This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഷ്ടവിവാഹങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഷ്ടവിവാഹങ്ങള്‍

എട്ടുതരം വിവാഹങ്ങള്‍. ഇവയില്‍ ചിലത് ഹിതമായിട്ടും മറ്റുചിലത് അഹിതമായിട്ടും പരിഗണിക്കപ്പെടുന്നു. മനുസ്മൃതിയില്‍ പ്രതിപാദിക്കപ്പെട്ട എട്ടുതരം വിവാഹങ്ങള്‍ ബ്രാഹ്മം, ദൈവം, ആര്‍ഷം, പ്രാജാപത്യം, ആസുരം, ഗാന്ധര്‍വം, രാക്ഷസം, പൈശാചം എന്നിവയാണ്.

ബ്രാഹ്മം. ഗുണവിശിഷ്ടനായ വരനെ വിളിച്ചുവരുത്തി സത്കരിച്ച് യഥാശക്തി അലംകൃതയായ കന്യയെ ശാസ്ത്രോക്തവിധിപ്രകാരം ദാനം ചെയ്യുന്നതാണ് ബ്രാഹ്മം. ഇപ്രകാരം വിവാഹിതയായ കന്യകയില്‍നിന്നും ജനിക്കുന്ന പുത്രന്‍ പത്തു പൂര്‍വികന്മാരുടെ കുലത്തെയും വരാന്‍ പോകുന്ന പത്തു വംശജരുടെ കുലങ്ങളെയും തന്റെ വര്‍ത്തമാനമായ കുലത്തെയും പരിശുദ്ധമാക്കുന്നു. ബ്രാഹ്മണര്‍ക്കുമാത്രം വിധിച്ചിട്ടുള്ള ഇതു ധര്‍മാനുസൃതമായ വിവാഹമാണ്.

ദൈവം. യജ്ഞമധ്യത്തില്‍, യജ്ഞത്തില്‍ വ്യാപൃതനായിരിക്കുന്ന വരന് അലംകൃതയായ കന്യകയെ ദാനം ചെയ്യുന്നതാണ് ദൈവം എന്നറിയപ്പെടുന്ന വിവാഹം. സ്വര്‍ഗവാസികളായ അമരന്‍മാരെയല്ല, യാഗത്തില്‍ നേരിട്ടു പങ്കുകൊള്ളുന്ന ഋത്വിക്കുകളെയാണ് ദൈവശബ്ദംകൊണ്ടു വിവക്ഷിച്ചിട്ടുള്ളത്. യാഗത്തിന് അര്‍ഹന്‍ ബ്രാഹ്മണന്‍ ആകയാല്‍ ദൈവം എന്ന വിവാഹവും ബ്രാഹ്മണനെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. ഇതും ധര്‍മാനുസൃതമായ വിവാഹവിധിതന്നെയാകുന്നു.

ആര്‍ഷം. വരനില്‍നിന്ന് ഒന്നോ രണ്ടോ ഗോമിഥുനത്തെ വാങ്ങിച്ചുകൊണ്ട് അലംകൃതയായ കന്യകയെ ദാനം ചെയ്യുന്ന ധാര്‍മികമായ വിവാഹവിധി. മന്ത്രദ്രഷ്ടാക്കളെയാണ് ഇവിടെ ഋഷികള്‍ എന്നു പറയുന്നത്. ആകയാല്‍ ആര്‍ഷവിവാഹത്തിനും ബ്രാഹ്മണന്‍ തന്നെയാണ് അര്‍ഹന്‍.

ദൈവവിവാഹത്തില്‍ ജാതനായ പുത്രന്‍ കഴിഞ്ഞ ഏഴുകുലങ്ങളെയും ഭവിഷ്യത്തുകളായ ഏഴുകുലങ്ങളെയും വര്‍ത്തമാനകുലത്തെയും ശുദ്ധീകരിക്കുന്നു. ആര്‍ഷവിവാഹജാതനായ ശിശുവാകട്ടെ അതീതങ്ങളായ മൂന്നു കുലങ്ങളെയും ഭാവികങ്ങളായ മൂന്നു കുലങ്ങളെയും വര്‍ത്തമാനകുലത്തെയും പരിശുദ്ധമാക്കുന്നു.

യാഗാദികള്‍ നടത്തുന്നതിനുവേണ്ടിയോ കന്യകയ്ക്കു കൊടുക്കുന്നതിനുവേണ്ടിയോ ആണ് കന്യകയുടെ പിതാവ് വരനില്‍ നിന്നു ഗോമിഥുനത്തെ സ്വീകരിക്കുന്നത്; ശുല്ക്കം (സ്ത്രീധനം) എന്ന നിലയിലല്ല.

പ്രാജാപത്യം. 'നിങ്ങള്‍ രണ്ടുപേരും ചേര്‍ന്നു ധര്‍മം ആചരിച്ചാലും' എന്നു പറഞ്ഞുകൊണ്ട് അര്‍ഥിയായ വരനു കന്യാദാനം ചെയ്യുന്നതാണ് പ്രാജാപത്യം. വിദ്യാഭ്യാസം കഴിഞ്ഞ് ഗുരുകുലത്തില്‍നിന്നും ഗൃഹത്തിലേക്കു തിരിച്ചുവന്ന വിവാഹാര്‍ഥിയെയാണ് പ്രജാപതി എന്ന പദം വിവക്ഷിക്കുന്നത്; ബ്രഹ്മാവിനെ അല്ല. പ്രാജാപത്യത്തില്‍ ജാതനായ പുത്രന്‍ കഴിഞ്ഞ ആറു പൂര്‍വികരുടെയും വരാനിരിക്കുന്ന ആറ് വംശ്യരുടെയും തന്റെ കുലത്തെയും പവിത്രീകരിക്കുന്നു. ഈ വിവാഹം ധര്‍മാനുസൃതമാണ്.

ആസുരം. കന്യകയുടെ അച്ഛനും മറ്റു ബന്ധുക്കള്‍ക്കും യഥാശക്തി ധനം കൊടുത്ത് സ്വേച്ഛാനുസാരം വരന്‍ കന്യകയെ വരിക്കുന്നത് ആസുരം. അസുരശബ്ദത്തിനു ദിതിയുടെ പുത്രന്‍മാരായ അസുരന്‍മാര്‍ എന്നല്ല, ധനികന്മാര്‍ എന്നാണ് വിവക്ഷ. ബ്രാഹ്മണര്‍ക്ക് ഈ രീതി വിഹിതമായിട്ടുള്ളതല്ല; വരനില്‍ നിന്നും ധനം ഗ്രഹിക്കുകനിമിത്തം ഇത് ധര്‍മ്യമായ വിവാഹവുമല്ല. ശാസ്ത്രീയമോ ധനപരമോ ജാതിപരമോ ആയ നിയമങ്ങള്‍ ഒന്നും നോക്കാതെ തന്റെ ഇഷ്ടംപോലെ നടത്തുന്ന വിവാഹമാകയാലാണ് സ്വേച്ഛാനുസാരം എന്നു പറഞ്ഞിരിക്കുന്നത്.

ഗാന്ധര്‍വം. ഇച്ഛിക്കുന്ന കന്യകയെ ഇച്ഛിക്കുന്ന വരനു ദാനം ചെയ്തുകൊടുക്കുക എന്നതാണ് ഗാന്ധര്‍വ വിവാഹത്തിന്റെ സമ്പ്രദായം. സ്ത്രീപുരുഷന്മാര്‍ക്ക് അന്യോന്യാനുരാഗമുള്ളതുനിമിത്തം സന്തത്യുത്പാദനം നിഷേധിച്ചിട്ടില്ലാത്ത ഒരു വിവാഹമാണിത്. സ്ത്രീസക്തന്മാര്‍ എന്നാണ് ഗന്ധര്‍വപദത്തിന്റെ അര്‍ഥം, ദേവയോനികളില്‍പ്പെട്ട ഗന്ധര്‍വന്മാര്‍ എന്നല്ല. മഹാഭാരതത്തിലെ ശകുന്തളാദുഷ്യന്തവിവാഹം ഗാന്ധര്‍വ വിധിക്കു പ്രസിദ്ധമായ ഒന്നാണ്. ബന്ധുക്കളുടെ സമ്മതം മുന്‍കൂട്ടി വാങ്ങിക്കാതെ നടക്കുന്ന ഇത്തരം വിവാഹം സാധാരണമാകയാല്‍ ധര്‍മ്യമെന്നോ അധര്‍മ്യമെന്നോ വിശേഷിപ്പിക്കാറില്ല.

രാക്ഷസം. തനിക്കിഷ്ടമില്ലാത്തതിനാല്‍ നിലവിളിക്കുകയും കരയുകയും ചെയ്യുന്ന കന്യകയെ ഗൃഹത്തില്‍ നിന്നും ബലാത്കാരമായി അപഹരിച്ചുകൊണ്ടുപോകുന്നതാണ് രാക്ഷസവിവാഹം. കന്യാപഹരണം നടത്തുന്നവന്‍ ബലശാലിയാണെന്നറിഞ്ഞ് പിത്രാദികള്‍ സ്വയം വിട്ടുപോകുന്നതായാല്‍ അടിപിടിബഹളങ്ങള്‍ ഒഴിവാക്കാന്‍ സാധിച്ചു എന്നുവരാം. പക്ഷേ, കന്യാപക്ഷക്കാര്‍ പ്രതിപക്ഷത്തുനിന്നു ചെറുക്കുന്നതായാല്‍ ഹനനാദികള്‍ വേണ്ടിവരും; പ്രാകാരങ്ങളും ഭിത്തികളും ഭേദിക്കേണ്ടിവരും. ദയവില്ലാത്ത ക്ഷത്രിയന്മാര്‍ എന്നാണ് രാക്ഷസപദത്തിന് അര്‍ഥം. കന്യാപഹരണമുള്ളതുകൊണ്ട് രാക്ഷസവിവാഹം അധര്‍മ്യമാണ്.

ശ്രീകൃഷ്ണന്‍ രുക്മിണിയെ അപഹരിക്കുന്നതില്‍ ഗാന്ധര്‍വവും രാക്ഷസവും ആയ അംശങ്ങള്‍ കാണാം; രുക്മിണിക്കും ശ്രീകൃഷ്ണനും തമ്മില്‍ പരസ്പരാനുരാഗമുള്ളതുകൊണ്ട് ഗാന്ധര്‍വാംശമുണ്ട്. കന്യാപക്ഷക്കാരെ യുദ്ധത്തില്‍ തോല്പിച്ചിട്ടാണ് രുക്മിണി അപഹരിക്കപ്പെടുന്നത്; ആകയാല്‍ രാക്ഷസാംശവുമുണ്ട്.

പൈശാചം. ഉറങ്ങിക്കിടക്കുന്നവള്‍, മദ്യമദംകൊണ്ടു വിഹ്വലയായവള്‍, ഭ്രാന്തുപിടിച്ചവള്‍ എന്നിങ്ങനെയുള്ള ഏതെങ്കിലും നിലയില്‍പ്പെട്ട കന്യകയെ വിജനത്തില്‍ സംഗമിക്കുന്നത് പൈശാചമായ വിവാഹമാണ്. കപടവൃത്തികള്‍ എന്നാണ് പിശാചവാക്കിന് അര്‍ഥം. എല്ലാ വിവാഹങ്ങളിലും വച്ച് അധമം പൈശാചമാണെന്ന് അചാര്യന്മാര്‍ ഉദ്ഘോഷിച്ചിരിക്കുന്നു; ആകയാല്‍ വര്‍ജ്യമാണ് എന്നു സൂചന.

വിവാഹം കന്യകയെ പ്രാപിക്കുന്നതിനുള്ള ഹേതുവാണ്. ജനങ്ങളും ആചാരങ്ങളും പലതരത്തിലാകയാലും പരിതഃസ്ഥിതികളുടെ വൈവിധ്യം ഗണ്യമാകയാലും ആ ഹേതുക്കളും പലതായി കാണപ്പെടുന്നതില്‍ ആശ്ചര്യമില്ല. അവയെ വിശകലനം ചെയ്തു വര്‍ഗീകരിച്ചിട്ടാണ് എട്ടുതരം വിവാഹങ്ങള്‍ എന്നു പറയുന്നത്. ഭാരതത്തിലെ മാത്രമല്ല എല്ലാ രാജ്യങ്ങളിലെയും വിവാഹങ്ങളെ സൂക്ഷ്മമായി അവലോകനം ചെയ്യുന്നതായാല്‍ ഈ വര്‍ഗീകരണം കുറെയൊക്കെ യുക്തിസഹമാണെന്നു കാണാം. വിവാഹങ്ങളെ ധര്‍മ്യങ്ങള്‍, അധര്‍മ്യങ്ങള്‍ എന്നിങ്ങനെ വിഭജിച്ചിട്ടുള്ളത് ചില പഴയ സങ്കേതങ്ങളെ ആശ്രയിച്ചാണ്. വര്‍ണവ്യവസ്ഥയുടെ പശ്ചാത്തലത്തിലുള്ള ചില വിധികള്‍ പഴയകാലത്തു വിലമതിക്കപ്പെട്ടിരുന്നു എങ്കിലും ഇന്ന് അര്‍ഥശൂന്യങ്ങളായിത്തീര്‍ന്നിട്ടുണ്ട്. ഈ എട്ടില്‍ കേവലം രാക്ഷസവും പൈശാചവും ആയ വിവാഹങ്ങള്‍ സാമാന്യാവലോകനത്തില്‍ നല്ല സമുദായബന്ധങ്ങള്‍ക്കു യോജിച്ചതല്ല എന്നു കാണുവാന്‍ പ്രയാസമില്ല.

(യജ്ഞസ്വാമി ശര്‍മ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍