This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഷ്ടസിദ്ധികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഷ്ടസിദ്ധികള്‍

ഹഠയോഗസാധനകൊണ്ട് ഒരുവനുണ്ടാകുമെന്നു പറയപ്പെടുന്ന എട്ടുവിധത്തിലുള്ള ശക്തിവിശേഷങ്ങള്‍. ഇവയ്ക്ക് അഷ്ടൈശ്വര്യങ്ങള്‍ എന്നും പറയാറുണ്ട്. അണിമാ, മഹിമാ, ഗരിമാ, ലഘിമാ, പ്രാപ്തി, പ്രാകാശ്യം, ഈശിത്വം, വശിത്വം എന്നിവയാണ് അഷ്ടസിദ്ധികള്‍. അണുവായി ഏറ്റവും ചെറുതായി ഭവിക്കുന്നതിനുള്ള കഴിവാണ് അണിമാ. മഹത്തായി-വളരെ വലുതായി-തീരുന്നതിനുള്ള കഴിവാണ് മഹിമാ. വളരെ ഗുരുത്വം (ഭാരം) ഉള്ളതായിത്തീരുന്നതിനുള്ള ശക്തി ഗരിമാ. ലഘിമാ എന്നത് ഏറ്റവും ലഘുവായി(ഭാരമില്ലാത്തതായി)ത്തീരുന്നതിനുള്ള ശക്തിയാണ്. ഏതു വസ്തുവിനെയും പ്രാപിക്കുന്നതിനുള്ള ശക്തിയെ പ്രാപ്തി എന്നു പറയുന്നു. ഈ സിദ്ധിയുള്ളവര്‍ക്ക് വിരലിന്റെ അഗ്രംകൊണ്ടുപോലും ചന്ദ്രനെ തൊടുവാന്‍ സാധിക്കുമത്രെ. പ്രാകാശ്യം എന്നത് ഇച്ഛയനുസരിച്ചു തന്റെ സ്വരൂപം പ്രകാശിപ്പിക്കുന്നതിനുള്ള ശക്തിയാണ്. ഈശിത്വം ആരെയും തന്റെ ആജ്ഞയനുസരിച്ച് പ്രവര്‍ത്തിപ്പിക്കുവാനുള്ള ശക്തിയാണ്. സ്വേച്ഛാനുസാരം ഭൂതപദാര്‍ഥങ്ങളെയും ഭൗതികവസ്തുക്കളെയും ജനിപ്പിക്കുവാനും നശിപ്പിക്കുവാനും പുനഃസംഘടിപ്പിക്കുവാനും ഈ സിദ്ധിയുള്ളവര്‍ക്കു സാധിക്കുന്നതാണ്. എല്ലാവരെയും വശീകരിക്കുവാന്‍ ഉപകരിക്കുന്ന ശക്തിക്കു വശിത്വമെന്നു പറയുന്നു; അതായത് ആകാശം മുതലായ പഞ്ചഭൂതങ്ങളെയും തന്മയങ്ങളായ ഭൗതികവസ്തുക്കളെയും തന്റെ വശത്താക്കുകയും താന്‍ മറ്റാര്‍ക്കും വശപ്പെടാതിരിക്കുകയും ചെയ്യുവാനുള്ള കഴിവ് എന്നര്‍ഥം.

ഇവയില്‍ ആറാമത്തേതായ 'പ്രാകാശ്യം' എന്നതിന്റെ സ്ഥാനത്ത് 'പ്രാകാമ്യം' എന്നാണ് യോഗദര്‍ശനഗ്രന്ഥങ്ങളില്‍ കാണുന്നത്. വെള്ളത്തിനുള്ളില്‍നിന്നു മേല്പോട്ടു പൊങ്ങുകയും മുകളില്‍നിന്നു കീഴ്പ്പോട്ടു താഴുകയും ചെയ്യുന്നതുപോലെ ഭൂമിയുടെ ഉള്ളില്‍ നിന്നു മേല്പോട്ടു പൊങ്ങുകയും മുകളില്‍നിന്നു ഭൂമിയുടെ ഉള്ളിലേക്കു താഴുകയും ചെയ്യുക തുടങ്ങിയ ഇച്ഛാനുസരണ പ്രവര്‍ത്തനങ്ങള്‍ക്കു തടവില്ലായ്മ എന്നതാണ് ഈ സിദ്ധിയുടെ സ്വരൂപം.

ചിത്തവൃത്തിനിരോധരൂപമായ യോഗം വീണ്ടും വീണ്ടും അഭ്യസിച്ചു പരിശീലിച്ചുവരുന്ന യോഗീന്ദ്രന്മാര്‍ക്ക് ഈ അഷ്ടസിദ്ധികള്‍ ഉണ്ടെന്നാണ് വിശ്വാസം.

പതഞ്ജലിയുടെ യോഗദര്‍ശനഗ്രന്ഥങ്ങളില്‍ 'വിഭൂതി' പാദത്തിലാണ് ഈ സിദ്ധികളെക്കുറിച്ച് പ്രതിപാദിച്ചിട്ടുള്ളത്. സിദ്ധികള്‍ പതിനെട്ട് ഉണ്ട് എന്നു ബ്രഹ്മവൈവര്‍ത്തപുരാണത്തിലും മഹാസിദ്ധികള്‍ എട്ട് ഉണ്ടെന്നു ബൗദ്ധതന്ത്രങ്ങളിലും കാണുന്നു. നോ: സിദ്ധികള്‍

(എ. പരമേശ്വരശാസ്ത്രികള്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍