This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഷ്ടവസുക്കള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഷ്ടവസുക്കള്‍

ബ്രഹ്മപുത്രനായ ദക്ഷപ്രജാപതിയുടെ വസു എന്ന പുത്രിയില്‍ ധര്‍മദേവനു ജനിച്ച ഉപരിചരന്മാരായ എട്ടു ദേവതകള്‍. ദേവന്മാരില്‍ ഒരു വിഭാഗമായ ഇവരെ വസുക്കളെന്നും ഗണദേവതകളെന്നും പറയാറുണ്ട്. ഇവരുടെ പേരുകള്‍ പല പുരാണങ്ങളിലും പാഠഭേദങ്ങളോടുകൂടിയാണ് കാണുന്നത്. മഹാഭാരതം, വിഷ്ണുപുരാണം, ഹരിവംശം, ഭാഗവതം എന്നീ ഗ്രന്ഥങ്ങളില്‍ നല്കിയിട്ടുള്ള പേരുകള്‍ക്ക് ഐകരൂപ്യമില്ല. മഹാഭാരതത്തില്‍ ധരന്‍, ധ്രുവന്‍, സോമന്‍, അഹസ്സ്, അനിലന്‍, അനലന്‍, പ്രത്യൂഷന്‍, പ്രഭാസന്‍ എന്നും; ഭാഗവതത്തില്‍ ദ്രോണന്‍, പ്രാണന്‍, ധ്രുവന്‍, അര്‍ക്കന്‍, അഗ്നിദോഷന്‍, വസു, വിഭാവസു എന്നും പറഞ്ഞിരിക്കുന്നു. ആപന്‍, ധ്രുവന്‍, സോമന്‍, ധര്‍മന്‍, അനിലന്‍, അനലന്‍, പ്രത്യൂഷന്‍, പ്രഭാസന്‍ എന്നിങ്ങനെയാണ് വിഷ്ണുപുരാണത്തില്‍ (1-ാം അംശം 15-ാം അധ്യായം) കാണുന്നത്.

അഷ്ടവസുക്കള്‍ക്കു വസിഷ്ഠ മഹര്‍ഷിയുടെ ശാപത്താല്‍ ഭൂമിയില്‍ മനുഷ്യരായി പിറക്കേണ്ടിവന്നുവെന്നും അവരില്‍ ഒരാളാണ് ഭീഷ്മര്‍ എന്നും പുരാണങ്ങള്‍ പറയുന്നു. പത്നീസമേതരായി അഷ്ടവസുക്കള്‍ സഞ്ചരിക്കവേ, വസിഷ്ഠാശ്രമോപാന്തത്തില്‍ മേഞ്ഞുനിന്നിരുന്ന നന്ദിനി എന്ന ഗോവിനെയും കുട്ടിയേയും കണ്ടു; പത്നിയുടെ ആഗ്രഹനിവൃത്തിക്ക് ആപന്‍ എന്ന വസു അവയെ മോഷ്ടിച്ചുകൊണ്ടുപോയി. ഈ വിവരം ജ്ഞാനദൃഷ്ടികൊണ്ടു മനസ്സിലാക്കിയ വസിഷ്ഠമഹര്‍ഷി 'ഇവര്‍ മനുഷ്യയോനിയില്‍ ജനിക്കട്ടെ' എന്നു വസുക്കളെ ശപിച്ചു. അവര്‍ ദുഃഖാകുലരായി മഹര്‍ഷിയെ സമീപിച്ചു ശാപമോക്ഷം പ്രാര്‍ഥിച്ചുവെങ്കിലും മഹര്‍ഷി മോഷ്ടാവിനുള്ള ശിക്ഷ ഉറപ്പിക്കുകയും മറ്റ് ഏഴുപേര്‍ക്കുള്ള ശിക്ഷയുടെ കാലയളവ് കുറച്ചു കൊടുക്കുകയുമാണ് ചെയ്തത്. അഷ്ടവസുക്കള്‍ ശന്തനുവിന്റെ പത്നിയായ ഗംഗയില്‍ ഓരോരുത്തരായി ജനിച്ചു. ഏഴുപേരെ അവള്‍ വെള്ളത്തില്‍ എറിഞ്ഞുകളഞ്ഞു. എട്ടാമനെ വെള്ളത്തില്‍ എറിയാന്‍ തുടങ്ങവേ ശന്തനു തടയുകയാല്‍, ഗംഗ അദ്ദേഹത്തെ വിട്ടുപോയി. ആപന്‍ (ദ്യോവ്) എന്ന വസുവിന്റെ അംശാവതാരമാണ് ഭീഷ്മര്‍. വെള്ളത്തില്‍ എറിയപ്പെട്ട ഏഴു വസുക്കള്‍ക്കും ശാപമോക്ഷം കിട്ടുകയാല്‍ അവര്‍ സ്വര്‍ഗം പൂകി.

ദേവശില്പിയായ വിശ്വകര്‍മാവ് അഷ്ടവസുക്കളില്‍ ഒരാളായ പ്രഭാസന്റെ പുത്രനാണ്.

(പ്രൊഫ. പി. കരുണാകരന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍