This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഷ്ടവൈദ്യന്മാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഷ്ടവൈദ്യന്മാര്‍

കേരളത്തിലെ സുപ്രസിദ്ധരായ എട്ടു വൈദ്യകുടുംബക്കാര്‍. എട്ടില്ലങ്ങളിലെ നമ്പൂതിരിമാര്‍ക്കു പരശുരാമന്‍ വൈദ്യം ഉപദേശിച്ചുകൊടുത്തു എന്നും അവരുടെ പിന്‍ഗാമികളാണ് ഈ കുടുംബക്കാര്‍ എന്നുമാണ് ഐതിഹ്യം. ഇവരുടെ ആവിര്‍ഭാവം സംബന്ധിച്ച് കൂടുതല്‍ വിശ്വാസയോഗ്യമായ മറ്റൊരു ഐതിഹ്യവും ഉണ്ട്. വടക്കേ ഇന്ത്യയില്‍നിന്നും അഷ്ടാംഗഹൃദയ കര്‍ത്താവായ വാഗ്ഭടന്‍ കേരളത്തില്‍വന്ന് ഏതാനും നമ്പൂതിരിമാരെ വൈദ്യം പഠിപ്പിച്ചു. കായചികിത്സ, ബാലചികിത്സ, ഗ്രഹചികിത്സ, ഊര്‍ധ്വാംഗചികിത്സ, വിഷചികിത്സ എന്നിങ്ങനെ എട്ടു വിഭാഗങ്ങളിലുള്ള ചികിത്സാക്രമങ്ങളെയാണ് പഠിപ്പിച്ചത്. പില്ക്കാലത്ത് ഈ നമ്പൂതിരിമാര്‍ അഷ്ടാംഗചികിത്സയില്‍ നിപുണന്മാരായിത്തീര്‍ന്നു. അതിനാല്‍ അവരെ 'അഷ്ടാംഗവൈദ്യന്മാര്‍' എന്നു വിളിക്കാന്‍ തുടങ്ങി. ഈ പേര് കാലക്രമേണ 'അഷ്ടവൈദ്യന്മാര്‍' എന്നായി മാറി. ഇത്തരം 18 കുടുംബക്കാര്‍ മുന്‍പ് ഉണ്ടായിരുന്നതായി പറയപ്പെടുന്നു. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ കേരളം എന്ന കൃതിയില്‍ 16 കുടുംബക്കാരെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. പല കുടുംബത്തിലും ആളില്ലാതെ വരികയാല്‍ അവ അന്യംനിന്നുപോയി. ഇങ്ങനെ അവര്‍ എട്ടു കുടുംബക്കാരായി അവശേഷിച്ചിരിക്കുകയാണ്. ഈ കുടുംബക്കാര്‍ അന്യോന്യം ബന്ധപ്പെട്ടവരും ശിഷ്യ-പ്രശിഷ്യപരമ്പരയാ വൈദ്യശാസ്ത്രം പഠിപ്പിച്ചും വൈദ്യവൃത്തി പരിപാലിച്ചും വരുന്നവരുമാണ്. അഷ്ടവൈദ്യന്മാര്‍ക്കു ചികിത്സയില്‍ ദിവ്യമായ ഒരു അനുഗ്രഹശക്തിയുണ്ടെന്നാണ് ജനവിശ്വാസം. അതിന് ഉപോദ്ബലകമായി പല ഐതിഹ്യങ്ങളും നിലവിലുണ്ട്. ഇവരെല്ലാം വൈദ്യശാസ്ത്രത്തിന്റെ അധിദേവതയായ ധന്വന്തരിയെ വിവിധ രൂപത്തില്‍ ആരാധിച്ചുവരുന്നു. ഇന്ന് അറിയപ്പെടുന്ന അഷ്ടവൈദ്യകുടുംബങ്ങള്‍ ഇവയാണ്:

1. കുട്ടഞ്ചേരി മൂസ്സ്-തലപ്പള്ളി താലൂക്കില്‍ കുട്ടഞ്ചേരി എന്ന സ്ഥലത്താണ് ഇവരുടെ ഇല്ലം. സ്ഥലപ്പേര് ഇല്ലപ്പേരായി മാറിയതാണ്; (2) പുലാമന്തോള്‍ മൂസ്സ് - (പാലക്കാട് ജില്ല); (3) വയസ്കര മൂസ്സ് (കോട്ടയം ജില്ല); (4) വെള്ളോട് മൂസ്സ് (വെള്ളടു മൂസ്സ് എന്നും പറയും - ചേര്‍ത്തല താലൂക്ക്); (5) ഒളശ്ശ ചീരട്ടമണ്‍ മൂസ്സ് (കോട്ടയം ജില്ല); (6) തൈക്കാട്ടുശ്ശേരി മൂസ്സ് - 'ഇളയടത്തു തൈക്കാട്' എന്നും അറിയപ്പെടുന്ന ഈ കുടുംബം തൃശൂരില്‍ ഒല്ലൂര്‍ എന്ന സ്ഥലത്താണ്; (7) തൈക്കാട് മൂസ്സ് - തൃശൂരില്‍ സ്ഥിതിചെയ്യുന്ന ഈ കുടുംബത്തില്‍ ഇന്ന് ഒരാള്‍ മാത്രമേ ജീവിച്ചിരിപ്പുള്ളതായി അറിയുന്നുള്ളു; (8) ആലത്തൂര്‍ നമ്പി - 'ആലത്തിയൂര്‍ നമ്പി' എന്നും പറയപ്പെടുന്നു. ഈ കുടുംബം കോഴിക്കോട്ടാണ്. ഈ കുടുംബക്കാരെ മാത്രം നമ്പിമാരെന്നും, മറ്റു കുടുംബക്കാരെ മൂസ്സുമാരെന്നും ആണ് വിളിച്ചുവരുന്നത്. മുന്‍കാലങ്ങളില്‍ ശവപരിശോധനയും ശല്യചികിത്സയും (ശസ്ത്രക്രിയ) അഷ്ടവൈദ്യന്മാര്‍ ചെയ്തിരുന്നതുകൊണ്ടും, ബുദ്ധമതാനുയായിയായ വാഗ്ഭടന്റെ ശിഷ്യപരമ്പരയില്‍ ഉള്‍പ്പെട്ടിരുന്നതുകൊണ്ടും പതിതത്വമുള്ള ബ്രാഹ്മണരായി ഇവര്‍ ഗണിക്കപ്പെട്ടിരുന്നു. അഷ്ടവൈദ്യന്മാര്‍ക്കു പുറമേ വൈദ്യം കുലവൃത്തിയാക്കിയിരുന്ന നമ്പൂതിരി കുടുംബങ്ങള്‍ വേറെയുമുണ്ടായിരുന്നു. അഷ്ടാംഗചികിത്സയിലെ ശല്യചികിത്സ ആസുരചികിത്സയായതിനാല്‍ ഈ ഭാഗം അവര്‍ കൈകാര്യം ചെയ്തിരുന്നില്ല. അതിനാല്‍ അവരെ അഷ്ടവൈദ്യന്മാരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മേഴത്തൂരിലുള്ള 'വൈദ്യമഠം' എന്ന നമ്പൂതിരി കുടുംബം ഇതിനൊരു ഉദാഹരണമാണ്.

അഷ്ടവൈദ്യന്മാരാല്‍ രചിക്കപ്പെട്ട ഒട്ടേറെ വൈദ്യഗ്രന്ഥങ്ങള്‍ നമുക്ക് ലഭിച്ചിട്ടുണ്ട്. സഹസ്രയോഗം, വൈദ്യമനോരമ, യോഗരത്നസമുച്ചയം, സിന്ദൂരമരമഞ്ജരി, ആലത്തൂര്‍ മണിപ്രവാളം എന്നിവ ഇവയില്‍ പ്രധാനപ്പെട്ടവയാണ്.

(പ്രൊഫ. കെ. വിദ്യാധരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍