This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഷ്ടവര്‍ഗം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഷ്ടവര്‍ഗം

ജീവകം-ഇടവകം (ഋഷഭം), മേദ-മഹാമേദ, കാകോളി-ക്ഷീരകാകോളി, ഋദ്ധി-വൃദ്ധി എന്നീ ദ്രവ്യങ്ങളുടെ സമൂഹം. ഈ ദ്രവ്യസമൂഹം രസത്തില്‍ മധുരവും, വീര്യത്തില്‍ ശീതവുമാണ്; ഗുരുത്വമുള്ളതും ശരീരത്തെ തടിപ്പിക്കുന്നതുമാണ്. ശുക്ലധാതുവിനെയും ശരീരബലത്തെയും കഫത്തെയും ഇവ വര്‍ധിപ്പിക്കുന്നു. മുറിവുകളെ കൂട്ടിച്ചേര്‍ക്കും (വ്രണസന്ധാനുകാരി); കാമോദ്ദീപകമാണ്; വാത-പിത്ത-രക്തവികാരങ്ങള്‍, തണ്ണീര്‍ദാഹം, ശരീരമാകെയുള്ള പുകച്ചില്‍, ജ്വരം, മേഹം, ക്ഷയം എന്നിവയെ ശമിപ്പിക്കും.

അഷ്ടവര്‍ഗത്തില്‍പ്പെട്ട ഓരോ ദ്രവ്യയുഗ്മത്തിന്റെയും ലക്ഷണങ്ങളും ഗുണങ്ങളും പ്രത്യേകം പ്രത്യേകമായി താഴെപ്പറയുന്നു.

ജീവകം-ഇടവകം. ഇവ ഹിമാലയസാനുക്കളില്‍ ധാരാളമായി കണ്ടുവരുന്നു. വെളുത്തുള്ളിപോലെയുള്ള ഒരുതരം കിഴങ്ങാണ് രണ്ടും. സാരാംശം കുറവായിരിക്കും. ഇവയുടെ ഇലകള്‍ ചെറുതാണ്. ജീവകം കൂര്‍ച്ചകാകൃതിയിലും ഇടവകം ശൃംഗാകൃതിയിലും ഇരിക്കുന്നു. രണ്ടും മധുരരസമുള്ളതാണ്. ശരീരബലത്തെയും കഫശുക്ലങ്ങളെയും വര്‍ധിപ്പിക്കുന്നു; രക്തപിത്തം, ചുട്ടുനീറ്റല്‍, കാര്‍ശ്യം, വാതവികാരങ്ങള്‍, ക്ഷയം എന്നീ രോഗങ്ങളെ ശമിപ്പിക്കുന്നു.

മേദ-മഹാമേദ. മഹാമേദ വെളുത്ത നിറമുള്ളതും ഇഞ്ചിയുടെ ആകൃതിയുള്ളതും വള്ളിയില്‍ ഉണ്ടാകുന്നതുമായ ഒരുതരം കിഴങ്ങാണ്. മേദയാകട്ടെ വെളുത്തനിറമുള്ളതും നഖംകൊണ്ടു മുറിച്ചാല്‍ മേദോധാതുപോലെ ഒരുതരം ദ്രാവകം സ്രവിപ്പിക്കുന്നതുമാണ്. അതുകൊണ്ട് മേദ എന്ന പേരില്‍ ഇതറിയപ്പെടുന്നു.

മേദയും മഹാമേദയും മധുരരസമുള്ളതും ഗുരുഗുണത്തോടുകൂടിയതും ശീതവീര്യവുമാണ്. ശരീരത്തെ തടിപ്പിക്കും; മുലപ്പാലിനെയും കഫത്തെയും വര്‍ധിപ്പിക്കും; ശുക്ളവര്‍ധകമാണ്. രക്തപിത്തം, വാതവികാരങ്ങള്‍, ജ്വരം എന്നിവയെ ശമിപ്പിക്കും.

കാകോളി-ക്ഷീരകാകോളി. ശതാവരിക്കിഴങ്ങുപോലെ തോന്നിക്കുന്ന ക്ഷീരകാകോളി പൊട്ടിച്ചാല്‍ അതില്‍നിന്നു പശുവിന്‍പാല്‍പോലുള്ള ഒരു ദ്രാവകം സ്രവിക്കുന്നു.

കാകോളി കറുപ്പ് നിറമുള്ളതും ആകൃതിയില്‍ ക്ഷീരകാകോളിക്കു സമാനവുമാണ്. രണ്ടുതരം കാകോളിയും മധുരരസം, ശീതവീര്യം, ഗുരുഗുണം ഇവയുള്ളവയാണ്. ശരീരത്തെ തടിപ്പിക്കുകയും ശുക്ളധാതുവിനെ വര്‍ധിപ്പിക്കുകയും വാതം, ചുട്ടുനീറ്റല്‍, രക്തപിത്തം, ജ്വരം, ശോഷം എന്നീ രോഗങ്ങളെ ശമിപ്പിക്കുകയും ചെയ്യുമെന്നു കരുതപ്പെടുന്നു.

ഋദ്ധി-വൃദ്ധി. ഇവയും കിഴങ്ങുവര്‍ഗത്തില്‍പ്പെടുന്നു. ഇതു വെളുത്ത നാരുകളോടുകൂടിയതും ചെറിയ ദ്വാരങ്ങളുള്ളതും വള്ളിയില്‍ ഉണ്ടാകുന്നതുമാണ്. ഋദ്ധി പഞ്ഞിക്കട്ടപോലെയിരിക്കും; ഇടതുവശത്തേക്കു ചുഴികളുണ്ടായിരിക്കും. വൃദ്ധിയാകട്ടെ വലതുവശത്തേക്കു ചുഴികളുള്ളതായിരിക്കും.

ഋദ്ധി മധുരരസമുള്ളതും ഗുരുഗുണമുള്ളതുമാണ്. ശുക്ലധാതുവിനെ വര്‍ധിപ്പിക്കുകയും ത്രിദോഷങ്ങളെ ശമിപ്പിക്കുകയും ചെയ്യുമെന്നു കരുതപ്പെടുന്നു. ഓജസ്സിനെ നിലനിര്‍ത്താനും മൂര്‍ഛ, രക്തപിത്തം എന്നീ രോഗങ്ങളെ ശമിപ്പിക്കാനും ഇതിനു കഴിവുണ്ട്.

വൃദ്ധി മധുരരസമുള്ളതും ശീതവീര്യമുള്ളതുമാണ്; ശരീരത്തെ സ്ഥൂലിപ്പിക്കും; ശുക്ലധാതുവിനെ വര്‍ധിപ്പിക്കുകയും ഗര്‍ഭധാരണശക്തിയുണ്ടാക്കുകയും ചെയ്യും; രക്തപിത്തം, ഉരഃക്ഷതം, കാസം, ക്ഷയം എന്നീ രോഗങ്ങളെ ശമിപ്പിക്കുമെന്നു കരുതപ്പെടുന്നു.

പുരാതനകാലം മുതല്‍ അഷ്ടവര്‍ഗത്തില്‍ പറയുന്ന ദ്രവ്യങ്ങള്‍ വിരളമായിരുന്നുകൊണ്ട് ഇവ ഓരോന്നിനും തുല്യഗുണമുള്ള 'പ്രതിനിധിദ്രവ്യ'ങ്ങളെ ഉപയോഗിച്ചുവരുന്നു. മേദ-മഹാമേദ എന്നിവയ്ക്കുപകരം ശതാവരിക്കിഴങ്ങും ജീവകം-ഇടവകം എന്നിവയ്ക്കുപകരം പാല്‍മുതക്കിന്‍കിഴങ്ങും, കാകോളി-ക്ഷീരകാകോളി എന്നിവയ്ക്കുപകരം അമുക്കുരവും, ഋദ്ധി-വൃദ്ധി എന്നിവയ്ക്കുപകരം നിലപ്പനക്കിഴങ്ങും ആണ് ഉപയോഗിച്ചുവരുന്നത്.

(പ്രൊഫ. കെ. വിദ്യാധരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍