്ടെത്തുവാന്‍ ആര്‍ക്കും സാധാരണ സാധിക്കാറില്ല. ധനികനും ദരിദ്രനും, ആതുരനും അരോഗദൃഢഗാത്രനും, ഉന്നതനും അധഃസ്ഥിതനും സമാനമായി കണ്ടുവരുന്ന ഒരു അംശം മനസ്സുഖരാഹിത്യമാണ് എന്നതില്‍ സംശയമില്ല. ആത്യന്തികമായ വിശകലനത്തില്‍ ഇതിന്റെ ഹേതു സുഖം ആത്മധര്‍മമാണ് എന്ന സത്യം വിസ്മരിച്ച് ജഡമായ പ്രകൃതിയില്‍ അതിനെ കണ്ടെത്തുവാന്‍ പരക്കംപാഞ്ഞ് വിഷമിക്കുന്നു എന്നതാണ്. ഈ സത്യം അനുഭവത്തിലൂടെ 'ഭാരതവര്‍ഷത്തിലെ പൂര്‍വരാം ഋഷീന്ദ്രന്‍മാര്‍' മനസ്സിലാക്കിയിട്ടുണ്ട്. അന്തഃകരണത്തിന്റെ വികാരങ്ങളിലൊന്നായ കാമത്തെ ജയിച്ചാല്‍ത്തന്നെ ആത്മാവിലുള്ള പരമാനന്ദം താനേ തെളിഞ്ഞുവരുന്നതാണ്. കാമാദിയായ അന്തഃകരണവൃത്തികളെ അടക്കിനിര്‍ത്തുകയാണ് സുഖപ്രാപ്തിക്കുള്ള ഏകവും നിത്യവും ആയ ഉപായം എന്നു സാരം. ആ ഉപായത്തെ ശാസ്ത്രീയമായി പ്രതിപാദിക്കുവാനും ഉപദേശിക്കുവാനും ആണ് യോഗശാസ്ത്രം നിര്‍മിക്കപ്പെട്ടിട്ടുള്ളത്. മനോനിഗ്രഹം കൂടാതെ ആത്മജ്ഞാനം സിദ്ധിക്കുകയില്ല എന്ന് ഈ ശാസ്ത്രം നമ്മെ ദൃഢമായി ഉദ്ബോധിപ്പിക്കുന്നു.

സേശ്വരസാംഖ്യം

യോഗശാസ്ത്രസിദ്ധാന്തം പുരുഷന്‍, പ്രകൃതി എന്നീ രണ്ട് അനാദിതത്ത്വങ്ങളെ സ്വീകരിക്കുന്നു; പുരുഷന്‍ നിര്‍ഗുണനാണ്; സ്വപ്രകാശസ്വരൂപിയുമാണ്; പ്രകൃതിയാകട്ടെ സത്വം, രജസ്സ്, തമസ്സ് എന്ന മൂന്നു ഗുണങ്ങളോടുകൂടിയതാണ്; ജഡവുമാണ്. പ്രകൃതിയോടുള്ള സംയോഗം നിമിത്തമാണ് പുരുഷനു ബന്ധമുണ്ടാകുന്നത്. പ്രകൃതിയെയും പുരുഷനെയും വിവേചനം ചെയ്ത് അറിയുകയാണ് മോക്ഷത്തിനുള്ള മാര്‍ഗം. ആത്മാവ് ശരീരംതോറും ഭിന്നനാണ്. ഈ സിദ്ധാന്തങ്ങളെല്ലാം സാംഖ്യദര്‍ശനത്തിന്റെയും അടിസ്ഥാനതത്ത്വങ്ങളാകയാല്‍ യോഗശാസ്ത്രത്തെ അതിന്റെ അല്പം ഒരു പരിഷ്കൃതമായ രൂപമായി കരുതുന്നവരും ഉണ്ട്. യോഗശാസ്ത്രത്തെ ചിലപ്പോള്‍ സേശ്വരസാംഖ്യം എന്നുകൂടി പറഞ്ഞുവരുന്നു. പ്രപഞ്ചത്തിന്റെ നിയാമകനും നിഗ്രഹാനുഗ്രഹശക്തനും ആയ ഒരു ഈശ്വരനെ സാംഖ്യം അംഗീകരിക്കുന്നില്ല; പക്ഷേ, യോഗദര്‍ശനം അംഗീകരിക്കുന്നു. ആകയാലാണ് മറ്റു സാംഖ്യസിദ്ധാന്തങ്ങളെയെല്ലാം മിക്കവാറും അതേപടി സ്വീകരിച്ചിട്ടുള്ള യോഗദര്‍ശനത്തെ സേശ്വരസാംഖ്യം എന്നു വിവക്ഷിക്കുവാന്‍ ഇടയായത്. യോഗശാസ്ത്രത്തെ അഷ്ടാംഗയോഗം എന്നു പറഞ്ഞിരിക്കുന്നത് ചിത്തവൃത്തിനിരോധത്തിനുവേണ്ടി മുമുക്ഷുക്കള്‍ക്ക് അനുഷ്ഠിക്കേണ്ടതായി എട്ട് അംഗങ്ങള്‍ അതില്‍ പ്രതിപാദിക്കപ്പെട്ടിട്ടുള്ളതിനാലാകുന്നു.

എട്ട് അംഗങ്ങള്‍

യമം

യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിങ്ങനെയുള്ള എട്ട് അംഗങ്ങളില്‍ യമം എന്നതിനു നിരോധനം-തടയല്‍-എന്നാണ് അര്‍ഥം. അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം എന്നിവ ശീലിക്കലാണ് യമം. പ്രവൃത്തികൊണ്ടോ വാക്കുകൊണ്ടോ മനസ്സുകൊണ്ടോ ഒരു ജീവിക്കും ക്ളേശം ഉണ്ടാക്കാതിരിക്കുകയാണ് അഹിംസ. സര്‍വഭൂതങ്ങള്‍ക്കും ഹിതമായത് ഏതോ അതാണ് സത്യം. കര്‍മംകൊണ്ടും വാക്കുകൊണ്ടും മനസ്സുകൊണ്ടും പരദ്രവ്യം കാംക്ഷിക്കാതിരിക്കലാണ് അസ്തേയം മൈഥുനചിന്തയെ സര്‍വാവസ്ഥകളിലും മനസാ വാചാ കര്‍മണാ വര്‍ജിക്കുകയാണ് ബ്രഹ്മചര്യത്തിന്റെ സ്വരൂപം. അപരിഗ്രഹം എന്നതു ദേഹയാത്രയ്ക്കുവേണ്ടതില്‍ കവിഞ്ഞ് യാതൊന്നും അനുഭവിക്കാതിരിക്കുക എന്ന അവസ്ഥയാണ്. ഈ സാധനകളുടെ അനുഷ്ഠാനംകൊണ്ട് മനസ്സിനെ അപഥസഞ്ചാരത്തില്‍ നിന്നു പിന്‍മാറ്റുവാന്‍ സാധിക്കും.

നിയമം

ബന്ധിക്കുക എന്നാണ് ഇതിന്റെ അര്‍ഥം. ഈ സാധനയുടെ ലക്ഷ്യം ദുര്‍മാര്‍ഗഗമനത്തില്‍നിന്നു യമം വഴി വിശുദ്ധമായ മനസ്സിനെ ആത്മസാക്ഷാത്കാരത്തിന് അനുഗുണമായ മാര്‍ഗത്തിലൂടെ നടത്തുകയാണ്. വേദാന്തസാരവചനം അനുസരിച്ച് ശൗചം, സന്തോഷം, തപസ്സ്, സ്വാധ്യായം, ഈശ്വരപ്രണിധാനം എന്നീ അനുഷ്ഠാനങ്ങളുള്‍ക്കൊള്ളുന്ന ഒന്നാണ് ഇത്. കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം എന്ന ആറു മാലിന്യങ്ങളെ മനസ്സില്‍നിന്നു കഴുകിക്കളയുകയാണ് ശൗചംകൊണ്ട് വിവക്ഷിച്ചിട്ടുള്ളത്. എപ്പോഴും പ്രസന്നനായും വിജയനിഷ്ഠനായും ഇരിക്കുന്ന അവസ്ഥയാണ് സന്തോഷം. സുഖദുഃഖങ്ങളെ സഹിക്കുവാനുള്ള കെല്പുനേടുകയാണ് തപസ്സിന്റെ ലക്ഷ്യം. വേദം മുതലായ ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുകയോ ഓംകാരത്തെ ജപിക്കുകയോ ആണ് സ്വാധ്യായം. പരമഗുരുവായ ഈശ്വരനില്‍ സര്‍വകര്‍മങ്ങളും അര്‍പ്പിക്കലാണ് പ്രണിധാനം.

ആസനം

ഈ അംഗം യോഗം ശീലിക്കുന്നവര്‍ ബ്രഹ്മദര്‍ശനത്തിന് ഉചിതമായ ഇരിപ്പ് ആഭ്യസിക്കേണ്ടതിനെക്കുറിച്ചു പ്രതിപാദിക്കുന്നു. ഇടയ്ക്കിടയ്ക്ക് ഇളകേണ്ടതിന്റെ ആവശ്യം ഇല്ലാത്തതും സുഖകരമായതും ആയ ഇരിപ്പാണ് ആസനം എന്ന് ആചാര്യന്മാര്‍ പറഞ്ഞിരിക്കുന്നു. പദ്മം, സ്വസ്തികം, ഭദ്രം, വജ്രം, വീരം, സിദ്ധം തുടങ്ങി 84 തരം ആസനങ്ങളെപ്പറ്റി കപിലാദിസിദ്ധന്മാര്‍ പ്രതിപാദിച്ചിട്ടുണ്ട്. സാധകന് അനുഗുണമേതോ അത് സ്വീകരിക്കപ്പെടാവുന്നതാണ്. നോ: യോഗാസനങ്ങള്‍

പ്രാണായാമം

മനോവൃത്തിയെ അമാര്‍ഗത്തില്‍നിന്നു നിരോധിച്ച് സുമാര്‍ഗത്തില്‍ പ്രവര്‍ത്തിപ്പിച്ച് സുഖാസനത്തിലിരുന്നുകൊണ്ട് അടുത്തതായി ചെയ്യേണ്ട സാധനയാണ് പ്രാണായാമം. ചെറുവിരല്‍, മോതിരവിരല്‍, തള്ളവിരല്‍ എന്നിവകൊണ്ട് (ചൂണ്ടുവിരലും നടുവിരലും വര്‍ജിക്കണം) നാസാപുടത്തെ പിടിച്ച് ശ്വാസോച്ഛാസം ക്രമീകരിക്കുന്ന ലഘുവെങ്കിലും വിചിത്രമായ ഒരു ശരീരശുചീകരണപ്രക്രിയയാണ് പ്രാണായാമം. ധൗതി, വസ്തി, നേതി, ത്രാടകം, നൗലികസം, കപാലഭാതി എന്നിങ്ങനെ ആറുതരം പ്രാഥമിക കര്‍മങ്ങള്‍ പരിശീലിച്ച് (ഷഡ്കര്‍മപരിശീലനം) ശരീരത്തിന്റെ സ്ഥൌല്യം, കഫദോഷം മുതലായവ നീക്കിയതിനുശേഷം പ്രാണായാമം പരിശീലിക്കുകയാണ് വേണ്ടത് എന്നും പ്രാണായാമം ഒന്നുകൊണ്ടുമാത്രം എല്ലാ ശരീരദോഷങ്ങളും നീങ്ങുകയാല്‍ ഇതരകര്‍മങ്ങളുടെ പരിശീലനം ആവശ്യമില്ലെന്നും രണ്ടു പക്ഷമുണ്ട്. ഇടത്തെ നാസാരന്ധ്രത്തിലൂടെ ശ്വാസം അകത്തേക്കു വലിച്ച് കഴിയുന്നിടത്തോളം സമയം അകത്ത് തടഞ്ഞുനിര്‍ത്തി ആ ശ്വാസത്തെ വലത്തെ നാസാരന്ധ്രത്തിലൂടെ പുറംതള്ളിയശേഷം വലത്തേതിലൂടെ ശ്വാസം വലിച്ചെടുത്ത് ആകാവുന്നിടത്തോളം സമയം അകത്തുനിര്‍ത്തി ഇടത്തേതിലൂടെ ആ ശ്വാസം പുറത്തേക്കു തള്ളുന്ന ലഘുവായ പ്രക്രിയയ്ക്കാണ് പ്രാണായാമം എന്നു പറയുന്നത്. പ്രാണായാമം പലവിധത്തിലുണ്ട്. ഇവ ശീലിച്ചാല്‍ ചില മാസങ്ങള്‍കൊണ്ട് സാധകന്റെ അന്തര്‍നാഡികള്‍ ശുദ്ധീകരിക്കപ്പെടുന്നു. അങ്ങനെ പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നീ അടുത്ത അംഗങ്ങളുടെ അനുഷ്ഠാനങ്ങള്‍ക്ക് അതു സഹായകമായിത്തീരുകയും ചെയ്യും. യോഗശാസ്ത്രഗന്ഥങ്ങളില്‍ പ്രാണായാമത്തിനു പ്രത്യേകം പ്രാധാന്യം നല്കിയിട്ടുണ്ട്. നോ: പ്രാണായാമം

പ്രത്യാഹാരം

തിരിച്ചുകൊണ്ടുവരല്‍ എന്നാണ് പ്രത്യാഹാരപദത്തിന് അര്‍ഥം. ഇന്ദ്രിയങ്ങളെ ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം എന്നീ സ്വസ്വവിഷയങ്ങളില്‍ വ്യാപരിക്കുവാന്‍ അനുവദിക്കാതെ പിടിച്ചുനിര്‍ത്തി ആ ഇന്ദ്രിയങ്ങളുടെ അധീശത്വം നേടുകയും തദ്വാരാ മനഃശക്തിയെ ഒരിടത്ത് കേന്ദ്രീകരിപ്പിക്കുകയും ആണ് പ്രത്യാഹാരത്തിന്റെ ലക്ഷ്യം. ഇത് അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന ഒരുവന് പഞ്ചേന്ദ്രിയവിഷയമായ ബാഹ്യലോകം അനുഭവവേദ്യമാകയില്ല.

ധാരണ

പ്രത്യാഹാരംവഴി വിഷയങ്ങളില്‍നിന്നു പിന്‍തിരിപ്പിച്ചുകൊണ്ടുവന്ന മനസ്സിനെ ഏകാഗ്രമാക്കി ഒരു ബിന്ദുവില്‍ കേന്ദ്രീകരിക്കുന്ന അനുഷ്ഠാനമാണ് ധാരണ. നാസാഗ്രം, നാഭിചക്രം മുതലായ ഏതെങ്കിലും ഒരു സ്ഥാനത്തെ ഈ ആവശ്യത്തിനു തിരഞ്ഞെടുക്കാവുന്നതാണ്.

ധ്യാനം

ധാരണയ്ക്കു വിഷയമായ ബിന്ദുവില്‍ ഏകതാനത അനുഭവിക്കുകയാണ് ധ്യാനം എന്ന അംഗത്തിന്റെ സ്വഭാവം. അപരിവര്‍ത്തിതവും അവിചലിതവും ആയ ജ്ഞാനാവസ്ഥയാണ് ഇത്. ധ്യാനം ശീലിക്കുന്നവന്‍ പ്രണവത്തെ-ഓംകാരത്തെ-ഏകാവലംബമായി സ്വീകരിക്കാറുണ്ട്. മനസ്സും ആത്മാവും തമ്മിലുള്ള ബന്ധം സ്ഥാപിച്ചുതരുന്ന മധ്യസ്ഥനാണ് പ്രണവം. പ്രണവം ഈശ്വരവാചകമാകയാല്‍ അര്‍ഥാനുസന്ധാനത്തോടുകൂടി ജപിക്കുന്നതു ധ്യാനമായിത്തീരുന്നു. ക്ളേശം (അവിദ്യ, അസ്മിത, രാഗം, ദ്വേഷം, അഭിനിവേശം), കര്‍മം (പുണ്യപാപങ്ങള്‍), ആശയം (വാസന) എന്നീ ജീവധര്‍മങ്ങളൊന്നുമില്ലാത്ത പരമകാരുണികനായ ഈശ്വരനെ നിരന്തരം ധ്യാനിക്കുന്നതുകൊണ്ട് സാധകനു തദാകാരത്വം ലഭിക്കുന്നു. അങ്ങനെ അത് ഐക്യസിദ്ധിക്കു വഴിയൊരുക്കുന്നു.

സമാധി

യോഗത്തിന്റെ എട്ടാമത്തേതും അവസാനത്തേതുമായ അംഗമാണ് സമാധി. ഉപ്പും വെള്ളവും പോലെ മനസ്സും ആത്മാവും ഐക്യം പ്രാപിക്കുന്ന ഒരവസ്ഥയാണ് സമാധിയില്‍ അനുഭവപ്പെടുന്നത്. മുന്‍പറഞ്ഞ ഏഴു സാധനകള്‍ അനുഷ്ഠിക്കുമ്പോഴും ധ്യാതാവ്, ധ്യേയം, ധ്യാനം എന്നിവയുടെ വിവേചനം ഉണ്ടായിരിക്കും. എന്നാല്‍ സമാധിയില്‍ ധ്യാതാവും ധ്യാനവും ധ്യേയത്തില്‍ വിലയം പ്രാപിച്ച്-ത്രിപുടി നശിച്ച്-എല്ലാം ഏകാത്മകമായിത്തീരുകയും യോഗത്തിന്റെ സാഫല്യം സിദ്ധവത്കൃതമാകുകയും ചെയ്യും. പാതഞ്ജലപദ്ധതിയനുസരിച്ച് സമാധിയില്‍ സാധകന്‍ അനുഭവിക്കുന്ന പരമാനന്ദം ജീവാത്മാവിന്റെയും പരമാത്മാവിന്റെയും ഐക്യം കൊണ്ടുള്ളതാണ്.

ഈ വിശദീകരണത്തില്‍നിന്ന് ധാരണ, ധ്യാനം, സമാധി എന്നിവ മുമുക്ഷുവിന് അന്തരംഗസാധനങ്ങളും അദ്യത്തെ അഞ്ചെണ്ണം ബഹിരംഗസാധനങ്ങളും ആണെന്നു വ്യക്തമാകുന്നു. സൂക്ഷ്മാവലോകനത്തില്‍ സദാചാരത്തിന്റെ കാതലുകളെല്ലാം യോഗശാസ്ത്രത്തില്‍ അടങ്ങിയിരിക്കുന്നതുകൊണ്ട് ഇവയുടെ പ്രതിഷ്ഠയും ഇതിന്റെ പരമോദ്ദേശ്യങ്ങളില്‍ ഒന്നാണ് എന്ന് അനുമാനിക്കാം. സാത്വികവൃത്തിയെ പ്രബലപ്പെടുത്തി ചിത്തശുദ്ധി ഉണ്ടാക്കുന്ന സാമഗ്രികളെല്ലാം അഷ്ടാംഗയോഗത്തില്‍ അന്തര്‍ഭവിച്ചിട്ടുള്ളതിനാല്‍ മനുഷ്യസമുദായത്തിനു ജാതിമതഭേദമെന്യേ സ്വീകരിക്കാവുന്ന ഒരു പദ്ധതിയാണ് ഇതെന്നുള്ള അഭിപ്രായം പരിഗണനീയമാണ്.

കുണ്ഡലിനീയോഗം

പതഞ്ജലി പ്രചരിപ്പിച്ചിട്ടുള്ള അഷ്ടാംഗയോഗം (രാജയോഗം) ഏതായാലും സുഖസാധ്യമായ ഒന്നാണ്. അതു പ്രകൃതിയെ ബലാത്കാരേണ നിഗ്രഹിക്കുവാന്‍ ഉപദേശിക്കുന്നില്ല; കായക്ളേശം ആവശ്യപ്പെടുന്നുമില്ല; നേരെമറിച്ച് അതു ക്ലേശത്തെ നിഷേധിക്കുകയാണ് ചെയ്യുന്നത്. യോഗം ശീലിക്കുന്നവര്‍ക്കു പല വിഘ്നങ്ങളും ഭ്രംശങ്ങളും നേരിടുവാന്‍ എളുപ്പമാണ്; എങ്കിലും അവയൊന്നും കൂസാതെ ദൃഢവ്രതനായി മുന്നോട്ടു നീങ്ങിയാല്‍ കാലക്രമേണ മനോനിഗ്രഹവും ദുഃഖനിവൃത്തിയും ലഭ്യമാകാതിരിക്കയില്ല. ഇടയ്ക്കുണ്ടാവുന്ന ഭ്രംശങ്ങളും വിഘ്നങ്ങളും യോഗിയെ അധഃപതിപ്പിക്കുകയില്ലെന്നും യോഗഭ്രഷ്ടര്‍ ജന്മാന്തരത്തിലും പൂര്‍വവാസനകൊണ്ട് യോഗികളായിത്തീര്‍ന്നു മുക്തരാകുമെന്നും ഗീതയില്‍ കൃഷ്ണന്‍ അര്‍ജുനനെ ഉപദേശിച്ചിട്ടുണ്ട്. എന്നാല്‍ ഹഠയോഗികള്‍ ആനന്ദാനുഭവത്തിനു കൊടുത്തിരിക്കുന്ന കാരണം മറ്റൊന്നാണ്. യോഗം അഭ്യസിക്കുന്നവന്റെ കുണ്ഡലിനീശക്തി ഉണര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് അവര്‍ പ്രസ്താവിക്കുന്നു. കുണ്ഡലിനി എന്നതു മനുഷ്യശരീരത്തില്‍ അന്തര്‍ലീനമായിക്കിടക്കുന്ന മൂലശക്തിയാണ്. 'മേരുദണ്ഡം' എന്ന പേരില്‍ വ്യവഹരിക്കപ്പെടുന്ന നട്ടെല്ലിന്റെ അധോഭാഗത്തായി സര്‍പ്പം ചുരുണ്ടുകിടക്കുംപോലെ ഈ ശക്തി ഉറങ്ങിക്കിടക്കുന്നു. ഇതിനു കുണ്ഡലിനി എന്ന പേര്‍ വന്നതിന്റെ അടിസ്ഥാനം ഇതാണ്. അതു വിശ്രമിക്കുന്ന സ്ഥാനത്തിന് അഗ്നിചക്രം എന്നു പറയുന്നു. ഈ ശക്തി ഉറങ്ങിക്കിടക്കുന്നിടത്തോളം മനുഷ്യന്റെ തേജസ്സ് താഴോട്ട് ഒഴുകി നഷ്ടപ്പെടുന്നതിനാല്‍ പ്രാണശക്തി ക്ഷയിച്ചുകൊണ്ടേ ഇരിക്കുകയാണ്. എന്നാല്‍ മൂലബന്ധം ചെയ്ത് ഈ ശക്തിയെ ഉണര്‍ത്തിയാല്‍ അതു മേരുദണ്ഡം വഴി മുകളിലോട്ട് യാത്ര ചെയ്യാന്‍ ആരംഭിക്കുന്നു. മേരുദണ്ഡത്തില്‍ ആറ് ചക്രങ്ങള്‍-പ്രത്യേകസ്ഥാനങ്ങള്‍-ഉണ്ട്. ആകാരസാദൃശ്യംകൊണ്ട് ഇവയെ കമലങ്ങള്‍ എന്നും പറയുന്നു. ഗുദത്തിന്റെ സമീപത്തിലുള്ളത് നാല് ദളങ്ങളുള്ള മൂലാധാരചക്രം ആണ്; നാഭിയുടെ സമീപത്തില്‍ ആറു ദളങ്ങളുള്ള സ്വാധിഷ്ഠാന ചക്രവും ഇതിന് അല്പം മുകളിലായി പത്തു ദളങ്ങളുള്ള മണിപൂരചക്രവും ഹൃദയസവിധത്തില്‍ പന്ത്രണ്ടു ദളങ്ങളുള്ള അനാഹതചക്രവും കണ്ഠത്തിനടുക്കല്‍ പതിനാറു ദളങ്ങളുള്ള വിശുദ്ധചക്രവും ഭ്രൂമധ്യത്തില്‍ രണ്ടു ദളങ്ങള്‍ മാത്രമുള്ള ആജ്ഞാചക്രവും സ്ഥിതിചെയ്യുന്നു. ആജ്ഞാ ചക്രത്തിനു ത്രികുടി എന്നും പേരുണ്ട്. കുണ്ഡലിനി ഓരോ ചക്രങ്ങളിലൂടെ മുകളിലേക്കു കടന്ന് ആജ്ഞാചക്രത്തിലെത്തിയാല്‍ സാധകനു ദിവ്യദൃഷ്ടി എന്ന സിദ്ധി പ്രാപ്തമാകുകയും അവരോഹണഭയമില്ലാതായിത്തീരുകയും ചെയ്യും. ഈ ആറു ചക്രങ്ങളെയും ഭേദിച്ചശേഷം കുണ്ഡലിനിക്കു പ്രവേശിക്കേണ്ടത് ശൂന്യചക്രം, ശൂന്യമണ്ഡലം, ഗഗനമണ്ഡലം, ആകാശമണ്ഡലം എന്നിങ്ങനെ പല പേരിലും അറിയപ്പെടുന്ന സഹസ്രാരചക്രത്തിലാണ്. ആയിരം ഇതളുകളുള്ള താമരയായി ഇത് സങ്കല്പിക്കപ്പെട്ടിട്ടുള്ളതിനാല്‍ ഈ ചക്രത്തിന് സഹസ്രദളകമലം എന്നും പേരുണ്ട്. കുണ്ഡലിനി ഈ ചക്രത്തിലെത്തുമ്പോള്‍ യോഗിക്കു നിര്‍വികല്പസമാധിയുടെ യഥാര്‍ഥമായ ആനന്ദം അനുഭവവേദ്യമാകുന്നു. അഷ്ടാംഗയോഗത്തിന്റെ അന്തിമമായ അവസ്ഥയും ലക്ഷ്യവും ഇതുതന്നെയാണ് എന്നാണ് ഹഠയോഗികള്‍ പറയുന്നത്.

ബ്രഹ്മൈക്യപ്രാപ്തി

ഈ ചക്രങ്ങളിലൂടെ മുകളിലോട്ടുള്ള പ്രയാണത്തിനു കുണ്ഡലിനിയെ സഹായിക്കുന്നത് സുഷുമ്നാനാഡിയാണ്. മനുഷ്യശരീരത്തില്‍ ഒട്ടാകെ 62,000 നാഡികളുണ്ടെന്നും ഇവയില്‍വച്ച് ഏറ്റവും പ്രധാനം ഇഡ, പിംഗള, സുഷുമ്ന എന്നീ നാഡികളാണെന്നും വിശേഷിച്ച് ശക്തിയുടെ വാഹിനി എന്ന നിലയില്‍ സുഷുമ്നയ്ക്കാണ് പ്രാമുഖ്യമെന്നും ഹഠയോഗപ്രദീപിക മുതലായ ഗ്രന്ഥങ്ങളില്‍ പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്. വജ്രാ, അതിനകത്ത് ചിത്രിണി, അതിനുള്ളില്‍ ബ്രഹ്മനാഡി എന്നിങ്ങനെ മൂന്നു നാഡികള്‍ ഒന്നിച്ചുചേര്‍ന്നതാണ് സുഷുമ്ന. യഥാര്‍ഥത്തില്‍ സുഷുമ്നയുടെ അന്തര്‍ധാരയായ ബ്രഹ്മനാഡിയിലുടെയാണ് കുണ്ഡലിനി മേല്പോട്ടു കയറിപ്പോകുന്നത്. സുഷുമ്നയുടെ ഇടതും വലതും വശങ്ങളിലായി ഇഡ, പിംഗള എന്നീ നാഡികള്‍ പ്രവര്‍ത്തിക്കുന്നു. ഇടത്തെ നാസാദ്വാരത്തിലൂടെയുള്ള ശ്വാസപ്രവാഹം ഇഡയിലൂടെയും വലത്തെ നാസാദ്വാരത്തിലൂടെയുള്ളത് പിംഗളയിലൂടെയും നടക്കുന്നു. ശീതളസ്വഭാവത്തോടുകൂടിയ ഇഡയെ ചന്ദ്രനാഡി എന്നും ഉഷ്ണസ്വഭാവത്തോടുകൂടിയ പിംഗളയെ സൂര്യനാഡി എന്നും പ്രത്യേകം പേരുകളില്‍ വ്യപദേശിക്കാറുണ്ട്. ഇഡയുടെ അധിഷ്ടാനദേവത ബ്രഹ്മാവും പിംഗളയുടേത് വിഷ്ണുവും രണ്ടിന്റെയും മധ്യത്തിലുള്ള സുഷുമ്നയുടേത് ശിവനും ആണ്. ഈ മൂന്നു നാഡികളും ഒന്നിച്ചുചേരുന്നതു ശിരോമധ്യത്തില്‍ സങ്കല്പിക്കപ്പെട്ടിരിക്കുന്ന ബ്രഹ്മരന്ധ്രത്തിലാണെന്നു പറയപ്പെടുന്നു. ദേഹാന്ത്യത്തില്‍ സാധകന്റെ പ്രാണന്‍ ഈ രന്ധ്രത്തെയും പിളര്‍ന്നു വെളിയിലേക്കു പോവുകയും തന്‍മൂലം അയാള്‍ക്കു ബ്രഹ്മത്വപ്രാപ്തി ലഭിക്കുകയും ചെയ്യുന്നു. ബ്രഹ്മരന്ധ്രത്തെ ദശമദ്വാരം എന്നും പറയുന്നു. മനുഷ്യ ശരീരത്തിലെ മറ്റ് ഒന്‍പത് ദ്വാരങ്ങള്‍ എപ്പോഴും അടഞ്ഞിരിക്കും. ഇതു സാധനകൊണ്ടുമാത്രം തുറക്കപ്പെടാവുന്ന ഒരു ദ്വാരമാണ്. യോഗാഭ്യാസകാലങ്ങളില്‍ കുണ്ഡലിനീശക്തിയെ സഹസ്രാരപദ്മത്തിലെത്തിച്ച് ആത്മാനന്ദം അനുഭവിക്കുകയും അങ്ങനെ ജീവന്‍മുക്തരായി ഇഹത്തില്‍ ജീവിക്കുകയും ദേഹം സംത്യജിക്കുമ്പോള്‍ പ്രാണനെ ബ്രഹ്മരന്ധ്രംവഴി പുറത്തേക്കു വിട്ട് ബ്രഹ്മൈക്യം പ്രാപിക്കുകയുമാണ് അഷ്ടാംഗയോഗത്തിന്റെ ലക്ഷ്യം. ആനന്ദപ്രാപ്തി കുണ്ഡലിനീശക്തിയും സഹസ്രാരപദ്മസ്ഥിതനായ ശിവനും തമ്മിലുള്ള ഐക്യംകൊണ്ടാണ് എന്നത്രെ ഈ സാധകന്‍മാരുടെ പക്ഷം.

സിദ്ധികള്‍

പരമാനന്ദപ്രാപ്തി യോഗിയുടെ മുഖ്യ ലക്ഷ്യമാണെങ്കിലും അതിനുള്ള പ്രയത്നത്തിനിടയില്‍ അയാള്‍ക്ക് അപ്രതീക്ഷിതങ്ങളും അപരിമേയങ്ങളും അദ്ഭുതാവഹങ്ങളും ആയ അനേകം അതിപ്രാകൃതികശക്തികള്‍ കൈവന്നുചേരുമെന്ന് ഋഷികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയെ മൊത്തത്തില്‍ സിദ്ധികള്‍ എന്നാണ് പറയാറുള്ളത്. അണിമാ, മഹിമാ, ലഘിമാ, ഗരിമാ, പ്രാപ്തി, പ്രാകാമ്യം, ഈശിത്വം, വശിത്വം എന്നിങ്ങനെ ആ സിദ്ധികളെ എട്ടായി തരംതിരിച്ചിരിക്കുന്നു. (നോ: അഷ്ടസിദ്ധികള്‍). എത്രയെങ്കിലും അകലെ കിടക്കുന്ന വിഷയങ്ങള്‍ ഗ്രഹിക്കുക, വരാന്‍പോകുന്നതോ കഴിഞ്ഞുപോയതോ ആയ കാര്യങ്ങള്‍ അറിയുക, ഒരേ സമയത്ത് അനേകം ശരീരങ്ങള്‍ സ്വീകരിക്കുക എന്നിങ്ങനെ അനേകംവിധത്തിലുള്ള ആശ്ചര്യകര്‍മങ്ങള്‍ യോഗികള്‍ക്കു ചെയ്യാന്‍ സാധിക്കും എന്നു സാരം. പക്ഷേ, നിര്‍വികല്പസമാധിയിലുള്ള പരമാനന്ദം അനുഭവിച്ച മഹാത്മാക്കള്‍ക്ക് അവാന്തരഫലങ്ങളായ ഇത്തരം സിദ്ധികള്‍ കേവലം നിസ്സാരങ്ങളാണ്.

യോഗസൂത്രം

ചിത്തവൃത്തികളെ ഒതുക്കിയാല്‍ നിര്‍വികല്പമായ സമാധി ഉണ്ടാവുകയും ജീവാത്മാവിനു പരമാത്മാവിനോട് ഐക്യം വരികയും ചെയ്യുന്നു എന്നാണ് യോഗശാസ്ത്രം പഠിപ്പിക്കുന്നത്. ജീവപരന്‍മാരുടെ ഐക്യമാകുന്ന യോഗത്തിന് ഉതകുന്ന ഉപായങ്ങളെ ഉപദേശിക്കുന്ന ഈ ശാസ്ത്രത്തിനു പ്രസ്തുതനാമം തികച്ചും അന്വര്‍ഥമായിരിക്കുന്നു. പതഞ്ജലിമഹര്‍ഷി സൂത്രങ്ങളുടെ രൂപത്തില്‍ അഷ്ടാംഗയോഗതത്ത്വങ്ങള്‍ പ്രതിപാദിച്ചതോടുകൂടിയാണ് ഇത് ഒരു പ്രത്യേക ശാസ്ത്രമായി ഉരുത്തിരിഞ്ഞുവന്നിട്ടുള്ളത്.

യോഗസൂത്രം എന്നു പേരുള്ള പാതഞ്ജലകൃതി നാലുപാദങ്ങളോടുകൂടിയതാണ്. സമാധിപാദം, സാധനപാദം, വിഭൂതിപാദം, കൈവല്യപാദം എന്നാണ് ക്രമത്തില്‍ ഇവയുടെ പേര്. നിര്‍വികല്പസമാധിയുടെ സ്വരൂപം, ഉപായം എന്നിവ സമാധിപാദത്തിലും, യോഗം ശീലിക്കാനാഗ്രഹിക്കുന്നവര്‍ അനുഷ്ഠിക്കേണ്ട യമാദ്യഷ്ടാംഗങ്ങളുടെ സ്വരൂപം സാധനപാദത്തിലും, യോഗാഭ്യാസത്താലുണ്ടാകുന്ന ഐശ്വര്യങ്ങളുടെ സ്വഭാവം വിഭൂതിപാദത്തിലും, മോക്ഷാവസ്ഥയുടെ ലക്ഷണം കൈവല്യപാദത്തിലും പ്രാധാന്യേന പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. പാതഞ്ജലയോഗത്തിനു രാജയോഗം എന്നും പറയുന്നു. യോഗശാസ്ത്രത്തിന്റെ ബീജശകലങ്ങള്‍ വൈദികസാഹിത്യത്തില്‍ തന്നെ അങ്ങിങ്ങു ചിതറിക്കിടക്കുന്നതുകാണാം. ഉദാഹരണമായി ശ്വേതാശ്വതരോപനിഷത്തിന്റെ പ്രഥമാധ്യായത്തില്‍ ഈശ്വരസാക്ഷാത്കാരത്തിനുള്ള പ്രധാനോപായമായി ധ്യാനയോഗത്തെ നിര്‍ദേശിക്കുകയും ദ്വിതീയാധ്യായത്തില്‍ ധ്യാനപ്രക്രിയയുടെ സ്വഭാവത്തെ പ്രതിപാദിക്കുകയും ചെയ്തിരിക്കുന്നു. കഠോപനിഷത്തിലും ചില അംശങ്ങള്‍ കാണാം. ആകയാല്‍ യോഗശാസ്ത്രം വേദമൂലകമാണെന്നു ചിലര്‍ വിശ്വസിക്കുന്നു. ചിലര്‍ ജൈനാഗമങ്ങളിലും മറ്റു ചിലര്‍ ബൌദ്ധദര്‍ശനങ്ങളിലും ഇതിന്റെ ഉത്പത്തിയെ അന്വേഷിച്ചു പോയിട്ടുണ്ട്. എന്നാല്‍ അതിപ്രാചീനകാലം മുതല്ക്കുതന്നെ ഈ ശാസ്ത്രത്തിനു സ്വതന്ത്രമായ ഒരു നിലനില്പുള്ളതായും ചുരുക്കം ചിലര്‍ വിശ്വസിക്കുന്നു. ഒരുപക്ഷേ, ഈ നാലു പരമ്പരകളില്‍പ്പെട്ട നാലുതരം യോഗങ്ങളുണ്ടെന്നു കരുതുകയാണ് യുക്തിസഹം. ഏതായാലും ഇവയില്‍വച്ചു മുഖ്യമായ ഹഠയോഗവും രാജയോഗവും സ്വതന്ത്രമായിത്തന്നെ പ്രചരിച്ചു വന്നിട്ടുണ്ട്; ചിലപ്പോള്‍ ഈ രണ്ടിലും സമാനങ്ങളായ കാര്യങ്ങള്‍ കാണുകയും ചെയ്യുന്നു. അതിനാലാണ് രണ്ടും പരസ്പരാശ്രയങ്ങളാണെന്നും രണ്ടും ശീലിക്കേണ്ടതാണെന്നും ഒരഭിപ്രായം ഉണ്ടായിട്ടുള്ളത്. ഹഠയോഗപദ്ധതിയില്‍ പ്രാധാന്യം ശാരീരികവികാസത്തിനും രാജയോഗത്തില്‍ മുക്തിക്കും ആണെന്നുള്ള വ്യത്യാസം എടുത്തുപറയേണ്ടിയിരിക്കുന്നു; സാധകനു രണ്ടും ആവശ്യമാണല്ലൊ. ഹഠയോഗം ശൈവമാണെന്നും അതിന്റെ പ്രവര്‍ത്തകര്‍ മത്സ്യോത്ദ്രനാഥനും, ഗോരഖ്നാഥനും ആണെന്നും വിശ്വസിക്കപ്പെടുന്നു. മനോനിയന്ത്രണത്തിനുള്ള മാര്‍ഗങ്ങള്‍ക്കു കര്‍ക്കശമായ ബലാത്കാരമാണ് ഇതില്‍ സ്വീകരിക്കപ്പെടുന്നത്; ഇത് രാജയോഗത്തെക്കാള്‍ കഠിനമാണ്; ചിലപ്പോള്‍ അപായകാരിയുമാണ്. ഒറ്റക്കാലില്‍ നിന്നുകൊണ്ട് പഞ്ചാഗ്നിമധ്യത്തില്‍ തപസ്സ്, ധൂമം ഭക്ഷിച്ചുകൊണ്ട് തലകീഴായി നിന്നുള്ള തപസ്സ് എന്നിവയെല്ലാം ഹഠയോഗികള്‍ക്ക് ഇഷ്ടമായ കാര്യങ്ങളാണ്.

അഷ്ടാംഗയോഗത്തിന്റെ സ്ഥാനത്ത് ബൗദ്ധന്‍മാര്‍ പ്രചരിപ്പിച്ചിട്ടുള്ളത് ഷഡംഗയോഗം ആണ്. അവരുടെ അഭിപ്രായത്തില്‍ പ്രത്യാഹാരം, ധ്യാനം, പ്രാണായാമം, ധാരണ, അനുസ്മൃതി, സമാധി എന്നിവയാണ് ആറു യോഗാംഗങ്ങള്‍. ബാഹ്യങ്ങളായ രൂപാദികളില്‍ അപ്രവൃത്തിയും ത്രൈധാതുകമായ ബുദ്ധബിംബത്തിന്റെ ദര്‍ശനവുമാണ് ഇവിടെ പ്രത്യാഹാരം; സര്‍വധര്‍മശൂന്യതയില്‍ മനസ്സ് പ്രവര്‍ത്തിക്കലാണ് ധ്യാനം; ലലനാ (ഇഡ) നാഡിയുടെയും രസ(പിംഗള)നാഡിയുടെയും മാര്‍ഗങ്ങള്‍ രോധിച്ച് പ്രാണവായുവിനെ മധ്യമാര്‍ഗമായ അവധൂതി(സുഷുമ്ന)യിലൂടെ സഞ്ചരിപ്പിക്കലാണ് പ്രാണായാമം; ധാരണ എന്നാല്‍ ബിന്ദുവിന്റെ പ്രാണപ്രവേശനം ആണ്; ഇഷ്ടദേവതയുടെ പ്രതിബിംബദര്‍ശനമാണ് അനുസ്മൃതി. സമാധിയില്‍ പ്രജ്ഞയും ഉപായവും ഒന്നായിത്തീര്‍ന്ന് പരമാനന്ദപ്രാപ്തിക്കു നിദാനമായി പരിണമിക്കുന്നു. സത്യവസ്തുവിന്റെ സ്വരൂപാവധാരണാത്മകമായ ജ്ഞാനമാണ് പ്രജ്ഞ (ഋതംഭരാ പ്രജ്ഞാ).

ഉപസംഹാരം

ഉപനിഷത്തുകളിലെ വാക്യങ്ങള്‍കൊണ്ടുതന്നെ ഏകവും അദ്വിതീയവുമായ പരമാത്മാവിന്റെ ജ്ഞാനം സിദ്ധിക്കുമെന്നു ചിലര്‍ സിദ്ധാന്തിക്കാറുണ്ട്. എന്നാല്‍ ഇപ്രകാരം ശബ്ദത്തില്‍നിന്നു ലഭിക്കുന്ന ജ്ഞാനംകൊണ്ട് ആത്മസാക്ഷാത്കാരവും തജ്ജന്യമായ മോക്ഷവും സാധ്യമല്ല എന്നാണ് യോഗികളുടെ വാദം. മറ്റു ശാസ്ത്രങ്ങള്‍ ചര്‍ച്ച ചെയ്തു സ്ഥാപിച്ചിട്ടുള്ള പ്രതിജ്ഞാതങ്ങളായ തത്ത്വങ്ങള്‍ ശരിയാണെന്നു ബോധ്യപ്പെടുന്നത് യോഗാനുശീലനം വഴിയാണ്. നിരന്തരമായ അഭ്യാസവും തീവ്രമായ വൈരാഗ്യവും സാധകനെ ലക്ഷ്യത്തിലെത്തിക്കുമെന്ന് യോഗശാസ്ത്രം പ്രഖ്യാപിക്കുന്നു. യോഗാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് ഗീത മുതലായ ഗ്രന്ഥങ്ങളും പ്രതിപാദിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍